Global block

bissplus@gmail.com

Global Menu

ബാങ്കുകൾ ചട്ടങ്ങൾ പാലിച്ചില്ലാ; ജനങ്ങൾ ഒടിപി കിട്ടാൻ പാടുപെടും

രാജ്യത്തെ മുൻനിര ബാങ്കുകളുടെ ബാങ്കിങ് സേവനങ്ങളിൽ വരുംദിവസങ്ങളിൽ തടസം നേരിട്ടേക്കാം. ഒറ്റത്തവണ പാസ്‍വേ‍ർഡ് അഥവാ ഒടിപി ലഭിക്കുന്നതടക്കമുള്ള ഓൺലൈൻ ഇടപാടുകളിലാണ് തടസം നേരിടുക. വാണിജ്യ സന്ദേശങ്ങൾ അയക്കുന്നതിനുള്ള ചട്ടങ്ങൾ പാലിക്കാത്ത ബാങ്കുകളുടെ സേവങ്ങളിലാണ് തടസം അനുഭവപ്പെടുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി), ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ ഇതിൽ ഉൾപ്പെടും.

അനാവശ്യവും വഞ്ചനാപരവുമായ എസ്എംഎസ് സന്ദേശങ്ങൾ തടയുന്നതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നീക്കമാണ് ഇതിന് കാരണം. തുടർച്ചയായുള്ള വാണിജ്യ സന്ദേശങ്ങൾ തടയുന്നതിനുള്ള പ്രക്രിയകളും ട്രായി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സന്ദേശം അയക്കണമെങ്കിൽ ഇനിമുതൽ ഒരു പ്രത്യേക ഫോർമാറ്റിൽ ആ എസ്എംഎസ് രജിസ്റ്റർ ചെയ്യണമെന്നും ബാങ്കുകൾക്ക് ട്രായ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ശരിയായ സന്ദേശം അയയ്ക്കുക, തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് രക്ഷിക്കുക തുടങ്ങിയവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

എന്നാൽ എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകൾ ട്രായിയുടെ മുന്നറിയിപ്പ് ഗൗരവമായി എടുത്തിട്ടില്ല. ഈ ബാങ്കുകൾ ഉൾപ്പടെ നിർദ്ദേശങ്ങൾ പാലിക്കാത്ത 40 സ്ഥിരസ്ഥിതി കമ്പനികളുടെ പട്ടിക ട്രായ് പുറത്തിറക്കിയിട്ടുണ്ട്. ട്രായിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ട് പോലും ഈ കമ്പനികൾ ബൾക്ക് കൊമേഴ്‌സ്യൽ എസ്എംഎസിന്റെ നിയന്ത്രണ നിയമങ്ങൾ പാലിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ഓൺലൈൻ ഇടപാടുകൾ നടത്തുകയാണെങ്കിൽ അവർക്ക് ഒടിപി ലഭിക്കില്ല. കാരണം എസ്എംഎസ് 'സ്‌ക്രബ്ബിംഗ് പ്രക്രിയ'യിൽ ഈ ബാങ്കുകളുടെ ഒടിപി സന്ദേശം നിരസിക്കപ്പടും. 2021 ഏപ്രിൽ ഒന്ന് മുതൽ സ്‌ക്രബ്ബിംഗ് പ്രക്രിയ അനുസരിച്ച് സന്ദേശങ്ങൾ അയക്കുന്നത് പരാജയപ്പെടുകയാണെങ്കിൽ അത് സിസ്റ്റത്തിൽ നിന്ന് നിരസിക്കപ്പെടുമെന്നും ട്രായ് അറിയിച്ചു.
 

Post your comments