Global block

bissplus@gmail.com

Global Menu

സ്ത്രീകൾക്ക് അധിക ഇളവുകൾ നൽകി ബാങ്ക് ലോണുകൾ

 

ഒരു നിക്ഷേപം ആരംഭിക്കുമ്പോഴോ വായ്പ എടുക്കുമ്പോഴോ പലിശ നിരക്കിൽ നേട്ടം ലഭിക്കുന്നത് ആരായാലും വേണ്ടെന്ന് വെയ്ക്കില്ല. ലക്ഷങ്ങളുടെ വായ്പകളെടുക്കുമ്പോൾ പലിശ നിരക്കിലുണ്ടാകുന്ന ദശാംശങ്ങളുടെ പോലും കുറവ് തിരിച്ചടവിൽ വലിയ നേട്ടമാണ് നൽകുന്നത്. ഇത്തരത്തിൽ വായ്പയെടുക്കുന്നവരും നിക്ഷേപം ആരംഭിക്കുന്നവരും സ്ത്രീകളുടെ പേരിൽ ഇടപാട് ആരംഭിച്ചാൽ പലിശ നിരക്കിൽ പ്രത്യേക ആനുകൂല്യം ലഭിക്കും. സ്ത്രീകൾക്ക് നിരവധി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഭവന വായ്‌പയിൽ സ്ത്രീകൾക്ക് പ്രത്യേക ഇളവ് നൽകുന്നുണ്ട്. അപേക്ഷകർ സ്ത്രീകളാണെങ്കിൽ എസ്ബിഐയിൽ 0.05 ശതമാനം ഇളവ് വായ്പ പലിശയിൽ ലഭിക്കും. ക്രെഡിറ്റ് സ്കോർ അനുസരിച്ച് 9.15 ശതമാനം മുതൽ 10.15 ശതമാനം വരെ പലിശ സ്ത്രീകൾക്ക് ലഭിക്കും. വനിതകള്‍ക്ക് കാനറ ബാങ്ക് നല്‍കുന്ന ഭവന വായ്പ പലിശ നിരക്ക് 8.85 ശതമാനം മുതലാണ്. സ്ത്രീകള്‍ ഉടമകളോ സഹ ഉടമകളോ ആയിട്ടുള്ള വസ്തുവില്‍ വായ്പ എടുക്കുമ്പോള്‍ യൂണിയന്‍ ബാങ്ക് 0.05 ശതമാനം കിഴിവ് പലിശ നിരക്കില്‍ നല്‍കുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പേരില്‍ വസ്തു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1-2 ശതമാന വരെ ഇളവ് സ്റ്റാബ് ഡ്യൂട്ടിയിൽ നൽകുന്നു.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻബിഎഫ്സി)ക്ക് ആർബിഐ മാർ​ഗ നിർദ്ദേശം അനുസരിച്ച് വിവിധ വിഭാഗത്തിലുള്ള വായ്പക്കാർക്ക് വ്യത്യസ്ത പലിശ നിരക്കുകൾ നൽകാൻ അനുവാദമുണ്ട്. ഇതിനാൽ എൻബിഎഫ്സിയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് എല്ലായിടത്തെയും പലിശ നിരക്കുകളും മറ്റ് നിബന്ധനകളും വ്യവസ്ഥകളും താരതമ്യം ചെയ്യണം. പലിശ നിരക്കിലെ ഇളവുകള്‍ കൂടാതെ പ്രോസസ്സിംഗ് ഫീസിൽ ഇളവ്, ദൈര്‍ഘ്യമേറിയ തിരിച്ചടവ് കാലാവധി, ഉയര്‍ന്ന ലോണ്‍-ടു-വാല്യൂ അനുപാതങ്ങള്‍ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വായ്പ എടുത്തവരാണെങ്കിൽ മുതൽ തുക തിരിച്ചടവിന് സെക്ഷൻ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപയും പലിശ പേയ്മെന്റുകള്‍ക്ക് 2 ലക്ഷം രൂപയും നികുതിയിളവ് ലഭിക്കും. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്പ എടുത്തവരാണെങ്കിൽ ഇരുവരും നികുതിയിളവ് ലഭിക്കും. 

പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിന്റെ "ഐഎൻഡി സൂപ്പർ 400 ഡേയ്സ്" എന്ന പുതിയ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീമിൽ വനിതാ നിക്ഷേപകർക്ക് 0.05 ശതമാനം ഉയർന്ന പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം വരെയും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.90 ശതമാനം വരെയും പലിശ നേടാം. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് സ്ത്രീകൾക്കായി പിഎസ്ബി ​ഗ്രഹ് ലക്ഷ്മി സ്ഥിര നിക്ഷേപ പദ്ധതി എന്ന പേരിൽ പ്രത്യേക സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകൾ ഓൺലൈൻ വഴി സ്ഥിര നിക്ഷേപമിടുമ്പോൾ 6.90 ശതമാനം പലിശ നിരക്ക് നൽകും. 60 വയസ് കഴിഞ്ഞ വനിതാ നിക്ഷേപകർക്ക് ബാങ്ക് 7.40 ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു. സ്ത്രീ നിക്ഷേപകർക്ക് എൻബിഎഫ്സിയായ ശ്രീറാം ഫിനാൻസിൽ 0.10 ശതമാനം അധിക പലിശ ലഭിക്കും.

 

Post your comments