Global block

bissplus@gmail.com

Global Menu

ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട്

ചങ്കരൻ പിന്നേയും തെങ്ങിന്മേൽ എന്ന അവസ്ഥയിലാണ് കേരളത്തിലെ സംരംഭകർ. ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്നതാണ് അവരുടെ എക്കാലത്തെയും സ്ഥിതി. ഓരോ ബജറ്റും മറ്റ് സംരംഭകസൗഹൃദപ്രഖ്യാപനങ്ങളും വരുമ്പോഴും പ്രതീക്ഷയോടെ കൈനീട്ടും. പക്ഷേ ഒരടി മുന്നോട്ട് നീക്കിയിട്ട് രണ്ടടി പിന്നോട്ട് തളളുന്നതാണ് കക്ഷി-രാഷ്്ട്രീയ ഭേദമെന്യേ സർക്കാരുകളുടെ ഒരു രീതി. ഇപ്പോഴിതാ സംരംഭകസൗഹൃദകേരളം എന്ന പേരിൽ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ വ്യവസായങ്ങൾക്കുളള വൈദ്യുതി നിരക്ക് ബജറ്റിൽ 5% വർദ്ധിപ്പിച്ച് തിരിച്ചടിച്ചിരിക്കുകയാണ്. ഇത് നിർമ്മാണവ്യവസായത്തിനും ഐടി മേഖലയ്ക്കുമെല്ലാം തിരിച്ചടിയാകും എന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. ഇതിനുപുറമെ കെട്ടിടനികുതി,ഫ്‌ളാറ്റ് നികുതി എല്ലാം ഉയർത്തിയിരിക്കുന്നു. പിന്നെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കൊണ്ടുപിടിച്ച റെയ്ഡും തത്സംബന്ധിയായി മാധ്യമങ്ങളിൽ വന്ന പൊടിപ്പും തൊങ്ങലും വച്ച കൊട്ടിഘോഷങ്ങളും ഹോട്ടൽ ബിസിനസിനെ മാത്രമല്ല കേരള ടൂറിസത്തിന്റെയും തലക്കിട്ടുകൊട്ടിയിരിക്കുകയാണ്. വിദേശികൾ ഇനി അഥവാ സ്വദേശികളായാൽ പോലും നാടുകാണാനിറങ്ങുന്നത് വീട്ടിൽ നിന്ന് പൊതിച്ചോറും കെട്ടിയല്ല. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീണ്ടുപരന്നു കിടക്കുന്ന വ്യത്യസ്തമായ രുചിക്കൂട്ടുകൾ ആസ്വദിക്കാനും കൂടിയാണ്. അപ്പോഴാണ് മൊത്തം വിഷമയമാണെന്ന ഘോഷം. അതോടെ ആളുകളുടെ വരവൊന്ന് കുറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ടൂറിസം വകുപ്പ് തലയാട്ടുക തന്നെ ചെയ്യും. ഏത് സെൻസിലെടുക്കണമെന്നത് കാഴ്ചക്കാരുടെ ഇഷ്ടം. ഒരു കാര്യം പറയാം. ലോകം മുഴുവൻ മാന്ദ്യത്തിലേക്കാണെന്നാണ് വയ്പ്. ഇന്ത്യ ചില സൂത്രപ്പണികളൊക്കെ ചെയ്ത് പിടിവിടാതെ നിൽക്കുന്നു. ഈ സാഹചര്യത്തിൽ ഏട്ടിലെ പശുവിനെകൊണ്ടും പുലികളെ കൊണ്ടും കാര്യമില്ല. പ്രഖ്യാപനങ്ങളല്ല...പ്രായോഗികപദ്ധതികളാണ് വേണ്ടത്.

Post your comments