Global block

bissplus@gmail.com

Global Menu

നൂതനാശയമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷിക്കാം

കൊച്ചി: സംരംഭകത്വവും നൂതനാശയവും കൈമുതലായുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോളേജ് വിദ്യാര്‍ഥികളിലെ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഐഡിയ ഫെസ്റ്റ് നടത്തുന്നത്. 2021 ജനുവരി 25 ആണ് ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. www.bit.ly/ksumif2020 എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ബൂട്ട് ക്യാമ്പിലേക്ക് യോഗ്യത നേടും. ബൂട്ട് ക്യാമ്പില്‍ ഉയര്‍ന്നുവരുന്ന തെരഞ്ഞെടുക്കപ്പെട്ട നൂതനാശയങ്ങള്‍ വിദഗ്ധ സമിതിക്കു മുന്‍പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്ന നൂതനാശയങ്ങള്‍ അവയുടെ പുരോഗതി ഘട്ടം പരിഗണിച്ച് കെഎസ് യുഎം സഹായധനം നല്‍കും. നൂതനാശയത്തിന്‍റെ മാതൃക നിര്‍മ്മിക്കുന്നതിന് വേണ്ട ലാബ് സൗകര്യം, വിദഗ്ധോപദേശം എന്നിവയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും. ഐഡിയ ഫെസ്റ്റിന് പുറമെ ഏഞ്ചൽ നിക്ഷേപങ്ങളെക്കുറിച്ച് കേരളത്തിലെ നിക്ഷേപകരില്‍ അവബോധം വളര്‍ത്തുന്നതിനും അതു വഴി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായുള്ള സീഡിംഗ് കേരള സമ്മേളനത്തിനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘാടനം വഹിക്കുന്നുണ്ട്. സീഡിംഗ് കേരളയുടെ ആറാം ലക്കം ഫെബ്രുവരി 12,13 തിയതികളില്‍ നടക്കും. ഇക്കുറി വെര്‍ച്വലായാണ് സീഡിംഗ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്. മികച്ച ആശയങ്ങളും മാതൃകകളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയിലേക്കിറങ്ങുന്നതിനു വേണ്ടി ശൈശവദശയില്‍ ലഭിക്കുന്ന നിക്ഷേപങ്ങളെയാണ് എയ്ഞ്ചല്‍ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. സീഡിംഗ് കേരള വഴി തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും അതു വഴി നിക്ഷേപം ആകര്‍ഷിക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി https://seedingkerala.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

 

Post your comments