Global block

bissplus@gmail.com

Global Menu

വീഴ്ചകള്‍ വിജയത്തിന്റെ ആധാരശിലകള്‍

വിജയിക്കാനാണ് നിങ്ങള്‍ പഠിച്ചത്. പക്ഷേ, വിജയം നിങ്ങള്‍ക്കു മുന്നില്‍ ഒരു തളികയില്‍ എത്തുകയില്ല സ്വയം വികസിക്കുക, മനസ്‌സിനെ രൂപപ്പെടുത്തുക, ഇതാണ് എല്ലാ വിജയങ്ങള്‍ക്കുള്ള താക്കോല്‍. നിങ്ങളുടെ മനസ്‌സിന്റെ ശീലങ്ങളും ചിന്തകളും മാറ്റത്തിനു വിധേയമാക്കിക്കൊണ്ട് ജിവിതത്തെ തന്നെ മാറ്റിയെടുക്കാനാകും നിങ്ങള്‍ ചിന്തിക്കുന്നത്, വിശ്വസിക്കുന്നത്, അനുഭവിക്കുന്നത് എന്താണോ അതുതന്നെ നിങ്ങള്‍ ആയിത്തീരും. ചിന്തകളെ നിയന്ത്രിച്ച് നിങ്ങള്‍ വിധിയുടെ വിധാതാക്കളാക്കുക. ചിന്തകളെ പ്രവൃത്തികളുമായി രൂപാന്തരപ്പെടുത്തി വിജയത്തില്‍ സ്വപ്നത്തിലേക്ക് വെന്നിക്കൊടി പാറിച്ചവര്‍ ഇവര്‍.

വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഒരിക്കല്‍ പറഞ്ഞു: 'വിജയമെന്നത് ഉത്‌സാഹം നഷ്ടപ്പെടാതെ ഒരു പരാജയത്തില്‍ നിന്നും മറ്റൊരു പരാജയത്തിലേക്ക് നീങ്ങുവാനുള്ള ശേഷിയാണ്. 
ജിവിതത്തില്‍ പരാജയങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടില്ലാത്തവര്‍ തുലോം വിരളമായിരിക്കും. പലരും പല വിധത്തിലാവും അവയോടു പ്രതികരിക്കുന്നത്. ചിലര്‍ ചെറിയ പരാജയങ്ങളില്‍ പോലും മനംമടുത്ത് പിന്തിരിയുന്നു. ചിലര്‍ അതില്‍ തകര്‍ന്നുപോകുന്നു. മറ്റുചിലര്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു. എന്നാല്‍ ചിലര്‍ അവയെ ധീരതയോടെ നേരിടുന്നു. വിജയത്തിന്റെ പടവുകളാക്കി അവയെ മാറ്റുന്നു. മഹത്വത്തിലേക്കുള്ള വളര്‍ച്ചയുടെ വഴിയാക്കുന്നു. വീണ്ടും പൂര്‍വ്വാധികം വാശിയോടെയും ശക്തിയോടെയും മുന്നേറാനുള്ള പ്രചോദനമാക്കുന്നു.
ലോകം ആദരിക്കുന്ന മഹാന്മാരുടെ ജീവചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് വ്യക്തമാകും. അവരെല്ലാം ജീവിതത്തില്‍ പരാജയങ്ങള്‍ നേരിട്ടവരാണ്. തിരിച്ചടികള്‍ സഹിച്ചവരാണ്, പ്രതിസന്ധികള്‍ തരണം ചെയ്തവരാണ്. ആ പരാജയങ്ങളും പ്രതിസന്ധികളും തിരിച്ചടികളും ആണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ശക്തിപകര്‍ന്നത്. അവര്‍ വീഴ്ചകളെ വിദ്യയാക്കിയവരാണ്. പരാജയങ്ങളില്‍ നിന്ന് പാഠം പഠിച്ചവരാണ്. കോട്ടങ്ങളെ നേട്ടങ്ങളാക്കിയവരാണ്. പ്രതിബന്ധങ്ങളെയും പരാജയങ്ങളെയും പതറാതെ നേരിട്ടവരാണ്. വീഴ്ചകളെ വിജയത്തിന്റെ ആധാരശിലകളാക്കിയവരാണ് 
ലോകം കണ്ട ശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ജീവിതം പരാജയങ്ങളിലും പരിമിതികളിലും പതറുന്നവര്‍ക്ക് പ്രചോദനമാകുവാനുതകുന്നതാണ്. ആല്‍ബര്‍ട്ട് നന്നായി സംസാരിക്കാന്‍ പോലും കഴിവില്ലാത്ത കുട്ടിയായിരുന്നു. ഏകദേശം ഒമ്പതു വയസായതിനുശേഷമാണ് കഷ്ടിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. അവനൊരു വൈകല്യമുള്ള കുട്ടിയായി കരുതപ്പെട്ടു. ആല്‍ബര്‍ട്ടിന്റെ മാതാപിതാക്കള്‍ എലമെന്ററി സ്‌കൂളിലെ ഹെഡ്മാസ്റ്ററോട് തങ്ങളുടെ കുട്ടിക്ക് ഭാവിയില്‍ ഏതു പ്രൊഫഷനാണ് അനുയോജ്യമായത് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അവരെ നിരാശപ്പെടുത്തി. 'ഏതെടുത്താലും അവന്‍ അതില്‍ വിജയിക്കുമെന്നു തോന്നുന്നില്ല'.
സൂറിച്ചിലെ പോളിടെക്‌നിക്ക് കോളേജിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഐന്‍സ്റ്റീന്‍ പരാജയപ്പെടുകയാണുണ്ടായത്. ഗണിതശാസ്ത്രത്തില്‍ മിടുക്കനായിരുന്നുവെങ്കിലും ഭാഷയിലും ജീവശാസ്ത്രത്തിലും ആവശ്യമായ ഗ്രേഡ് നേടുവാന്‍ കഴിഞ്ഞില്ല. ഐന്‍സ്റ്റീനെപ്പറ്റി രസകരമായ ഒരു സംഭവകഥ കൂടിയുണ്ട്. അറിയപ്പെടുന്ന ഒരു ഗണിത ശാസ്ത്രജ്ഞനായശേഷം, ഏതാനും ഗണിതശാസ്ത്ര പ്രേമികള്‍ അദ്ദേഹത്തെ അന്വേഷിച്ച് താമസിച്ചിരുന്ന വീടിനു സമീപത്തെത്തി. അടുത്തുകണ്ട കടയില്‍ കയറി ചോദിച്ചു:
'പ്രസിദ്ധ ഗണിതശാസ്ത്രഞ്ജനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ താമസിക്കുന്നതെവിടെയാണ്'? അപ്പോള്‍ കടയുടമയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
'ഐന്‍സ്റ്റീന്‍ എന്നു പേരുള്ള ഒരാള്‍ അടുത്തവീട്ടില്‍ താമസമുണ്ട്. അയാള്‍ നിങ്ങള്‍ അന്വേഷിക്കുന്ന ഗണിതശാസ്ത്രഞ്ജന്‍ ആവാന്‍ തരമില്ല. വാങ്ങുന്ന പലചരക്ക് സാധനങ്ങളുടെ വിലപോലും ശരിയായി കൂട്ടാനയാള്‍ക്കറിയില്ല.
പ്രതിസന്ധികളെയും പരാജയങ്ങളെയും അതിജീവിച്ച് മുന്നേറിയാണ് ഐന്‍സ്റ്റീന്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രപ്രതിഭയായിതീര്‍ന്നത്. ധീരതയുടെ അടയാളമായി ചരിത്രത്താളുകളില്‍ ഇടംനേടിയ ലോകനേതാവാണ് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍. വിദ്യാര്‍ത്ഥിയായിരുന്ന ചര്‍ച്ചില്‍ പഠനത്തില്‍ വളരെ മോശമായിരുന്നു. മൂന്നാം ക്‌ളാസില്‍ മൂന്നുകൊല്ലം തോറ്റു പഠിച്ചു. മിലിട്ടറി അക്കാദമിയിലേക്കു നടന്ന പ്രവേശനപരീക്ഷയില്‍ രണ്ടുപ്രാവശ്യം തുടര്‍ച്ചയായി പരാജയപ്പെട്ടു. എങ്കിലും അദ്ദേഹം ജീവിതത്തില്‍ തളര്‍ന്നില്ല. 1940 മെയ് 10 ന് അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനും സഖ്യകക്ഷികള്‍ക്കും മഹത്തായ ചരിത്രവിജയം നേടിക്കൊടുത്തു. മഹാനായ ഒരു ധീരനേതാവായി ലോകം ഇന്നും അദ്ദേഹത്തെ ആദരിക്കുന്നു
തന്റെ ശാസ്ത്രതത്വങ്ങള്‍ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ സര്‍ ഐസക്ക് ന്യൂട്ടന്‍ ശൈശവത്തില്‍ തലപോലും നേരെ നിര്‍ത്താന്‍ കെല്പില്ലാത്ത വളരെ ശക്തിഹീനനായ കുട്ടിയായിരുന്നു. പ്രത്യേക ലതര്‍ കോളര്‍ ധരിച്ചാണ് തലയ്ക്ക് താങ്ങു കൊടുത്തിരുന്നത്. പഠനത്തില്‍ ഏറെ പിന്നിലായിരുന്നു. വളരെ താഴ്ന്ന റാങ്കായിരുന്നു ക്‌ളാസ്‌സില്‍. 1665-66 കാലത്ത് ബ്രിട്ടനില്‍ പടര്‍ന്ന മാരകമായ പ്‌ളേഗ് രോഗം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. ന്യൂട്ടന്‍ തന്റെ മാതാവിന്റെ കൃഷിത്തോട്ടത്തിലേക്ക് പോന്നു. 18 മാസത്തോളം അവിടെയായിരുന്നു താമസം. അവിടെ വച്ച് ഒരാള്‍ ന്യൂട്ടനെ ധ്യാനം പരിശീലിപ്പിച്ചു. അതദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു
പിന്നീട് ന്യൂട്ടന്‍ പഠനത്തില്‍ മികവു കാണിക്കാന്‍ തുടങ്ങി. കൂടുതള്‍ ശ്രദ്ധാലുവായി. ഒരു പുതിയ ഗണിതശാസ്ത്ര ശാഖയായ കാല്‍ക്കുലസ് കണ്ടുപിടിച്ചു. അതുപയോഗിച്ച് ന്യൂട്ടന്‍ ചലനനിയമങ്ങള്‍, ആകര്‍ഷണതത്വം എന്നിവ തെളിയിച്ചു. പിന്നീട് അദ്ദേഹം പുതിയതരം ടെലസ്‌ക്കോപ്പ് കണ്ടിപിടിച്ചു. ന്യൂട്ടന്റെ പ്രശസ്തമായ ആകര്‍ഷണ നിയമങ്ങള്‍ ശാസ്ത്രലോകം അംഗീകരിച്ചത് അദ്ദേഹം മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ബാല്യം മുതല്‍ നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ എല്ലാം തന്നെ സധൈര്യം തരണം ചെയ്യുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിത വിജയ രഹസ്യം. 
ഹെലന്‍കെല്ലര്‍ അന്ധയും മൂകയും ബധിരയുമായിരുന്നു. ഈ മൂന്ന് വൈകല്യങ്ങളോടും പൊരുതി അവര്‍ കൈവരിച്ച അത്ഭുതകരമായ വിജയങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമാണ്.
സംഗീത ചക്രവര്‍ത്തിയായിരുന്ന ബിഥോവന്റെ സിംഫണികള്‍ ലോകപ്രസിദ്ധങ്ങളാണല്ലോ. ബധിരനായിത്തീര്‍ന്നെങ്കിലും അദ്ദേഹം തളര്‍ന്നില്ല. നിരാശനായില്ല. തന്റെ ബധിരതയെ അവഗണിച്ച് ഇമ്പമേറിയ സിംഫണികള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലോകം ഇന്നും അത്ഭുതത്തോടെ അദ്ദേഹത്തെ ആദരിക്കുന്നു
പ്രതിസന്ധികളോ പരാജയങ്ങളോ ശാരീരിക വൈകല്യങ്ങളോ നിങ്ങളുടെ മനസ്‌സിനെ അലട്ടുമ്പോള്‍ ആ മഹാന്‍മാരുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക. അവരുടെ ജീവചരിത്രങ്ങള്‍ വായിക്കുക. അത് നിങ്ങള്‍ക്ക് ആശ്വാസവും പ്രചോദനവും പ്രദാനം ചെയ്യും. ഓരോ പ്രതിസന്ധിയും ഓരോ പരാജയവും ഒരു വെല്ലുവിളിയാണ്. അതു നിങ്ങള്‍ക്ക് കരുത്തു പകരുന്ന പരിശീലന വേളകളുമാണ്. എന്നെ കൊല്ലാത്ത ഏതും എന്നെ കൂടുതല്‍ ശക്തനാക്കുന്നു. എന്ന പഴമൊഴി മറക്കാതിരിക്കുക.
'നമ്മുടെ ഏറ്റവും വലിയ മഹത്വം, ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിലല്ല, മറിച്ച് ഓരോ പരാജയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്ക്കുക എന്നതിലാണ്. ചൈനീസ് ചിന്തകനായിരുന്ന കണ്‍ഫ്യൂഷ്യസിന്റെ ഈ വാക്കുകള്‍ പ്രതിസന്ധികളിലും പരാജയങ്ങളിലും നിങ്ങള്‍ക്ക് പ്രചോദനമാവട്ടെ.

Post your comments