ന്യൂഡൽഹി: ഭാരത് സ്‌റ്റേജ് - 3 വാഹനങ്ങൾ വിൽക്കുന്നതിന് ഏപ്രിൽ ഒന്ന് മുതൽ നിരോധനം. സുപ്രീം കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. ബിഎസ്-3 വാഹനങ്ങൾ വിൽക്കുന്നതിന് കമ്പനികൾക്ക് സർക്കാർ അനുവദിച്ചിരുന്ന സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വാണിജ്യതാൽപ്പര്യങ്ങൾക്കുപരി ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന ബിഎസ്- 3 വാഹനങ്ങളുടെ രജിസ്ട്രേഷന് കേന്ദ്ര സർക്കാർ അനുമതി നൽകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഏപ്രിൽ ഒന്നിന് മുൻപ് വാഹനം വാങ്ങിയതിന്റെ തെളിവ് നൽകിയാൽ ബിഎസ്- 3 വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നൽകാമെന്ന് കോടതി അഭിപ്രായപ്പെട്ടു.
2017 ഏപ്രിൽ ഒന്ന് മുതൽ ബിഎസ്- 4 മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ബിഎസ്-3 വാഹനങ്ങൾ വിൽക്കാൻ പാടില്ലെന്ന് പൊല്യുഷൻ കൺട്രോള്‍ അതോറിറ്റി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് ഡീലർമാർ കോടതിയെ സമീപിച്ചത്. എട്ട് ലക്ഷത്തോളം വാഹനങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും, അത് വിറ്റ് തീർക്കാൻ ഒരു വർഷം വേണ്ടി വരുമെന്നും ഡീലർമാർ കോടതിയെ അറിയിച്ചിരുന്നു.
Post your comments