മുംബൈ: സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇൗടാക്കുന്ന തുക സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.ഐ) 75 ശതമാനത്തോളം കുറച്ചു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മെട്രോ, നഗര ബ്രാഞ്ചുകളില്‍ ഇൗയിനത്തില്‍ ഇൗടാക്കുന്ന പ്രതിമാസ തുക 50 രൂപയും ജി.എസ്.ടിയുമായിരുന്നു. ഇത് 15 രൂപയും ജി.എസ്.ടിയുമായി കുറച്ചു. 25 കോടി ഉപഭോക്താക്കള്‍ക്ക് തീരുമാനത്തിന്റെ ഗുണം ലഭിക്കും. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബ്രാഞ്ചുകളില്‍ ഇൗയിനത്തിലുള്ള തുക 40 രൂപയില്‍നിന്ന് യഥാക്രമം 12, 10 രൂപയാക്കി മാറ്റി.
ജി.എസ്.ടി ചാര്‍ജ് പുറമെയാണ്. ഉപഭോക്താക്കളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടിയെന്ന് എസ്.ബി.ഐ മാനേജിങ് ഡയറക്ടര്‍ പി.കെ. ഗുപ്ത പറഞ്ഞു. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറാനുള്ള സൗകര്യവും എസ്.ബി.ഐ ഒരുക്കി. ഇതിന് തുക ഇൗടാക്കില്ല. എസ്.ബി.ഐക്ക് മൊത്തം 41 കോടിയോളം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 16 കോടിയും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജ്ന/ അടിസ്ഥാന സേവിങ്സ്/പെന്ഷന്/സാമൂഹിക സുരക്ഷ പദ്ധതി അക്കൗണ്ടുകളാണ്. ഇതിനൊന്നും മിനിമം ബാലന്‍സ് നിബന്ധനയില്ല.
Post your comments