Global block

bissplus@gmail.com

Global Menu

വാലി ഓഫ് ഫഌവേഴ്‌സ്‌

ആദിയുടെ ആദ്യ വിശേഷങ്ങള്‍ അറിയുന്നതിന് മുന്‍പേ പ്രണവ് ചേക്കേറുകയാണ് മഞ്ഞു പെയ്യുന്ന ഹിമാലയന്‍ നിരകളിലേക്ക്. പ്രണവ് മോഹന്‍ലാല്‍ എന്ന മുഴുവന്‍ പേരിലെ താര പുത്രന്റെ ജാഡകളില്ലാതെ സാധാരണക്കാരനില്‍ സാധാരണക്കാരനായി മഞ്ഞു മലകള്‍ കീഴടക്കുന്ന ഒരു സാഹസികന്റെ മനസ്സുമായി. ഇത് ആദ്യമായിട്ടല്ല പ്രണവ് ഹിമാലയത്തിന്റെ തണുത്തുറഞ്ഞ മഞ്ഞു മലകളിലേക്ക് ചേക്കേറുന്നത്. മുന്‍പ് പല തവണയായി അത്ഭുതങ്ങളും ആകാംഷയും നിറഞ്ഞ ഈ ഹിമാലയന്‍ നിരകള്‍ പ്രണവ് കീഴടക്കിയിട്ടുണ്ട്. ഒറ്റവാക്കിലൊ വാചകങ്ങളിലോ ഒതുങ്ങുന്നതല്ല ഹിമാലയന്‍ കാഴ്ചകളുടെ കഥകള്‍. അതില്‍ അതിമനോഹരവും അത്ഭുതകരമായ ഒരു കാഴ്ചയാണ് പ്രണവിനു ഈ പൂക്കളുടെ താഴ് വരയില്‍ ദൃശ്യമായത്.
ഹിമാലയന്‍ കൊടുമുടികള്‍ക്കു താഴെ പ്രകൃതി ഒരുക്കിയ അത്ഭുതമാണ് ഈ താഴ് വര. ഒന്നും രണ്ടുമല്ല ഏതാണ്ട് അഞ്ഞൂറിലധികം ഇനത്തിലുള്ള വ്യത്യസ്തമായ പൂക്കളാണ് ഉത്തരാഖണ്ഡിലെ മനോഹരമായ ഈ പൂക്കളുടെ താഴ് വരയിലുള്ളത്. പ്രകൃതിയുടെ അമൂല്യമായ ഒരു കാഴ്ചയായതിനാലാകാം യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ ഈ പൂക്കളുടെ താഴ് വരയുമുണ്ട്. ഹിമാലയന്‍ മലനിരകളില്‍ പ്രണവിനെ വിസ്മയിപ്പിച്ച കാഴ്ചകളിലൊന്നാണ് ഈ പൂക്കളുടെ താഴ് വര.
മേഘങ്ങള്‍ക്ക് താഴെ മലനിരകള്‍, അവയ്ക്കും താഴെ പച്ച പുല്‍മേടുകള്‍. പൂക്കളുടെ താഴ് വരയുടെ ഈ മനോഹാരിത ആസ്വദിക്കുമ്പോള്‍ ഇംഗ്ലീഷ് പര്‍വതാരോഹകരായ ഫ്രാങ്ക്. എസ്.സ്മിത്തിനെ ഓര്‍ക്കാം. മലനിരകള്‍ കീഴടക്കുന്ന സാഹസികനായിരുന്നു അദ്ദേഹം. ഹിമാലയന്‍ നിരകളിലെ ഒരു കൊടുമുടി കീഴടക്കുന്നതിനിടയില്‍ അദ്ദേഹം വഴി തെറ്റി മലഞ്ചെരിവുകളിലൂടെ അദ്ദേഹം ഈ താഴ്വര കാണുവാനിടയായി. ഇത്തരത്തില്‍ യാദൃച്ഛികമായി കണ്ടെത്തിയ ഒരിടമാണിത്.  ഈ പ്രദേശത്തിന്റെ മനോഹാരിതയെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.
വാഹനത്തിലൂടെ ഈ മലനിരകളില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല. മലമുകളിലേക്ക് ട്രെക്കിങ്ങ് പാതകളുണ്ട്. പാതകളിലൂടെ നടന്നു വേണം മല കയറുവാന്‍. ഈ പാതയിലൂടെ നടക്കുമ്പോള്‍ മുകളില്‍ ഹിമാലയന്‍ നിരകളുടെ കാഴ്ചകള്‍ കാണാം. ഈ പാതകളില്‍ കുതിര സവാരിക്കുള്ള സൗകര്യവുമുണ്ട്. പലവിധ കാഴ്ചകളാണ് ഈ പാതകളിലൂടെയുള്ള നടത്തത്തില്‍ കാണുവാന്‍ സാധിക്കുന്നത്. വ്യത്യസ്തയിനത്തിലുള്ള സസ്യങ്ങള്‍ ,പക്ഷികള്‍ ഇവയൊക്കെ ഇവിടുത്തെ പാതയോരങ്ങളില്‍ കാണാം. മറ്റൊരു പ്രധാന കാഴ്ചയാണ്  ഗ്ലെസിയറുകള്‍. അതിലൂടെ നീര്‍ച്ചാകാലുകള്‍ ഒഴുകുന്നുണ്ട്. മഞ്ഞും മഴയും പെയ്യുന്ന ഈ മലമേടുകള്‍ കീഴടക്കുമ്പോഴാണ് പൂക്കളുടെ              താഴ് വര   കാണുവാന്‍ സാധിക്കുന്നത്.  
 പല നിറത്തിലുള്ള പല തരത്തിലുള്ള പൂക്കളുടെ സ്വപ്ന താഴ് വരയാണിത്. വ്യത്യസ്തയിനത്തിലുള്ള പുഷ്പങ്ങള്‍ നിറഞ്ഞതിനാല്‍ സസ്യശാസ്ത്രജ്ഞരുടെയും പ്രിയപ്പെട്ട താഴ് വരയാണിത്. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും അപൂര്‍വ്വമായ നിരവധി ജീവിവര്‍ഗങ്ങളും ഇവിടെയുണ്ട്. ഏഷ്യാറ്റിക് ബ്ലാക്ക് ഡീര്‍, ഹിമപ്പുലി, കസ്തൂരി മാന്‍, റെഡ് ഫോക്‌സ്, ബ്രൌണ്‍ കരടി, നീല ആടുകള്‍ ഇത്തരത്തില്‍ നിരവധി മൃഗങ്ങളെ താഴ് വരയില്‍ കാണാന്‍ കഴിയും. ഹിമാലയന്‍ ബ്ലൂ പോപ്പി പ്രധാന സസ്യയിനങ്ങളില്‍ ഒന്നാണ്. കാട്ടുപൂക്കളുടെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെയുള്ളത്. ശീതകാലങ്ങളില്‍ ഈ താഴ് വര തണുത്തുറയുന്ന കാഴ്ചയാണുള്ളത്. 
മലനിരകളിലെ പക്ഷികളുടെയും മഞ്ഞുരുകിയൊലിക്കുന്ന നീര്‍ചാലുകളുടെയും ശബ്ദവും താഴ് വരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഹിമാലയന്‍ പുഷ്പങ്ങളുടെ പ്രകൃതി ഒരുക്കിയ മനോഹരമായ ഒരു ഗാര്‍ഡനാണിത്. മനുഷ്യന്റെ ഇടപെടലാല്‍ നഷ്ടപ്പെടാത്ത പ്രകൃതി സൗന്ദര്യത്തിന്റെ വിസ്മയ ഭാവവുമായി ഈ മനോഹരമായ താഴ് വര സ്ഥിതി ചെയ്യുന്നു. ഹിമാലയന്‍ കാഴ്ചകള്‍ക്ക് വ്യത്യസ്തമായ നിറങ്ങള്‍ ചാലിക്കുന്ന അത്ഭുത കാഴ്ചകളിലൊന്നാണ് പൂക്കളുടെ ഈ താഴ് വര. 

 

Post your comments