Global block

bissplus@gmail.com

Global Menu

മധു എന്ന ബിസിനസ്സുകാരന്‍

മധു എന്ന നടനെയും സംവിധായകനെയും കേരളത്തിന് നന്നായി അറിയാം. അപാരമായ അഭിനയവൈഭവം കൊണ്ട് കേരളീയ മനസ്സില്‍ ചിരസ്മരണീയനായി തീര്‍ന്ന ഈ മധുവില്‍ കുശാഗ്രബുദ്ധിയായ ബിസിനസ്സുകാരനുണ്ടെന്ന സത്യം അധികമാര്‍ക്കും അയിയില്ല.  നിര്‍മ്മിച്ച പതിമൂന്നു സിനിമകളില്‍ പതിനൊന്നെണ്ണവും മഹാവിജയമാക്കി. തിരുവനന്തപുരം നഗരത്തിന്റെ ഓണംകേറാമൂലകളിലൊന്നായിരുന്ന പുളിയറക്കോണത്തെ പച്ചപരക്കുന്ന ഭൂമി ദീര്‍ഘവീക്ഷണത്തോടെ കണ്ടെത്തി ഉമ സ്റ്റുഡിയോ ആക്കി.  ഇന്നത് പേരുമാറി കേരളീയ ജീവതത്തിലെ നിര്‍ണ്ണായക സ്വാധീനമായ ഏഷ്യാനെറ്റ് എന്ന മഹാ പ്രസ്ഥാനമാക്കി.

യഥാര്‍ത്ഥ ഫിലിം മേക്കര്‍ എന്നു പറയുന്നത് ഒരിക്കലും നടനോ സംവിധായകനോ അല്ലെന്നും നിര്‍മ്മാതാവുതന്നെയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രൊഡ്യൂസര്‍ ഈസ് ദ മേക്കര്‍ ഓഫ് ദ ഫിലിം എന്ന് മധു പല അഭിമുഖത്തിലും പറഞ്ഞിരുന്നത്.
പ്ലാനിംഗ് മുതല്‍ റിലീസ് വരെ എന്തെല്ലാം കാര്യങ്ങള്‍ ഒരു സിനിമയില്‍ നടക്കുമോ അതിനെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ നിര്‍മ്മാതാവിന്  ഉണ്ടായിരിക്കണം. ഓരോ കാര്യവും അയാളില്‍ കൂടിത്തന്നെ കടന്നുപോകണം. ഒരു നൃത്തരംഗം ചിട്ടപ്പെടുത്തുന്നത് നൃത്തസംവിധായകനാണ്. സംഘട്ടനരംഗം സംഘട്ടനസംവിധായകനാണ് ചെയ്യുന്നത്. പണം കൈകാര്യം ചെയ്യുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ്. ഇവര്‍ക്കൊക്കെ ഈ ഉത്തരവാദിത്തം മാത്രമുള്ളപ്പോള്‍ നിര്‍മ്മാതാവിന് സിനിമയുടെ മൊത്തം ചുമതലയും ഉത്തരവാദിത്തവുമുണ്ട്.
സംവിധായകന്റെതുള്‍പ്പെടെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ അിറയേണ്ട ആളാണ് നിര്‍മ്മാതാവ്. എല്ലാം ഒന്നിപ്പിച്ചു കൊണ്ടുപോകാനും നിര്‍മ്മാതാവിനു കഴിയണം. സിനിമയുമായി ബന്ധപ്പെട്ട ഓരോരുത്തര്‍ക്കും അതിന്റെതായ പ്രാധാന്യം ഉണ്ട്. എന്റെ ഭാഷയില്‍ പ്രൊഡ്യൂസര്‍ ഈസ് ദ പേഴ്‌സണ്‍ ഹു മേക്‌സ് ദ ഫിലിം. മധു പറഞ്ഞു.
മൂടുപടം എന്ന ചിത്രത്തിലഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടുനിന്ന സമയത്ത് അപ്രതീക്ഷിതമായി ലഭിച്ച നിണമണിഞ്ഞ കാല്പാടുകളിലൂടെ മധു എന്ന മാധവന്‍ നായര്‍ താരമായി.  1963 ഫെബ്രുവരി 17നാണ് മധുവിന്റെ ആദ്യചിത്രമായ നിണമണിഞ്ഞ കാല്പാടുകള്‍ പ്രദര്‍ശനത്തിനെത്തിയത്.  തുടര്‍ന്നു വന്ന ഭാര്‍ഗ്ഗവീനിലയം, ഓളവും തീരവും, ചെമ്മീന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ  മലയാള  സിനിമയുടെ  പ്രിയപ്പെട്ട നടന്മായി പ്രേംനസീറും സത്യനും നിറഞ്ഞു നിന്ന മലയാള സിനിമയില്‍ മധു അനിഷേധ്യസാന്നിധ്യമായത് അതിവേഗത്തിലാണ്. സംവിധാനം ചെയ്ത ആദ്യചിത്രം പ്രിയയാണ്.  പ്രിയയുടെ വന്‍ വിജയം വീണ്ടും സംവിധായകന്റെ മേലങ്കി അണിയാന്‍ മധുവിന് കരുത്തായി. തുടര്‍ന്നു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എക്കാലത്തെയും വലിയ ഹിറ്റായി.  യൂസഫലി കേച്ചേരി നിര്‍മ്മിച്ച ഈ ചിത്രം കൂടി വന്‍ വിജയമായതോടെയാണ് നിര്‍മ്മാതാവാകാന്‍ മധു തീരുമാനിച്ചത്.  ഏകമകള്‍ ഉമയുടെ പേരില്‍ ഒരു ബാനര്‍ ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ ഈ ബാനറില്‍ നിര്‍മ്മിച്ച ആദ്യചിത്രമായിരുന്നു സതി.
ഓരോ ഘട്ടത്തിലും എത്രരൂപ ചെലവാകും എന്നതിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായ ബഡ്ജറ്റ് ഉണ്ടാക്കുന്നതായിരുന്നു മധുവിന്റെ രീതി.  എത്ര രൂപ ഓരോ കാര്യങ്ങള്‍ക്കും ചെലവാക്കണം എന്നത് മധുവിന് നേരത്തെ കണക്കുക്കൂട്ടലുണ്ടാകും. അതില്‍ നിന്ന് ഒരു പൈസ കുറയുന്നതല്ലാതെ കൂടരുത്.  രണ്ടായാലും അതെങ്ങനെ സംഭവിച്ചു എന്നു മനസ്സിലാക്കണം  അപ്പോള്‍ നമ്മുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയിലൂടെ നഷ്ടം ഉണ്ടാകില്ല.  ബാക്കിയൊക്കെ അതിന്റെ വിധിയാണ്.''  മധുവിന്റെ ഈ വാക്കുകള്‍ക്ക്  ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഉമാ ആര്‍ട്‌സ്  സ്റ്റുഡിയോ നിര്‍മ്മിച്ച ചിത്രങ്ങള്‍. 
1972ലാണ് മധു സതി നിര്‍മ്മിച്ചത്.  ആദ്യ ചിത്രത്തിന് സതി എന്നു പേരിട്ടതെന്തുകൊണ്ടാണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു പൂജാമുറിയില്‍ വച്ച് തീ പിടിച്ചാണ് നായിക മരിക്കുന്നത്.  ഭര്‍ത്താവ് അവളുടെ പാതിവ്രതത്തെ സംശയിച്ചു.  തുടര്‍ന്ന് പൂജാമുറിയിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴാണ് അതു സംഭവിച്ചത്.  പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന ഒരനുഷ്ഠാനം ഉണ്ടായിരുന്നു.  അതിന് സതി എന്നു പറഞ്ഞു.  അതുപോലെയാണിവിടെ പരമസാത്വികമായ അവളെ ഭര്‍ത്താവ് സംശയിച്ചപ്പോള്‍ അവളുടെ മനസ്സില്‍ അയാള്‍ മരിച്ചുകഴിഞ്ഞു.  അതോടെ അവള്‍ മരിക്കുകയും ചെയ്യുന്നു.  സ്ത്രീ എന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനായിരുന്നു ഇങ്ങനെയൊരു പേര് ഇട്ടതെന്ന് മധു പറയുന്നു.  എന്നാല്‍ നിര്‍മ്മാതാവായ ആദ്യ ചിത്രം ചതിച്ചു.  കണക്കുകൂട്ടലുകള്‍ തെറ്റി.  ഉദ്ദേശിച്ചപോലെ വലിയൊരു വിജയമായില്ല സതി.  അതില്‍ നിന്ന് വീഴ്ചപറ്റിയതെവിടെയെന്നു കണ്ടു മനസ്സിലാക്കിയ ശേഷമാണ് മധു അടുത്ത ചിത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.  മാന്യശ്രീ വിശ്വാമിത്രനായിരുന്നു രണ്ടാമതു നിര്‍മ്മിച്ച ചിത്രം.  തികച്ചും വ്യത്യസ്തമായിരുന്നു അത്.  ചിത്രവും ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.  അടുത്ത വര്‍ഷം രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിച്ചു.  അക്കല്‍ദാമ്മയും കാമം ക്രോധം മോഹവും.  രണ്ടും വന്‍വിജയമായി.  രണ്ടാമത്തെ ചിത്രമാണ് കൂടുതല്‍ വിജയമായത്.  അസ്തമയം, പ്രഭാത സന്ധ്യ, ശുദ്ധികലശം, വൈകി വന്ന വസന്തം, അര്‍ച്ച ടീച്ചര്‍, ഗൃഹലക്ഷ്മി, ഞാന്‍ ഏകനാണ്, രതിലയം, ഉദയം പടിഞ്ഞാറ് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മിനി എന്ന കുട്ടികള്‍ക്കുള്ള സിനിമയും അദ്ദേഹം നിര്‍മ്മിച്ചു.  മൊത്തം പതിനാലു ചിത്രങ്ങള്‍ ആണ് ഉമാ ആര്‍ട്‌സിന്റെ ബാനറില്‍ മധു നിര്‍മ്മിച്ചത്.  അതില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ പരാജയമായുള്ളു.
ഈ ചിത്രങ്ങള്‍ ഓരോന്നും വിലയിരുത്തുമ്പോള്‍ ഒരുകാര്യം മനസ്സിലാകും.  ഓരോ സിനിമകളും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.  സാമ്പത്തിക വിജയത്തിനൊപ്പം കലാപരമായ വിജങ്ങളും ലക്ഷ്യമാക്കിയാണ് മധു തന്റെ പതിനാലു ചിത്രങ്ങളും നിര്‍മ്മിച്ചത്.  നിര്‍മ്മിച്ച സിനിമകള്‍ കാശിനുവേണ്ടി മാത്രമായിരുന്നില്ലായെന്നതും സത്യമാണ്.  സില്‍ക്ക് സ്മിതയെ നായികയാക്കി പി. ചകുമാര്‍ സംവിധാനം ചെയ്ത മധുവിന്റെ രതിലയം കുടുംബ പ്രേക്ഷകര്‍ പോലും ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്.  
ഉമാ സ്റ്റുഡിയോ തുടങ്ങുന്നു.
നിര്‍മ്മാതാവായിക്കഴിഞ്ഞപ്പോള്‍ ഒരു സ്റ്റുഡിയോ സ്വന്തമാക്കണമെന്ന് മധു തീരുമാനിച്ചു.  അന്ന് സ്റ്റുഡിയോയ്ക്കകത്തുതന്നെ സെറ്റിട്ട് ചിത്രീകരിക്കുന്നതായിരുന്നു.  അവര്‍ പലപ്പോഴും അവരുടെ സൗകര്യത്തിനെ സ്റ്റുഡിയോ നല്‍കൂ.  അതുണ്ടാക്കുന്ന സമയ നഷ്ടം മധുവിന് അസ്വസ്ഥതയായി.  അങ്ങനെ സ്ഥലം വാങ്ങി മധു സ്റ്റിഡിയൊ തുടങ്ങി.  അതിനും മകളുടെ പേരുതന്നെയായിരുന്നു.  ഉമാ സ്റ്റുഡിയൊ.  വാടക വീട്ടില്‍ കഴിയുന്നയാള്‍ക്ക് സ്വന്തം വീടുണ്ടാകുമ്പോള്‍ ഒരു സന്തോഷമുണ്ട്.  അതനുഭവിച്ചത് ഉമാ സ്റ്റുഡിയോ ഉണ്ടാക്കിയപ്പോഴാണെന്ന് മധു ഓര്‍മ്മിച്ചു.
തിരുവനന്തപുരം സിറ്റിയില്‍ നിന്ന് കുറെ അകലെ വെള്ളെക്കടവ് എന്ന കുഗ്രാമത്തിലാണ് മധു സ്റ്റഡിയോക്ക് സ്ഥലം കണ്ടെത്തിയത്.  റോഡുപോലും ഇല്ലാത്ത സ്ഥലത്തേക്ക് മധു റോഡ് കൊണ്ടുവന്നു.  പഞ്ചായത്ത് റോഡിനെ പി.ഡബ്ല്യു.ഡി. റോഡാക്കി മാറ്റി.  ഗ്രമാത്തിലുള്ളവര്‍ക്ക് ജോലി നല്‍കി.  നാട്ടില്‍ ബസ് ഓടിത്തുടങ്ങി.  ഇങ്ങനെ വെള്ളെക്കടവ് ഗ്രാമത്തിന്റെ വികസനം കൂടിയായി മാറി ഉമാ സ്റ്റുഡിയോയുടെ ആവിര്‍ഭാവം.
എക്സ്റ്റീരിയര്‍  പോലും സ്റ്റുഡിയോയില്‍ സെറ്റിട്ടായിരുന്നു അന്ന് ചിത്രീകരിച്ചിരുന്നത്.  ചിലപ്പോള്‍ ഷൂട്ടിംഗ് മുഴുവന്‍ തീരും മുമ്പ് അടുത്ത നിര്‍മ്മാതാവിനു വേണ്ടി സെറ്റു പൊളിച്ചു മാറ്റിയിട്ടുണ്ട്. സ്റ്റുഡിയോ യഥാസമയം ലഭിക്കുകയെന്നത് സിനിമയുമായി ബന്ധപ്പെട്ട വിവിധ ടെന്‍ഷനുകളില്‍ പ്രധാനമായിരുന്നു.  സ്വതമായി ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട് നന്നായി അനുഭവിച്ചു.  അപ്പോള്‍ ഷൂട്ടിംഗ് എങ്ങനെയും തീര്‍ക്കാന്‍ നോക്കും.  നിശ്ചയിച്ച രീതിയില്‍ സീനുകള്‍ ചിത്രീകരിക്കാന്‍ കഴിയാതെ വരും.  ഇതൊക്കെ മനസ്സിനു വലിയ സംഘര്‍ഷം നല്‍കി.  ഇതിനൊരു പരിഹാരം ഒരു സ്റ്റുഡിയോ സ്ഥാപിക്കുന്നതാണെന്നു മധുവിന് തോന്നി.  ആ സമയത്ത് കേരളത്തില്‍ രണ്ടു സ്റ്റുഡിയോയേ ഉള്ളു.  മെരിലാന്റും ഉദയായും.
കുട്ടികള്‍ക്കു വേണ്ടിയുള്ള ചലച്ചിത്രങ്ങളോടുള്ള ആഭിമുഖ്യവും അര്‍പ്പണബോധവും മധുവിനെ ഇതര ചലച്ചിത്രകലാകാരന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.  കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റപ്പോള്‍ പലര്‍ക്കും വിസ്മയമായിരുന്നു കുട്ടികളുടെ ചിത്രങ്ങളോട് മധുവിനുണ്ടായ താല്പര്യം വെറും യാദൃശ്ചികതയല്ല.  അതിനു പിന്നില്‍ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.  അദ്ദേഹം പറയുന്നു.  കുട്ടികള്‍ നല്ലവരാണ്.  അവരെ എനിക്കെന്നും ഇഷ്ടമായിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ മനസ്സിലെ വിചാരവികാരങ്ങളെല്ലാം കഴുകിത്തേച്ചെടുത്ത ഒരു സ്ലേറ്റു പോലെ മനസ് സുന്ദരമാണ്.  അവിടെയെഴുതുന്ന ആദ്യ ചിത്രങ്ങള്‍ പലതും ഒരിക്കലും മായാതെ കിടക്കുന്നവയാണ്.  നല്ല ചിന്തകളും നല്ല സ്വപ്നങ്ങളുമാണ് കുട്ടികള്‍ക്കുണ്ടാവുന്നത്.  പയ്യെപ്പയ്യെ അവര്‍ സമകാലീന ജീവിതത്തിലേക്ക് കടന്നു വരുമ്പോഴാണ് പെരുമാറ്റത്തിനും ജീവിത ദര്‍ശനങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നത്.  നല്ലതോ മോശമോ ആയ മാറ്റം അടിവരയിട്ട് ശ്രദ്ധിക്കേണ്ടതുണ്ട്.  നല്ല ആശയങ്ങളിലേക്കും നന്മയിലേക്കും വഴി തിരിച്ചുവിടുന്നതാവണം ഈ മാറ്റം.   മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും മുതിര്‍ന്നവരുടെയും ഉപദേശങ്ങള്‍ കുട്ടികള്‍ സ്വീകരിക്കാറുണ്ട്.  വര്‍ത്തമാനപത്രങ്ങളിലെ വാര്‍ത്തകള്‍ കുട്ടികളെ സ്വാധീനിക്കുന്നു.  കുട്ടികള്‍ കൂട്ടുകൂടുമ്പോള്‍ അധികവും സംസാരിക്കുന്നത് വിനോദങ്ങളെക്കുറിച്ചാണ്.  സിനിമയിലെ വിനോദമാണ് കുട്ടികളെ ഏറ്റവുമധികം സ്വാധീനിക്കുന്നത്.  ഒരു തട്ടുപൊളിപ്പന്‍ സിനിമയെടുത്ത് ലാഭം ഉണ്ടാക്കാനല്ല മറിച്ച് നഷ്ടം വന്നാലും കുട്ടികളെ നല്ല സിനിമയിലൂടെ നയിക്കുന്നതിന് ഞാന്‍ എന്റേതായ ഒരു ചെറിയ പങ്ക് വഹിക്കണമെന്ന വലിയ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.  മധു പറഞ്ഞു.
കുറെനാള്‍ കഴിഞ്ഞപ്പൊള്‍ സിനിമ ചിത്രീകരണം വാതില്‍പ്പുറങ്ങളിലേക്കു പോയി.  സ്റ്റുഡിയോയുടെ ആവശ്യമില്ലാതെ വന്നു.  അതോടെ അതു പൂട്ടി.  
ഉമാ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടുണ്ടായതാണ് മധുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കറുത്ത  പൊട്ട്.  വെള്ളെക്കടവിലേക്ക് മധുവിന്റെ ശ്രമഫലമായി വന്ന ആദ്യ ബസിന്റെ പിന്നില്‍ ഘാതകന്‍ മധുവിനെ അറസ്റ്റ് ചെയ്യുക എന്ന് ആ നാട്ടിലുള്ളവര്‍ എഴുതി ഒട്ടിച്ചു.  വെള്ളെക്കടവിലുള്ള പതിനാല് വയസ്സുള്ള ഒരു പയ്യന്‍ കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടില്‍ സഹായിയായി വന്നിരുന്നു.  ഒരു ദിവസം അവന്‍ മധുവിന്റെ ഭാര്യയോട് നല്ലൊരു ജോലി കിട്ടിയെന്ന് പറഞ്ഞ് അവരുടെ കയ്യില്‍ നിന്ന് യാത്രക്കൂലിയും വാങ്ങിക്കൊണ്ട് പോയി.  ഇക്കാര്യം അവന്‍ വീട്ടുകാര അറിയിച്ചിരുന്നില്ല.
പുളിയറക്കോണത്തുള്ള ഒരു രാഷ്ട്രീയ ക്ഷുദ്രജീവി പയ്യന്റെ അമ്മയോട് അവനെ അടിച്ചു കൊന്ന് സ്റ്റുഡിയോയില്‍ കുഴിച്ചിട്ടു എന്ന് കഥയുണ്ടാക്കി.  നാടു മുഴുവന്‍ നോട്ടീസടിപ്പിച്ചിറക്കി.  എന്നിട്ട് അയാള്‍ മധുവിന്റെ അടുത്തു വന്ന് കുറച്ചു പൈസ ചോദിച്ചു.  പയ്യന്റെ അമ്മയ്ക്ക് കൊടുത്ത് ഒതുക്കിതീര്‍ക്കാം എന്നു പറഞ്ഞു. പക്ഷെ മധു അയാളെ ശകാരിച്ചു പറഞ്ഞു വിട്ടു.
വെള്ളെക്കടവില്‍ അന്ന് പോസ്റ്റുമാന്‍ വീടുതോറും കത്തുകൊണ്ടു കൊടിക്കുന്ന പതിവില്ല.  കത്തുകള്‍ ജംഗ്ഷനിലുള്ള ഒരു കടയില്‍ ഏല്‍പ്പിക്കുകയും ആളുകള്‍ക്ക് കടക്കാരന്‍ കൊടുക്കുകയുമാണ് പതിവ്.  അവന്‍ അമ്മയ്ക്കു കത്തയയ്ക്കാതിരിക്കില്ലെന്ന് മധുവിനു നിശ്ചയിമായിരുന്നു.  കടയില്‍ അവന്റെ കത്ത് വരുന്നുണ്ടോ എന്ന് ദിവസവും ചെന്നന്വേഷിക്കാന്‍ മധു ഒരാളെ ചട്ടം കെട്ടി.  പ്രതീക്ഷിച്ചപോലെ ഒരാഴ്ചയ്ക്കകം അവന്റെ കത്തുവന്നു.  അയാള്‍ കത്തു പിടിച്ചു.  അതില്‍ നിന്ന് പയ്യന്‍ കല്ലായിയില്‍ ഒരു കടയില്‍ ഉണ്ടെന്നറിഞ്ഞു.  മധു കോഴിക്കോട്ട് പി.വി. ഗംഗാധരനെ വിളിച്ച് വിവരം പറഞ്ഞു.  പി.വി.ജി. പോലീസുമായി കടയില്‍ ചെന്നു.  അവനപ്പോള്‍ സിനിമയ്ക്കു പോയിരിക്കുകയായിരുന്നു.  പോലീസ് നേരെ തിയേറ്ററില്‍ എത്തി.  പയ്യന്റെ പേര് അനൗണ്‍സ് ചെയ്ത് പുറത്തുവരാന്‍ പറഞ്ഞു.  അങ്ങനെ അവനെ നാട്ടിലെത്തിച്ചു.
ഏഴു വര്‍ഷത്തിനു ശേഷമാണ് ആ സ്ഥലം ഏഷ്യനെറ്റിന് വിറ്റത്.  ഭാസ്‌കരന്‍ മാഷും സക്കറിയയും ശശികുമാറും ഏഷ്യാനെറ്റ് എന്ന ഒരു വലിയ സ്ഥാപനം തുടങ്ങുന്നതിനു വേണ്ടി ഈ സ്ഥലം ചോദിച്ചപ്പോള്‍  വലിയൊരു സംരംഭം ആണത് എന്ന ബോധ്യം വരികയും സന്തോഷത്തോടെ നല്‍കുകയുമായിരുന്നു.  ആ പൈസ കൊടുത്ത് മറ്റൊരിടത്ത് ഭൂമിതന്നെ വാങ്ങി മധു പറഞ്ഞു.

Post your comments