Global block

bissplus@gmail.com

Global Menu

പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെ ജാലവിദ്യ

കെ എല്‍ മോഹനവര്‍മ്മ

അക്കക്കണക്കുകളും ആക്ച്ച്വറികളും ഇന്ത്യനും വിദേശിയും സാമ്പത്തിക വിദഗ്ദ്ധരും മോദിജിയും രാഹുല്‍ ഗാന്ധിജിയും യെച്ചൂരിജിയും എല്ലാവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി ഇന്ത്യ സാമ്പത്തികമായി വളരെയേറെ പുരോഗമിച്ചിരിക്കുന്നു. അതിന്റെ പ്രധാന കാരണം നമ്മുടെ സ്വാതന്ത്യേതര കാലഘട്ടത്തില്‍ സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് കൂച്ചുവിലങ്ങായിരുന്ന ലൈസന്‍സ് രാജ് അവസാനിപ്പിച്ച് ഇന്ത്യന്‍ വാണിജ്യവ്യവസായരംഗത്തിന്  സ്വാത്യം നല്‍കുകയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്  ആകര്‍ഷകമായ കളമൊരുക്കുകും ചെയ്തു എന്നതാണ്. ഈയിടെ നമ്മുടെ പ്രധാനമന്ത്രി  ദാവോസില്‍ കൂടിയ വേള്‍ഡ്  ഇക്കണോമിക്ക് ഫോറം സമ്മേളനത്തില്‍ അദ്ദേഹത്തിന്റേതായ രസകരമായ ശൈലിയില്‍ പറയുകയുണ്ടായി. ഇരുപതു വര്‍ഷം മുമ്പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി (ദേവഗൗഡാജി) ദാവോസിലെ സമ്മേളനത്തില്‍ പങ്കെടുത്തത്.  അതിനു ശേഷം ഇപ്പോള്‍ താന്‍ ഇന്ന് ഇവിടെ നിങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികനിലവാരം പത്തിരട്ടി വളര്‍ന്നിരിക്കുകയാണ്. ഇനി ഇതു വളരും. വിദേശനിക്ഷേപകരെ വരൂ, ചുവപ്പുനാടയ്ക്കു പകരം ചുവപ്പു പരവതാനി അവിടെ നിങ്ങള്‍ക്കു ലഭിക്കും. 
ആര്‍ക്കും ഈ വളര്‍ച്ചാ നിരക്കിനെക്കുറിച്ച് കാര്യമായ അഭിപ്രായവ്യത്യാസമില്ല. പക്ഷെ ഇതോടൊപ്പം ഒരു കണക്കു കൂടിയുണ്ട്. ഈ വളര്‍ച്ചയുടെ ബഹുഭൂരിഭാഗവും ചെന്നെത്തിയത് ഒരു ചെറിയ ശതമാനം ആള്‍ക്കാരിലാണ്. അധികാരവും സമ്പത്തും കൈവശമുണ്ടായിരുന്ന ഈ ന്യുനപക്ഷം ഇക്കാലത്ത് ജ്യോമെട്രിക്ക് പ്രോഗ്രഷനില്‍ വളരുകയായിരുന്നു. ജനാധിപത്യസംവിധാനത്തിലൂടെ സോഷ്യലിസം ലക്ഷ്യമാക്കിയ നമ്മളും ഏകാധിപത്യത്തിലൂടെ കമ്യണിസം ലക്ഷ്യമാക്കിയ നമുക്ക് സമാനമായ വളര്‍ച്ച ഇക്കാലത്ത് കൈവരിച്ച ചൈനയും ഇവിടെ ഒന്നു പോലെയായി. രണ്ടിടത്തും ഈ വളര്‍ച്ച പതിനായിരക്കണക്കിന്  സഹസ്രകോടീശ്വരന്മാരെ സ്യഷ്ടിച്ചു.  
സര്‍ക്കാര്‍ തീരുമാനങ്ങളില്‍ അവര്‍ നിര്‍ണ്ണായകമായ കൈകടത്തലുകള്‍ നടത്തി. അവര്‍ സാധാരണ ജനത്തിന്റെ ആവശ്യം എന്താണെന്നു നിര്‍ണ്ണയിക്കാനുള്ള കരുത്തുപോലും നേടി. ജനാധിപത്യത്തിന്റെ മൂന്നു തൂണുകളിലും അവരുടെ സാന്നിദ്ധ്യവും  സ്വാധീനവും കൂടി വന്നു. ഒപ്പം ഒരു വാച്ച് ഡോഗിനെപ്പോലെ ജനാധിപത്യത്തെ കാത്തു രക്ഷിക്കാന്‍ പ്രാപ്തരായ മീഡിയാ ഇവരുടെ കൈപ്പിടിയിലായി. നവം നവങ്ങളായ സാങ്കേതികമേഖലയിലെ സ്വപ്നസാക്ഷാത്ക്കാരമായ കണ്ടുപിടുത്തങ്ങള്‍  ഉപഭോക്ത്യ സംസ്‌ക്കാരത്തിന് ഒരു പുതിയ മതത്തിന്റെ രൂപം നല്‍കി. ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും ആരാധനയും യാത്രയും ആയുധവും ഫാഷനും വിനോദവും കായികവും സംവേദനവും മേഖലകള്‍ മെല്ലെ മെല്ലെ ഇവരുടെ കൈപ്പിടിയിലായി. ചൈനയും ഇന്ത്യയും അമേരിക്കയും തികച്ചും  വ്യത്യസ്തമായ കാഴ്ച്ചപ്പാടുള്ള ഭരണശൈലികളായിട്ടും ഉപഭോക്ത്യ സംസ്‌ക്കാരത്തിലധിഷ്ഠിതമായ സമ്പത്തിന്റെ ശക്തിയെ നേരിടുന്നതില്‍ വിജയിച്ചില്ല. 
പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഓണം വന്നാലും കോരന് കുമ്പിളില്‍ത്തന്നെയാണ് കഞ്ഞി. കുമ്പിളിന്റെ രൂപം അല്പം മനോഹരമായിട്ടുണ്ട്. കഞ്ഞിയില്‍ വറ്റ് അല്പം കൂടിയിട്ടുണ്ട് എന്നു മാത്രം. 
നമുക്കു ഇതിനു കാരണം തേടാം. 
എല്ലാ രാഷ്ട്രങ്ങളും ബിസിനസ് മേഖലയില്‍  സാമൂഹ്യനീതിയുടെ രക്ഷ പ്രാവര്‍ത്തികമാക്കാന്‍ പല തരത്തിലുള്ള പ്രതിരോധനിയമങ്ങളും, പ്രത്യേകിച്ചും കുത്തക നിയന്ത്രണത്തിലും ടാക്‌സ് സംവിധാനത്തിലും കൊണ്ടു വരികയുണ്ടായി. പക്ഷെ അവ ഫലപ്രദമായില്ല. കോര്‍പ്പറേറ്റുകളെ നയിക്കുന്നത് ഒരേയൊരു തത്വശാസ്ത്രമായിരുന്നു. ലാഭം. അതിന് മത്സരം കുറയ്ക്കണം. കാട്ടിലെ നിയമം പാലിക്കണം. ഏകീകരണം. കണ്‍സോളിഡേഷന്‍. ശക്തി കുറഞ്ഞവനെ വിഴുങ്ങുക. ഉത്പാദനച്ചിലവു കുറയ്ക്കുക. ഉപഭോക്താവിന് സേവനവും ഉത്പന്നവും സ്വയം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ ഇല്ലാതാക്കുക. പഴയ രീതിയിലുള്ള ബിസിനസ്സിന് ഇടം ഇല്ലാതായി. എളുപ്പം മനസ്സിലാകുന്ന ഉദാഹരണം ഇന്ത്യയിലെ ടാറ്റാ കമ്പനികളുടെയും അംബാനി കമ്പനികളുടെയും പ്രവര്‍ത്തനശൈലിയാണ്. 
ഇന്ത്യയില്‍ വിദേശ നിക്ഷേപാകര്‍ഷണം എന്ന നയം 1990 മുതല്‍ ഭരണത്തിലിരുന്ന എല്ലാ സര്‍ക്കാരുകളും, കോണ്‍ഗ്രസ് നയിച്ച  
യു പി എ യും, ബി ജെ പി നയിച്ച എന്‍ ഡി എ യും അനുവര്‍ത്തിക്കുകയുണ്ടായി. ഇതിലെ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഇന്ത്യന്‍ ഇക്കോണമിയെ ഒരു സമാന്തര തട്ടകത്തിലൂടെ സര്‍ക്കാര്‍ നിയമങ്ങളെ വക വയ്ക്കാതെ നിയന്ത്രിച്ചിരുന്ന ബ്ലാക്ക് മണി മേഖലയ്ക്ക് തങ്ങളുടെ മുഖം മിനുക്കി വെളുപ്പിക്കാനുള്ള ഒരു അവസരം ലഭിച്ചു എന്നതാണ്.  
ഡോക്ടര്‍ സുബ്രഹ്മണ്യ.സ്വാമിയുടെ വാക്കുകളാണ്. 
പഴയ രീതിയാണ്. കള്ളപ്പണം വലിയ തോതില്‍ കൈവശമുള്ളവര്‍, ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ആരും അത് കൈയില്‍  വയ്ക്കാറില്ല. റിസ്‌ക്കാണ്. അത് നോട്ടുകളായി വിദേശത്തേക്ക് കടത്തുന്നതു പ്രാക്ടിക്കലല്ല, അതുകൊണ്ട് പ്രയോജനവുമില്ല. പണം ഹവാല ഇടനിലക്കാര്‍ക്ക് നല്‍കുക. അവരത് സൂക്ഷിച്ചു കൊള്ളും. എന്നിട്ട് അവരുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെയോ മറ്റു കള്ളപ്പണം സ്വീകരിക്കുന്ന ബാങ്കുകള്‍ നിയമാനുസ്യതം പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെയോ ഏജന്റുമാരെ വിവരം അറിയിക്കും. പാസ്‌പോര്‍ട്ടും വിരലോ കണ്ണോ സ്പര്‍ശനമോ അക്കമോ എന്തും പാസ് വേര്‍ഡായി അവിടെ അക്കൗണ്ടുകള്‍ ആര്‍ക്കും തുറക്കാം. അങ്ങിനെ നേരത്തെ തുറന്ന അക്കൗണ്ടിലേക്ക് ഈ അറിയിച്ച തുകയുടെ അമേരിക്കന്‍ ഡോളര്‍ ഒരു ഉയര്‍ന്ന എക്‌സ്‌ചേഞ്ച്‌റേറ്റില്‍ കണക്കാക്കി നിക്ഷേപിക്കും. ശുഭം. ഇനിയാണ് തമാശ. പണം സുരക്ഷിതമായി. പക്ഷെ ഈ നിക്ഷേപത്തിന് പലിശയില്ല. പകരം രണ്ടു ശതമാനം സര്‍വീസ് ടാക്‌സ് ബാങ്കിന് നല്‍കണം. ഈ ബാങ്കുകള്‍ ഈ കള്ളപ്പണം നൂറു ശതമാനം സുരക്ഷയുള്ള നാലു ശതമാനം റിട്ടേണ്‍ നല്‍കുന്ന അമേരിക്കന്‍  ബോണ്ടുകളില്‍ നിക്ഷേപിക്കും. ഇന്ത്യയില്‍ നിന്നു ഇവ്വിധം 105 ലക്ഷം കോടി കള്ളപ്പണ നിക്ഷേപം ഉണ്ടെന്നായിരുന്നു ഒരു ഊഹം. ഇതിന്റെ സത്യാവസ്ഥ ഒരിക്കലും പുറത്തു വരികയുമില്ല. 
പക്ഷെ ഈ കള്ളപ്പണക്കാര്‍ക്ക് പണം വെളുപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ ഒരു അതിബുദ്ധിപൂര്‍വം തയാറാക്കിയ പൈപ്പ് ലൈന്‍ ഈ വിദേശനിക്ഷേപാകര്‍ഷണം എന്ന നയം കാരണം കണ്ടുപിടിച്ചു. ഈ നയം തന്റെ പഴയ ഹാര്‍വാര്‍ഡ് ശിഷ്യനായ യു പി എ യുടെ ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തിന്റേതാണെന്നാണ് സുബ്രഹ്മണ്യസ്വാമി പറയുന്നത്.
പാര്‍ട്ടിസിപ്പേറ്ററി നോട്ട് എന്നാണ് ഈ പൈപ്പിന്റേ പേര്. 
ഒരു സിനേറിയോ. സ്വിസ് ബാങ്കിലെ ഒരു ഇന്ത്യന്‍  
നിക്ഷേപകന് തന്റെ നൂറു കോടി ഡോളര്‍ ബ്‌ളാക്ക് മണി ഇന്ത്യയില്‍ വൈറ്റ് മണിയായി കൊണ്ടു വരണം. വിദേശനിക്ഷേപമായി എളുപ്പമാണ്. അയാള്‍ പണം പിന്‍വലിച്ച് മോര്‍ഗന്‍സ്റ്റാന്‍ലിയെപ്പോലെയുള്ള അമേരിക്കന്‍ നിക്ഷേപക്കമ്പനികളുടെ യൂറോപ്പ് ബ്രാഞ്ചില്‍ കൊണ്ടു വരിക. അവിടെ നിക്ഷേപകന്റെ പേരിലുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടു മാത്രം കാട്ടിയാല്‍ മതി. അവര്‍ പണം സ്വീകരിച്ച് ഒരു രസീതു തരും. പാര്‍ട്ടിസിപ്പേറ്ററി നോട്ട് എന്ന ഈ രസീതില്‍ പേരോ, തീയതിയോ, അക്കൗണ്ട് നമ്പറോ ഒന്നും ഉണ്ടാകില്ല. കള്ള പാസ്‌പോര്‍ട്ടാണോ എന്ന് ചെക്കു ചെയ്യേണ്ട ആവശ്യം നിക്ഷേപപണം കിട്ടിയവര്‍ക്കില്ലല്ലോ.
ഈ പാര്‍ട്ടിസിപ്പേറ്ററി നോട്ടുമായി ഇന്ത്യയിലെത്തി അത് റിസര്‍വ് ബാങ്കില്‍ കാട്ടിയാല്‍ അവിടെ നിന്ന് ഇത്രയും പണം വിദേശത്തു നിന്ന് ലഭിച്ചതാണെന്ന രസീതു തരും. ആ രസീതുമായി ഏതു സ്‌റ്റോക്ക് ബ്രോക്കറുടെയും അടുത്തു ചെന്ന് വീദേശനിക്ഷേപമായി ഓഹരികള്‍ വാങ്ങാം. ഓഹരി വിപണിയില്‍ മുടക്കുന്ന പണത്തിന് ആരും സ്രോതസ്സ് കാണിക്കണമെന്ന നിയമം ഈ പാര്‍ട്ടിസിപ്പേറ്ററി നോട്ട് ഇന്ത്യക്കാരന് ബാധകമല്ല എന്ന ഭേദഗതി ഉടന്‍ വരികയും ചെയ്തു.  
ഇനിയാണ് കളി. പെട്ടെന്ന് ഈ പണമെല്ലാം ഒന്നോ രണ്ടോ  ഓഹരികളില്‍ നിക്ഷേപിച്ച് ആ ഓഹരിക്ക് പെട്ടെന്ന് ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുക. അപ്പോള്‍ വില കൂടും. ഉടനെ തന്റെ ഓഹരി വില്‍ക്കുക. കിട്ടുന്ന ലാഭത്തിന് ക്യത്യമായി 30 ശതമാനം ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് സര്‍ക്കാരിന് നല്‍കുക. ഇതാ, ബാക്കി പണം വൈറ്റ് ആയി. 
പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയായിരുന്നു നമ്മുടെ വിദേശീയ നിക്ഷേപത്തിന്റെ ബഹുഭൂരിഭാഗവും. പക്ഷെ ഒരു ചിന്ത സ്വാഭാവികമായും ഇക്കൂട്ടര്‍ക്കു വന്നിരിക്കണം. ഈ മുപ്പതു ശതമാനം ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വെറുതെ എന്തിന് സര്‍ക്കാരിന് കൊടുക്കണം ? 
പുതിയ ഐഡിയാ വന്നു. മൗറിഷ്യസ്സില്‍ പാവപ്പെട്ട ഒരു പാട് ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യയില്‍ നിക്ഷേപത്തിനായി കാത്തിരിക്കുന്നുണ്ടത്രെ. അവരെ സഹായിക്കാനെന്ന വ്യാജേന പുതിയ ഒരു നിയമം സര്‍ക്കാര്‍ കൊണ്ടു വരുന്നു. മൊറിഷ്യസ്സിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇന്ത്യന്‍ ഓഹരിപിപണിയില്‍ നേരിട്ട് ഇന്ത്യക്കാരെപ്പോലെ നിക്ഷേപം നടത്താം. പോരേ, പൂരം!. പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളുമായി കള്ളപ്പണക്കാര്‍ നേരെ 
മൊറീഷ്യസ്സില്‍ പോയി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് അതു വഴി ഇന്ത്യന്‍ ഓഹരി വിപണിയിലെത്തി. 30 ശതമാനം ടാക്‌സും ലാഭം. 
2 ജി സ്പാം കേസില്‍ സുപ്രിം കോടതിയില്‍ വാദിക്കവേ സുബ്രഹ്മണ്യസ്വാമി ഇത്തരം കമ്പനികളെക്കുറിച്ച് പറഞ്ഞു. 2 ജി സ്‌കാമിലെ ലൈസ9സ് ലഭിച്ച എല്ലാ കമ്പനികളും ഇതുപോലെ മൊറിഷ്യസ് രജിസ്‌ട്രേഷനുള്ളവയായിരുന്നു എന്നു മാത്രമല്ല, അവയുടെ എല്ലാറ്റിന്റെയും രജിസ്‌ട്രേഡ് വിലാസവും ഒരേ കെട്ടിടത്തിലേ ഒരേ മുറി ആയിരുന്നത്രെ.
നമ്മുടെ ലക്ഷ്വറി കാറുടമകളുടെ പുതുച്ചേരി വീടുകള്‍ പോലെ. 
എവിടെയോ എന്തോ ശരിയല്ല. അല്ലേ ? 

Post your comments