Global block

bissplus@gmail.com

Global Menu

കേന്ദ്ര ബഡ്ജറ്റ് 2018- കസേരയുറപ്പിക്കാനൊരു കണക്കുപുസ്തകം

ഡോ.എസ്.ആര്‍.സഞ്ജീവ്  സാമ്പത്തിക വിദഗ്ധന്‍ 

നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ ഫുള്‍ബജറ്റ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ല. 2004 ലെ ഇന്ത്യ തിളങ്ങുന്നു, ഫീല്‍ ഗുഡ് ഫാക്ടര്‍ ക്യാമ്പെയ്‌നുകളുടെ കടുത്ത അനുഭവത്തില്‍ നിന്ന് കേന്ദ്രഭരണകക്ഷി പാഠം പഠിച്ചിട്ടുണ്ട്. ദരിദ്രരെയും കൃഷിക്കാരെയും തഴുകിത്തലോടിയെന്ന പ്രതീതി ഉളവാക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്കു സാധിച്ചു. ഇടത്തരക്കാരെയും സമ്പന്നരെയും പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇല്ലെന്ന അന്തരീക്ഷവും ബജറ്റ് സൃഷ്ടിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മുന്നറിയിപ്പ് ഉള്‍ക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. താറുമാറായ കാര്‍ഷികമേഖലയുടെയും അസംഘടിത ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും പുനരുജ്ജീവനം സാധ്യമായില്ലെങ്കില്‍ ഭരണത്തുടര്‍ച്ച സ്വപ്നം മാത്രമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പ്രഖ്യാപനങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല. യശ്വന്ത് സിന്‍ഹയെപ്പോലുള്ള മുന്‍ എന്‍.ഡി.എ ധനമന്ത്രിമാര്‍ ചാണക്യസൂത്രങ്ങളെ അധികരിച്ച് സാമ്പത്തികനയം വിശദീകരിച്ചപ്പോള്‍ അത്തരം വാചാടോപങ്ങള്‍ക്കൊന്നും ജെയ്റ്റ്‌ലിയും മോദിയും തയ്യാറായില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗിതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത് സാമ്പത്തികനയമാണെന്ന യാഥാര്‍ത്ഥ്യം സമീപകാലത്ത് അരക്കിട്ടുറപ്പിക്കുന്ന ഒന്നായി ബജറ്റവതരണത്തെക്കാണാം. രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്നണികളുടെയും നയങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രത്തെ അധികരിച്ചു തയ്യാറാക്കിയ പരിപാടിയില്‍ നിന്നും സാമ്പത്തികനയം ഉരുത്തിരിഞ്ഞു വന്നിരുന്ന കാലം പോയ് മറഞ്ഞു.
 ആഗോളസമ്പദ് വ്യവസ്ഥയുമായി പരമാവധി ഇഴുകിച്ചേര്‍ന്ന് സമ്പത്തുല്പാദനം പരമപ്രാധാന്യമുള്ള ലക്ഷ്യമാക്കി മാറ്റി അതില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന തുള്ളികള്‍ കൊണ്ട് കൂടുതല്‍ തൊഴിലും വ്യാപാരവും ഉപഭോഗവും പുനരുല്പാദനവും പ്രോത്സാഹിപ്പിക്കുക, അതുവഴി പാവപ്പെട്ടവര്‍ക്കെന്തെങ്കിലും നല്‍കുക എന്നിങ്ങനെയുള്ള ഉദാരീകൃതരീതികള്‍ ആര്‍ക്ക് ഫലപ്രദമായി നടപ്പാക്കാനാവും എന്നതാണ് ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത്. നരേന്ദ്രമോദി ഈ യാഥാര്‍ത്ഥ്യത്തെ കൃത്യമായി ഉള്‍ക്കൊണ്ട രാഷ്ട്രീയക്കാരനാണ്. കഴിഞ്ഞ ബജറ്റ് വരെ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിന് കര്‍ക്കശമായ പരിഷ്‌കരണപരിപാടികള്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മന്‍മോഹന്‍ സിംഗിനുണ്ടായിരുന്ന കൂട്ടുകക്ഷി ധര്‍മ്മസങ്കടം അദ്ദേഹത്തെ അലട്ടിയില്ല. പാര്‍ട്ടിയിലും സംഘകുടുംബത്തിലും അതിശക്തന്‍. നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി.വരെ നീണ്ട പരിഷ്‌കരണപരിപാടികള്‍ പൊതുജനത്തെ വെള്ളം കുടിപ്പിച്ചെങ്കിലും മോദി കുലുങ്ങിയില്ല. എണ്ണവില ഇടിഞ്ഞു താഴ്ന്നിട്ടും നികുതി കുറയ്ക്കാതെ ഖജനാവ് നിറച്ചു. വിലക്കയറ്റം നെഗറ്റീവ് പ്രവണത കാണിച്ചിട്ടും പലിശനിരക്കുകളില്‍ തൊട്ടില്ല. ഒടുവില്‍ കൃത്യസമയത്ത് സൗജന്യങ്ങളുടെ വാരിവിതറലുമായി കളം നിറയാനാണ് സംഘഭരണത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ജനപ്രിയബജറ്റെന്ന പതിവു വിലയിരുത്തലിനപ്പുറം ഈ സാമ്പത്തികരേഖ രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്?
 കേന്ദ്രബജറ്റ് കര്‍ഷകസൗഹൃദമെന്ന് ഏവരും ഒരു പോലെ പറയുന്നു. കാര്‍ഷികോല്പന്നങ്ങളുടെ താങ്ങുവില ഉല്പാദനച്ചെലവിന്റെ ഒന്നരമടങ്ങെങ്കിലുമായി നിശ്ചയിക്കുമെന്ന പ്രഖ്യാപനമാണ് പരമപ്രധാനം. കൂടാതെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണികള്‍ തുറന്നുകൊടുക്കാനുള്ള വിവിധ പദ്ധതികളും വിലയിലെ സ്ഥിരതയില്ലായ്മ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഒരു പോലെ പറയുന്നു. കാര്‍ഷിക വായ്പ 11 ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. പക്ഷേ ഇതൊന്നും പ്രശ്‌നത്തിന്റെ മര്‍മ്മം തൊടുന്നില്ല. കാര്‍ഷികവായ്പയ്ക്കു നല്‍കുന്ന പലിശയിളവ് ഹ്രസ്വകാലവായ്പകള്‍ക്ക് മാത്രമേ ലഭ്യമാവുന്നുള്ളൂ. ദീര്‍ഘകാലവായ്പകള്‍ക്കു കൂടി ഈ സൗകര്യം ലഭിച്ചാലേ കര്‍ഷകര്‍ക്ക് വേണ്ടത്ര പ്രയോജനം കിട്ടുകയുള്ളൂ. കാര്‍ഷികമേഖലയില്‍ പരമാവധി ഉല്പാദനം കൈവരിക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകന് കൈനഷ്ടമുണ്ടാകുമെന്നുറപ്പ്. അതുപോലെ കാലാവസ്ഥാവ്യതിയാനമുണ്ടാവുന്നതനുസരിച്ച് വിളനാശവും സംഭവിക്കുന്നു. പരമാവധി ഉല്പാദനമുണ്ടായാല്‍ താങ്ങുവിലയിലുള്ള സംഭരണം അനിവാര്യം. പക്ഷേ സംഭരണത്തിനുള്ള അടിസ്ഥാനസൗകര്യം ഇന്ത്യയില്‍ ഇനിയും വളരേണ്ടിയിരിക്കുന്നു.
കഴിഞ്ഞദിവസം യു.പി.യില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആരോ ഉരുളക്കിഴങ്ങുകള്‍ വാരിവിതറി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ പകല്‍വെളിച്ചത്തില്‍ രംഗത്തുവരാന്‍ ധൈര്യപ്പെട്ടില്ല. ഈ സംഭവം ഒരു സൂചനയാണ്. ഉത്തര്‍പ്രദേശില്‍ ഉരുളക്കിഴങ്ങിന്റെ ഉല്പാദനം പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് വന്‍നഷ്ടമായിരുന്നു ആ പ്രഖ്യാപനം വരുത്തിവെച്ചത്. വില ഉയരാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതായി. പോരാത്തതിന് സംഭരിച്ച ഉരുളക്കിഴങ്ങ് കേടുവരാതെ സൂക്ഷിക്കാനുള്ള സംവിധാനവും തികയാതെ വന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള പ്രഖ്യാപനങ്ങള്‍ മതിയാവില്ലെന്നുറപ്പ്. രാസവളസബ്ഡിഡി ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ടു നല്‍കുന്ന സമ്പ്രദായത്തിലേയ്ക്ക് കൊണ്ടു വരുമെന്ന പ്രതീക്ഷയും ബജറ്റോടെ അസ്തമിച്ചു.  
ആം ആദ്മിയെ സ്പര്‍ശിക്കാതെ മുന്നോട്ടു പോയാല്‍ 2019 ലെ സ്ഥിതി ഗുരുതരമാകുമെന്ന് കണ്ട ധനമന്ത്രി 14.34 ലക്ഷം കോടിയാണ് ഗ്രാമീണമേഖലയ്ക്ക് നീക്കിവെച്ചിരിക്കുന്നത്. 321 കോടി തൊഴില്‍ദിനങ്ങള്‍, 3.17 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണറോഡുകള്‍, 51 ലക്ഷം പുതിയ വീടുകള്‍, 1.88കോടി ശൗചാലയങ്ങള്‍, 1.75  കോടി വൈദ്യുതി കണക്ഷനുകള്‍.. ബജറ്റ് ഗ്രാമീണഇന്ത്യയ്ക്കായി പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചു. 50 കോടി വരുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന, പത്തു കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെ ചികിത്സാധനസഹായം നല്‍കുന്ന ഒബാമകെയര്‍ മാതൃകയിലുള്ള ആരോഗ്യ പദ്ധതിയാണ് ബമ്പര്‍ ലോട്ടറി. പക്ഷേ പദ്ധതിയുടെ 40 ശതമാനം തുക വഹിക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളാണെന്ന നീതിആയോഗിന്റെ വിശദീകരണം വന്നപ്പോഴേ ആവേശം തണുത്തു. പല സംസ്ഥാനങ്ങളിലും നിലവിലുള്ള ആരോഗ്യപരിരക്ഷാപദ്ധതികള്‍ വേണ്ടെന്നു വെച്ച് കേന്ദ്രപദ്ധതി സ്വീകരിക്കാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം. ഇതൊരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണെങ്കില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയെങ്കിലും ബജറ്റ് വിഹിതമായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടി വരുമെന്നാണ് പി.ചിദംബരം പറഞ്ഞത്. നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം അടിവരയിട്ടു. കാരണം ആരോഗ്യ, വിദ്യാഭ്യാസമേഖലകള്‍ക്ക് ആകെ നീക്കിവെച്ച ബജറ്റ് വിഹിതം 1.38 ലക്ഷം കോടി രൂപയാണ്.
തൊഴില്‍നഷ്ടവും പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ വന്ന വീഴ്ചയുമാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ സമീപകാലത്ത് ശക്തമായ ആയുധമാക്കിയത്. 2014 നു ശേഷം എടുത്ത നടപടികളുടെ ഫലമെന്നോണം 70 ലക്ഷം പുതിയ തൊഴിലുകള്‍ ഈ വര്‍ഷം സംഘടിതതൊഴില്‍മേഖലയിലുണ്ടാകുമെന്ന് ഒരു അനൗദ്യോഗിക പഠനത്തെ ആസ്പദമാക്കി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ വിശദികരിച്ചു. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ഇ.പി.എഫ് വിഹിതം 12 ശതമാനമാക്കി ഉയര്‍ത്തി. പക്ഷേ പുതിയ വമ്പന്‍ പ്രഖ്യാപനങ്ങളൊന്നുമില്ല. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് നല്‍കിയ നികുതി ഇളവുകളും ഇന്‍സെന്റീവ് സ്‌കീമുകളും തൊഴില്‍സൃഷ്ടിക്ക് കാരണമാകുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.
ഹവായ് ചപ്പല്‍ ധരിക്കുന്നവരെ ഹവായി ജഹാജി(വിമാനം)ലേയ്ക്ക് ആനയിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് അടിസ്ഥാനസൗകര്യവികസനരംഗത്തെ പരാമര്‍ശിച്ച് ധനമന്ത്രി പറഞ്ഞു. പൊതുസ്വകാര്യസംരഭവികസനമാതൃക തീര്‍ത്തും പരാജയപ്പെട്ടതും സ്വകാര്യനിക്ഷേപത്തിന്റെ അഭാവവും ഈ രംഗത്ത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ ബിസിനസ് മാതൃകകള്‍ കണ്ടെത്താനുള്ള ശ്രമം ബജറ്റിലുണ്ട്. 50 ലക്ഷം കോടി രൂപയുടെയെങ്കിലും ആവശ്യകത അടിസ്ഥാനസൗകര്യ വികസനരംഗത്തുണ്ടെന്നാണ് ബജറ്റ് പറയുന്നത്. നിലവില്‍ 9.46 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യാനുസരണമേ ഉണ്ടാകൂ എന്ന് ബജറ്റ് സൂചിപ്പിക്കുന്നു. അതേ സമയം സ്മാര്‍ട് സിറ്റി, അമൃത് സ്‌കീം തുടങ്ങിയവയ്ക്കും കൂടുതല്‍ വിമാനത്താവളങ്ങള്‍ ബന്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം കൂട്ടാനുള്ള ശ്രമമില്ലെന്നു വ്യക്തം. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.
അടിസ്ഥാനവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താന്‍ കോസ്‌മെറ്റിക് ശ്രമങ്ങളെങ്കിലും നടത്തിയെങ്കില്‍ മധ്യവര്‍ഗ്ഗത്തെ ഒട്ടും പരിഗണിച്ചില്ലെന്ന പോരായ്മ ബജറ്റില്‍ മുഴച്ചു നില്‍ക്കുകയാണ്. ആദായനികുതിരംഗത്ത് നല്‍കിയ ഇളവുകള്‍ ഒരു കൈ കൊണ്ടെടുത്ത് മറുകൈ കൊണ്ട് തിരികെ വാങ്ങിയതു പോലെയാണ്. നികുതി ഈടാക്കാവുന്ന വരുമാനത്തില്‍ നല്‍കിയ 40000  രൂപയുടെ ഇളവ് നല്‍കിയെന്നത് ശുദ്ധതട്ടിപ്പാണ്. നിലവില്‍ ഇളവ് ലഭിക്കുന്ന യാത്ര, ചികിത്സാ അലവന്‍സുകള്‍ 34200 രൂപയാണ്. ഇതിനു പകരമാണ് 40000 രൂപയുടെ ഇളവ്. അതായത് പുതിയതായി പ്രഖ്യാപിച്ച ഇളവ് വെറും 5800 രൂപയുടേത് മാത്രം. 8000 കോടി രൂപയുടെ അധികച്ചലവ് സ്റ്റാന്റേര്‍ഡ് ഡിഡക്ഷനില്‍ നല്‍കിയ  ഇളവിലൂടെ ഉണ്ടാകുമെന്നാണ് ധനമി  പറഞ്ഞത്. പക്ഷേ നാലു ശതമാനമായി ഉയര്‍ത്തിയ സെസ്സിലൂടെ പിരിച്ചെടുക്കുന്നത് 11000 കോടി രൂപയും. ഫലത്തില്‍ സര്‍ക്കാരിന് നേട്ടം 3000 കോടി രൂപ! 35% നിക്ഷേപം, 32.5 % ഉപഭോഗം, ബാക്കിയുള്ള 32.5 %ത്തിന് നികുതി. വ്യക്തികള്‍ക്കിടയിലെ ആദായനികുതിദായകരുടെ എണ്ണം കൂട്ടാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ഇത്തരം ലളിതമായ ഘടന നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി 1944 ലെ ആദായനികുതിനിയമം ഭേദഗതി ചെയ്യണം. പക്ഷേ ഇത്തരം നടപടികള്‍ക്ക് ഇനിയും സമയമായിട്ടില്ലെന്നാണ് മോദിസര്‍ക്കാര്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ആകെ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം ആദായനികുതി കൃത്യമായി നല്‍കുകയും അവരെ പരമാവധി ഊറ്റിപ്പിഴിയുകയും ചെയ്യുന്ന ഇപ്പോഴത്തെ സംവിധാനം ഇനിയും നിര്‍ബാധം തുടരും.
ജി.ഡി.പിയുടെ 3.3% മാണ് കേന്ദ്രധനമന്ത്രി കണക്കാക്കിയിരിക്കുന്ന അടുത്ത വര്‍ഷത്തേയ്ക്ക് ധനക്കമ്മിലക്ഷ്യം. 2016 17 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.5% മായിരുന്നു. ഇതോടെ ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങള്‍ കാറ്റില്‍പറന്നു. നികുതി ജി.ഡിപി. അനുപാതത്തിന്റെ തോത് 40% വരെയാകാമെന്ന എഫ്.ആര്‍.ബി.എം റിവ്യൂകമ്മിറ്റിയുടെ ശുപാര്‍ശ മറപിടിച്ചാണ് ധനമി ധനക്കമ്മി ഉയര്‍ത്തിയത്. ഇത് സാമ്പത്തിക വളര്‍ച്ച മെല്ലെയാകുന്നതിന് കാരണമാകും. വലിയ ആഡംബരമൊന്നുമില്ലാത്ത ബജറ്റ് ശ്രദ്ധിക്കപ്പെടുക മോദികെയര്‍ പദ്ധതിയുടെ പേരിലാകും. ബജറ്റവതരണസമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രഫ. സൗഗത് റോയ് ഒച്ചയിട്ടു ചോദിച്ചത്,  നിങ്ങള്‍ തൊഴില്‍രഹിതരോട് പക്കോഡയുണ്ടാക്കാനാണോ പറയുന്നത് എന്നായിരുന്നു. തൊഴില്‍ലഭ്യത കുറഞ്ഞാല്‍ ഈ ബജറ്റ് ഉദ്ദേശിച്ച ലക്ഷ്യം കാണില്ലെന്നുറപ്പ്. പക്ഷേ കൃത്യമായ കണക്കുകൂട്ടലുകളോടെ ഇത്രയും നാള്‍ നീങ്ങിയ മോദി അമിത് ഷാ അച്ചുതണ്ട് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ടായിരിക്കും മറുപടി പറയുക. ഒരു ഡൈവേര്‍ഷന്‍ ആര്‍ക്കാണിഷ്ടമില്ലാത്തത് എന്ന് ജനങ്ങള്‍ ചിന്തിക്കുമോ? കാത്തിരിക്കാം.   

Post your comments