Global block

bissplus@gmail.com

Global Menu

പിങ്ക് വെറുമൊരു നിറമല്ല, നിലപാടാണ്

ഡോ.എസ്.ആര്‍.സഞ്ജീവ്  സാമ്പത്തിക വിദഗ്ധന്‍ 

ഇക്കണോമിക് സര്‍വേ 2017 2018 ന്റെ ആര്‍ക്കിടെക്ട് കേസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണെങ്കിലും അതിന്റെ കവര്‍പേജ് രൂപകല്പന ചെയ്തത് കൊച്ചിക്കാരനായ ജേക്കബ് ജോര്‍ജാണ്. സഹായത്തിന് വിനീത് കുമാറും.  കവര്‍ പേജിന്റെ നിറം പിങ്ക്. പെണ്‍കുട്ടികളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗം. ഇത്തരം പ്രാതിനിധ്യത്തിന്  ഏറെ കാലികപ്രസക്തിയുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. രാജ്യത്ത് ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളില്‍ 2.1 കോടി കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരുടെ ആഗ്രഹത്തിനു വിപരീതമായാണ് ജനിച്ചതെന്നാണ് സര്‍വേ മുന്നോട്ടു വെയ്ക്കുന്ന കണക്ക്. രാജ്യത്തെ 65% മാതാപിതാക്കളുടെയും ഏറ്റവും ഇളയ കുഞ്ഞ് ആണ്‍കുഞ്ഞാണ്.  ഇളയ കുട്ടി പെണ്‍കുഞ്ഞായിട്ടും തൃപ്തരായത് 45% മാതാപിതാക്കള്‍ മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഭീതിദമായ ലിംഗഅസമത്വത്തിലേയ്ക്കാണ് സങ്കീര്‍ണ്ണമായ ഈ കണക്കെടുപ്പ് വിരല്‍ ചൂണ്ടിയത്. ഇത്തരത്തിലുള്ള നിരവധി പ്രത്യേകതകളാണ് കേ ഇക്കണോമിക് സര്‍വേയ്ക്കുള്ളത്. അമര്‍ത്യ സെന്നിന്റെ 'കാണാതാവുന്ന സ്ത്രീകള്‍' എന്ന പഠനം ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഈ കണക്കുകളെ വിശദീകരിച്ചത്. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അടിത്തറ ആ രാജ്യത്തെ ഓരോ പൗരനും തന്റെ കഴിവുകള്‍ പരമാവധി പ്രകാശിപ്പിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്ന സെന്‍ സാമ്പത്തിക തന്ത്രം മോദിയെയും സംഘത്തെയും സ്വാധീനിക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. സ്ത്രീശാക്തീകരണം മുഖ്യഅജണ്ടയായില്ലെങ്കില്‍ ലോകത്തെ വന്‍ സാമ്പത്തികശക്തിയാകാനുള്ള ഇന്ത്യയുടെ പ്രയാണം പാതിവഴിയില്‍ മുടങ്ങുമെന്ന തിരിച്ചറിവും ഇക്കണോമിക് സര്‍വേ നല്‍കുന്നു.
കേസര്‍ക്കാരിന്റെ ഇക്കണോമിക് സര്‍വേ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ രാജ്യം ജി.ഡി.പി.യുടെ ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. ജി.എസ്.ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും പ്രശ്‌നങ്ങള്‍ അവസാനിച്ചത്, കയറ്റുമതി ത്വരിതഗതിയിലായത്, ലോകസമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടത്, ബാങ്കുകളുടെ ധനശേഷിയും ക്രയശേഷിയും വര്‍ധിപ്പിക്കാനെടുത്ത നടപടികള്‍ എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിന് കാരണമായി സര്‍വേ എടുത്തു കാട്ടുന്നത്. അതേ സമയം, എണ്ണവില ക്രമാതീതമായി കൂടുകയും വിലക്കയറ്റം നിയന്ത്രണാതീതമാവുകയും ചെയ്താല്‍ സംഗതി കുഴയും. പക്ഷേ എണ്ണവില ബാരലിന് 70 ഡോളറില്‍ സ്ഥിരമാവാനാണ് സാധ്യതയെന്ന് വിപണിവിദഗ്ധര്‍ പറയുന്നു. കാരണം യു.എസ്.ഷെയ്ല്‍, കനേഡിയന്‍ ടാര്‍ സാന്റ്‌സ് തുടങ്ങിയ എണ്ണ ഉല്പാദകമേഖലകള്‍ക്ക് ഈ തുക വില്പനവിലയായി ലഭിച്ചാല്‍ ലാഭവഴിയില്‍ മുന്നോട്ടുപോകാനാവുമെന്നതാണ്. വിലക്കയറ്റം 201516 ലെ3.7 ല്‍ നിന്ന് 201819 ല്‍ 2.9 എന്ന സൂചികയില്‍ നില നില്‍ക്കാനാണ് സാധ്യത. ഈ വസ്തുതകള്‍ കൂടി കണക്കിലെടുത്താണ് ഏഴര ശതമാനമെന്ന കണക്ക് ഇക്കണോമിക് സര്‍വേ അവതരിപ്പിച്ചിരിക്കുന്നത്.
അതേ സമയം സ്‌റ്റോക് മാര്‍ക്കറ്റ് സൂചികകള്‍ കുതിച്ചുയരുന്നത് ആപത്താണെന്ന മുന്നറിയിപ്പ് സര്‍വേ നല്‍കുന്നുണ്ട്. കേ ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയ്ന്‍സ് ടാക്‌സ് തിരിച്ചുവന്നതോടെ സ്‌റ്റോക് മാര്‍ക്കറ്റ് സൂചികകള്‍ ഇടിയാന്‍ തുടങ്ങി. സാങ്കേതിക തിരുത്തല്‍ അനിവാര്യമാണെന്ന നിലയിലാണ് വിപണി. കേബജറ്റ് ജനപ്രിയമായതോടെ വിപണിയിലെ ആവേശം വല്ലാതെ മങ്ങി. അതുകൊണ്ട് സെന്‍സെക്‌സ്, നിഫ്റ്റി കുതിച്ചുകയറ്റം ഇനിയുണ്ടാവില്ലെന്നാണ് സൂചന.
ജി.എസ്.ടി.വരുന്നതിനുമുമ്പ് രാജ്യത്ത് 64 ലക്ഷം പരോക്ഷനികുതിദായകരാണുണ്ടായിരുന്നതെങ്കില്‍ ജി.എസ്.ടി.ക്കുശേഷം നികുതിദായകരുടെ എണ്ണം 98 ലക്ഷമായി വര്‍ധിച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന്റെ പ്രയോജനം നേടാനാണ് കൂടുതല്‍ പേര്‍ നികുതിവലയ്ക്കുള്ളിലേയ്ക്കു കയറിയത്. ആദായനികുതിദായകരുടെ എണ്ണം രണ്ടുകോടി കവിയാന്‍ ഇനി അധികസമയം വേണ്ട. നികുതിപരിഷ്‌കരണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് സര്‍വേ മുന്നോട്ടുവെയ്ക്കുന്ന ഈ കണക്കുകള്‍ നമ്മോടു പറയുന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കയറ്റുമതിയുടെ കണക്ക് ലഭിക്കാന്‍ ജി.എസ്.ടി. ഡാറ്റാബേസ് സഹായകരമായി. ഇത് കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ മേഖല തിരിച്ചുള്ള ആസൂത്രണത്തിന് സംസ്ഥാനങ്ങളെ സഹായിക്കും.
ഗവേഷണത്തിനായി ഇന്ത്യ ജി.ഡി.പിയുടെ 0.7% മാത്രമേ ചെലവഴിക്കുന്നുള്ളൂ. തുക 16 ദശലക്ഷം യു.എസ് ഡോളര്‍ വരും. സാംസങ് കമ്പനി പോലും ഗവേഷണത്തിന് 14 ദശലക്ഷം യു.എസ്.ഡോളര്‍ ചെലവിടുന്നിടത്താണ് ഇന്ത്യയുടെ തുച്ഛമായ സംഭാവന. രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യത്തിനായി ടേബിള്‍ കാണുക.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാജ്യത്തിന്റെ പ്രകടനം നിരാശാജനകമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ എഴുതാനും വായിക്കാനുമുള്ള കഴിവ് ആര്‍ജ്ജിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 25% മാത്രമാണ്. ഇന്തോനേഷ്യയില്‍പ്പോലും ഇത് 30 % എത്തിനില്‍ക്കുന്നു. ചൈനയിലാകട്ടെ, സ്‌കൂളില്‍ ചേരുന്നവരില്‍ 90% പേരും അടിസ്ഥാനപരമായ കഴിവുകള്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ രാജ്യത്തിന് ഇനി മുന്നോട്ടു പോകാനാവില്ലെന്നാണ് സര്‍വേ പറഞ്ഞു വെയ്ക്കുന്നത്.
ആഗോളീകരണത്തിന്റെ കാല്‍ നൂറ്റാണ്ടിനുശേഷം ഇന്ത്യ കാര്‍ഷികരാജ്യമെന്ന സ്ഥിതിയില്‍ നിന്ന് പതുക്കെപ്പതുക്കെ സ്ഥാനം മാറുകയാണ്. സാമൂഹ്യസുരക്ഷാസേവനങ്ങളും കാര്‍ഷിക അനുബന്ധ സബ്‌സിഡികളും കൈപ്പറ്റുന്നവരുടെ എണ്ണമെടുത്താണ് ജനസംഖ്യയിലെ കാര്‍ഷിക അസംഘടിത തൊഴില്‍ മേഖലയുടെ വലിപ്പം മുന്‍കാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. ഇത് ആകെ ജനസംഖ്യയുടെ 69 % വരുമായിരുന്നു. എന്നാല്‍ ജി.എസ്.ടി വന്നതോടെ ചെറുകിട, ഇടത്തരം വ്യാപാരങ്ങള്‍ വന്‍തോതില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ കണക്ക് വെച്ചുനോക്കിയാല്‍ കാര്‍ഷികേതര മേഖലയുടെ വലിപ്പം 53 % മായി ഉയര്‍ന്നു. 2050 ഓടെ രാജ്യത്തെ കാര്‍ഷിക തൊഴില്‍മേഖല വെറും 25. 7% മായി താഴുമെന്നാണ് സര്‍വേ പറയുന്നത്. 2001 ല്‍ ഇത് 58.2 % മായിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാവാന്‍ ഏറെ വിഷമമാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് സര്‍വേ പുറത്തുവിട്ടത്. പക്ഷേ ഉപകാര്‍ സിനിമയിലെ പ്രശസ്തമായ മേരെ ദേശ് കീ ധര്‍ത്തി സോന ഉഗ് ലേ.. എന്നു തുടങ്ങുന്ന ഗാനം മുതല്‍ ടി.എസ്.എലിയറ്റും. ഷേക് സ്പിയറും തുളസീദാസും കെയ്ന്‍സും ടാഗോറും മറ്റും നിറഞ്ഞു തുളുമ്പിയ സര്‍വേയില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ നമ്മുടെ ധനമി ടി.എം. തോമസ് ഐസക്കിന് കനത്ത മത്സരം നല്‍കി.

Post your comments