Global block

bissplus@gmail.com

Global Menu

സെര്‍വര്‍ തകരാറില്‍: ഇ വേ ബില്‍ നടപ്പാകുന്നത് അനിശ്ചിതത്വത്തില്‍

കൊച്ചി: അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനായി പുതുതായി നിലവില്‍ വന്ന ഇ വേ ബില്‍ സംവിധാനം നടപ്പാകുന്നത് അനിശ്ചിതത്വത്തില്‍. സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്നാണ് സംവിധാനം അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് തന്നെ നടപ്പാകേണ്ടിയിരുന്ന സംവിധാനം ആദ്യദിനത്തില്‍ത്തന്നെ സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് നീട്ടിവെച്ചിരുന്നു.  

അതേസമയം തകരാര്‍ പരിഹരിക്കാനുള്ള നടപടി എങ്ങുമെത്താത്ത സാഹചര്യത്തില്‍ എന്നുമുതല്‍ നടപ്പാക്കാനാകുമെന്നതില്‍ ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് അധികൃതര്‍ക്ക് വ്യക്തതയില്ല.
അരലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിനാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. ചരക്ക് കയറ്റിയയക്കുന്ന അല്ലെങ്കില്‍ സ്വീകരിക്കുന്ന വ്യാപാരിയോ കടത്തുന്നയാളോ ആണ് ഇ-വേ ബില്‍ തയാറാക്കേണ്ടത്.

ചരക്കിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ജി.എസ്.ടി.എന്‍ എന്ന കേന്ദ്രീകൃത ശൃംഖലയിലേക്ക് നല്‍കിയശേഷം ബില്ലിന്റെ പകര്‍പ്പ് വാഹനത്തില്‍ സൂക്ഷിക്കുകയാണ് വേണ്ടത്. ജി.എസ്.ടി സ്‌ക്വാഡ് ബില്‍ ഓണ്‍ലൈനായി പരിശോധിച്ച് നികുതി വെട്ടിപ്പ് കണ്ടെത്തണമെന്നുമാണ് പുതിയ സംവിധാനത്തിന്റെ രീതി.

ഇ-വേ ബില്‍ സംവിധാനം താല്‍ക്കാലികമായി പിന്‍വലിക്കുകയും ജി.എസ്.ടി സ്‌ക്വാഡുകളുടെ പരിശോധന നാമമാത്രമാകുകയും ചെയ്തതോടെ നികുതിവെട്ടിപ്പ് കൂടിയതായി തിരുവനന്തപുരം ജി.എസ്.ടി കമീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.

ജി.എസ്.ടി വന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്മന്റെ് സ്‌ക്വാഡുകളുടെ എണ്ണം ഇരട്ടിയാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍ എട്ട് സ്‌ക്വാഡ് മാത്രമാണ് പുതുതായി ഉണ്ടായത്.

രാജ്യത്ത് 1.29 കോടി വ്യാപാരികള്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ 27 ലക്ഷവും. ഇവര്‍ ഒരേസമയം ജി.എസ്.ടി.എന്നില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിച്ചതാണ് തകരാറിനിടയാക്കിയത്.

Post your comments