Global block

bissplus@gmail.com

Global Menu

ജിഎസ്ടി 2018 പ്രതീക്ഷ

അശോക് നാരായണൻ എസ്
സൂപ്രണ്ട്, സെൻട്രൽ ജി.എസ്.ടി.
തിരുവനന്തപുരം

ഈ വേ ബില്ലുകൾ
അങ്ങനെ വർഷം 2018 ആയി.   ഈ വർഷം ജി.എസ്.ടിയുടേതായിരിക്കും!
പ്രവചനമല്ല, സത്യം!  കാര്യമെന്താണെന്നല്ലേ?  പറയാം. . . . 
കാര്യം -1
ജി.എസ്.ടി ഒരു മോശപ്പെട്ട നിയമമാണ് എന്ന് അതിന്റെ കടുത്ത വിമർശകർ പോലും പറയുമെന്ന് തോന്നുന്നില്ല.  മോശപ്പെട്ടതല്ല എന്നു മാത്രമല്ല, ജി.എസ്.ടി. ഒരു നല്ല നിയമമാണ്.  കാര്യങ്ങൾക്ക് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെയുണ്ട്.  ഒന്നാമത് ഈ നിയമത്തിൽ ഉദ്യോഗസ്ഥരുടെ 'ഇടപെടൽ' അങ്ങേയറ്റം നിയന്ത്രിച്ചിരിക്കുകയാണ്.  രജിസ്‌ട്രേഷൻ മുതൽ റിട്ടേൺ ഫയലിംഗ് വരെയുള്ള നിത്യനിദാനങ്ങൾക്കൊന്നും ഉദ്യോഗസ്ഥരുടെ അംഗീകാരം വേണ്ട.  അതുകൊണ്ടുതന്നെ ഒരു കാര്യത്തിനും ഓഫീസിന്റെ തിണ്ണ നിരങ്ങണ്ട!  ഇതു കാരണം അസസ്സികളെ സംബന്ധിച്ച് അവരുടെ അഡ്മിനിസ്‌ട്രേറ്റീവ് കൺട്രോൾ (ഭരണപരമായ നിർവ്വഹണം) നടത്തുന്നത് സെൻട്രൽ ഗവൺമെന്റിന്റെ ഉദേ്യാഗസ്ഥനാണോ സ്റ്റേറ്റ് ഗവൺമെന്റിന്റെ ഉദേ്യാഗസ്ഥനാണോ എന്നറിയാനേ പാടില്ല! അഥവാ അറിയേണ്ട അത്യാവശ്യമില്ല!

എന്തൊരു മാറ്റം ! അല്ലേ?
രണ്ടാമതായി കണക്കുകളെല്ലാം കമ്പ്യൂട്ടറിൽ ആയി! ഇനി പഴയകാലത്തെ പോലെ പെരുമാറാൻ ഒക്കില്ല.  ജി.എസ്.ടി. വന്നപ്പോൾ ഉണ്ടാകുന്ന ഒരു വലിയ മാറ്റമാണിത്! ഇപ്പോൾ തന്നെ നെറ്റ് വർക്കിൽ കെട്ടിയിട്ടിരിക്കുകയാണ് ശരാശരി ഭാരതീയന്റെ ജീവിതം.  ജീവനുണ്ടോ. .  . .? ആധാർ വേണം  . .  . . . ആധാർ കാർഡുമായി ഇനി ബന്ധിപ്പിക്കാനുള്ളതൊന്നും ബാക്കിയില്ല.  റേഷൻ കാർഡും ആധാറും കൂട്ടിക്കെട്ടി. ഗ്യാസ് കണക്ഷനും ആധാറും കൂട്ടിക്കെട്ടി, മൊബൈലും ആധാറും കൂട്ടിക്കെട്ടിക്കൊണ്ടിരിക്കുന്നു!  ബാങ്ക് അക്കൗണ്ടും ആധാറും കൂട്ടിക്കെട്ടി, അങ്ങനെ. അങ്ങനെ സമസ്ത മനുഷ്യരേയും നെറ്റ് വർക്കിൽ കൊണ്ടുവന്നു കഴിഞ്ഞു.
ഇൻകം ടാക്‌സും അവർ തരുന്ന പാൻ നമ്പരും ഈ ശൃംഖലയുടെ ഭാഗമാണ്. അതുകൊണ്ട് ആർക്കെങ്കിലും പാൻ നമ്പരുണ്ടോ. . . . . അവർ ആരാണ് എന്ന് സർക്കാരിനറിയാം.  പ്രൊപ്രൈറ്ററി ബിസിനസ്സായാലും, പാർട്ട്‌നർഷിപ്പായാലും, ലിമിറ്റഡ് ലയബിലിറ്റിയായാലും കമ്പനിയാണെങ്കിലും ആരാണ് ഇതിന്റെ ഗുണഭോക്താക്കൾ എന്ന് അറിയാൻ ഒരു പ്രയാസവും ഇല്ല.  കണക്ക് സൂക്ഷിക്കുന്നതും റിട്ടേൺ സമർപ്പിക്കുന്നതും രജിസ്‌ട്രേഷൻ എടുത്ത ആളിന്റെ ബാധ്യതയായതു കൊണ്ട് ഇനി കണക്കിൽ തെറ്റ് വരുന്നത് ഗുരുതരമായിരിക്കും. ഇതാണ് കച്ചവട സമൂഹത്തിന്റെ മുമ്പിലെ കടുത്ത വെല്ലുവിളി.  ഈ വെല്ലുവിളി ഏറ്റെടുക്കാൻ എല്ലാവരും തയ്യാറെടുത്തേ പറ്റൂ.  2018-ൽ മൂന്നാമതായി ജി.എസ്.ടി. നിരക്ക് അധികം കൂടുതലല്ല!  പഴയ നികുതികൾ എല്ലാം കൂടി കൂട്ടിയെടുത്താൽ ഉള്ളതിനേക്കാൾ കുറവാണുതാനും! സാധനങ്ങളുടെ കാര്യത്തിൽ ഇത് നൂറ് ശതമാനം ശരിയാണ്.  എന്നാൽ 2017-ൽ ഇതിന്റെ ഗുണഫലം ഉപഭോക്താക്കളിൽ എത്തിയില്ല.  കാരണം, ജി.എസ്.ടി. നടപ്പിലാക്കിയപ്പോൾ ഉണ്ടായ കൺഫ്യൂഷനുകളാണ്.  സംശയം, സംശയം സർവ്വത്ര സംശയം.  യഥാർത്ഥത്തിൽ  കാര്യമെന്താണ് എന്ന് അറിയാവുന്നവർ ചുരുക്കവും. . . .  ഫലമോ ഓരോരുത്തരും അവനവന്റെ ഇഷ്ടത്തിന് വ്യാഖ്യാനം തുടങ്ങി.  പേടിച്ച്, മുൻകരുതൽ എന്നവണ്ണം നോക്കിയത് പോലെ നികുതി ഈടാക്കിത്തുടങ്ങി! ഇതിനിടയിൽ കഷ്ടപ്പെട്ടത് പാവപ്പെട്ട ഉപഭോക്താക്കളാണ്.  ഒരു കാര്യം ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്.  സ്ഥിതിഗതികൾ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ കൈവിട്ട് പോകും മുമ്പു തന്നെ,  ജി.എസ്.ടി കൗൺസിൽ ഇടപെട്ടു.  ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക മന്ത്രിസഭ ഉപസമിതി ഇടപെട്ടു. . .  മിക്ക സാധനങ്ങളുടെയും നികുതി പുനർനിർണയിച്ചു. എന്നു വച്ചാൽ കുറച്ചു! ഡിസംബർ മാസത്തിൽ ഈ ഇടപെടലിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങി.  വ്യവസ്ഥാപിത മേഖലകളിൽ വിലക്കുറവ് യാഥാർത്ഥ്യം ആയിത്തുടങ്ങി.  അതിനി അസംഘടിത മേഖലയിലേക്ക് കൂടി വരണം!  2018-ൽ ഏതായാലും സ്ഥിതിഗതികൾ കുറച്ചുകൂടി നിയണ വിധേയമായിരിക്കും - എന്തുകൊണ്ടാണെന്നല്ലേ?  പറയാം. .  . . .

ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും അസസ്സികളുടെ വിഭജനം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. . . . . ഇപ്പോൾ ഉദ്യോഗസ്ഥർക്ക് അറിയാം. . . . . അസസ്സികൾക്കും അറിയാം. . . . ആര് ആരുടേതാണ് എന്ന്..  ഇനി ഭരണയം ചലിച്ചു തുടങ്ങും.  ജി.എസ്.ടി നടപ്പിലാക്കുന്ന സമയത്ത് വന്നിരുന്ന ഒരു നിർദ്ദേശം നടപ്പിലാക്കുന്ന ആദ്യത്തെ  ആറു  മാസം ശിക്ഷണ നടപടികൾ ഒന്നും വേണ്ട എന്ന് ഇതിന്റെ ഫലമായി ഉദ്യോഗസ്ഥർ അധികവും കൈകെട്ടിയ അവസ്ഥയിൽ ആയിരുന്നു.  ജൂലായ് മുതലിങ്ങോട്ട്.  ജി.എസ്.ടി. നികുതി വരുമാനം ക്രമമായി കുറഞ്ഞു വരുന്നതായാണ് കാണുന്നത്.  ഉത്സവസീസൺ കഴിഞ്ഞിട്ടും നികുതി വരുമാനം താഴ്ന്നു വരുന്നത് ഭരണകേന്ദ്രങ്ങളിൽ അലാം ബെൽ നൽകിക്കഴിഞ്ഞു.  2018 പരിശോധനകളുടെ കാലമായിരിക്കും. . .  . . .  ഫെബ്രുവരിയോടെ  ഇ-വേ ബിൽ സംവിധാനം രാജ്യത്തൊട്ടാകെ നിലവിൽ വരും എന്നു പ്രതീക്ഷിക്കുന്നു!  അത് കുറ്റമറ്റരീതിയിൽ അടുത്ത സാമ്പത്തിക വർഷമെങ്കിലും നടപ്പിലായാൽ വിപ്ലവകരമായ ഒരു നടപടിയായിരിക്കും.  ചരക്കു നീക്കം കൃത്യമായി നിരീക്ഷിക്കപ്പെടും.  നികുതി വെട്ടിപ്പ് പഴങ്കഥയാവും.  ജി.എസ്.ടിയുടെ മുഴുവൻ ഗുണഫലങ്ങളും പൊതുജനങ്ങളിലും കച്ചവടക്കാരിലും പൂർണ്ണമായും എത്തണമെങ്കിൽ ഇ-വേ ബില്ല് സദായം നടപ്പിലാവണം.  2018-ൽ അതു തീർച്ചയായും സംഭവിക്കും.
ജി.എസ്.ടിയുടെ ദോഷങ്ങളെപ്പറ്റി പറയുന്നത് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാവും.  എല്ലാം നെറ്റ് വർക്കിനെപ്പറ്റിയുള്ള പരാതികളാണ്.  വിപുലമായ ഇത്തരം ഒരു സംവിധാനം പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് അധികവും.  അത് ഇപ്പോൾ പടിപടിയായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.  2017 ജി.എസ്.ടി നെറ്റ് വർക്കിനെ സംബന്ധിച്ച് പരീക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു.  എന്നാൽ 2018-ൽ ജി.എസ്.ടി നെറ്റ് വർക്ക് നല്ല നിലയിൽ പ്രവർത്തിച്ചു തുടങ്ങും തീർച്ച.
കുറ്റമറ്റ ഒരു നെറ്റ് വർക്കും, ഇ-വേ ബില്ലുകളും വന്നാൽ ജി.എസ്.ടി. ഒരു തകർപ്പൻ നിയമമാവും.  2018 അതിനുള്ള കാലഘട്ടമാണ്.  നമ്മുടെ ചരിത്രം ഒരു പക്ഷേ 2018-നെ അടയാളപ്പെടുത്തുന്നത്. ജി.എസ്.ടിയുടെ പേരിലായിരിക്കും.  നികുതി വരുമാനത്തിൽ വർദ്ധനയുണ്ടാകും..  . . . .  എന്നാൽ നികുതി നിരക്കുകൾ കുറഞ്ഞു തന്നെയിരിക്കും. . . 
നിരക്കുകളുടെ ഏകീകരണം
ഇപ്പോൾ ജി.എസ്.ടിയിൽ അനേകം നിരക്കുകളുണ്ട്.  ഇത് ഒരു നല്ല ലക്ഷണമല്ല.  നിരക്കുകൾ ഏകീകരിക്കാൻ അണിയറയിൽ ഒരുപാട് ജോലികൾ നടക്കുന്നുണ്ട്.  2018-ൽ ഇത് ഫലത്തിൽ വരും. . . .  എങ്ങനെയെന്നാൽ ജി.എസ്.ടിയിൽ ഒരു സ്റ്റാൻഡേർഡ് നിരക്കുണ്ടാകും.. . അത് 12% ആകാനാണ് സാധ്യത.. . . . മിക്ക സാധനങ്ങൾക്കും സേവനങ്ങൾക്കും ഇതായിരിക്കും നിരക്ക്.  അതിന് താഴെ ഒരു സബ്‌സിഡൈസ്ഡ് നിരക്ക്.  5% അഥവാ 6%. .  . പിന്നെ ഒരു കൂടിയ നിരക്ക് . . .  18% പരമാവധി 20% ഇങ്ങനെ ജി.എസ്.ടി. മൂന്ന് നിരക്കിലേയ്ക്ക് ചുരുങ്ങുന്നത്.  2018-ൽ കാണാം. . . കോമ്പോസിഷനും മറ്റും ഈടാക്കുന്ന 1%, സ്വർണ്ണത്തിന്റെ 3% ഇവ തുടരും. . . . . ഒക്കെ പ്രതീക്ഷയാണ്. . . .  2018-ന്റെ പ്രതീക്ഷ.
പെട്രോളും ജി.എസ്.ടിയും
പെേട്രാൾ ഉൽപ്പന്നങ്ങൾ ജി.എസ്ടിക്ക് കീഴെ 2018-ൽ വരുമോ? കൗൺസിൽ തീരുമാനിക്കേണ്ട വിഷയമാണ്.  എങ്കിലും അതിനുള്ള ധാരാളം സാധ്യതകൾ ഉണ്ട്.  ആദ്യമായി നികുതി വരുമാനം. പ്രതീക്ഷിച്ച പരിധിയിൽ എത്തണം.  ഉറപ്പുള്ള നികുതി വരുമാനം കിട്ടിത്തുടങ്ങിയാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി.യിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ കൗൺസിൽ എടുക്കും.  ഇപ്പോഴത്തെ അവസ്ഥയിൽ ഈ സാമ്പത്തിക വർഷം അതായത് 2017-18-ൽ അത് നടക്കില്ല.  2018-19-ന്റെ രണ്ടാം പാദത്തിൽ അത് സംഭവിക്കും. . . . 2018 ഒക്‌ടോബറിലോ മറ്റോ പ്രെടോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി.യിൽ വരും. . .  . അപ്പോൾ നിരക്കുകളോ. . .? കാണാൻ പോകുന്ന പൂരമല്ലേ . . . . വെറുതേ പറഞ്ഞ് കുളമാക്കണ്ട. . . .
അങ്ങനെ ഉറച്ച നികുതി വരുമാനത്തിന്റെ പേരിൽ, ഈ പേ ബില്ലിന്റെ പേരിൽ, കുറ്റമറ്റ നെറ്റ് വർക്കിന്റെ പേരിൽ, സുതാര്യമായ കച്ചവടത്തിന്റെ പേരിൽ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ പേരിൽ സർവ്വോപരി സരളവും, സുഗമവുമായ ഒരു നികുതി സമ്പ്രദായം ജി.എസ്.ടി. എന്ന പേരിൽ നടപ്പിലാക്കിയതിന്റെ പേരിൽ 2018 അറിയപ്പെടും  . . . .

Post your comments