Global block

bissplus@gmail.com

Global Menu

വിപണികള്‍ കീഴടക്കാന്‍ ഡ്യുവല്‍ എന്‍ജിന്‍ ബൈക്കുകള്‍ ഉടനെത്തുമെന്ന് കേന്ദ്രമന്ത്രി

ബൈക്ക് നിര്‍മ്മാക്കാളായ രണ്ട് പ്രമുഖ കമ്പനികള്‍ ഈ വര്‍ഷം പുത്തന്‍ ആശയവുമായി മുന്നോട്ട് വരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരേ സമയം ഇന്ധനത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനുകളുള്ള ബൈക്കുകളായിരിക്കും ഈ കമ്പനികള്‍ അവതരിപ്പിക്കുകയെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചു. 
എഥനോള്‍ ഇല്ലാത്ത അവസരങ്ങളില്‍ വൈദ്യുതി ഉപയോഗിക്കാമെന്നതായിരിക്കും ഈ ഡ്യുവല്‍ ഫ്യുവല്‍ അഥവാ ഫെക്‌സ് ഫ്യുവല്‍ വാഹനത്തിന്റെ പ്രത്യേകത. 
പെട്രോളില്‍ ചേര്‍ക്കുന്ന എഥനോളിനെ ഇന്ധനമാക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നിരുന്നു. ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡ്യുവല്‍ എന്‍ജിനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യം തന്നെ ബൈക്കുകള്‍ വിപണിയില്‍ ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി മാധ്യമങ്ങളോട് വ്യക്തമാക്കി. 
''നൂറ് ശതമാനം പെട്രോളും നൂറ് ശതമാനം എഥനോളും ഈ എന്‍ജിനുകള്‍ പ്രോത്സാഹിപ്പിക്കുന്നു''. മന്ത്രി കൂട്ടിച്ചേര്‍ത്തു. 
ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നത് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. 
എഥനോള്‍ എന്ന ഇന്ധനം ഗോതമ്പിന്റെയും അരിയുടെയും വൈക്കോല്‍ കൊണ്ടും മുളകൊണ്ടമൊക്കെ ഉണ്ടാക്കാന്‍ കഴിയും. ഒരു ടണ്‍ വൈക്കോല്‍ ഉപയോഗിച്ച് 280 ലിറ്റര്‍ എഥനോള്‍ ഉണ്ടാക്കാന്‍ കഴിയും. ഇത് കാര്‍ഷിക മേഖലയെ വളര്‍ത്തുന്നതിന് മാത്രമല്ല അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും. 
ലോകത്തെ പലരാജ്യങ്ങളും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് ഇന്ത്യയിലും ഇത് ഉപയോഗിച്ചുകൂട എന്നും മന്ത്രി ചോദിച്ചു. 
വൈദ്യുതി, എഥനോള്‍, മെഥനോള്‍, ബയോ ഡീസല്‍ ബയോ സിഎന്‍ജി തുടങ്ങിയ മാര്‍ഗ്ഗങ്ങളിലേയ്ക്ക് ഇന്ത്യന്‍ ഗതാഗത സംവിധാനങ്ങളെ മാറ്റുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 
മൂന്ന് മിനിട്ട് ചാര്‍ജ്ജ് ചെയ്ത് 36 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുന്ന ഇലക്ട്രിക് ബസുകളും ഇതിന് പിന്നാലെ വിപണി കീഴടക്കാന്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. 
ഗുഡ്ഗാവില്‍ 1000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കിയതായും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

 

 

Post your comments