Global block

bissplus@gmail.com

Global Menu

ജൈവവൈവിധ്യ സംരക്ഷണത്തിന് ഐഐഐടിഎം-കെ മൊബൈല്‍ ആപ്പ്

തിരുവനന്തപുരം: ഭൂമിയില്‍ സസ്യ-ജന്തു വര്‍ഗങ്ങളുടെ അവസ്ഥയും അവ കാണപ്പെടുന്ന രീതിയും വിതരണവും രേഖപ്പെടുത്തുന്ന മൊബൈല്‍ ആപ്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് - കേരളയിലെ (ഐഐഐടിഎം-കെ) ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നത വിദ്യാഭ്യാസ-ഗവേഷണ  സ്ഥാപനമായ ഐഐഐടിഎം-കെയിലെ  സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സിലെ ഗവേഷകരാണ് ബയോട്ട (BIOTA) എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. വിവിധ ജന്തു-സസ്യ ജാലങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ലക്ഷ്യമിട്ടുള്ളതാണ് ഈ ജൈവവൈവിധ്യ ആപ്ലിക്കേഷന്‍. അടുത്തിടെ തിരുവനന്തപുരത്ത് സമാപിച്ച ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഭാഗമായി ആപ്ലിക്കേഷന്റെ ബീറ്റാ വെര്‍ഷന്‍ ബയോട്ട 1.0 പുറത്തിറക്കിയിരുന്നു.

പാരിസ്ഥിതിക പഠനങ്ങളില്‍ ഐടി ആപ്ലിക്കേഷനുകളുടെ വ്യാപകമായ ഉപയോഗം മറ്റ് മേഖലകളെ അപേക്ഷിച്ച് കുറവാണെന്ന് പദ്ധതിയുടെ മേധാവി ഡോ. ജയ് ശങ്കര്‍ ആര്‍. നായര്‍ പറഞ്ഞു. ഈ ന്യൂനത പരിഹരിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. വിവിധ സസ്യ, ജന്തു വര്‍ഗങ്ങളുടെ ഭൗമവിതരണ വിവരങ്ങളോടുകൂടിയ ഡേറ്റാബെയ്‌സ് നിര്‍മിക്കുകയും അതുപയോഗിച്ച് വിവിധ പഠനങ്ങള്‍ക്കും പ്രായോഗിക ഉപയോഗങ്ങള്‍ക്കുമായുള്ള മാതൃകകള്‍ തയ്യാറാക്കുകയും ചെയ്യുകയാണ് ആപ്പിന്റെ ലക്ഷ്യം. ഈ രംഗത്ത് ശാസ്ത്രജ്ഞര്‍ ധാരാളം പഠനങ്ങള്‍ നടത്തുന്നുണ്ട്. അവരുടെ കണ്ടെത്തലുകളെക്കുറിച്ച്  ധാരാളം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും ഈ പഠനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെയോ ഉപയോഗിക്കപ്പെടാതെയോ പോകുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഇതിന്  വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും. ശേഖരിക്കുന്ന വിവരങ്ങള്‍ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ഡേറ്റാബെയ്‌സ്, ഗ്ലോബല്‍ ബയോഡൈവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ ഫെസിലിറ്റി തുടങ്ങിയവയ്ക്ക് കൈമാറാന്‍ സാധിക്കും. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ അധിനിവേശ സസ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇക്കോളജിസ്റ്റുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിത്. 

ഇത്തരം ആപ്ലിക്കേഷനുകള്‍ പൊതുജനാരോഗ്യം പോലുള്ള മേഖലകളിലും സഹായകമായേക്കുമെന്ന് ഡോ.നായര്‍ പറഞ്ഞു. സാംക്രമികരോഗങ്ങളുടെ വിവര ക്രോഡികരണവും രേഖപ്പെടുത്തലും വളറെ മന്ദഗതിയിലാണ് രാജ്യത്ത് നടക്കുന്നത്. ഇത്തരം ഫലപ്രദമായ സംവിധാനങ്ങളിലൂടെ കൃഷിക്കാരന് കോഴിയുടെയോ താറാവിന്റെയോ രോഗം രേഖപ്പെടുത്തി ഫ്‌ളൂ പോലെയുള്ളവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനാവും. അടിയന്തരമായി പ്രതിവിധി സ്വീകരിക്കാന്‍ ഇത്  അധികൃതരെ സഹായിക്കുകയും ചെയ്യും. 

Post your comments