Global block

bissplus@gmail.com

Global Menu

ഇന്‍ഫോപാര്‍ക്ക്: പുതിയ കെട്ടിട സമുച്ചയമായ ജ്യോതിര്‍മയയുടെ ഉദ്ഘാടനം ജനുവരി 22ന്

കൊച്ചി : ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി അത്യാന്താധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച കെട്ടിട സമുച്ചയം ‘ജ്യോതിര്‍മയ’ യുടെ ഉദ്ഘാടനം ജനുവരി 22 ,ഞായറാഴ്ച്ച 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ നിര്‍വഹിക്കും.

4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുളള അത്യാധുനിക സൗകര്യമുളള ഐ.ടി കെട്ടിടവും, ഒരു ലക്ഷത്തിഅമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുളള അനുബന്ധ സേവനങ്ങള്‍ക്കുളള കെട്ടിടവുമാണ് പൂര്‍ത്തിയായിട്ടുളളത്. മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിംഗ്, ബാങ്കുകള്‍, എ റ്റി എം, മിനി ഫുഡ് കോര്‍ണര്‍ തുടങ്ങിയവയാണ് അനുബന്ധ കെട്ടിടത്തില്‍ ഒരുക്കിയിട്ടുളളത്.

ആറ് ഏക്കര്‍ സ്ഥലത്ത് പണിതുയര്‍ത്തിയിട്ടുള്ള ഐ.ടി. ബില്‍ഡിംഗിന് 9 നിലകളും അനുബന്ധ ബില്‍ഡിംഗിന് 6 നിലകളുമാണ്. പുതിയ ബില്‍ഡിംഗില്‍ 4,000 തൊഴിലവസരങ്ങള്‍ സഷ്ടിക്കപ്പെടും. 125 ഏക്കര്‍ സ്ഥലമാണ് 160 ഏക്കറായി മൊത്തം വിഭാവനം ചെയ്യുന്ന രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത് വികസിപ്പിച്ച് വരുന്നത്.

ഇതില്‍ 102 ഏക്കര്‍ സ്ഥലത്തിന് പ്രത്യേക സാമ്പത്തിക മേഖല പദവി ഉണ്ട്. എല്ലാ പ്രകൃതി സൗഹൃദ നിര്‍മ്മാണരീതികളും പാലിക്കപ്പെട്ട് വികസിപ്പിച്ചുവരുന്ന രണ്ടാംഘട്ടത്തില്‍ ഏറ്റവും മികച്ച എനര്‍ജി സേവിംഗ് രീതികളും, കാര്‍ബണ്‍ നിയന്ത്രണ രീതികളും പാലിക്കുന്നത് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇതില്‍ 85 ശതമാനവും 11 കമ്പനികള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി കഴിഞ്ഞു. സ്ഥലമെടുത്തിട്ടുള്ള ആഗോള ഐ.ടി. കമ്പനിയായ കോഗ്നിസന്റ് ടെക്‌നോളജീസ് 15 ഏക്കറില്‍ വികസിപ്പിച്ച ഐ.ടി. പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. 9.37 ഏക്കറില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഐ.ടി. പാര്‍ക്ക് വികസനപാതയിലാണ്. മുത്തൂറ്റിന്റെ തന്നെ ഇന്റര്‍ നാഷണല്‍ സ്‌കുള്‍ ‘സംസ്‌കാര’ 5.25 ഏക്കറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൊശമറ്റം ഗ്രൂപ്പിന്റെ ഐ.ടി. ബില്‍ഡിംഗ് 1.3 ഏക്കറിലും, ക്ലേസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ 1.6 ഏക്കറിലും വികസിപ്പിക്കാന്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ട്രാന്‍സ് ഏഷ്യ 2.63 ഏക്കര്‍, മീഡിയാ സിസ്റ്റംസ് 1 ഏക്കര്‍, പാടിയത്ത് ഇന്നവേഷന്‍, ഇറാം ഗ്രൂപ്പ്, കൊച്ചിയിലെ ആദ്യത്തെ ഡേറ്റാ സെന്ററായ പിഐ(PI) ഡേറ്റാ സെന്റര്‍ തുടങ്ങിയവ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലമെടുത്തിട്ടുണ്ട്.

5.8 ഏക്കറിലാണ് പിഐ (PI) ഡേറ്റാ സെന്റര്‍ വികസിപ്പിക്കുന്നത്. കാസ്പിയന്‍ ഗ്രൂപ്പിന്റെ ഷോപ്പിംഗ് ക്ലോംപ്ലക്‌സ്, സണ്‍റൈസ് ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ തുടങ്ങിയവയും പുതിയ സംരംഭങ്ങളാണ്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ 80,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

Post your comments