Global block

bissplus@gmail.com

Global Menu

വഴുതി വീഴുന്ന എണ്ണ വില

എണ്ണവില ക്രമാതീതമായി കുറയുന്നത് എണ്ണയുത്പാദക രാജ്യങ്ങളെ ദീര്‍ഘകാലത്തേക്ക് ദോഷകരമായി ബാധിക്കും. അതൊടൊപ്പം തന്നെ മറ്റു പല രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥിതിയില്‍ വലിയ വ്യതിയാനിങ്ങള്‍ വരുത്തും. എണ്ണ വില വിപണിയെ ബാധിക്കുന്നതിനെക്കുറിച്ച് പറയുകയാണ് ലേഖകന്‍ കെ എസ് ആര്‍ മേനോന്‍.
പോയവര്‍ഷം ജൂണില്‍ ഒരു ബാരലിന് 115 ഡോളറായിരുന്ന എണ്ണ വില ഈ ജനുവരിയില്‍ 44 ഡോളറായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വന്ന  ഏറ്റവും കുറഞ്ഞ നിരക്ക്. പ്രവചനാതീതമായ വിലത്തകര്‍ച്ച. അമേരിക്കയില്‍ ഹൈഡ്രോളിക്ക് ഫ്രാക്ചറിംഗ് മുഖേന ഷെയ്ല്‍ ഓയില്‍ ഉത്പാദനം ആരംഭിച്ചിരുന്നു.  സൗദ് അറേബ്യയേയും റഷ്യയെയും മറികടന്നുകൊണ്ടു ഓയില്‍ ഉത്പാദനത്തില്‍ ഒന്നാമന്‍ ആകുക എന്ന ലക്ഷ്യമാണ് അമേരിക്കക്കുള്ളത്. വാഷിങ്ങ്ടണ്‍ ആസ്ഥാനമാക്കിയ എനര്‍ജി റിസേര്‍ച്ച് കേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2014 ന്റെ ആദ്യ അഞ്ചുമാസങ്ങള്‍ പിന്നിട്ടപ്പോള്‍
പ്രതിദിനം 11 മില്യണ്‍ ബാരല്‍ എന്ന നിലയിലേക്ക് അമേരിക്കയുടെ ഷെയ്ല്‍ ഓയില്‍ ഉത്പാദനം പുരോഗമിച്ചിട്ടുണ്ട്. മാത്രമല്ല പ്രകൃതിവാതകം ഉത്പാദനത്തില്‍ നിലവില്‍ അമേരിക്ക ഒന്നാമനാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും 10 മില്യണ്‍ ബാരല്‍ പ്രതിദിന ഉത്പാദനത്തോടെ ഒപ്പെക്ക് രാജ്യങ്ങള്‍ എണ്ണയുത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 17 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ കയറ്റുമതിയും 24  വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന എണ്ണയുത്പാദനവും എന്ന വൈരുദ്ധ്യമാണ് അമേരിക്കയിലുള്ളത്. അതൊടൊപ്പം അമേരിക്ക കാനഡയിലേക്കുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കി 400,000 ബാരല്‍ എണ്ണ ഒരു ദിവസം ഇറക്കുമതി ചെയ്യുന്നുണ്ട്. കാനഡയാകട്ടെ ഈ എണ്ണ യൂറോപ്പിലാകമാനം കയറ്റുമതി ചെയ്യുന്നു.
ഈ കണക്കുകള്‍ എല്ലാം വ്യക്തമാക്കുന്നത് ഇതുവരെ ഓയില്‍ ഇറക്കുമതി രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന അമേരിക്ക ഇപ്പോള്‍ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. അതേ സമയം യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥിതി മാന്ദ്യത്തിന്റെ പിടിയിലാണ്. ചൈന, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എണ്ണയ്ക്ക് കൂടുതലായി പ്രത്യക്ഷമായ ആവശ്യകതയില്ല. ഡിമാന്റും സപ്ലൈയും അനുസരിച്ചാണ് ക്രൂഡോയില്‍ വില നിര്‍ണ്ണയിക്കപ്പെടുന്നത്. ഡിമാന്റിലെ ഈ കുറവ് ക്രൂഡോയിലിന്റെ വില കൂപ്പുകൂത്തുന്നതിന് കാരണമായി. ലോക എണ്ണയുത്പാദനത്തിന്റെ 40 ശതമാനം വരെ കൈയാളിയിരുന്ന ഒപ്പെക്ക് രാജ്യങ്ങള്‍ക്ക് മുന്‍പ് ഉത്പാദനം കുറച്ച് വില നിര്‍ണ്ണയിക്കുവാന്‍ സാധിച്ചിരുന്നു. നവംബര്‍ 2014 ന് വിയന്നയില്‍ നടന്ന ഒപ്പെക്ക് രാജ്യങ്ങളുടെ ചര്‍ച്ചയില്‍ ഉത്പാദനം കുറയ്ക്കുക എന്ന ആവശ്യത്തിന് സര്‍വ്വ സ്വീകാര്യത നേടുവാന്‍ സാധിച്ചിരുന്നില്ല. ഇത് എണ്ണവില വീണ്ടും കുറയുന്നതിലേക്ക് വഴിവെയ്ക്കുകയായിരുന്നു. 
മുന്‍കാലങ്ങളില്‍ ഒരു ദിവസം 10 മില്യണ്‍ ബാരലോളം അതായത് ആകെ ഉത്പാദനത്തിന്റെ മുന്നില്‍ ഒന്നോളം ഉത്പാദിപ്പിച്ചിരുന്ന സൗദി അറേബ്യ വില നിയന്ത്രണത്തിനായി ഉത്പാദനത്തില്‍ ഏറ്റക്കുറച്ചില്‍ വരുത്തിയിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി ഇത്തവണ എണ്ണ വിലയില്‍ സ്ഥിരമായ ഒരു പരിഹാരം വേണമെന്നാണ് റിയാദ് ആവശ്യപ്പെടുന്നത്. 900 ബില്യണ്‍ ഡോളര്‍ റിസര്‍വ്വുള്ള സൗദി അറേബ്യ ഓയില്‍ വിലക്കുറവിന്റെ പ്രശ്‌നങ്ങളെ കുറച്ചു കാലത്തേക്ക് അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല ഒരു ബാരല്‍ എണ്ണയുത്പാദനത്തിന് 10 ഡോളറിനു താഴെ മാത്രമെ ചെലവ് വരുന്നുള്ളു. ഓയില്‍ വില 50 ഡോളറില്‍ നിന്നാല്‍ അത് അമേരിക്കയില്‍ ഷെയ്ല്‍ ഗ്യാസ് നിര്‍മാണത്തിനും ഖനനത്തിനും എത്തുന്ന പുതിയ നിക്ഷേപകരെ വലയ്ക്കുമെന്നുറപ്പാണ്. മാത്രമല്ല ഇപ്പോള്‍ ഈ ബിസിനസ് ചെയ്യുന്നവര്‍ ഈ മേഖലയില്‍ നിന്ന് പിന്‍വലിയുവാനും സാധ്യതയുണ്ടെന്ന് സൗദി കണക്കുകൂട്ടുന്നു.
സൗദിയുടെ ഈ തീരുമാനത്തില്‍ പിന്നില്‍ ഒരു രാഷ്ട്രീയവും ഒളിഞ്ഞിരിക്കുന്നുണ്ട്. എണ്ണയുടെ വിലക്കുറവ് അവരുടെ ആജന്മ ശത്രുക്കളായ ഇറാനെ സാമ്പത്തികമായി തകര്‍ക്കും. ആണവ നയത്തിലും സിറിയന്‍ വിഷയത്തിലും അന്തര്‍ദേശീയമായി ഇറാന്‍ മേല്‍ സമ്മര്‍ദം ചെലുത്തുവാനും ഇതുപകരിക്കും. മാത്രമല്ല റഷ്യയുടെ സാമ്പത്തിക സ്ഥിതിയെയും ഇതു സാരമായി ബാധിക്കും. സിറിയ സഹായിക്കുന്നതിനാല്‍ റഷ്യയുമായും സൗദി അറേബ്യക്കു വൈരമുണ്ട്. മറ്റു ജി സി സി രാജ്യങ്ങള്‍ സൗദിയെന്ന ബിഗ് ബ്രദറുടെ കൂടെ പോകുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. മാത്രമല്ല എണ്ണയുത്പാദനം കുറച്ച് സ്ഥിരം ഉപഭോക്ത്യ രാജ്യങ്ങളെ പിണക്കുവാനും സൗദി ഒരുക്കമല്ല. അതുകൊണ്ടു തന്നെ സപ്ലൈയും ഡിമാന്റും തമ്മിലുള്ള ഈ യുദ്ധം കുറച്ചു കാലത്തേക്കു നീളുവാനാണ് സാധ്യത.
സൗദിയുടെ ഇപ്പോഴത്തെ എണ്ണ നിലപാട് ഷെയ്ല്‍ ഗ്യാസ് ഉത്പാദനം കുറയ്ക്കുവാന്‍ അമേരിക്കയെ നിര്‍ബന്ധിതരാക്കുമെന്നു പറയുവാന്‍ പറ്റില്ല. വിദേശ എണ്ണ സ്രോതസ്സുകളെ പ്രത്യേകിച്ച് മധ്യേഷ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന നിലപാടാണ് ഒബാമ അധികാരത്തിലെത്തിയതിനു ശേഷം ഉള്ളത്. ഇനി എന്തൊക്കെ സംഭവിച്ചാലും അമേരിക്ക ഈ തീരുമാനത്തില്‍ നിന്ന് പിന്നിലേക്കു പോകുമെന്നും പ്രതീക്ഷിക്കുവാന്‍ വയ്യ. അതിസമ്പന്നന്‍മാരാണ് ഷെയ്ല്‍ ഗ്യാസില്‍ നിക്ഷേപിച്ചിരിക്കുന്നവര്‍, ദീര്‍ഘകാലം ലക്ഷ്യം മുന്നില്‍ കണ്ടാണ് അവര്‍ നിക്ഷേപിച്ചിരിക്കുന്നത്. പക്ഷെ പുതുതയായി വരുന്ന നിക്ഷേപകര്‍ താത്ക്കാലികമായി ഈ മേഖലയില്‍ നിന്ന് വിട്ടു നിന്നേക്കും. 
വില നിലവാരം ഈ രീതിയില്‍ നിന്നാല്‍ ജിസിസി രാജ്യങ്ങള്‍ വളര്‍ച്ച നിരക്കില്‍ എത്രകാലം സ്ഥിരതയോടെ മുന്നോട്ടു പോകുമെന്ന ആശങ്കയാണുള്ളത്. ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ഓയില്‍ വിലയുടെ അടിത്തട്ട് നാം കണ്ടിട്ടില്ല എന്നാണ്. യുഎഇ, ഖത്തര്‍, കുവൈറ്റ്, എന്നിവ ഒഴികെയുള്ള ജിസിസി രാജ്യങ്ങള്‍ ഓയില്‍ വിലയിടവിന്റെ പരിണിത ഫലം അനുഭവിച്ചേക്കും. നിലവില്‍ 2 വര്‍ഷത്തേക്ക് മിച്ച ബജറ്റ് ഉപയോഗിച്ചു ജിസിസി രാജ്യങ്ങള്‍ക്ക് മുന്നോട്ടു പോകുാന്‍ സാധിക്കും. മൂഡീസ് ഇന്‍വെസറ്റേഴ്‌സ് സര്‍വ്വീസിന്റെ കണക്കുകള്‍ അനുസരിച്ച് ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് പൂര്‍വ്വസ്ഥിയിലെത്തുവാന്‍ എളുപ്പമുള്ള രാജ്യങ്ങള്‍. യുഎഇയും സൗദിഅറേബ്യയുമാണ് അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങള്‍, ഒമാനും, ബഹ്‌റിനുമാണ് കരുതല്‍ കുറഞ്ഞ രാജ്യങ്ങള്‍.
2022ലെ ഫിഫ വേള്‍ഡ് കപ്പ് നടത്തുവാന്‍ ഖത്തറിനും,  എക്‌സ്‌പോ 2020 നടത്തുവാന്‍ യു എ ഇയ്ക്കും വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. എന്നാല്‍ സിറിയിലും ഇറാഖിലും അബുബക്കല്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ സിറിയയിലും ഇറാഖിലുമായി ഇസ്ലാമിക്ക് സ്‌റ്റേറ്റ് സ്ഥാപിച്ചത് എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്. ഏതൊങ്കിലും സാഹചര്യത്തില്‍ സുന്നിമേധാവിത്വമുള്ള അറബ് രാജ്യങ്ങളുടെ മേല്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ആക്രമണം അഴിച്ചുവിട്ടാല്‍ അത് ജിസിസി രാജ്യങ്ങള്‍ക്ക് വിനാശകരമാണ്. 
 എണ്ണ വിലയിടിവ്  ഇന്ത്യയെ പ്രത്യേകിച്ച് കേരളത്തെ എങ്ങനെ ബാധിക്കും? ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്‍ കുറയുമ്പോള്‍ രാജ്യത്തിന് കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ മുടക്കുവാന്‍ സാധിക്കും. മാത്രമല്ല ഇതര ഊര്‍ജ്ജ സ്രോതസ്സുകളെ അനാകര്‍ഷകമാക്കുകയും ഗവണ്‍മെന്റ് ദീര്‍ഘകാല എണ്ണ നയം ആവിഷ്‌കരിക്കുകയും ചെയ്യും. ഇന്ത്യയുടെ എണ്ണയുടെ ഇറക്കുമതി പ്രതിവര്‍ഷം 145ബില്യണ്‍ ഡോളറിന്റെയാണ്. ഇത് മൊത്തം ഇറക്കുമതി ബില്ലിന്റെ മൂന്നിലൊന്നാണ്. എണ്ണവിലയില്‍ ഓരോ ഡോളര്‍ കുറയുമ്പോഴും ഗവണ്‍മെന്റിന്റെ ഇറക്കുമതി ബില്ലില്‍ 4000 കോടി രൂപയുടെ കുറവാണ് ഉണ്ടാക്കുക.
എണ്ണയുടെ വിലക്കുറവ് മുതലെടുത്ത് ഇന്ത്യ ഘട്ടഘട്ടമായി ക്രൂഡോയില്‍ കരുതല്‍ ശേഖരം സൃഷ്ടിക്കണം. ഭാവിയിലെ എണ്ണവില വര്‍ദ്ധനവിലൂടെ ഉണ്ടാകുന്ന പ്രതിസന്ധിയെ നേരിടാന്‍ ഇതാണ് മാര്‍ഗം.  'അറബ് വസന്തം' കാരണം  വിദേശ തൊഴിലാളികളുടെ നിയമനം കുറച്ച് തദ്ദേശ വാസികളെ തൊഴിലാളികളാക്കുവാന്‍ എല്ലാ ജിസിസി രാഷ്ട്രങ്ങളും ശ്രമിക്കുകയാണ്. എണ്ണ വില തകര്‍ച്ച ഇനിയും തുടര്‍ന്നാല്‍ ജിസിസ രാഷ്ട്രങ്ങളിലെ വികസന പദ്ധതികള് മരവിപ്പിക്കുവാന്‍ നിര്‍ബന്ധിതരായേക്കും.  ഇതു സംഭവിക്കുകയാണെങ്കില്‍ 60 ലക്ഷം വരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് (ഇതില്‍ 40 ശതമാനം കേരളീയര്‍) തൊഴില്‍ നഷ്ടമാകും. ഇത് കേരളത്തിലേക്കുള്ള പണം വരവിനെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും. നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങള്‍ ദുര്‍ബലമായിതിനാല്‍ ഗള്‍ഫിലെ ഒരോ പ്രതിസന്ധിയും നിര്‍ണയാകമായും സ്വാധീനിക്കും.
പിടിഐയുടെ മധേഷ്യ ലേഖകനായിരുന്നു കെ എസ് ആര്‍ മേനോന്‍, ദുബായ് പശ്ചാത്തലമാക്കിയ ത്രില്ലര്‍ ഡേസേര്‍ട്ട് ഹണ്ടിന്റെ രചയിതവാണ്.

 

Post your comments