Global block

bissplus@gmail.com

Global Menu

ലണ്ടന്‍ ടൂറിസം മേളയിൽ കേരളത്തിന് പുരസ്‌ക്കാരം

തിരുവനന്തപുരം: ലണ്ടനില്‍ നടന്ന ത്രിദിന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) ചുണ്ടന്‍വള്ള  മാതൃകകള്‍  അണിനിരത്തി സന്ദര്‍ശകരെ വിസ്മയിപ്പിച്ച  കേരളടൂറിസത്തിന് മികച്ച പവിലിയനുള്ള 'ബെസ്റ്റ് സ്റ്റാന്‍ഡ് ഫീച്ചര്‍' പുരസ്‌കാരം ലഭിച്ചു.

നവംബര്‍ ഏഴിനു തുടങ്ങി ഒന്‍പതിന് അവസാനിച്ച ഇക്കൊല്ലത്തെ ഡബ്ല്യുടിഎം-ലെ പങ്കാളിയായിരുന്നു കേരള ടൂറിസം.

120 ചതുരശ്ര മീറ്ററില്‍ സജ്ജീകരിച്ച വിശാലമായ പവിലിയനില്‍ മൂന്നു ചുണ്ടന്‍വള്ളങ്ങളുടെ കമനീയമായ മാതൃകകള്‍ക്കു പുറമെ ചിത്രങ്ങളും വള്ളംകളിയുടെ വീഡിയോ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് കേരള ടൂറിസം ലണ്ടനില്‍ വിസ്മയക്കാഴ്ചയൊരുക്കിയത്. ചുണ്ടന്‍വള്ളങ്ങള്‍ നേരിട്ടുകാണുന്നതിനു കേരളത്തിലേക്ക് പോകാന്‍ തങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പുരസ്‌കാരത്തിനായി കേരളത്തെ തെരഞ്ഞെടുത്ത വിധികര്‍ത്താക്കള്‍ പറഞ്ഞത്.

ബീച്ചുകള്‍, മലയോരങ്ങള്‍, കായല്‍പ്രദേശങ്ങള്‍, ഹൗസ്‌ബോട്ടുകള്‍, ആയുര്‍വേദം എന്നിവയായിരുന്നു കേരളം മുഖ്യ കാഴ്ചകളാക്കിയത്.

ലോക ടൂറിസം വ്യവസായത്തിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ വേള്‍ഡ് ടൂറിസം മാര്‍ക്കറ്റിന്റെ ഔദ്യോഗിക പങ്കാളിയായതിലൂടെ ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിലും കേരള ടൂറിസത്തിന് കഴിഞ്ഞതായാണു വിലയിരുത്തല്‍.  182 രാജ്യങ്ങളില്‍നിന്നു ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നുമായി 5000 പ്രദര്‍ശകരാണ് മേളയില്‍ പങ്കെടുത്തത്. 

Post your comments