Global block

bissplus@gmail.com

Global Menu

പെസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ പുരസ്‌കാരം: കേരള ടൂറിസത്തിന് ഇരട്ടസ്വര്‍ണം

തിരുവനന്തപുരം : പ്രശസ്തമായ പെസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റ) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസത്തിന് ഇരട്ട സ്വര്‍ണനേട്ടം. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി  കേരളത്തിന്റെ സ്ഥാനമുറപ്പിക്കാന്‍ സഹായകമായ നൂതന വിപണന മാതൃകകളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരങ്ങള്‍.

 'മാര്‍ക്കറ്റിംഗ് മീഡിയ' മേഖലയില്‍ കേരളം സ്വന്തമാക്കിയ രണ്ട് പുരസ്‌കാരങ്ങള്‍ 'സംപ്രേഷണ മാധ്യമങ്ങളിലെ  യാത്രാപരസ്യം', 'ഇ-ന്യൂസ്‌ലെറ്റര്‍' എന്നീ വിഭാഗങ്ങളിലായാണ്. 'വിസിറ്റ് കേരള' ടെലിവിഷന്‍ പരസ്യം, ഏറെ പ്രചാരം നേടിയ കേരള ടൂറിസം ഇ-ന്യൂസ്‌ലെറ്റര്‍ എന്നിവയ്ക്കാണ് ഈ പുരസ്‌കാരങ്ങള്‍.

സെപ്തംബര്‍ ഒന്‍പതിന് ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ പാറ്റ ട്രാവല്‍മാര്‍ട്ടിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായി ആഗോളതലത്തില്‍ 71 വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നുമായി 212 അപേക്ഷകള്‍ ലഭിച്ചിരുന്നു.

ടൂറിസം മേഖലയില്‍ ഏറെ സ്വാധീനമുള്ള പാറ്റ പുരസ്‌കാരങ്ങളില്‍ രണ്ട് സ്വര്‍ണം നേടുകയെന്നത് സവിശേഷമായ നേട്ടമാണെന്ന് ടൂറിസം മന്ത്രി ശ്രീ എ.സി. മൊയ്തീന്‍ പറഞ്ഞു. പുറത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ ഒന്നാംകിട ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതില്‍ ഈ നൂതന വിപണന സംവിധാനങ്ങള്‍ വിജയിച്ചുവെന്ന് തെളിയിക്കുന്നതാണ് പുരസ്‌കാര ലബ്ധിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരികളില്‍ 'ദൈവത്തിന്റെ സ്വന്തം നാടി'ന് ലഭിക്കുന്ന തനതായ സ്വീകാര്യത പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള വിപണന, പ്രചാരണ പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാവുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ഇനിയും ഇത്തരം ബഹുമതികള്‍ ഇവ നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിജയകരമായ ബ്രാന്‍ഡിംഗിങ്ങിന്റെ സാക്ഷ്യപത്രമാണ് തുടര്‍ച്ചയായ ഈ ബഹുമതികളെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ. യു. വി. ജോസ് പറഞ്ഞു. ഇന്നത്തെ വിനോദസഞ്ചാരികള്‍ പുത്തന്‍ യാത്രാനുഭവങ്ങള്‍ തേടുന്നതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്കിടയില്‍ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ആകര്‍ഷണീയത പുരസ്‌കാരനേട്ടം കൊണ്ട് വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post your comments