Global block

bissplus@gmail.com

Global Menu

ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ജോലിസ്ഥലങ്ങളിൽ യോഗ നിർബന്ധമാക്കുന്നു

ന്യൂഡൽഹി : ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങളും ജോലിസ്ഥലങ്ങളിൽ യോഗ നിർബന്ധമാക്കുന്നതായി സർവ്വേ . 53  ശതമാനം  കോർപ്പറേറ്റ് സ്ഥാപനങ്ങളും യോഗ നിർബന്ധമാക്കുന്നതായി സർവ്വേ വ്യക്തമാക്കുന്നു .

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് അസ്സോചം നടത്തിയ സർവേയിലാണ് ഈ  കാര്യം ചുണ്ടിക്കാണിച്ചിരിക്കുന്നത്. യോഗ നടപ്പാക്കുന്നതിലൂടെ ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുക,രോഗങ്ങളെ പ്രതിരോധിക്കുക , മാനസിക ഉൻമേഷം നേടുക, ഓർമ  ശക്തി മെച്ചപ്പെടുത്തുക, പിരിമുറുക്കം കുറയ്ക്കുക, ജോലിയിൽ സംതൃപ്തി നേടുക തുടങ്ങിയ നേട്ടങ്ങൾ ജോലിക്കാർക്ക് സാധ്യമാകുമെന്നാണ്  സർവ്വേ വിലയിരുത്തുന്നത് .

സർവ്വേ പ്രകാരം ഏകദേശം  45.5 ശതമാനത്തോളം ആളുകൾ വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. കൂടാതെ 23 ശതമാനം ജീവനക്കാരും അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു.

കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ 40.5 ശതമാനം ജീവനക്കാരും അമിതമായ ജോലി ഭാരവും സമ്മർദ്ദവും മൂലം ആറ് മണിക്കൂറിൽ  താഴെ മാത്രമേ ഉറങ്ങാറുള്ളു.  ഇതുമൂലം വിഷാദം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവക്ക് അടിമപ്പെടുന്നതായി  സർവേയിൽ വ്യക്തമാക്കുന്നു. 250 വിവിധ കമ്പനികളിൽ നിന്ന് 1500  കോർപ്പറേറ്റ് ജീവനക്കാരുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സർവ്വേ തയ്യാറാക്കിയിരിക്കുന്നത്.

കോർപറേറ്റ് സ്ഥാപങ്ങളിൽ നിന്ന് യോഗ അഭ്യസിക്കുന്ന ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ  35 മുതൽ 45 ശതമാനം വരെ   ഈ  വർഷം ഉയർന്നതായി  അസ്സോചം ആരോഗ്യ കമ്മറ്റി കൗൺസിൽ ചെയർമാൻ ബി.കെ. റാവു  പറഞ്ഞു. കൂടാതെ നിരവധി ബിസിനസ്സ് സ്കൂളുകളും ഇപ്പോൾ യോഗ നടപ്പാക്കി വരുന്നതായി  അദ്ദേഹം അറിയിച്ചു.

Post your comments