Global block

bissplus@gmail.com

Global Menu

പോളിഷ് ചലച്ചിത്രമേളയില്‍ കേരള ടൂറിസത്തിന് നാല് രാജ്യാന്തര പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: വിനോദസഞ്ചാരം, കല, പരിസ്ഥിതി എന്നീ പ്രമേയങ്ങളിലൂന്നി നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയായ ഫിലിം-എടിയില്‍ കേരള ടൂറിസത്തിന് നാല് പുരസ്‌കാരങ്ങള്‍. കേരള ടൂറിസത്തിനുവേണ്ടി 'ന്യൂ വേള്‍ഡ്‌സ് എന്ന പേരില്‍ തയാറാക്കിയ പ്രചാരണ ചിത്രപരമ്പരയ്ക്കും അതിലെ മൂന്നു ലഘുചിത്രങ്ങള്‍ക്കുമാണ്.പോളണ്ടിലെ ലുബ്ലിനില്‍ നടന്ന ഫിലിം-എടി പതിനൊന്നാം പതിപ്പില്‍ ആണ് ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

മൂന്നു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത് ഉത്തരവാദിത്ത ടൂറിസം പ്രചാരണത്തിനാണ്. ഉത്തരവാദിത്ത ടൂറിസത്തിന്  കേരളം നല്‍കുന്ന  പ്രാധാന്യത്തിനുള്ള അംഗീകാരമായി ഏറ്റവും മികച്ച സാമൂഹിക പ്രചാരണത്തിനുള്ള പുരസ്‌കാരം ന്യൂ വേള്‍ഡ്‌സിലൂടെ കേരള ടൂറിസത്തിനു ലഭിച്ചു. ഈ പരമ്പരയിലെ സോയിംഗ് ദ സീഡ്‌സ് ഓഫ് നേച്ചര്‍ എന്ന ചിത്രം പരിസ്ഥിതി സംരക്ഷണത്തിനും എ ടെയ്സ്റ്റ് ഓഫ് ലൈഫ് എന്ന ചിത്രം ഭക്ഷണ രീതികള്‍ക്കുള്ള ഇക്കോ ഫുഡ് വിഭാഗത്തിലും  ഗ്രേറ്റ് ബാക്ക് വാട്ടേഴ്‌സ് ഓഫ് കേരള എന്ന ചിത്രം മികച്ച ചിത്രസംയോജനത്തിനുമുള്ള അവാര്‍ഡുകളാണ് നേടിയെടുത്തത്.  

രാജ്യാന്തര പ്രശസ്തമായ ഒരു ചലച്ചിത്രമേളയില്‍ നാല്  പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുക എന്നത് സുപ്രധാനമായ നേട്ടമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ എ.സി മൊയ്തീന്‍ വ്യക്തമാക്കി. പരിസ്ഥിതിയെ മനസില്‍ സൂക്ഷിച്ച് ജനങ്ങളുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെ കേരളത്തിന്റെ സാധ്യതകള്‍ രാജ്യാന്തര തലത്തില്‍ എത്തിക്കാന്‍ കാണിച്ച അര്‍പ്പണബോധത്തെയാണ് ഇത് കാണിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന അനന്യമായ ബോധവല്‍കരണത്തിലൂന്നി കേരളത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനമാക്കി അവതരിപ്പിക്കുന്ന പ്രചാരണപരിപാടികള്‍ക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

ടൂറിസം ചലച്ചിത്ര മേളകളുടെ അന്താരാഷ്ട്ര സമിതി (സിഐഎഫ്എഫ്ടി)യുമായി ബന്ധപ്പെടുത്തി നടത്തുന്ന ഫിലിം-എടി യില്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത് ഓസ്‌കാര്‍ ജേതാക്കളായ ചലച്ചിത്ര പ്രവര്‍ത്തകരും പ്രമുഖ രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയവരും ടൂറിസം, കല, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമാണ്.

Post your comments