Global block

bissplus@gmail.com

Global Menu

മുത്തൂറ്റ് ഫിനാന്‍സ് ത്രൈമാസ അറ്റാദായം 265 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2016 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍  265 കോടി രൂപ അറ്റാദായമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ 165 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വര്‍ധനവാണിത്.  2016 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍ വര്‍ഷത്തെ 671 കോടി രൂപയെ അപേക്ഷിച്ച് 21 ശതമാനം വര്‍ധിച്ച് 810 കോടി രൂപയിലും എത്തിയിട്ടുണ്ട്. 

 ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ 2016 മെയ് മാസത്തില്‍ 13.93 ശതമാനം ഇക്വിറ്റി ഷെയറുകള്‍ സ്വായത്തമാക്കിയ കമ്പനി മറ്റൊരു 5.57 ശതമാനം കൂടി സ്വായത്തമാക്കുന്നതിനുള്ള ധാരണയിലെത്തിയിട്ടുമുണ്ട്.  ചെന്നൈ അടിസ്ഥാനമായി മൈക്രോ ഫിനാന്‍സ് ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്ന ബെല്‍സ്റ്റാറിന് തമിഴ്നാട്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 76 ശാഖകളാണുള്ളത്. 2016 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം 264 കോടി രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പകളാണ് സ്ഥാപനം നല്‍കിയിട്ടുള്ളത്. 

റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കു വിധേയമായി  മറ്റൊരു 11.14 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. 40 കോടി രൂപ ലഭ്യമാക്കാനും കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. ഇതു പൂര്‍ത്തിയാക്കുമ്പോള്‍ കമ്പനിക്ക് ബെല്‍സ്റ്റാറില്‍ 57 ശതമാനം ഓഹരി പങ്കാളിത്തമാകും. 

റഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് കമ്പനി മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡില്‍ 44.91 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. 79 ശതമാനം ഓഹരി വിഹിതം സ്വായത്തമാക്കി ഇതിനെ ഒരു സബ്സിഡിയറിയും ആക്കിയിട്ടുണ്ട്. ഇത് പ്രാഥമികമായി കേരളത്തിലും മഹാരാഷ്ട്രയിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെലവു കുറഞ്ഞ ഭവന നിര്‍മാണ മേഖലയിലാണ് ഈ സ്ഥാപനം പ്രാഥമിക ശ്രദ്ധ ചെലുത്തുന്നത്. 2016 മാര്‍ച്ച് 31 ലെ കണക്കു പ്രകാരം 30 കോടി രൂപയുടെ വായ്പയാണ് നല്‍കിയിട്ടുള്ളത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ത്രൈമാസത്തില്‍ അത്യുല്‍സാഹത്തോടെ നടത്തിയ ശ്രമങ്ങളാണ് ഉയര്‍ന്ന നേട്ടങ്ങളിലേക്കു വഴി തുറന്നതെന്ന് സാമ്പത്തിക ഫലങ്ങളെക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. സെറ്റില്‍മെന്‍റ് സ്ക്കീമുകള്‍ ഒഴിവാക്കിയതും കുടിശികയുള്ള വായ്പാ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ലേലങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്വര്‍ണ വിലയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക ഈടാക്കാനായതും വായ്പാ മേഖലയിലെ ഉയര്‍ച്ചയും ഈ വരുമാന വര്‍ധനയ്ക്ക് വഴിയൊരുക്കി. ഇവയെല്ലാം വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ നികുതിക്കു ശേഷമുള്ള ലാഭം 61 ശതമാനം വര്‍ധനവോടെ 265 കോടി രൂപയിലെത്തിയതായും അദ്ദേഹം പറഞ്ഞു. 

Post your comments