Global block

bissplus@gmail.com

Global Menu

വിഴിഞ്ഞം തുറമുഖത്ത് വമ്പൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖത്ത് വമ്പൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. തുറമുഖത്തിൻ്റെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങൾ കൂടി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് 20,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനിയാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞത്ത് സാൻഫെർഡാണ്ടോ എന്ന മദർഷിപ്പാണ് ആദ്യം എത്തിയത്. ഏകദേശം 2,000 കണ്ടെയ്നറുകളുമായി ആയിരുന്നു ഈ മദർഷിപ്പ് എത്തിയത്. ഇന്ത്യയുടെ നിർമ്മാണ മേഖലയിൽ വിഴിഞ്ഞം പോർട്ടിന് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് കരൺ അദാനി സൂചിപ്പിച്ചു. നിലവിലെ ലോജിസ്റ്റിക്സ് ചെലവുകൾ 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ പോർട്ടിനാകും. തുറമുഖം ഇന്ത്യൻ നിർമ്മാണ മേഖലയിലും മുതൽക്കൂട്ടാകും.

 

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഏകദേശം 8,867 കോടി രൂപ ചെലവിൽ ആണ് അദാനി പോർട്സ് വിഴിഞ്ഞം തുറമുഖം വികസിപ്പിച്ചത്. തുടർ നിക്ഷേപങ്ങൾ പദ്ധതിയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കും. ബാക്കി ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാകുമെന്നാണ് സൂചന.

 

കമ്പനിയുടെ പ്രാഥമിക ശ്രദ്ധ വിപണി വിഹിതത്തിലല്ലെന്നും ചരക്ക് ഗതാഗത രംഗത്തെ ചെലവ് കുറയ്ക്കുന്നതിലാണെന്നും കരൺ അദാനി പറയുന്നു. ഏകദേശം ഒരു പതിറ്റാണ്ടു വേണ്ടി വന്നു തുറമുഖത്തിൻ്റെ ആദ്യ ഘട്ടം നിർമാണം പൂർത്തിയാക്കാൻ. പ്രോജക്റ്റുമായുള്ള യാത്രയിൽ അദാനി നേരിട്ട വെല്ലുവിളികളും കരൺ അദാനി സൂചിപ്പിച്ചു. കടൽ ഭിത്തികളുടെ നിർമാണത്തിനായി ആവശ്യമായ കല്ലുകൾ കണ്ടെത്തുന്നത് വലിയ പ്രയാസമായിരുന്നു. എന്നാൽ തുറമുഖനിർമാണത്തിൻ്റെ അടുത്ത ഘട്ടങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ കല്ലുകളും ഇപ്പോൾ ഞങ്ങളുടെ പക്കലുണ്ട്. കടൽ ഭിത്തി നിർമാണവും ഏകദേശം പൂർത്തിയായി എന്ന് അദാനി സൂചിപ്പിച്ചു. 

 

വിഴിഞ്ഞം തുറമുഖത്തിനുള്ള തന്ത്രപ്രധാനമായ സ്ഥാനം ഇന്ത്യയുടെ സമുദ്രമേഖലയിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമെന്ന നിലയിൽ ഇന്ത്യയുടെ സമുദ്രമേഖലയിൽ വിഴിഞ്ഞം പോർട്ടിന് പ്രധാന സ്ഥാനമുണ്ട്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് 2028-ഓടെ ഷെഡ്യൂളിന് 17 വർഷം മുമ്പ് തന്നെ സമ്പൂർണ തുറമുഖമായി മാറിയേക്കുമെന്നാണ് സൂചന. 2045-ഓടെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അടുത്ത ഘട്ടം 2028 ഓടെ പൂർത്തിയായേക്കും.

 

 

Post your comments