Global block

bissplus@gmail.com

Global Menu

സാൻഫെർണാണ്ടോ വിഴിഞ്ഞം തീരമണഞ്ഞു

വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പിന് ചില പ്രത്യേകതകളുമുണ്ട്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിൻ്റെ കപ്പലാണിത്. 300 മീറ്റർ നീളവും 48 മീറ്റർ വ്യാപ്തിയുമാണ് കപ്പലിനുള്ളത്. രണ്ടായിരത്തിനടുത്ത് കണ്ടെയ്നറുകളുമായാണ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തിയത്. ഇത് പുതു ചരിത്രമാണ്. രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ ടെർമിനൽ ആണ് വിഴഞ്ഞത്തേത് എന്നതും ശ്രദ്ധേയമാണ്. വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് കപ്പൽ എത്തിക്കുന്നത്. സാൻഫെർണാണ്ടോയിൽ നിന്ന് ഇറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിൽ രാജ്യത്തെ മറ്റ് പ്രധാന തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. പ്രത്യേക ക്രെയിനുകളാണ് കണ്ടെയ്നറുകൾ ട്രെയിലറുകളിൽ എത്തിക്കുക. ഇതിന് പ്രത്യേക ട്രാക്കും സംവിധാനങ്ങളുമുണ്ട്.

 

ഒരു നൂറ്റാണ്ടിലേറെ പ്രവ‍ർത്തന പരിചയമുള്ള ഡാനിഷ് ഷിപ്പിംഗ് കമ്പനിയാണ് മെസ്ക്ക്. വിവിധ രാജ്യങ്ങളിലെ ഇടപാടുകാ‍ർക്കും പടുകൂറ്റൻ ചരക്കുകപ്പലുകൾ നി‍ർമിച്ച് കൈമാറുന്ന കമ്പനിയാണിത്. 5110 കോടി ഡോളറാണ് 2023-ലെ കമ്പനിയുടെ വരുമാനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നിൻ്റെ മദർഷിപ്പാണ് വിഴിഞ്ഞം തീരത്തെത്തിച്ചത്. ‌യൂറോപ്പ്, ഗൾഫ് എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് തുറമുഖം. ആഗോള ബങ്കറിംഗ് ഹബായും വിഴിഞ്ഞം തുറമുഖം മാറും. വിഴിഞ്ഞം തുറമുഖത്തിൻ്റെ ആദ്യഘട്ടത്തിൻ്റെ ഔദ്യോഗിക പൂർത്തീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

 

ആവശ്യമായ 32 ക്രെയിനുകളിൽ ഒന്നൊഴികെ എല്ലാം എത്തി. ഓഫീസ് കെട്ടിടവും സുരക്ഷാ ഏരിയയും ഇലക്ട്രിക് ലൈനുകളും എല്ലാം തയ്യാറായിക്കഴിഞ്ഞു. ജ്യത്തെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ ടെർമിനലാണിത് എന്നതാണ് പ്രത്യേകത. കൂടാതെ ഹൈഡ്രജൻ, അമോണിയ തുടങ്ങിയ ഹരിത ഇന്ധനങ്ങൾ വിതരണം ചെയ്യുന്ന ആഗോള ബങ്കറിംഗ് ഹബ് കൂടിയാണിത്. തുറമുഖത്തിൻ്റെ പൂർണമായ വാണിജ്യ പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കും. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028-ൽ പൂർത്തീകരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഹരിത തുറമുഖങ്ങളിൽ ഒന്നായി മാറ്റാനും പദ്ധതിയുണ്ട്.
 

 

Post your comments