Global block

bissplus@gmail.com

Global Menu

വിവിധ വാഹന മോഡലുകൾ തിരിച്ച് വിളിച്ച് ബിഎംഡബ്ല്യു

ബ്രേക്കിംങ് സംവിധാനത്തിലെ പിഴവ് മൂലം ബിഎംഡബ്ല്യു യുഎസിൽ അടുത്തിടെ 79,000-ൽ അധികം വാഹനങ്ങൾ തിരിച്ചു വിളിച്ചിരുന്നു. ബിഎംഡബ്ല്യു എക്സ്1, എക്സ്5, എക്സ്6, എക്സ്7, എക്സ്എം, 530ഐ, 740ഐ, 760ഐ എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്. റോൾസ് റോയ്‌സും സ്‌പെക്‌ട്രെ മോഡലുകൾ തിരിച്ചുവിളിച്ചിരുന്നു.
ബ്രേക്കിംഗ് സംവിധാനത്തിലെ പിഴവിനെ തുട‍ർന്നാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ ബിഎംഡബ്ല്യുവിൻെറ 80,000 മോഡലുകൾ തിരിച്ചുവിളിച്ചത്. സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് ബ്രേക്കിങ് സംവിധാനം പ്രവർത്തിക്കുന്നില്ല എന്നതാണ് പരാതി. ഉയർന്ന അപകടസാധ്യതയുള്ളതിനാലാണ് ബിഎംഡബ്ല്യു ഈ മോഡലുകൾ തിരിച്ചുവിളിച്ചത്.

 

കാറിൻ്റെ ബ്രേക്കിംഗ് സിസ്റ്റത്തിൽ പ്രശ്‌നമുണ്ടെങ്കിൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിക്കും. അപായ സൂചനാ ലൈറ്റോ സന്ദേശമോ പോപ്പ് അപ്പായി ലഭിക്കുമെന്ന് ബിഎംഡബ്ല്യു ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം എമർജൻസി ബ്രേക്കുകൾക്ക് തകരാറില്ലെന്ന് കമ്പനി ഉപഭോക്കാക്കളെ അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എമർജൻസി ബ്രേക്കുകൾ ഓട്ടോമാറ്റിക്കായി സജീവമായിരിക്കും

ബിഎംഡബ്ല്യു എക്സ്7ൻെറ 29,578 യൂണിറ്റുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. എക്സ് 1ൻെറ 14,679 യൂണിറ്റുകളും എക്സ്5ൻെറ, 20,401 യൂണിറ്റുകളുമാണ് തിരികെ വിളിക്കുന്നത്. ഈ വാഹന മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ബിഎംഡബ്ല്യുവുമായി ബന്ധപ്പെടാം. ഇന്ത്യയിൽ ഈ കാറുകൾ തിരികെ വിളിക്കുന്നതായി മുന്നറിയിപ്പില്ല. പ്രശ്നം പരിഹരിക്കാൻ ഡീലർമാർ ബ്രേക്കിംഗ് സംവിധാനം പൂർണമായും മാറ്റിസ്ഥാപിക്കും. ഉപഭോക്താക്കൾക്ക് അറ്റകുറ്റപ്പണികൾ സൗജന്യമാണ്. തകരാർ മൂലം ആൻ്റി ലോക്ക് സിസ്റ്റങ്ങളും വാഹനത്തിൻെറ സ്റ്റെബിലിറ്റിയും നഷ്ടമായേക്കാം എന്നും മുന്നറിയിപ്പുള്ളതിനാൽ ഈ മോഡലുകൾ ഉപയോഗിക്കുന്നവ‍ർക്ക് ഡീലർമാരുമായോ കമ്പനിയുടെ കസ്റ്റമർ കെയർ വിഭാഗവുമായോ ബന്ധപ്പെടാം. സുരക്ഷാ തകരാറുകൾ പരിഹരിക്കുന്നതിനായി ഇപ്പോൾ വിവിധ വാഹന നിർമ്മാതാക്കൾ ഓരോ വർഷവും ദശലക്ഷക്കണക്കിന് കാറുകൾ തിരിച്ചുവിളിക്കുന്നുണ്ട്.

Post your comments