Global block

bissplus@gmail.com

Global Menu

പേയ്‌മെൻ്റ് നയം പാലിച്ചില്ലാ ; ആപ്പുകളെ പുറത്താക്കി ഗൂഗിൾ

 

പ്രശസ്തമായ 10 ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയതോടെ കുറേക്കാലമായി ഗൂഗിളും സ്റ്റാര്‍ട്ടപ്പ് കമ്പനികളും തമ്മില്‍ ആരംഭിച്ച യുദ്ധം പുതിയ തലത്തിലെത്തി. ശാദി ഡോട്ട് കോം, നൗകരി, 99 ഏക്കേഴ്സ്, ഭാരത് മാട്രിമോണി തുടങ്ങിയ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടത്.

തങ്ങളുടെ ബില്ലിങ് സിസ്റ്റം ഉപയോഗിക്കാത്ത ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന്  ഗൂഗിള്‍ നോട്ടീസ് അയച്ചുതുടങ്ങിയെന്ന് ഭാരത് മാട്രിമോണി സ്ഥാപകന്‍ വെളിപ്പെടുത്തിയിട്ട് ഒരാഴ്ച പോലും ആയില്ല. അതിനിടയിലാണ് ഗൂഗിളിന്റെ സർജിക്കൽ സ്ട്രൈക്ക്. ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുന്നത് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ(സിസിഐ) ഉത്തരവിന് വിരുദ്ധമാണ് എന്ന് ആരോപിച്ച് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായതിനിടയിലാണ് പുതിയ നടപടി.

ആപ്പുകളുടെ ഉപയോക്താക്കള്‍ നടത്തുന്ന പേയ്‌മെന്റിന്റെ കൂടുതല്‍ വിഹിതം കമ്മീഷനായി നേടിയെടുക്കാന്‍ ഗുഗിള്‍ ശ്രമിച്ചുതുടങ്ങിയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. പേയ്‌മെന്റ് നടത്താനായി ഉപയോഗിക്കുന്ന പേയ്‌മെന്റ് സിസ്റ്റം ഗൂഗിളിന്റേത് മാത്രമാക്കി മാറ്റി മറ്റു പേയ്‌മെന്റ് സിസ്റ്റംസ് ഒഴിവാക്കാനാണ് ഗുഗിള്‍ ശ്രമിച്ചത്. ഇതോടെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് (സിസിഐ)പരാതി നല്‍കി. 

തങ്ങളുടെ ബില്ലിങ് പോളിസി നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ പ്ലേ സ്റ്റോര്‍ ഇക്കോസിസ്റ്റത്തില്‍ ഗൂഗിള്‍ തങ്ങളുടെ കുത്തക സ്വാധീനം ദുരുപയോഗം ചെയ്യുകയാണ് എന്ന് കണ്ടെത്തി ഒക്ടോബര്‍ 2022 ല്‍ സിസിഐ 936.44 കോടി രൂപ പിഴ ചുമത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പുകൾ തേര്‍ഡ് പാര്‍ട്ടി ബില്ലിങ്, പേയ്‌മെന്റ് പ്രോസസിങ് സര്‍വീസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കരുതെന്ന കര്‍ശന നിര്‍ദേശവും സിസിഐ ഗുഗിളിന് നല്‍കിയിരുന്നു. എന്നാല്‍ ഈ വിധിയെ മറികടക്കാന്‍ ഗുഗിള്‍ പുതിയ ബദല്‍ ബില്ലിങ് സിസ്റ്റവും യൂസര്‍ ചോയ്‌സ് ബില്ലിങും  കൊണ്ടുവന്നു എന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ആരോപിക്കുന്നത്.

ഇത് പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ തേര്‍ഡ് പാര്‍ട്ടി ബില്ലിങ് സിസ്റ്റം ഉപയോഗിച്ചാലും ഗൂഗിളിന് സര്‍വീസ് ചാര്‍ജ് നല്‍കണം. ഇന്‍ ആപ് പര്‍ച്ചേസ്, സബ്‌സ്‌ക്രിപ്ഷന്‍, വാര്‍ഷിക വരുമാനം തുടങ്ങിയവയില്‍ അധിക ഫീസ് നല്‍കേണ്ടിവരും. 2023 ജനുവരിയിലാണ് ഗൂഗിള്‍ പുതിയ യൂസര്‍ ചോയ്‌സ് ബില്ലിങ് പോളിസി അവതരിപ്പിച്ചത്. അതുപ്രകാരം ആപ് ഡെവലപ്പേഴ്‌സ് തേര്‍ഡ് പാര്‍ട്ടി ബില്ലിങ് സിസ്റ്റത്തിനൊപ്പം ഗൂഗിള്‍ ബില്ലിങ് സിസ്റ്റവും ആപ്പുകളില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യണം. തേര്‍ഡ് പാര്‍ട്ടി ബില്ലിങ് സിസ്റ്റത്തിലൂടെയാണ്  ആപ്പ് യൂസേഴ്‌സ് പേയ്‌മെന്റ് നടത്തുന്നതെങ്കില്‍ ആപ് ഡെവലപ്പേഴ്‌സ് 11 മുതൽ 26 ശതമാനം വരെ കമ്മീഷന്‍ ഗൂഗിളിന് നല്‍കണം. ഗൂഗിള്‍ ബില്ലിങ് സിസ്റ്റം ആണ് ഉപയോഗിക്കന്നതെങ്കില്‍ 15-30 ശതമാനം കമ്മീഷന്‍ നല്‍കണം. അതായത് ഡെവലപ്പേഴ്‌സിന് തേര്‍ഡ് പാര്‍ട്ടി ബില്ലിങ് സിസ്റ്റം മാത്രമായി ഉപയോഗിക്കാന്‍ കഴിയില്ല. 

സിസിഐയുടെ വിധി വന്നതിനെ തുടര്‍ന്ന് ഗൂഗിളിന്റെ പുതിയ ബില്ലിങ് പോളിസിയെ ചോദ്യം ചെയ്ത് ഭാരത് മാട്രിമോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കോടതി പുതിയ ബില്ലിങ് പോളിസി സ്വീകരിച്ചില്ലെങ്കിലും ഭാരത് മാട്രിമോണിയെ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് നല്‍കി. അതോടെ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ കേസില്‍ കക്ഷി ചേര്‍ന്നു. ഭാരത് മാട്രിമോണിക്ക് നല്‍കിയ ഇടക്കാല ഉത്തരവ് മദ്രാസ് ഹൈക്കോടതി ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കി. പക്ഷേ നാല് ശതമാനം കമ്മീഷന്‍ ഗൂഗിളിന് നല്‍കണം എന്നും നിര്‍ദേശിച്ചു. പിന്നീട് സ്റ്റാര്‍ട്ടപ്പുകളുടെ ഹര്‍ജി കോടതി തള്ളി. ഈ കേസ് സിസിഐ, ആര്‍ബിഐ എന്നിവയുടെ പരിധിയില്‍ വരുന്നതാണ് എന്ന് പറഞ്ഞാണ് മദ്രാസ് ഹൈക്കോടതി കേസ് തള്ളിയത്. ഇതോടെ തങ്ങളുടെ ബില്ലിങ് സിസ്റ്റം ഉപയോഗിക്കാത്ത ആപുകളെ  ഗൂഗിളിന് പ്ലേ സ്റ്റോറില്‍ നിന്ന് ഡിലീറ്റ് ചെയ്യാം എന്ന നില നില വന്നു. ഇതനുസരിച്ചുള്ള  നോട്ടീസ് ഗൂഗിള്‍ നല്‍കിത്തുടങ്ങി. ഇതോടെ ഗൂഗിള്‍ പേയ്‌മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍  സ്റ്റാർട്ടപ്പുകള്‍ നിര്‍ബന്ധിതരാകും. ഇതാകട്ടെ അവരുടെ വരുമാനത്തില്‍ കൂടുതല്‍ ചോര്‍ച്ച ഉണ്ടാക്കും എന്നാണ് ആരോപണം.

Post your comments