Global block

bissplus@gmail.com

Global Menu

"വിദ്യാഭ്യാസസംവിധാനം കുറ്റമറ്റതും മികച്ചതും കാലോചിതവുമാക്കണം"-പ്രമോദ് പിളള , പ്രിൻസിപ്പൽ ലെകോൾ ചെമ്പക സ്‌കൂൾ

രണ്ടരപ്പതിറ്റാണ്ടിലേറെ കാലത്തെ പരിചയസമ്പന്നത. ദേശീയ-രാജ്യാന്തര വിദ്യാഭ്യാസ പ്രൊജക്ടുകളുടെ ഭാഗമായി പ്രവർത്തിച്ച വിദ്യാഭ്യാസ വിദഗ്ദ്ധൻ.സ്‌കൂൾ-ഡിഗ്രി തല വിദ്യാഭ്യാസം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം അഹമ്മദാബാദിൽ മാസ്റ്റേഴ്‌സ് പൂർത്തിയാക്കി . 1998ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 15 വർഷത്തോളം ഗുജറാത്തിൽ സ്‌കൂൾ ഹെഡ്, എഡ്യുക്കേഷണൽ പ്രോഗ്രാം മാനേജർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ച ശേഷം പിന്നീട് 5 വർഷം യുകെയിൽ.   റീച്ച് ടു ടീച്ച് എന്ന രാജ്യാന്തരപ്രൊജക്ടിന്റെ ഭാഗമായിട്ടാണ് അദ്ദേഹം യുകെയിലെത്തിയത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായ സമയത്ത് കൊണ്ടുവന്ന പ്രാഥമിക വിദ്യാലയങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്താനുളള പ്രൊജക്ടിന്റെ ഭാഗമായി. യുകെ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ജോലിചെയ്യാനായത് വലിയ അനുഭവസമ്പത്തേകിയെന്ന് പ്രമോദ് പിളള പറയുന്നു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പഞ്ചാബിൽ ഹാർവെസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിന്റെ ഹെഡായി. അതുകഴിഞ്ഞ് ഹൈദരാബാദിൽ. പിന്നീട് ജന്മനാട്ടിലേക്ക് മടങ്ങിയെത്തി-24 വർഷങ്ങൾക്കുശേഷമുളള മടക്കവും സംസ്ഥാനത്തെ മികച്ച സ്‌കൂൾ ശൃംഖലയുടെ അമരക്കാരനായി തന്നെയെന്നതും നിയോഗം. പ്രമോദ് പിളളയുമായി ബിസിനസ് പ്ലസ് നടത്തിയ അഭിമുഖത്തിൽ നിന്ന്.....

 

മറ്റ് നാടുകളിലെയും നമ്മുടെ നാട്ടിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തമ്മിലുളള വ്യത്യാസം?
ആ ഒരു വ്യത്യാസം ഏറ്റവും കൂടുതൽ മനസ്സിലായത് യുകെയിലെ പ്രൊജക്ട് കാലയളവിലാണ്. നാം ഇന്ത്യയിൽ ഇന്നു കാണുന്ന വിദ്യാാഭ്യാസരീതി ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണെങ്കിലും അവർ അത് നിരന്തര പഠനഗവേഷണങ്ങളിലൂടെ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ മൂന്നുവർഷം കൂടുമ്പോഴും കുട്ടികളുടെ 25 വർഷത്തിനപ്പുറമുളള ഭാവി മുന്നിൽ കണ്ട് അവർ കരിക്കുലം മാറ്റുന്നു. നമ്മുടെ നാട്ടിലാകട്ടെ 1985ൽ കരിക്കലും മാറ്റിയതിനുശേഷം പിന്നീട് 2020ലാണ് അതുണ്ടായത്. ശരിയാണ് തുടക്കകാലത്ത് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നിരവധി വെല്ലുവിളികളുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്തുവന്ന ലിബറലൈസേഷൻ നയങ്ങളുടെ ഭാഗമായി വലിയ മാറ്റമുണ്ടായി. എന്നാൽ അതിന്റെ ഗുണഫലങ്ങൾ വിദ്യാഭ്യാസരംഗത്ത് പ്രതിഫലിക്കുന്നില്ല. വികസിത രാഷ്ട്രംഎന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കണമെങ്കിൽ അതിന്റെ ആദ്യമൂലക്കല്ല് വിദ്യാഭ്യാസസംവിധാനം കുറ്റമറ്റതും മികച്ചതും കാലോചിതവുമാക്ക ുക എന്നതാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസരംഗത്ത് എത്രത്തോളം മികച്ചുനിൽക്കുന്നു?
1994 മുതൽക്കുളള സർക്കാരുകളുടെ പ്രവർത്തനഫലമായി കേരളത്തിന്റെ വിദ്യാഭ്യാസമേഖല വളരെ മുന്നോട്ടുപോയി. ഗുജറാത്തിലെയൊക്കെ ഗ്രാമപ്രദേശങ്ങളിൽ നിരവധി വർഷം പ്രവർത്തിച്ചിട്ടുണ്ട്. അവിടത്തെയൊക്കെ സ്ഥിതിയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം ബഹുദൂരം മുന്നേറിക്കഴിഞ്ഞു. മികച്ച വിദ്യാഭ്യാസമുളളവരെല്ലാം കൂടുതലും അധ്യാപകജോലി തിരഞ്ഞെടുക്കുന്നത് ഒരു കാലത്ത് കേരളത്തിലെ ട്രെൻഡായിരുന്നു. അതുകൊണ്ടുതന്നെ അത്തരത്തിലുളള മാനവികവിഭവശേഷി കേരളത്തെ സംബന്ധിച്ച് ഒരേ സമയം അനുഗ്രഹവും വെല്ലുവിളിയുമായി. മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡ് ഉണ്ടായിട്ടും ഇവിടെ ജോലി ലഭിക്കാതെ മറ്റിടങ്ങളിലേക്ക് പോകേണ്ടിവന്നവരേറെയാണ്. ഉത്തരേന്ത്യയിലൊക്കെ കേരളത്തിൽ നിന്നുളള അധ്യാപകർക്ക് സാധ്യത ഏറെയാണ്. 
ഈ രംഗത്തേ ഇത്രയും വർഷത്തെ അനുഭവം നൽകിയ പാഠം?
നിരവധി പ്രമുഖരായ വിദ്യാഭ്യാസവിചക്ഷണന്മാർക്കൊപ്പം പ്രവർത്തിക്കാനായി എന്നതാണ് വലിയ കാര്യം. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുളള കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണം എന്ന് മനസ്സിലായി.  മാന്തോട്ടത്തിൽ പണിയെടുക്കുന്ന കർഷകരെ ഉദാഹരണമായെടുക്കാം. മൂന്ന് വർഷം മാവുകൾ വളരുന്നു..നാലാം വർഷം മുതൽ പൂവിടുന്നു. എന്നാൽ ചില മാവുകൾ രണ്ടാം വർഷമൊക്കെ പൂവിടും. പക്ഷേ കർഷകർ ആ പൂങ്കുലകൾ ഒടിച്ചുകളയും.കാരണമെന്തെന്നാൽ മൂന്ന് വർഷം നന്നായി വളർന്നശേഷം ഫലംതന്നാൽ മതി എന്നതാണ് കർഷകനയം. രണ്ടാം വർഷം തന്നെ ഫലം തന്നാൽ അത് അതിന്റെ ശരിയായ വളർച്ചയെ ബാധിക്കും. കുട്ടികളും അങ്ങനെ തന്നെയാണ്. ആദ്യം അവരുടെ വളർച്ച ശരിയാകണം. അതായത് രണ്ടുവയസ്സായ കുട്ടി ഒരു ദിവസം ആയിരം സംശയം ചോദിക്കും. രക്ഷിതാക്കൾക്ക് ചിലപ്പോൾ ദേഷ്യവും വരാം. എന്നാൽ ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യന്റെ ന്യൂറോളജി പ്രകാരം ജിജ്ഞാസ കൂടുതലാണ്. പക്ഷേ, കെജി ക്ലാസുകളിൽ ചേർന്നുകഴിഞ്ഞാൽ രണ്ടോ മൂന്നോ വർഷം കൊണ്ട് കുട്ടികളെ സംശയം ചോദിക്കാൻ മടിയുളളവരായി നാം മാറ്റുന്നു. പഠിക്കാനിഷ്ടമില്ല, സ്‌കൂളിൽ വരാനിഷ്ടമല്ല..അങ്ങനെയാക്കി മാറ്റുന്നു. അതാണ് നാം ചെയ്യുന്ന വലിയ മണ്ടത്തരം. അതായത് പഠിക്കുക, അറിവുനേടുക എന്ന പ്രകൃത്യാലുളള പ്രതിഭാസത്തെ യാന്ത്രികമാക്കി മടുപ്പുളവാക്കുന്നതാക്കി നാം മാറ്റുന്നു. വ്യവസായ വിപ്ലവകാലത്ത് ക്ലറിക്കൽ ജോലിക്കാരെ കൂടുതൽ ആവശ്യമായി വന്നപ്പോൾ കൊണ്ടുവന്ന വിദ്യാഭ്യാസസമ്പ്രദായം നാം  തുടർന്നതുകൊണ്ടാണ് ഇത്തരം അബദ്ധം പിണയുന്നത്. ലോകത്തെല്ലായിടത്തും ആ സംവിധാനം മാറിയിട്ടും നമ്മൾ മാറിയില്ല. യഥാർത്ഥത്തിൽ 14 വയസ്സുവരെ കുട്ടികളെ എല്ലാരീതിയിലും പരിപോഷിപ്പിക്കണം 
ചെമ്പകയുടെ രീതി?
ചെമ്പകയിലതാണ് ചെയ്യുന്നത്. എട്ടാം ക്ലാസ് വരെ കുട്ടികളെ മികച്ച രീതിയിൽ പരിശീലിപ്പിക്കുന്നു. ഇതൊരു ഫൈവ്സ്റ്റാർ സ്‌കൂളല്ല. പക്ഷേ, ഇവിടെ വരുന്ന ഓരോ കുട്ടിക്കും ഓരോ സ്‌കൂൾ ദിനവും ആഘോഷത്തിന്റേതാണ്. കുട്ടികളും അധ്യാപകരും തമ്മിലുളള ബന്ധം മികച്ചതാണ്. 9-12 വരെയുളള ക്ലാസുകളിൽ ഒരു ഫിനിഷിംഗ് സ്‌കൂളിന്റേതുപോലുളള പ്രത്യേക പഠനരിതിയാണുളളത്. ഒരു വലിയ ആൽവൃക്ഷമുണ്ടാകുന്നത് ചെറിയ വിത്തിൽ നിന്നാണ്. അതുപോലെയാണ് ഒരു കുട്ടിയും. അമിതമായ സമ്മർദ്ദം ചെലുത്താതെ അവന് വളരാനുളള സാഹചര്യം ഒരുക്കിനൽകുക. അതിന് സമയം വേണം. ക്ഷമയും വേണം. കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യരുത്. ചെമ്പകയുടെ സ്ഥാപകർ അത്തരമൊരു സംസ്‌കാരം ആദ്യമേ തന്നെ വളർത്തിയെടുത്തിട്ടുണ്ട്. 
പൊതുവിദ്യാഭ്യാസം കൊണ്ട് പ്രധാനമായും നാലു കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. പഠിച്ചുകഴിഞ്ഞാൽ ജോലിസമ്പാദിക്കാനാകണം അതുവഴി സാമ്പത്തികസുസ്ഥിരതയുണ്ടാകണം, സമൂഹവുമായി ഇണങ്ങിജീവിക്കാനുളള കഴിവുണ്ടാകണം, മറ്റൊന്ന് നമ്മുടെ സംസ്‌കാരത്തെ മാനിക്കുന്നതുപോലെ മറ്റുളളവരുടെ സംസ്‌കാരത്തെയും അംഗീകരിക്കാനുളള കഴിവ് സമ്പാദിക്കണം, കാഴ്ചപ്പാട് വളർത്തിയെടുക്കണം. ചെമ്പകയിൽ അക്കാഡമിക് മികവിനൊപ്പം സാമൂഹികജീവിയെന്ന നിലയിലുളള കഴിവുകൾ വികസിപ്പിക്കാനും പ്രധാന്യം നൽകുന്നു. 3 വയസ്സുമുതൽ 18 വയസ്സുവരെയുളളവർക്ക് സോഷ്യൽ സ്‌കിൽസ് വികസിപ്പി ക്കുന്നതിനായി സമാന്തര കരിക്കുലം ഉണ്ട്. നമ്മുടേത് ഒരു ഇന്റഗ്രേറ്റഡ് കരിക്കുലമാണ്. 3വയസ്സുമതുൽ 5 വയസ്സുവരെയുളള കുട്ടികൾക്ക് 12 മാസം കൊണ്ട് 12 സ്‌കിൽസ് വികസിപ്പിക്കുന്ന കരിക്കുലം ഉണ്ട്. ഹൗ ടു ബി എ ഗുഡ് സിറ്റിസൺ, ഹൗ ടു ബി എ ഗുഡ് ഫ്രണ്ട്, ലിസണിംഗ് ആസ് എ ക്വാളിറ്റി,ഹോൾ ബോഡി ലിസണിങ്. നമ്മുടെ നാലോ അഞ്ചോ വയസ്സായ കുട്ടിയോട് ഹോൾ ബോഡി ലിസണിങ് എന്താണെന്നു ചോദിച്ചാൽ അവർ പറയും കൈയും കാലും ശാന്തമായിരിക്കും, സംസാരിക്കുന്നയാളുടെ കണ്ണിലേക്ക് നോക്കിയിരുന്ന് നിശബ്ദരായി ദയാവായ്പുളള ഹൃദയത്തോടെയും യുക്തിയോടെയും ശ്രദ്ധിക്കും എന്ന്. 
ക്വാളിറ്റി എഡ്യുക്കേഷനുശേഷം പുതുതലമുറ തങ്ങളുടെ കാര്യം മാത്രം പരിഗണിക്കുന്നവരായി മാറുന്നു എന്ന ധാരണ ശക്തമാണ്. എല്ലാവരും വിദേശത്ത് സെറ്റിൽ ചെയ്യാനാണ് ആഗ്രഹിക്കുന്നത്്. അതെപ്പറ്റി പറയാമോ?
നമ്മുടെ രാജ്യത്തെ ജനസംഖ്യയെ കുറിച്ചറിയാമല്ലോ. ഇത്രയും ജനസംഖ്യയുളള  രാജ്യത്തുനിന്ന് 25% പേർ വിദേശത്തേക്ക് പോയെന്നു കരുതി ഒന്നും സംഭവിക്കില്ല. മറിച്ച് വിദേശനാണ്യം വരികയേ ഉളളൂ. ഗ്ലോബൽ ഇംപാക്ട് വർദ്ധിക്കും. മികച്ച അവസരങ്ങൾ ലഭിക്കും. ഇന്ത്യൻ വംശജർ പല വിദേശരാജ്യങ്ങളുടെ അധികാരസ്ഥാനത്തും മികച്ച പദവികളിലുമുണ്ട്. അതൊക്കെ നമുക്ക് നേട്ടമാണ്. ഇന്ത്യ സോഫ്റ്റ് പവറുളള രാജ്യമാണ്.വസുധൈവ കുടുംബകം എന്നതിലൂന്നി എല്ലാവരെയും അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ.  അമേരിക്കയെ പോലെ ഹാർഡ് പവറിന്റേതല്ല.  
കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുകയാണല്ലോ?
തീർച്ചയായും കേരളത്തിൽ അങ്ങനെയൊരു പ്രവണതയുണ്ട്. അത് ഇവിടെ വ്യവസായങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായതുകൊണ്ടാണ്. വിദ്യാസമ്പന്നർ കൂടുതലും അവസരങ്ങൾ കുറവുമാകുമ്പോൾ ആളുകൾ മറ്റിടങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്നത് സ്വാഭാവികമാണ്. പരിസ്ഥിതി ദുർബലമേഖലകളും മറ്റുമുളള സംസ്ഥാനമായതിനാൽ ഖനനംപോലുളളവയ്ക്ക് ഇവിടെ പരിമിതികളുണ്ട്. അപ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ ഐടി, ടൂറിസം സെക്ടറുകളിൽ സൃഷ്ടിക്കപ്പെടണം. നല്ല ഇൻഫ്രാസ്ട്രക്ചറുണ്ടെങ്കിൽ ആളുകൾ മടങ്ങിയെത്തും. 
പേരന്റിംഗിനെ പറ്റി പറയാമോ?
പേരന്റിംഗിനെ സംബന്ധിച്ച് നാലുകാര്യങ്ങളാണ് പറയാനുളളത്. ഇന്നുവരെ ലോകത്തിലാരും ഇതുവരെ എന്താണ് ബെസ്റ്റ് പേരന്റിംഗ് എന്നത് കണ്ടെത്തിയിട്ടില്ല.കുട്ടികൾ നമ്മുടെ സ്വത്താണ്. അല്ലാതെ നമ്മൾ അവരുടെ ഉടമകളല്ല. അവരെ മനസ്സിലാക്കി താല്പര്യങ്ങൾ മനസ്സിലാക്കി നല്ല സുഹൃത്തായിരുന്ന് അവർക്ക് വഴികാട്ടണം. ഞാൻ എല്ലാ രക്ഷിതാക്കളോടും പറയാറുളള മറ്റൊരു കാര്യം ഇതൊരു 20 വർഷ പ്രൊജക്ടാണ്.ഒരു കുട്ടി ജനിക്കുന്നതുമുതൽ ഇരുപത് വർഷക്കാലം അവരെ നാം വളർത്തുകയല്ല. ഒരു രക്ഷിതാവ് എന്ന നിലയിൽ നാം വളരുകയാണ് ചെയ്യുന്നത്. ഇരുപത് വർഷം കൊണ്ട് ഒരു കുട്ടി ഇൻഡിപെൻഡന്റ് ആകണം. സാമ്പത്തികമായി അവന് സ്വന്തം നിലയിൽ നിൽക്കാനാകണം. 20-22 വർഷം കൊണ്ട് അതിന് കഴിഞ്ഞില്ലെങ്കിൽ അതൊരു ആജീവനാന്ത പ്രൊജക്ട് ആയി മാറും. രക്ഷിതാക്കളുടെ അവസ്ഥ തിരിച്ചറിഞ്ഞാണ് കുട്ടികൾ വളരേണ്ടത്. മറ്റൊരു കാര്യം എല്ലാവരും ഡോക്ടർമാരും എൻജിനീയർമാരും ആകേണ്ട കാര്യമില്ല. ഓരോ കുട്ടികളുടെയും പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞ് അവരെ വളർത്തുക. അല്ലാതെ നമ്മുടെ താല്പര്യം അവരിൽ അടിച്ചേല്പിക്കരുത്. ഒരു ഉദാഹരണം പറയാം. ഞാൻ ഹൈദരാബാദിലെ ഇന്റർനാഷണൽ സ്‌കൂളിൽ ജോലിചെയ്യുമ്പോൾ അവിടെ 250 അധ്യാപകരുണ്ടായിരുന്നു. അതിൽ 89 അധ്യാപികമാർ ബിടെക്ക് കഴിഞ്ഞ ശേഷം പ്രൈമറി എഡ്യുക്കേഷൻ കോഴ്‌സ് ചെയ്ത് അധ്യാപകവൃത്തിയിലേക്ക് എത്തിയവരാണ്. നാലഞ്ചുവർഷം വെറുതെ കളഞ്ഞു. അതൊക്കെ സാമൂഹിക സമ്മർദ്ദത്തിന്റെ ഭാഗമായാണ് സംഭവിച്ചത്. 
ഇത്തരം കാര്യങ്ങൾ സ്‌കൂളുകളിൽ പറഞ്ഞുകൊടുക്കുന്നുണ്ടോ?
യഥാർത്ഥത്തിൽ സ്‌കൂളുകൾ സമൂഹത്തിന്റെ പരിച്ഛേദമാകണം. എന്നാൽ മിക്ക വിദ്യാലയങ്ങളിലും അങ്ങനെയല്ല. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് കുട്ടികളെ ചില നിശ്ചിതട്രാക്കുകളിലൂടെ കൊണ്ടുപോകുകയാണ്. അതല്ല വേണ്ടത്. ഒന്നാം ക്ലാസ് മുതൽ മെഡിക്കൽ , എൻജിനീയറിംഗ് ഓറിയന്റഡ് സ്റ്റഡി പാറ്റേൺ എന്നു പറഞ്ഞാൽ ഹൈദരാബാദിൽ പിറ്റേന്ന് 2000 പേർ അഡ്മിഷനെടുക്കും. ഫാഷൻ ഡിസൈറാണകണമെന്ന് ആഗ്രഹിക്കുന്ന കുട്ടിയെ ഡോക്ടറാക്കിയിട്ട് കാര്യമുണ്ടോ. അങ്ങനെ ചെയ്യുന്നത് വലിയ വഞ്ചനയാണ്. 9-10 ആകുമ്പോൾ കുട്ടികൾക്ക് സ്വയം അവരുടെ പാത തീരുമാനിക്കാനാകണം. ആ രീതിയിലാണ് അവരെ വളർത്തിക്കൊണ്ടുവരേണ്ടത്. ചെമ്പകയിൽ കുട്ടികളെ ചേർക്കുന്നത് തന്റെ കുട്ടിക്ക് അമിത സമ്മർദ്ദം വേണ്ട എന്നു തീരുമാനിച്ച രക്ഷിതാക്കളാണ്. ഇവിടെ കുട്ടികളെ അവരായി വളരാൻ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ ചെമ്പകയിൽ അഡ്മിഷൻ തേടി എത്തുന്നവരിലധികവും മൗത്ത് പബ്ലിസിറ്റിയിലൂടെ എത്തുന്നവരാണ്. പലപ്പോഴും വരുന്നവർക്കെല്ലാം അഡ്മിഷൻ കൊടുക്കാനുമാവുന്നില്ല. അത്രയധികം പേരാണ് വരുന്നത്. അഡ്മിഷൻ ക്ലോസ് ചെയ്യുകയാണ് ചെയ്യുന്നത്. 
സന്ദേശം
മാതാപിതാക്കളോട് പറയാനുളളത് ഒരു കുട്ടി ജനിക്കുമ്പോൾ ആദ്യം വേണ്ടത് ഫ്‌ളറിഷ് ചെയ്യാനുളള കുടുംബ-സാമൂഹ്യ ചുറ്റുപാടുകളാണ്. ഭാവിയിൽ ആരാകണം എന്നത്് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. ഒരു ചെടിയുടെ കാര്യമെടുത്താൽ അതിന് വെളളവും വളവും കൃത്യമായി നൽകിയാൽ സമയത്ത് അത് ഫലം തന്നോളും. അതുപോലെയാണ് കുട്ടികളും. അവരെ നല്ല മനുഷ്യജീവിയായി വളർത്തിയെടുക്കുകയാണ് വേണ്ടത്. അപ്പോൾ അവർ എന്താകണോ അത് ആയിക്കൊളളും. സ്‌കൂളിലായാലും മെക്കാനിക്കൽ സ്‌കൂളിംഗിൽ നിന്ന് ഓർഗാനിക് സ്‌കൂളിംഗിലേക്ക് മാറണം. അപ്പോൾ നമ്മുടെ സമീപനം മാറും. നമ്മുടെ സംസ്ഥാനവും മാറും.

Post your comments