Global block

bissplus@gmail.com

Global Menu

ചെമ്പകയുടെ മൂന്ന് തത്വങ്ങൾ ഭാവിലേക്കുളള പടവുകൾ

 

അനന്തപുരിയിൽ ആരംഭിച്ച് രാജ്യാന്തരതലത്തിൽ ശ്രദ്ധയാർജ്ജിച്ച വിദ്യാലയ ശൃംഖലയാണ് ലെകോൾ ചെമ്പക ഗ്രൂപ്പ് ഓഫ് സ്‌കൂൾസ്. കുട്ടികൾ യാന്ത്രികമായല്ല വളരേണ്ടതെന്നും അവർ മാനുഷിക-സാമൂഹിക മൂല്യങ്ങളറിഞ്ഞ് വളരേണ്ടതുണ്ടെന്നുമുളള ബോധ്യത്തിലാണ് ചെമ്പകയുടെ കരിക്കുലവും സംവിധാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അക്കാഡമിക് മികവിനൊപ്പം കുട്ടികളെ മികച്ച സമൂഹജീവികളായി ഉയർത്താനുളള പഠനപഠനേതരപ്രവർത്തനങ്ങളാണ് ചെമ്പകയുടെ പ്രത്യേകതയെന്ന് സ്‌കൂൾ ഡയറക്ടർ ഷീജ.എൻ പറയുന്നു. ഷീജ ബിസിനസ് പ്ലസിനോട് ചെമ്പകയുടെ തനത് വിദ്യാഭ്യാസവഴിയെക്കുറിച്ച് വിശകലനം ചെയ്യുന്നു

 

ചെമ്പക മുന്നോട്ടുവയ്ക്കുന്ന തത്വങ്ങളെ കുറിച്ച് വിശദീകരിക്കാമോ?
ചെമ്പക സ്‌കൂൾ മുഖ്യമായും അടിയുറച്ചുനിൽക്കുന്നത് ഓരോ കുട്ടിയുടെയും മികവ് പുറത്തുകൊണ്ടുവരിക എന്നതിലാണ്.ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതിനെ മാനിച്ചുകൊണ്ട് അവരുടെ മികച്ച പ്രകടനം പുറത്തെടുപ്പിക്കുകയാണ് ചെമ്പക സ്‌കൂൾ ലക്ഷ്യമിടുന്നത്. ചില കുട്ടികൾക്ക് ആർട്ടിലായിരിക്കും താല്പര്യം.മറ്റൊരു കുട്ടിക്ക് സ്‌പോർട്‌സിലായിരിക്കും.അവർക്ക് അവരുടെ താത്പര്യങ്ങൾ വളർത്തുന്നതിനൊപ്പം അവരുടേതായ രീതിയിൽ അക്കാദമിക് മികവും മുന്നോട്ടുകൊണ്ടുപോകുന്നതിന്  ലെകോൾ ചെമ്പക പ്രാധാന്യം നൽകുന്നു. കുട്ടികളുടെ വ്യക്തിത്വത്തെ മാനിക്കുക എന്നതാണ് ആദ്യത്തെ പ്രിൻസിപ്പിൾ. രണ്ടാമത്തെ പ്രിൻസിപ്പിൾ കുട്ടികളുമായി ഒരു പോസിറ്റീവ് റിലേഷൻ വികസിപ്പിക്കുക എന്നതാണ്. കുട്ടികൾ ആദ്യമായി സ്‌കൂളിലേക്ക് വരുമ്പോൾ അവർക്ക്  മികച്ച പഠനാന്തരീക്ഷം  ലഭിക്കണമെങ്കിൽ അധ്യാപക-വിദ്യാർത്ഥി ബന്ധം പോസിറ്റീവായിരിക്കണം. ആ ബന്ധം ശക്തമായില്ലെങ്കിൽ വിദ്യാഭ്യാസം കുട്ടികളിൽ എത്തിക്കാൻ ബുദ്ധിമുട്ടാവും. പഠിപ്പിക്കൽ അഥവാ ടീച്ചിംഗ് എന്നത് ഈ കാലത്ത് ശരിയാവില്ല. നമുക്കാരെയും പഠിപ്പിക്കാനാവില്ല. അധ്യാപിക ക്ലാസിൽ പോയി എത്രനന്നായി പഠിപ്പിച്ചു എന്നതിലല്ല കുട്ടികൾ എത്രമാത്രം മനസ്സിലാക്കുന്നു എന്നതിലാണ് കാര്യം. ടീച്ചിംഗ് അല്ല  ലേണിംങ് ആണ് ഈ കാലത്ത് അനുയോജ്യമായിട്ടുളളത്. അതിന് അധ്യാപക-വിദ്യാർത്ഥി ബന്ധം മികച്ചതായിരിക്കണം. 
ഒന്നാം ക്ലാസിൽ കുട്ടികൾ വരുമ്പോൾ കുട്ടികളും ടീച്ചറും തമ്മിൽ മികച്ച ബന്ധം സൃഷ്ടിച്ചെടുക്കുന്നതിന് ബോധപൂർവ്വമായി ആക്ടിവിറ്റികൾ പ്ലാൻ ചെയ്യും. ആദ്യം കുട്ടി കുടുംബത്തോടൊപ്പം വരുന്നു. കുടുംബത്തോടൊപ്പം തന്നെ ക്ലാസ് റൂമിലേക്ക് പോയി ക്ലാസ് ടീച്ചറെ കാണുന്നു. സംസാരിക്കുന്നു. കുട്ടിയെ പെരുമാറ്റത്തിലൂടെയും റെക്കോഡിക്കലായും ടീച്ചർ പഠിച്ചെടുക്കുന്നു. ചില കുട്ടികൾ കുറച്ചൊരു ഗൗരവമായി പറഞ്ഞാൽമാത്രം അനുസരിക്കുന്നവരാകും ചിലരാകട്ടെ സ്‌നേഹത്തോടെ പറഞ്ഞാൽ കേൾക്കുന്നവരാകും. അങ്ങനെ ടീച്ചറിന്റെ ക്യാരക്ടർ കുട്ടികളുടെ സ്വഭാവത്തിനനുസരിച്ച് ചിട്ടപ്പെടുത്തുന്ന രീതിയാണിവിടെ സ്വീകരിക്കുന്നത്. ഒരു കുട്ടിയുടെ വളർച്ചയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ  സ്റ്റുഡന്റ് -ടീച്ചർ റിലേഷൻഷിപ്പ് മാത്രമല്ല, സ്‌കൂൾ -പാരന്റ് റിലേഷൻഷിപ്പും മികച്ചതാവണം. സ്റ്റുഡന്റ്-സ്‌കൂൾ-പാരന്റ് ട്രയാങ്കിൾ പൂർത്തിയാവുമ്പോഴാണ് ഒരു കുട്ടിയുടെ മൊത്തത്തിലുളള വികാസം സാധ്യമാകുന്നത്. 
മൂന്നാമത്തെ കാര്യം മേൽപറഞ്ഞ കാര്യങ്ങളെല്ലാം നടക്കുന്നതിന് സാധ്യമായ ഒരു അന്തരീക്ഷം സ്‌കൂളിൽ സൃഷ്ടിച്ചുനൽകണം. ക്ലാസ് റൂം, ക്ലാസ്‌റൂം സ്റ്റൈൽ, പ്രകൃതിസൗഹൃദാന്തരീക്ഷം തുടങ്ങിയവ പ്രധാനമാണ്.ചെമ്പക സ്‌കൂളുകളിൽ ഗ്രേഡ് ഒന്നു മുതൽ 5 വരെ അരച്ചുമരുളള ഓപ്പൺ ക്ലാസ് റൂമുകളാണ്. പ്രകൃതിയോട് ചേർന്നുനിന്നുളള അനുഭവങ്ങളിലുടെ അവരുടെ വൈകാരിക-സാമൂഹിക വികസനം സാധ്യമാക്കുക എന്നതാണ് എന്നതാണ് ഓപ്പൺ ക്ലാസ് റൂമുകളിലൂടെ ലക്ഷ്യമിടുന്നത്. അതിനൊപ്പം  മികച്ച സാമൂഹികാന്തരീക്ഷവും സ്‌കൂളിൽ ഒരുക്കുന്നു. സെക്യൂരിറ്റി മുതലുളളവർക്ക് കുട്ടികളോട് എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് പ്രത്യേകം പരിശീലനം നല്കുന്നു. സ്‌കൂൾ ബസിലേക്ക് കുട്ടികൾ കയറുമ്പോൾ അവരെ എങ്ങനെ സ്വീകരിക്കണം എന്നതിനെക്കുറിച്ചൊക്കെ ഡ്രൈവർക്കും കണ്ടക്ടർക്കും പ്രത്യേക പരിശീലനം നൽകുന്നു. 
കുട്ടികൾ വലിയ പ്രതീക്ഷയോടെ വരികയും വിദ്യാലയ അന്തരീക്ഷമൊക്കെ കാണുന്നതോടെ ഒരു ഭയം അവരിൽ ഉടലെടുക്കുകയുമാണ്. ആ ഭയം ഇല്ലാതാക്കുന്ന തരത്തിലുളള അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാകണം.അതിനായി ടീച്ചർമാരുടെ വോയ്‌സ് മോഡുലേഷനിൽ വരെ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. അങ്ങനെയായാലേ ചോദ്യങ്ങൾ ചോദിക്കാനുളള ധൈര്യം കുട്ടികൾക്കുണ്ടാകൂ. കുട്ടികൾ വളരുന്നത് അവരുടെ ഉളളിലെ സംശയങ്ങൾ ചോദിച്ചുകൊണ്ടാണ്. രണ്ടര മൂന്ന് വയസ്സിലൊക്കെ ഒരു ദിവസം ആയിരം ചോദ്യമുണ്ടാകും അവർക്ക് ചോദിക്കാൻ. മിണ്ടാതിരിക്ക് എന്നു പറഞ്ഞ് നമ്മളവരെ ഭയപ്പെടുത്തിയാൽ, അതവരെ വേദനിപ്പിക്കും.അതുപാടില്ല. ചെമ്പകയെ സംബന്ധിച്ച് കുട്ടികലുടെ വ്യക്തിത്വത്തെ മാനിക്കുക, അധ്യാപക-വിദ്യാർത്ഥി ബന്ധം, വിദ്യാർത്ഥിസൗഹൃദാന്തരീക്ഷം എന്നീ മൂന്ന് തത്വങ്ങൾ പ്രധാനമാണ്.

തിരുവനന്തപുരത്തെ മികച്ച അഞ്ചു സ്‌കൂളുകളെടുത്താൽ അതിൽ ചെമ്പകയുമുണ്ട്. ആ തലത്തിലേക്ക് ഉയർന്നതിനെപ്പറ്റി പറയാമോ?
ഈ സ്‌കൂളിന്റെ പാരമ്പര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 1984-ലിലാണ് ആരംഭിച്ചത്. ഒരു വിദ്യാലയത്തെ സംബന്ധിച്ച് സുശ്ശക്തമായ സ്ഥാപനഘടന അനിവാര്യമാണ്. ചെമ്പക സ്‌കൂളിനെ സംബന്ധിച്ച് നാല്പതു വർഷത്തെ വളരെ സമ്പന്നമായ പാരമ്പര്യമാണുളളത്്. സാധാരണ ഒരു ബിസിനസ് ആയാണ് പലരും സ്‌കൂളുകൾ തുടങ്ങുന്നത്. എന്നാൽ ചെമ്പകയെ സംബന്ധിച്ച് ഒരു ടീച്ചറിന്റെ അധ്യയനത്തോടുളള അതീവ താല്പര്യത്തിൽ നിന്നാണ് തുടക്കം. സ്വന്തം വീട്ടിലെ ഒരു മുറിയിൽ ഏഴ് കുട്ടികളുമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് നാലായിരത്തിലധികം കുട്ടികളുമായി വളർന്നത്. അപ്പോൾ അത്രയും ആത്മാർപ്പണത്തോടെ ആരംഭിച്ചതുകൊണ്ടാണ് ഈ വിദ്യാഭ്യാസസ്ഥാപനം ഇത്രയും വികസിച്ചത്. രണ്ടാമത്തെ കാരണം കുട്ടികളുമായി ബന്ധപ്പെട്ടതാണ്. ഓരോ കുട്ടികളെയും സംബന്ധിച്ച് മികച്ച തുടക്കം നൽകുക എന്നതാണ്. ഉദാഹരണത്തിന് കിന്റർഗാർട്ടൻ എടുക്കുകയാണെങ്കിൽ തുടക്കം മുതലേ കുട്ടികളെ അത്തരത്തിൽ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രീപ്രൈമറി ക്ലാസുകളിലായിരിക്കുമ്പോൾ നമ്മൾ എന്താണോ കൊടുക്കുന്നത് ആ രീതിയിലാണ് അവർ വളർന്നുവരിക. ചില കുട്ടികൾ കേട്ടുപഠിക്കുന്നവരാണ്. മറ്റുചിലർ കണ്ടുപഠിക്കുന്നവരും മൂന്നാമത്തെ കൂട്ടർ കാര്യങ്ങൾ ചെയ്തു മനസ്സിലാക്കുന്നവരുമാണ്. ഈ മൂന്നുതരത്തിലും പെട്ട കുട്ടികൾക്ക് യോജിച്ചവിധത്തിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 
ഉദാഹരണം ആപ്പിളിനെ കുറിച്ച് പഠിപ്പിക്കുമ്പോൾ ആപ്പിളിന്റെ ചിത്രം കാണും, ശരിക്കുളള ആപ്പിൾ കാണിക്കും, അതിനെ തൊട്ടുനോക്കും, രുചിച്ചുനോക്കും, ആപ്പിളിനെ കുറിച്ചുളള പാട്ടുകൾ പഠിക്കും അങ്ങനെയാണ് പഠിക്കുക. വിവിധോന്മുഖ ബുദ്ധിക്ഷമതയുടെ സമസ്തമേഖലകളെയും ഉൾക്കൊളളുന്ന വിധത്തിൽ അനിതരസാധാരണമായ പാഠ്യരീതിക്ക് അനുയോജ്യമായ വിധത്തിലാണ് കരിക്കുലവും ടീച്ചിംഗ് മെത്തഡോളജിയുമെല്ലാം തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ആധുനികകാലത്തിന് അനുയോജ്യമായ അധ്യയനരീതി തന്നെയാണ് ഈ സ്‌കൂൾ ഇത്രയും ജനപ്രീതിയാർജ്ജിക്കാനുളള പ്രധാനകാരണങ്ങളിലൊന്ന്.

അധ്യാപകരെ കുറിച്ച് പറയാമോ?
പരിചയസമ്പന്നരായ അധ്യാപകരെ മാത്രമേ എടുക്കൂ എന്നുളള നിബന്ധനയൊന്നുമില്ല. ഫ്രഷേഴ്‌സിനെയും എടുക്കാറുണ്ട്.  ഏത് ടീച്ചർ പുതുതായി ചെമ്പകയിലേക്ക് വന്നാലും ദ ചെമ്പക വേ എന്ന 14 പോയിന്റുകളടങ്ങിയ ഒരു നിയമാവലിപ്രകാരം നിരന്തരം അവർക്ക് പരിശീലനം നൽകുന്നു. 15 വർഷം പരിചയസമ്പത്തുളള അധ്യാപികയായതിനാൽ അവർക്ക് പരിശീലനം ആവശ്യമില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. പുതുമുഖമായാലും പരിചയസമ്പന്നയായ അധ്യാപികയായാലും അവർക്ക് ഈ സ്‌കൂളിന്റെ നിലവാരത്തിനനുസരിച്ചുളള പരിശീലനം നൽകുന്നു.ആ പരിശീലനം തുടർച്ചയായി നൽകിക്കൊണ്ടിരിക്കുന്നു. അതിനെയാണ് കണ്ടിന്യൂസ് പ്രൊഫഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം (സിപിഡി)എന്നു പറയുന്നത്. ഓരോ അധ്യയനവർഷവും ഒരു ടീച്ചർ കുറഞ്ഞത് 20 മണിക്കൂറെങ്കിലും സിപിഡി അറ്റൻഡ് ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.   പരിചയസമ്പന്നയായ ടീച്ചർ വർഷം 20 മണിക്കൂർ സിപിഡിയിൽ പങ്കെടുക്കുമെങ്കിൽ പുതുതായി വന്ന ടീച്ചറെ സംബന്ധിച്ച് അത് 35 -40 മണിക്കൂർ വരെയാകാം. അത് അവരുടെ കഴിവിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ ഒരു ടീച്ചറിന് ഭാഷ കൈകാര്യം ചെയ്യുന്നതിലായിരിക്കും പരിശീലനം വേണ്ടത്, മറ്റൊരു ടീച്ചറിന് ക്ലാസ് റൂം മാനേജ്‌മെന്റിലായിരിക്കും പരിശീലനം വേണ്ടത്. അതിന് പ്രത്യേക സംവിധാനം തന്നെയുണ്ട്. ആഴ്ചയിലൊരിക്കൽ ഡിപ്പാർട്ട്‌മെന്റ് തലത്തിലെ ടീച്ചർമാരുടെ യോഗവും മാസത്തിലൊരിക്കൽ എല്ലാ ജീവനക്കാരുടെയും യോഗവും ഉണ്ടാവും. ഓരോ ദിവസവും ലോകം മാറുകയാണ്. ജനറേഷൻ ഗ്യാപ്പ് വലുതാണ്. അപ്പോൾ അധ്യാപകർ അതിനനുസരിച്ച് തയ്യാറായിരിക്കണം എന്നതാണ് ഞങ്ങളുടെ നയം.

ഡിജിറ്റൽ ലോകത്തിന്റെ വാതിൽ തുറന്നുകിടക്കുകയാണ്. കുട്ടികൾക്കും ആ ലോകം സുപരിചിതമാണ്. അതുകൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഡിജിറ്റൽ ലോകത്ത് കുട്ടികളെ ശരിയായ പാതയിലൂടെ നയിക്കാൻ ചെമ്പക സ്‌കൂൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ?
കൗമാരപ്രായത്തിലേക്ക് കടക്കുമ്പോൾ തന്നെ കുട്ടികൾക്ക് ഗാഡ്ജറ്റ് അഡിക്ഷൻ ഉണ്ടാകുന്നു. അവരുടെ സ്‌ക്രീൻ ലൈഫ് കൂടിക്കൂടിവരികയാണ്. അത് ഉപയോഗിക്കരുത് എന്ന് പറയാനുളള കാലം കടന്നുപോയെന്നു പറയാം. ഞങ്ങളുടെ കുട്ടികളെ ഗാഡ്ജറ്റ് അഡിഷനിൽ നിന്ന് മുക്തരാക്കുന്നതിനായി തത്സംബന്ധിയായ ക്ലാസുകൾ നടത്തുന്നു. പൊലീസ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് സൈബർ സുരക്ഷാ ക്ലാസുകൾ നൽകുന്നു. മറുവശത്ത് സ്‌കൂളിലെ പരിപാടികളുടെ വീഡിയോകൾ, ട്രെയിലറുകൾ, തുടങ്ങിയവ ചെയ്യുന്നു. ഹ്രസ്വചിത്രങ്ങൾ ചെയ്യുന്നു. അത്തരത്തിൽ ഗാഡ്ജറ്റ് ഉപയോഗിക്കുന്ന സമയം പ്രയോജനപ്രദമായി പ്രയോജനപ്രദമായി ഉപയോഗിക്കുന്നതിന് അനുയോജ്യമായ അസൈൻമെന്റുകൾ നൽകുന്നു. ചെറിയ ക്ലാസിലെ കുട്ടികൾക്ക് പോലും സയൻസ് വീഡിയോ തയ്യാറാക്കാൻ കഴിയുന്ന വിധത്തിൽ പരിശീലിപ്പിക്കുന്നു.

വിദ്യാഭ്യാസമേഖലയിലുണ്ടാകാവുന്ന മാറ്റങ്ങൾ?
വിദ്യാഭ്യാസരംഗത്തെ മാറ്റത്തെ കുറിച്ച് പറയുകയാണെങ്കിൽ രണ്ടു വർഷം മുമ്പ് എനിക്കൊരു ഉപന്യാസം തയ്യാറാക്കണമെങ്കിൽ കുറച്ചേറെ വായിക്കണം, അതിനെ അടിസ്ഥാനമാക്കി ഷോർട്ട് നോട്ടെഴുതണം, പിന്നെ ഒരു ഉപന്യാസം തയ്യാറാക്കണം അങ്ങനെ ഘട്ടംഘട്ടമായി വേണം തയ്യാറാക്കാൻ. നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് വന്നതോടെ ക്ലാസ് റൂം മാനേജ്‌മെന്റിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കണമെങ്കിൽ ടെക്‌നിക്‌സ് ഫോർ ക്ലാസ് റൂം മാനേജ്‌മെന്റ് എന്ന് സെർച്ച് ചെയ്താൽ മതി. അതിലൂടെ എനിക്ക് കിട്ടുന്ന വിവരങ്ങൾ വച്ച് ഉപന്യാസം തയ്യാറാക്കി ഓരോ ദിവസവും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ പിന്നീടുളള റൈറ്റപ്പുകളെല്ലാം എന്റെ സ്റ്റൈലിലാകും വരിക. അത്രയ്ക്കും എഐ വളർന്നിരിക്കുന്നു. അങ്ങനെവരുമ്പോൾ മനുഷ്യമസ്തിഷ്‌കം ചിന്തിക്കുന്നതെവിടെ എന്ന ചോദ്യം പ്രസക്തമാണ്. 
കുട്ടികളോട് സ്‌കൂൾ വാർഷികത്തിന് ഒരു സ്‌കിറ്റ് ചെയ്യണം. സ്ത്രീശാക്തീകരണമാണ് പ്രമേയം എന്ന് പറഞ്ഞാലുടനെ അവർ ചാറ്റ് ജിപിടിയിൽ പോയി സ്‌കിറ്റ് ഡയലോഗ് ഫോർ വിമൺ എംപവർമെന്റ് എന്നുപറഞ്ഞാൽ ദാ ലഭിക്കുകയായി. ഇവിടെ കുട്ടികളുടെ സർഗ്ഗാത്മകത നശിക്കുകയാണ്. അപ്പോൾ ഞങ്ങൾ ചെയ്യുന്നത് ഇത്തരം എഐ പ്രോഗ്രാമുകൾ എങ്ങനെ ചെയ്യാം എന്ന് കുട്ടികളെ പഠിപ്പിക്കുക എന്നതാണ്. എന്നാൽ മാത്രമേ അവർക്ക് ഭാവിയിൽ നിലനില്പുളളു. ഹൗ ആൻഡ് വൈ എന്നൊരു പ്രോഗ്രാം ഞങ്ങൾ നടത്തുന്നുണ്ട്.അതൊരു സ്റ്റെം പ്രോഗ്രാമാണ്. അതായത് അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുളള കുട്ടികളെ റൊബോട്ട്‌സ് ഉണ്ടാക്കാനും വെബ്‌സൈറ്റ് ഉണ്ടാക്കാനും മറ്റും പഠിപ്പിക്കുന്നു. അത് പാഠ്യപദ്ധതിയിൽ വരുന്നതല്ല. എൻഇപിയൊക്കെ പരിഷ്‌ക്കരിച്ച് ഇതൊക്കെ പാഠ്യപദ്ധതിയിൽ വരുമ്പോഴേക്കും ഇപ്പോഴത്തെ തലമുറ ചിന്താശേഷിയില്ലാത്തവരായി മാറിയിരിക്കും. അപ്പോൾ ചെമ്പകയിൽ കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ചെയ്യുകയാണ്. അതുകൊണ്ടാണ് കരിക്കുലത്തിലുളളതുകൂടാതെയുളള മറ്റ് വിഷയങ്ങളിലും അവർക്ക് പരിശീലനം നൽകുന്നത്. സാമ്പത്തികസാക്ഷരതയെ പറ്റി അവബോധം നൽകുന്നു. അതായത് ഒരുപാട് കാശ് കൈയിലുണ്ട് എന്നാൽ അത് കൈകാര്യം ചെയ്യാനറിയാത്ത ആളുകളുണ്ട്. അതൊക്കെ സാമ്പത്തികസാക്ഷരതയുടെ അഭാവം കൊണ്ടാണ്. ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ മണി ഇതെക്കുറിച്ചൊക്കെ കുട്ടികളെ പഠിപ്പിക്കുന്നു. ആനിമേഷൻ തുടങ്ങിയവയും പഠിപ്പിക്കുന്നു. 9,10,11,12 ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ ഭാവിസാധ്യതകൾ മുന്നിൽക്കണ്ടുളള കരിയർ കൗൺസലിങ് നൽകുന്നു. അതായത് 8-10 വർഷം കഴിഞ്ഞാണ് അവർ ഒരു പ്രൊഫഷനിലേക്കെത്തുക. അന്നത്തെ സാധ്യതകൾ എന്തൊക്കെയാവാം എന്ന തരത്തിലുളള അറിവ് അവർക്ക് നൽകുന്നു. 

ഭാവി പദ്ധതികൾ
ഹയർ സെക്കൻഡറി വരെയുളള ഒരു സിബിഎസ്ഇ സ്‌കൂൾ തുടങ്ങുക എന്നതിനാണ് ഭാവി പദ്ധതികളിൽ മുൻഗണന. മറ്റൊന്ന് ചെമ്പക കിന്റർഗാർട്ടൻ തിരുവനന്തപുരം ജില്ലയുടെ സബ് അർബൻ പ്രദേശങ്ങളിലേക്കും പിന്നീട് ഇന്ത്യയിലൊട്ടാകെയും വ്യാപിപ്പിക്കണം എന്നതാണ്.നിലവിൽ ജില്ലയിൽ 12 കിന്റർഗാർട്ടൻ സ്‌കൂളുകളുളളതിൽ പത്തും നഗരപരിധിയിലാണ്. ഒരെണ്ണം നെയ്യാറ്റിൻകരയിലും മറ്റൊന്ന് വട്ടപ്പാറയുമാണ്. ഉടനെ തന്നെ നെടുമങ്ങാട്, വിഴിഞ്ഞം എന്നിവിടങ്ങളിൽ തുടങ്ങാനും പദ്ധതിയുണ്ട്. 

പൊതുവിദ്യാലയങ്ങൾ അടിമുടി മാറിക്കഴിഞ്ഞു. സ്മാർട്ട് ക്ലാസ് റൂമുകളും വിദ്യാർത്ഥി സൗഹൃദ പാഠശാലകളുമായി മുഖംമിനുക്കുന്നു. ഈ സാഹചര്യത്തിൽ കുട്ടികളുടെ ആശയങ്ങളും മറ്റും വികസിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായുളള പ്രവർത്തനങ്ങൾ?
കുട്ടികളുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് ചെമ്പകയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗം തന്നെയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിലും മറ്റും സ്റ്റെം എഡ്യുക്കേഷൻ പ്രദാനം ചെയ്യുന്ന ഗ്രൂപ്പുകളുമായി സംസാരിച്ചപ്പോൾ അവർ പറയുന്നത് നിങ്ങൾ ഇപ്പോൾ ഒരു എഐ ലാബ് സെറ്റ് ചെയ്താൽ അടുത്തവർഷം അതായിരിക്കില്ല പ്രൊഡക്ട്. ഇപ്പോൾ സെറ്റ് ചെയ്ത ലാബിലെ സങ്കേതങ്ങൾ ശരിയാവുകയുമില്ല. അപ്പോൾ വെറുതെ കുറേ പണം മുടക്കി ലാബ് സെറ്റ് ചെയ്യുന്നതിനുപകരം ഡൊമെയ്ൻ എക്‌സ്‌പെർട്ടുകളുമായുളള സംവാദങ്ങളും ചർച്ചകളും അവർ നയിക്കുന്ന ക്ലാസുകളുമാണ് വേണ്ടത്. അവർ ക്ലാസെടുക്കുന്നു. അവരുടെ സങ്കേതങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നു…...അങ്ങനെ. നിലവിൽ ബാംഗ്ലൂർ ആസ്ഥാനമായുളള കമ്പനിയുടെ സേവനമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ക്ലാസുകൾ കൂടുതലും ഓൺലൈൻ ആണ്. ഈ ക്ലാസുകൾ ഉപയോഗപ്പെടുത്തി രാജ്യാന്തരതലത്തിൽ സമ്മാനം നേടിയ കുട്ടികളുണ്ട്. സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ച 17 കുട്ടികളുണ്ട് ചെമ്പകയുടെ വിവിധ സ്‌കൂളുകളിലായി. ആമസോണിലൊക്കെ അവരുടെ പുസ്തകം ലഭ്യമാണ്.

ചെമ്പകയിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ലഭിക്കുന്ന ക്വാളിറ്റി,പ്ലസ് പോയിന്റ്?
മൂല്യങ്ങൾ വച്ചുപുലർത്തുന്ന ഭാവിപൗരന്മാരായാണ് ഓരോ കുട്ടിയും ഇവിടെനിന്ന് പഠിച്ചിറങ്ങുന്നത്. അവർ സാമൂഹികമായും വൈകാരികമായും കരുത്തുളളവരായിരിക്കും. മറ്റൊന്ന് മികച്ച ആത്മവിശ്വാസമുളളവരാണ് എന്നതാണ്. അവർ വ്യത്യസ്തമായ മേഖലകളിൽ കഴിവുതെളിയിക്കുന്നു. വേദിക ബൂട്ടീക്‌സിന്റെ ഡിസൈനർ ചെമ്പകയുടെ പൂർവ്വവിദ്യാർത്ഥിനിയാണ്. അതുപോലെ സംഗീതരംഗത്ത് ശോഭിക്കുന്നവരുണ്ട്. മറ്റ് മേഖലകളിൽ കഴിവുതെളിയിച്ചവരുണ്ട്. വളരെ കുട്ടിക്കാലത്തുതന്നെ തങ്ങളുടെ താല്പര്യം തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുന്നതുകൊണ്ടാണ് അത്തരത്തിൽ വളർന്നുവരാൻ സാധിക്കുന്നത്.

Post your comments