Global block

bissplus@gmail.com

Global Menu

ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള നവകായിക കേരള സൃഷ്ടിക്കായി മുന്നോട്ട്

ഇന്ത്യയുടെ  കായികരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളിൽ മലയാളികൾ വഹിച്ച പങ്ക് ചെറുതല്ല. കായികമേഖലയുടെ പ്രാധാന്യം മനസ്സിലാക്കി പുതിയ കായിക നയവും, കായിക സമ്പദ്ഘടനാ വികസന പ്രക്രിയയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ 2024 ജനുവരി 23 മുതൽ 26 വരെ ഒരു അന്താരാഷ്ട്ര കായിക സമ്മേളനം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുകയാണ്.തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബാണ് വേദി.  കായിക നയം, കായിക സമ്പദ്ഘടനാ വികസനം, നവ കായിക കേരള സൃഷ്ടി എന്നിവയാണ് സമ്മേളനത്തിന്റെ പ്രമേയം.സംസ്ഥാനത്തിന്റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും ഈ അന്താരാഷ്ട്ര കായിക സമ്മേളനം ലക്ഷ്യം വയ്ക്കുന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മിറ്റിൽ പങ്കെടുക്കും. അന്തർദേശീയ, ദേശീയ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകൾ, അക്കാദമിക് സെഷനുകൾ, പേപ്പർ പ്രസന്റേഷനുകൾ, ഇൻവെസ്റ്റർ മീറ്റ്, സ്റ്റാർട്ടപ്പ് പിച്ച് & ഷോക്കേസ്, സ്‌പോർട്‌സ് ഗുഡ്‌സ് & സർവീസസ് എക്‌സിബിഷൻ, ഡെമോൺസ്‌ട്രേഷനുകൾ, സ്‌പോർട്‌സ് ഫിലിം ഫെസ്റ്റിവൽ, കേരള സ്‌പോർട്‌സ് ആർക്കൈവ്, സ്‌പോർട്‌സ് കമ്യൂണിറ്റി നെറ്റ്വർക്കിങ്ങ്, സ്‌പോർട് ആർട്, സ്‌പോർട്‌സ് മ്യൂസിക് ബാൻഡ്, ലോഞ്ച് പാഡ്, സിഎസ്ആർ കണക്ട്, റൗണ്ട് ടേബിൾ, വൺ ടു വൺ മീറ്റുകൾ, മോട്ടോറാക്‌സ്, ഇ സ്‌പോർട്‌സ് അരീന തുടങ്ങിയവയും സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ കായികരംഗത്ത് സമൂലമാറ്റം ലക്ഷ്യമിടുന്ന ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരളയെ കുറിച്ച് കായിക വകുപ്പ്  മന്ത്രി വി.അബ്ദുറഹിമാൻ സംസാരിക്കുന്നു......
ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റിലൂടെ കേരളം എ്ന്താണ് ലക്ഷ്യം വെക്കുന്നത്?
സ്‌പോർട്‌സ് ഇക്കോണമി, സ്‌പോർട്‌സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെന്റ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെന്ററുകളും, ഇ സ്‌പോർട്‌സ്, സ്‌പോർട്‌സ് സയൻസ്, ടെക്‌നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് സമ്മിറ്റിന്റെ പ്രധാന കോൺഫറൻസ് തീമുകൾ.കേരളത്തിന്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സർക്കാർ സമ്മിറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. പദ്ധതികൾ, നിക്ഷേപങ്ങൾ, പങ്കാളിത്ത ഓഫറുകൾ എന്നിവയുമായി അവർക്ക് മുന്നോട്ടു വരാം.
കേരളത്തിന്റെ കായിക സമ്പദ്വ്യവസ്ഥയുടെ ഭാഗധേയം നിർണയിക്കാൻ പര്യാപ്തമായ ഈ അന്താരാഷ്ട്ര ഉച്ചകോടിയുടെ പശ്ചാത്തലം എന്താണ്?
സംസ്ഥാനത്തിന്റെ പുതിയ കായിക നയം കാതലായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ്. കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക എന്നതിനൊപ്പം കായികം എല്ലാവരുടേതുമാക്കാൻ അത് വിഭാവനം ചെയ്യുന്നു. കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായിക നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം  കായികസമ്പദ് വ്യവസ്ഥ (സ്‌പോർട്‌സ് ഇക്കോണമി)വികസിപ്പിക്കുന്നത്.എല്ലാ മേഖലകളുടെയും, വിഭാഗങ്ങളുടെയും പങ്കാളിത്തം സ്‌പോർട്‌സിലേക്ക് കൊണ്ടുവരുന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വികേന്ദ്രീകൃത സ്വഭാവത്തിൽ പദ്ധതി ആസൂത്രണവും, നിർവഹണവും കായിക നയം നിർദ്ദേശിക്കുന്നു. പഞ്ചായത്ത്/ മുനിസിപ്പൽ സ്‌പോർട്‌സ് കൗൺസിലുകളുടെ രൂപീകരണം ഈ ലക്ഷ്യത്തോടെയാണ്. ഒരു നവ കായിക കേരള സൃഷ്ടിയാണ് അടിസ്ഥാനപരമായി കായിക നയം കൊണ്ട് ഉദ്ദേശിക്കുന്നത്.
 കായിക സമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ ഈ ചുവടുവെയ്പ് എത്രത്തോളം നിർണായകമാണ്?
കായിക മേഖലയെ സമ്പദ്ഘടനയുടെ ഭാഗമാക്കി വികസിപ്പിക്കാനും, ജിഎസ്ഡിപിയിൽ മികച്ച സംഭാവന നൽകുന്ന മേഖലയാക്കി വളർത്താനുമാണ് ലക്ഷ്യം. 2022 ൽ നടത്തിയ പoനത്തിൽ 10,000 - 11,000 കോടി രൂപയായിരുന്നു കേരള സമ്പദ്ഘടനയിൽ കായിക മേഖലയുടെ സംഭാവന. ഇത് 50,000 കോടിയുടെ മുകളിലെത്തിച്ച് 4-5% സംഭാവന ചെയ്യുന്ന  മേഖലയാക്കി  വളർത്താൻ ലക്ഷ്യമിടുന്നു.
സ്‌പോർട്‌സ് ഇക്കോണമി എന്ന ആശയത്തിന് ഇന്ത്യയിൽ എത്രത്തോളം പ്രചാരമുണ്ട്?
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കായിക സമ്പദ്ഘടന വികസിപ്പിക്കുന്നത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളാണ് നിലവിൽ സ്‌പോർട്‌സ് ഇക്കോണമി വളർത്തിയെടുത്തിട്ടുള്ളത്.
അന്താരാഷ്ട്ര സ്‌പോർട്‌സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള മൈക്രോ സമ്മിറ്റുകളെപ്പറ്റി വിശദമാക്കാമോ?
അന്താരാഷ്ട്ര സമ്മിറ്റിന് മുന്നോടിയായി എല്ലാ ജില്ലകളിലും, മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  സ്‌പോർട്‌സ് സമ്മിറ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ സമ്മിറ്റുകൾ പൂർത്തിയായി. പഞ്ചായത്ത്/ മുനിസിപ്പൽ സമ്മിറ്റുകൾ ആരംഭിച്ചു. 1200 മൈക്രോ സമ്മിറ്റുകളാണ് സംഘടിപ്പിക്കുന്നത്. ഈ സമ്മിറ്റുകളിൽ തദ്ദേശിയമായ പദ്ധതികളുടെ ആസൂത്രണമാണ് നടക്കുന്നത്. കൃത്യമായ മാർഗരേഖയുടെ അടിസ്ഥാനത്തിൽ അവിടെ വിഭവശേഷി മാപ്പിങ്ങ്, പദ്ധതി ആസൂത്രണം, വിഭവ സമാഹരണം എന്നിവ നടക്കുന്നു. തനത്, പ്ലാൻ ഫണ്ടുകളെ കായിക പദ്ധതികൾക്കായി ഇനി മേൽ പ്രയോജനപ്പെടുത്താൻ കഴിയും. വിഭവസമാഹരണത്തിനുള്ള മറ്റ് മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്.
പഞ്ചായത്ത് തല സമ്മിറ്റുകളോടെ പഞ്ചായത്ത്, മുനിസിപ്പൽ സ്‌പോർട്‌സ് കൗൺസിലുകളെ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതിക്ഷ. 
എന്താണ് സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് വിഭവശേഷി മാപ്പിങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഈ പ്രക്രിയയുടെ ഭാഗമായി നടത്തുന്ന സംസ്ഥാനത്തെ കായിക വിഭവശേഷിയുടെ മാപ്പിങ്ങ് കായിക വികസന പ്രക്രിയക്ക് ഉറച്ച അടിത്തറ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കായിക സൗകര്യങ്ങൾ, താരങ്ങൾ, പരിശീലകർ, സംഘാടകർ, ക്ലബുകൾ, കായിക മേഖലയെ പിന്തുണയ്ക്കാൻ സന്നദ്ധരായവർ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത് സമ്മിറ്റിൽ അവതരിപ്പിക്കും.
ഇത്തരത്തിൽ സമഗ്രമായ ഒരു പദ്ധതി താഴെത്തട്ടിൽ നടപ്പാക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് തയ്യാറായിട്ടുണ്ടോ?
എല്ലാ ജില്ലാ സ്‌പോർട്സ് കൗൺസിലുകളും വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പഞ്ചായത്തുകളും ഇത്തരത്തിൽ പ്ലാൻ തയ്യാറാക്കും. ഈ രൂപരേഖകൾ അന്താരാഷ്ട്ര സമ്മിറ്റിൽ അവതരിപ്പിക്കും.
'ഒരു പഞ്ചായത്ത് ഒരു കായിക പദ്ധതി' കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ത്?
ഒരു പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഒരു ശ്രദ്ധേയമായ കായിക പദ്ധതിയെങ്കിലും ആസൂത്രണം ചെയ്യണമെന്നതാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സ്മാർട്ട് വാക്ക് വേ, സൈക്കിൾ ട്രാക്ക്, നീന്തൽ സൗകര്യം, മിനി സ്‌പോർട്‌സ് കോംപ്ലക്‌സ്, കിഡ്‌സ് സ്‌പോർട്‌സ് പാർക്കുകൾ, മൾട്ടിപർപ്പസ് ഗ്രീൻ സ്‌പേസ് തുടങ്ങിയ പൊതു പദ്ധതികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻകൈ ഉണ്ടാകും.
പദ്ധതി നടത്തിപ്പിൽ വിവിധ സ്‌പോർട്‌സ് അസോസിയേഷനുകളുടെ റോൾ എന്താണ്?
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവൻ അസോസിയേഷനുകളും അതത് കായിക ഇനങ്ങളുടെ ദീർഘകാല വളർച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കും. പദ്ധതികൾക്ക് വാണിജ്യ പങ്കാളികളെ കണ്ടെത്തും. 'വൺ ഗെയിം വൺ പാർട്‌നർ' സ്‌കീമും നടപ്പാക്കും. ഒരു സ്ഥാപനം ഒരു ഗെയിം ഏറ്റെടുക്കുന്ന രൂപത്തിലായിരിക്കും അത്. 
സ്‌പോർട്‌സ് മേഖലയിൽ സംസ്ഥാനത്ത് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും പദ്ധതികൾ ഉണ്ടോ?
സംസ്ഥാന സർക്കാർ കഴിഞ്ഞ 7 വർഷത്തിനിടയിൽ 1600 കോടി രൂപയുടെ നിക്ഷേപമാണ് കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചത്. മുൻപ് ഉണ്ടായിരുന്നതും, ഇപ്പോൾ വികസിപ്പിച്ചതുമായ മുഴുവൻ കായിക സൗകര്യങ്ങളുടെയും പരിപാലനം ബ്രാൻഡിങ് / ഫെസിലിറ്റി മാനേജ്‌മെൻറ് രൂപത്തിൽ നിർവഹിക്കാനാണ് പദ്ധതി. ഈ സൗകര്യങ്ങളുടെ പൂർണ രൂപത്തിലുള്ള വിനിയോഗം, കൃത്യമായ പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനായാണ് ഈ സംവിധാനം തയ്യാറാക്കുന്നത്. 
കായിക സമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ ഈ മുന്നേറ്റത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതെങ്ങനെ?
തദ്ദേശസ്വയംഭരണം, വ്യവസായം, ആരോഗ്യം, സഹകരണം, പൊതു വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം എന്നീ വകുപ്പുകൾ കായിക വകുപ്പിനൊപ്പം ഈ വികസന പ്രക്രിയയുടെ ഭാഗമായി മാറുന്നു. ഈ മേഖലകൾ പരസ്പരം ഏകോപിപ്പിച്ച് നടത്താവുന്ന പദ്ധതികൾക്കും, പരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്. അവ അന്താരാഷ്ട്ര സമ്മിറ്റിൽ പ്രഖ്യാപിക്കും. വിവിധ വകുപ്പുകൾ അവരുടെ പദ്ധതികളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള കായിക, കായികാനുബന്ധ പരിപാടികൾ കായിക വകുപ്പുമായി ചേർന്ന് നടപ്പിലാക്കും.  
സംസ്ഥാനത്തെ കായിക സംരംഭങ്ങൾക്ക് വ്യവസായ പദവി ലഭ്യമാക്കുന്നത് കൊണ്ടുള്ള നേട്ടം എന്താണ്?
കായിക രംഗത്തെ ഉല്പാദന, സേവന രംഗത്തുള്ള സംരംഭങ്ങൾക്ക് ഇനി മുതൽ വ്യവസായ സംരംഭങ്ങളുടെ അതേ സ്റ്റാറ്റസ് ലഭിക്കും. എംഎസ്എംഇ വായ്പകൾക്ക് അവയെ പരിഗണിക്കും. 4 ശതമാനം പലിശ നിരക്കിൽ അവയ്ക്ക് വിപുലീകരണത്തിനാവശ്യമായ വായ്പ ലഭ്യമാക്കും.
കായിക രംഗത്തും സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിന്റെ ലക്ഷ്യമെന്താണ്?
സംസ്ഥാന വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യ വ്യവസായ പാർക്കുകൾക്കായി ഇനി കായിക സംരംഭങ്ങൾക്കും അപേക്ഷിക്കാം. മാനുഫാക്ചറിങ്, സ്‌പോർട്‌സ് മെഡിസിൻ, സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ, ന്യൂട്രസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സംരംഭങ്ങൾക്ക് സ്വകാര്യ വ്യവസായ പാർക്കുകളുടെ ഭാഗമാകാം
പുതുതായി ഉരുത്തിരിയുന്ന കായിക സമ്പദ്വ്യവസ്ഥയിൽ വാണിജ്യ, വ്യവസായ മേഖലകളുടെ റോൾ എന്താണ്?
വ്യവസായ, വാണിജ്യ മേഖലയിലെ മുഴുവൻ സംഘടനകളും, കൂട്ടായ്മകളും പദ്ധതിയുടെ ഭാഗമാകും. വ്യവസായികൾ സ്വന്തം നിലയിലോ സർക്കാർ സ്‌കീമുകളോട് ചേർന്നോ കായിക പദ്ധതികൾ ആവിഷ്‌ക്കരിക്കും. അവർക്കുള്ള ഗ്രീൻ ചാനൽ കായിക വകുപ്പ് ഒരുക്കും.
പുതിയ കായിക നയത്തിന്റെയും കായിക സമ്പദ്ഘടനാ വികസനത്തിന്റെയും ഭാഗമായി കായിക വകുപ്പ് ആവിഷ്‌ക്കരിക്കുന്ന സ്‌കീമുകൾ എന്തൊക്കെയാണ്?
ഒരു പഞ്ചായത്ത് ഒരു കായിക പദ്ധതി, സെൻറർ ഓഫ് എക്‌സലൻസ്, വൺ സ്‌കൂൾ വൺ പ്രയോറിറ്റി ഗെയിം, സ്‌പോർട്‌സ് അരീന ഡവലപ്‌മെൻറ്, സ്മാർട്ട് വാക്ക് വേ ഡവലപ്‌മെന്റ്, കോസ്റ്റൽ ഏരിയ സ്‌പോർട്‌സ്, ഹിൽ സ്‌പോർട്‌സ്, വാട്ടർ സ്‌പോർട്‌സ്, ട്രക്കിങ്ങ് ട്രെയിൽസ്, ഔട്ട് ബൗണ്ട് ട്രെയിനിങ്ങ് സെന്ററുകൾ, ഡേ ബോർഡിങ് സ്‌കീം തുടങ്ങി 50 ൽ അധികം പ്രോഗ്രാമുകളും സ്‌കീമുകളും സമ്മിറ്റിൽ അവതരിപ്പിക്കും. ഇവയെല്ലാം പങ്കാളിത്ത, വികേന്ദ്രീകൃത സ്വഭാവത്തിലുള്ളതാണ്. 
ഉച്ചകോടിയിൽ കായികരംഗത്തെ നൂതന മുന്നേറ്റങ്ങളും ആശയങ്ങളും പരിചയപ്പെടുത്തുന്ന പ്രത്യേക തീമുകൾ എന്തൊക്കെയാണ്?
ഇ സ്‌പോർട്‌സ്, വിർച്ച്വൽ സ്‌പോർട്‌സ്, കളരി, ബീച്ച് - വാട്ടർ - അഡ്വഞ്ചർ സ്‌പോർട്‌സ്, മിനിയേച്ചർ സ്‌പോർട്‌സ് തുടങ്ങിയ പ്രത്യേക തീമുകൾ സമ്മിറ്റിൽ ഉണ്ടാകും.
കായിക ഉച്ചകോടിയുടെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്കുളള ഹാക്കത്തോൺ, ഐഡിയത്തോൺ എന്നിവയെപ്പറ്റി വിശദമാക്കാമോ?
കായിക രംഗത്തും അനുബന്ധ മേഖലകളിലും പുതിയ ആശയങ്ങളുമായി വരുന്നവർക്ക് സമ്മിറ്റിൽ വലിയ സാധ്യതകളുണ്ട്. ഇവർക്ക് നിക്ഷേപകരുമായി നെറ്റ്വർക്കിങ്ങിന് ഉള്ള അവസരം ഉണ്ടാകും. നിലവിലുള്ള സ്‌പോർട്‌സ്, വെൽനെസ്, ഫിറ്റ്‌നെസ് സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉല്പന്നങ്ങൾ പരിചയപ്പെടുത്താനും, വിപുലീകരണ പദ്ധതികൾ അവതരിപ്പിക്കാനും സൗകര്യം ഒരുക്കും. മുന്നൊരുക്കത്തിന്റെ ഭാഗമായി ഹാക്കത്തോണും, ഐഡിയത്തോണും സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് പുതുതായി വരുന്ന ലീഗുകൾ, ചാമ്പ്യൻഷിപ്പുകൾ എന്നിവയെ കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?
വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന, ദേശീയ തലങ്ങളിൽ പുതിയ പ്രൊഫഷണൽ ലീഗുകൾ സമ്മിറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. നിലച്ചുപോയ പ്രമുഖ ചാമ്പ്യൻഷിപ്പുകൾ പുനരാരംഭിക്കും. സ്‌ക്കൂൾ, കോളേജ് തലങ്ങളിലും പ്രൊഫഷണൽ ചാമ്പ്യൻഷിപ്പുകൾ തുടങ്ങും. 
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി നിക്ഷേപകർക്ക് ലഭ്യമാകുന്ന അവസരങ്ങൾ?
വിവിധ നിക്ഷേപ അവസരങ്ങൾ സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. നേരിട്ടുള്ള നിക്ഷേപം, പിപിപി മാതൃക, കോ ഓപ്പറേറ്റീവ് മോഡൽ, സോഷ്യൽ വെൻച്വർ, പീപ്പിൾ കളക്ടീവ്  തുടങ്ങിയ വ്യത്യസ്ത മാതൃകകൾ സമ്മിറ്റ് മുന്നോട്ട് വയ്ക്കും. നേരിട്ട്നിക്ഷേപ സാധ്യതയുള്ള ഒട്ടേറെ പദ്ധതികളും  തയ്യാറാക്കുന്നുണ്ട്. 
സ്‌പോർട്‌സ് ടർഫുകളുടെ സുസ്ഥിര വികസനത്തിനായുള ടർഫ് ടു അരീന പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ?
സംസ്ഥാനത്തെ സ്‌പോർട്‌സ് ടർഫുകളുടെ സുസ്ഥിര വികസനത്തിനായി ഒരു പ്രത്യേക സ്‌കീം കായിക വകുപ്പ് മുന്നോട്ടു വയ്ക്കുന്നു. പുതിയ നിക്ഷേപങ്ങൾക്കും, പങ്കാളിത്തങ്ങൾക്കും, വിപുലീകരണത്തിനും, വരുമാന വളർച്ചക്കും, തിരുത്തലുകൾക്കും അവസരങ്ങൾ സൃഷ്ടിക്കും വിധമാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നോടിയായുള്ള പ്രചരണ പരിപാടികളെപ്പറ്റി പറയാമോ?
റോഡ് ഷോ:-കേരളത്തിന്റെ  കായിക ഈറ്റില്ലങ്ങളിലൂടെ 14 ദിവസം നീണ്ടു നിൽക്കുന്ന 'റൂട്ട്‌സ്' എന്ന റോഡ്‌ഷോ സമ്മിറ്റിന് മുന്നോടിയായി നടക്കും.എല്ലാ ജില്ലകളിലൂടെയും കടന്ന് പോകുന്ന റോഡ്‌ഷോ ജനുവരി 23 ന് സമ്മിറ്റ് വേദിയിൽ എത്തും
വി വാക്ക്, സൈക്ലത്തോൺ:സംസ്ഥാനം മുഴുവൻ ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നുവെന്ന സന്ദേശവുമായി മെഗാ വാക്കത്തോൺ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഒരേ ദിവസം ഒരേ സമയം  നവ കായിക കേരളമെന്ന ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച് നടക്കും. സൈക്ലത്തോൺ, മാരത്തണുകൾ, നോളജ് ഫിയസ്റ്റ, ഹോം സ്‌പോർട്‌സ് എന്ന ഹാഷ് ടാഗ് ക്യാംപെയിൻ  മുതലായവ സമ്മിറ്റിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 
ഡിജിറ്റൽ സമ്മിറ്റ്:15 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള കായിക വിദഗ്ധർ ഓൺലൈനിൽ പങ്കെടുക്കുന്ന ഐഎസ്എസ്‌കെ ഡിജിറ്റൽ സമ്മിറ്റ് ഡിസംബർ - ജനുവരി മാസങ്ങളിലായി നടക്കും. 
സാറ്റലൈറ്റ് ഇൻവെസ്റ്റർ മീറ്റുകൾ:
ഐഎസ്എസ്‌കെയുടെ ഭാഗമായി സിഐഐ, ഫിക്കി, വ്യാപാര വ്യവസായ സംഘടനകൾ, ചേംബർ ഓഫ് കൊമേഴ്‌സുകൾ എന്നിവ നിക്ഷേപകർക്കായി വിവിധ നഗരങ്ങളിൽ നിക്ഷേപ സംഗമങ്ങൾ സംഘടിപ്പിക്കും
എൻആർഐ മീറ്റുകൾ:ലോകമെമ്പാടുമുള്ള മലയാളികളെ കായിക കേരളവുമായി ബന്ധിപ്പിക്കുന്നതിനും, പങ്കാളിത്തം വളർത്തുന്നതിനുമായി വിവിധ രാജ്യങ്ങളിലുള്ള മലയാളികൾക്കായി നിക്ഷേപ സംഗമങ്ങൾ ഓൺലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കുന്നുണ്ട്. നെയ്ബർഹുഡ് നെറ്റ്വർക്ക് എന്ന സംവിധാനവും വിദേശ മലയാളികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.
പദ്ധതി നടത്തിപ്പിൽ മാതൃകാപരമായ റിവേഴ്‌സ് പ്രോസസ് എൻജിനീയറിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
പങ്കാളിത്തം, നിക്ഷേപം, മുൻകൈകൾ എന്നിവ ടാർഗറ്റ് അധിഷ്ഠിതമായി സമ്മിറ്റിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ധാരണാപത്രങ്ങളും, താല്പര്യ പത്രങ്ങളും, പദ്ധതി നിർദേശങ്ങളും സമ്മിറ്റിൽ തന്നെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 50,000 കോടി രൂപയുടെ സ്‌പോർട്‌സ് സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ ചുവടുവയ്പായിട്ടാണ് 'ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024' വിഭാവനം ചെയ്തിരിക്കുന്നത്.

Post your comments