Global block

bissplus@gmail.com

Global Menu

"സ്വാമിനാഥന്റെ ഹരിത വിപ്ലവവും കേരളത്തിലെ തരിശു നിലങ്ങളും"-ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത്

ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണി അകറ്റിയ ഡോ. എം. എസ്. സ്വാമിനാഥൻറെ നിര്യാണം (സെപ്റ്റംബർ 28) ഇന്ത്യയുടെ കൃഷി മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമായാണ് മാധ്യമങ്ങൾ വിലയിരുത്തിയത്. 1925 ഓഗസ്റ്റ് 7 ന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. അച്ഛൻ ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്ത് മഠത്തിൽ ഡോ. എം. കെ. സാംബശിവൻ; അമ്മ പാർവതി തങ്കമ്മാൾ. 1936 ൽ സ്വാമിനാഥന്റെ 11 ാം വയസിൽ അച്ഛൻ മരിച്ചു. കുംഭകോണത്തെ ലിറ്റിൽ ഫ്ളവർ കാത്തലിക് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. അവധിക്കാലങ്ങൾ ചെലവഴിച്ചത് ഏറെയും ആലപ്പുഴയിലെ അച്ഛൻറെ തറവാട്ടിലായിരുന്നു. കുട്ടനാട്ടിലെ പച്ചപ്പ് നിറഞ്ഞ പാടശേഖരങ്ങൾ ആ ബാലമനസ്സിൽ വിതച്ച വിത്തുകളായിരിക്കണം പിന്നീട് നൂറുമേനിയായി പൂത്തുവിളഞ്ഞത്. സ്വാമിനാഥനെ അച്ഛനെ പോലെ പേരെടുത്ത ഒരു ഡോക്ടറാക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ കുട്ടനാടിന്റെ പച്ചപ്പ് എന്നും മനസ്സിൽ കൊണ്ടുനടന്ന ആ കൗമാരക്കാരൻ തന്റെ ചുറ്റുപാടും കണ്ട കൃഷീവലന്മാരുടെ പട്ടിണിമാറ്റാനാകണം എന്ന ലക്ഷ്യത്തോടെ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തത് കൃഷി ശാസ്ത്രം. കോയമ്പത്തൂർ കാർഷിക കോളേജിൽ നിന്നും സ്വർണ മെഡലോടെയാണ് ബിരുദം പൂർത്തിയാക്കിയത്. 1949 ൽ ഐ പി എസ് ലഭിച്ചെങ്കിലും അതിനു ചേരാതെ യുനെസ്‌കോ ഫെല്ലോഷിപ്പോടെ നെതെർലണ്ടിൽ കാർഷിക ഗവേഷണം ആരംഭിച്ചു. തുടർന്ന്  കേംബ്രിഡ്ജിലെത്തി  1952 ൽ ഡോക്ട്രേറ്റ് നേടി. 1954 ൽ കട്ടക്കിലെ നെല്ലുഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായി ചേർന്നു. ഇന്ത്യൻ അഗ്രിക്കൾച്ചർ റിസേർച്ച് ഇൻസ്ടിട്യൂട്ട് ഡയറക്ടർ സ്ഥാനം വരെയെത്തി. സ്വാമിനാഥൻ ഈ പദവി അലങ്കരിക്കുന്ന കാലത്താണ് (1966 - 1972) കേന്ദ്രസർക്കാർ ഹരിതവിപ്ലവം യാഥാർഥ്യമാക്കിയത്. കേന്ദ്ര കൃഷി മന്ത്രിയായിരുന്ന ബി. സുബ്രമണ്യം, കൃഷി സെക്രട്ടറിയായിരുന്ന ബി. ശിവരാമൻ, കൃഷി ശാസ്ത്രജ്ഞനായിരുന്ന ഡോ. എം. എസ്. സ്വാമിനാഥൻ എന്നീ മൂന്ന് അതികായന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ പരിണതഫലമായിരുന്നു ഇന്ത്യയുടെ പട്ടിണിയകറ്റിയ ഹരിതവിപ്ലവം.
വിശ്വപ്രസിദ്ധനായ ഈ കാർഷിക ഗവേഷകന് കേരളത്തിൽ വേരുകളുള്ളപ്പോഴും കേരളത്തിന്റെ കാർഷിക അവസ്ഥ  പരമ ദയനീയമാണെന്ന് പറയാതെ വയ്യ. 1970-71 മുതൽ 2011 - 12 വരെയുള്ള ചില കണക്കുകൾ നമ്മുടെ കണ്ണ് തുറപ്പിക്കാൻ പോരുന്നവയാണ്. കാർഷികേതര  ഉപയോഗത്തിലുണ്ടായിരുന്ന സ്ഥലം 1970 - 71 കാലയളവിൽ 275000 ഹെക്ടർ ആയിരുന്നെങ്കിൽ 2011 - 12 ൽ അത് 513480  ഹെക്ടറായി വർധിച്ചു. വർധനവിന്റെ നിരക്ക് 86.72 %. കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന സ്ഥലവിസ്തൃതി 22000 ഹെക്ടറിൽ നിന്നും  57670 ഹെക്ടറിലേക്കുയർന്നു. വർധനനിരക്ക്  162.13 %.
എന്റെ ബാല്യകാലത്ത് കായലിലെ കൊച്ചോളങ്ങൾ പോലെ ഇളം കാറ്റിൽ നെൽച്ചെടി തുമ്പുകൾ മന്ദമായി ഉലയുന്ന കാഴ്ച്ച കൺകുളിർക്കെ കണ്ടുകൊണ്ടാണ് പാടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള ചെറുപാതയിലൂടെ ഞാൻ സ്‌കൂളിലേക്ക് നടന്നു പോയിരുന്നത്. ഇന്നവിടെ വീതിയുള്ള വലിയ റോഡായി. തോടിനു മീതെ പാലം വന്നു. പക്ഷെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങൾ തരിശു നിലങ്ങളായി കാഴ്ചക്കാർക്ക് നിരാശ പകരുന്നു.
ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ലാണ് കൃഷി എന്നാണ് വയ്പ്. ഇന്ത്യൻ ജനസംഖ്യയുടെ 58% തങ്ങളുടെ ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നുണ്ട്. എന്നിട്ടും കേരളത്തിലെ കൃഷിയിടങ്ങൾ എന്തുകൊണ്ട് തരിശായി കിടക്കുന്നു? മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അരിയും പച്ചക്കറിയും ഒക്കെയായി ലോറികളെത്തിയില്ലെങ്കിൽ കേരളം പട്ടിണിയിലാകുന്ന അവസ്ഥയാണ്  ഇന്നുള്ളത്. കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന് വലിയ ഉദാസീനതയാണ് സർക്കാർ കാട്ടുന്നത് എന്ന് പറയാതെ വയ്യ. വർധിച്ച തൊഴിൽ ചെലവും മറ്റും കൃഷിക്കാരന്റെ നട്ടെല്ലൊടിക്കുകയാണെന്ന വസ്തുത ഉത്തരവാദിത്തപ്പെട്ടവർ കണ്ടില്ലെന്നു നടിക്കുന്നു.
വികസിത രാജ്യങ്ങളൊക്കെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് നിൽക്കുന്നത്. അമേരിക്കയുടെ കാര്യം തന്നെയെടുക്കാം. 1985 -2021 കാലയളവിൽ 19654 കൃഷിക്കാർക്കായി 1850 കോടി ഡോളർ (15388 കോടി രൂപ) ആണ് സബ്‌സിഡി ഇനത്തിൽ അമേരിക്കൻ സർക്കാർ വിതരണം ചെയ്തത്. അതായതു അമേരിക്കയിൽ 37 വർഷക്കാലയളവിൽ ഓരോ കർഷകനും സബ്‌സിഡിയായി ലഭിച്ചത് 942458 ഡോളർ (ഏതാണ്ട് 7,83,91,347 രൂ.). ഈ കണക്കുകളൊക്കെ ആർക്കും അപ്രാപ്യമല്ല. പക്ഷെ ബന്ധപ്പെട്ടവർ കണ്ടാലും കണ്ടെന്ന് നടിക്കുന്നുമില്ല.
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥയും കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാടത്തെയും പറമ്പിലേയും പണികൾ കീഴാളന്മാർക്കായി നീക്കി വയ്ക്കപ്പെട്ടിരുന്നുവല്ലോ ഒരുകാലത്ത്.  വെള്ളക്കോളർ ജോലികൾ മാത്രം സ്വപ്നം കണ്ടു നടക്കുന്ന യുവജനത കൃഷിയിൽ നിന്നും അകന്നു കഴിയുന്നതിൽ അദ്ഭുതപ്പെടേണ്ടതില്ല. കൃഷി ഒരു വ്യവസായമായി പരിഗണിക്കപ്പെടേണ്ടതും അവിടെ ജോലി ചെയ്യുന്ന തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ടതും സർക്കാരിന്റെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. എങ്കിലേ എം. എസ്. സ്വാമിനാഥനെ പോലുള്ള ഒരു വലിയ മനുഷ്യനോട് നമുക്ക് നീതി പുലർത്താൻ പറ്റുകയുള്ളൂ.

Post your comments