Global block

bissplus@gmail.com

Global Menu

കെഎസ്ഐഡിസി ലക്ഷ്യം പത്ത്, വ്യവസായനയം 2023 കേരളത്തെ അടിമുടി മാറ്റും

ഏഷ്യയിലെ ഏറ്റവും അധികം ഡിമാൻഡുളള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളം. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ തന്നെയാണ് കേരളത്തെ വിദേശികളുടെ പ്രിയ ഭൂമികയാക്കി നിലനിർത്തുന്നത്. ഈ ഇഷ്ടത്തെ സംസ്ഥാനത്തിന്റെ വ്യാവസായിക-സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുളള ശ്രമങ്ങളുമായി അതിവേഗം മുന്നോട്ടുപോകുകയാണ്  സംസ്ഥാനസർക്കാർ. കാലോചിതമായ പരിഷ്‌ക്കാരങ്ങളിലൂടെയും നിയമനിർമ്മാണങ്ങളിലൂടെയും നവകേരള മോഡൽ ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് വിദേശ നിക്ഷേപം ആകർഷിക്കുവാനുളള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം എന്ന ആശയം ഇന്ത്യയിൽ ആദ്യമായി മുന്നോട്ടുവെക്കുന്ന സംസ്ഥാനവും  കേരളമാണ്. ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന് പറ്റിയ സ്ഥലമായും ആഗോളാടിസ്ഥാനത്തിൽ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായും കേരളം മാറുന്നത് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  സംസ്ഥാനത്തെ പ്രകൃതി, ആളുകൾ, വ്യവസായം എന്നിവ സന്തുലിതമായി പരസ്പരപൂരകങ്ങളായും മുന്നോട്ടുകൊണ്ടു പോകുന്നതിനാണ് ഉത്തരവാദിത്ത നിക്ഷേപം എന്ന ആശയത്തിന് സംസ്ഥാനസർക്കാർ ഊന്നൽനൽകുന്നത്. ഇത്തരത്തിൽ ഉത്തരവാദിത്വനിക്ഷേപങ്ങളെയും വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതിൽ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) നിതാന്ത ജാഗ്രത പുലർത്തുന്നു.   സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിൽ  ആറ് പതിറ്റാണ്ടിലേറെയായി മികച്ച ട്രാക്ക് റെക്കോർഡുമായി മുന്നോട്ടുപോകുന്ന സ്ഥാപനമാണ് കെഎസ്‌ഐഡിസി. കേരളത്തിലെ വ്യാവസായിക, നിക്ഷേപ പ്രോത്സാഹനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സർക്കാരിന്റെ പ്രധാന ഏജൻസിയാണ് 1961-ൽ രൂപീകൃതമായ കെഎസ്‌ഐഡിസി.വൻകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, സുഗമമാക്കുക, ധനസഹായം നൽകുക, സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ആവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഉത്തേജിപ്പിക്കുക എന്നിവയാണ് പ്രാഥമികലക്ഷ്യം. എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫിനാൻസ്, ലോ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകളാൽ സുസജ്ജമാണ് ടീം കെഎസ്‌ഐഡിസി. കേരള ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടറായ ഹരികിഷോർ ഐഎഎസ് ആണ് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) മാനേജിങ് ഡയറക്ടർ. പുതിയ വ്യവസായ നയത്തിന് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ കെഎസ്‌ഐഡിസിയുടെ പുതിയ പദ്ധതികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കണ്ണോടിക്കാം..... 

വ്യവസായമേഖലയിൽ നവകേരള മാതൃകയായി സംരംഭകർഷം പദ്ധതി 

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാനും ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടാനും വ്യവസായ വകുപ്പിന് സാധിച്ച വർഷമാണ് 2022-23. ഒരു വർഷം കൊണ്ട് 1,39,840  സംരംഭങ്ങളാരംഭിച്ചു കേരളത്തെപ്പോലെ ചെറിയ സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.   ദേശീയ തലത്തിൽ എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ സംരംഭകവർഷം പദ്ധതിയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തിയിട്ടുണ്ട്. അതായത് ആ രംഗത്ത് ഒരു നവകേരള മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാനാണ് പദ്ധതിയിലൂടെ സാധിച്ചത്. ഈ കാലയളവിൽ കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന നിരവധി പദ്ധതികൾക്ക് തുടക്കമിടാനും വലിയ നിക്ഷേപങ്ങളെ ആകർഷിക്കാനും സാധിച്ചിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച മീറ്റ് ദി ഇൻവെസ്റ്റർ പദ്ധതിയിലൂടെ 11,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. ഇതിൽ ക്രേസ് ബിസ്‌ക്കറ്റ്സ്, അത്താച്ചി, വെൻഷ്വർ, നെസ്റ്റോ ഗ്രൂപ്പ് എന്നിവർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.കേരള പേപ്പർ പ്രൊഡക്ട്സ്, കെൽ-ഇ-എം.എൽ എന്നീ പുതിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചതും നേട്ടമാണ്. സംസ്ഥാന സർക്കാരിന്റെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായ സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിന്റെ മുഖഛായ മാറ്റിമറിക്കാൻ പോകുന്ന പദ്ധതിയാണ്. 10 ഏക്കറിലധികം ഭൂമിയിൽ സ്വകാര്യവ്യവസായ പാർക്കുകൾ ആരംഭിക്കുമ്പോൾ ഏക്കറൊന്നിന് 30 ലക്ഷം രൂപ വച്ച് പരമാവധി മൂന്ന് കോടി രൂപയുടെ സാമ്പത്തിക സഹായം പശ്ചാത്തല സൗകര്യവികസനത്തിനായി സർക്കാർ നൽകും. ഇതിനോടകം എട്ട് സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. മൂന്ന് പാർക്കുകൾക്ക് അനുമതി ലഭിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണ്. സുസ്ഥിര വികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പടെയുള്ള പരിഗണനാവിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിച്ചതിനൊപ്പം സ്വകാര്യനിക്ഷേപം ആകർഷിക്കാനും എംഎസ്എംഇ മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാനും സാധിച്ചു എന്നതാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ നേട്ടങ്ങൾ.

സംരംഭകരെ കൈവിടാതെ സംരംഭക വർഷം 2.0.

2022-2023 ൽ നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയുടെ പ്രധാന ലക്ഷ്യം പുതിയ സംരംഭങ്ങളുടെ തുടക്കമായിരുന്നു. സംരംഭക വർഷം പദ്ധതി കാലയളവിൽ 1,39,840 പുതിയ സംരംഭങ്ങളും, 8,422 കോടി രൂപയുടെ വ്യവസായ നിക്ഷേപവും, മൂന്ന് ലക്ഷത്തിലധികം പുതിയ തൊഴിലുകളും സൃഷ്ടിച്ചു. 45,099 വനിത സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനായത് പദ്ധതിയുടെ റിക്കാർഡ് നേട്ടമാണ്. ഈ നേട്ടങ്ങളുടെ ചുവടുപിടിച്ച് ആഗോളതലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ചുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ അനുയോജ്യമായ വ്യവസായ സൗഹൃദാന്തരീക്ഷം വളർത്തുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് സംരംഭക വർഷം പദ്ധതിയുടെ രണ്ടാം ഘട്ടമായ 'സംരംഭക വർഷം 2.0 ന് ഈ വർഷം മുതൽ തുടക്കമിട്ടത്. 'സംരംഭക വർഷം 2.0 യിലൂടെ പുതിയ സംരംഭങ്ങൾക്ക് തുടർസഹായം നൽകി ഗുണനിലവാരം വർദ്ധിപ്പിച്ച് അടുത്ത നാലു വർഷം കൊണ്ട് ആകെ വിറ്റുവരവ് ഒരു ലക്ഷം കോടിയാക്കി ഉയർത്തുകയെന്ന ലക്ഷ്യത്തോടു കൂടി 'മിഷൻ 1000' എന്ന പദ്ധതിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംരംഭകരെ നേരിട്ട് സന്ദർശിച്ച് അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കി അത് പ്രദാനം ചെയ്യുന്നതിനുള്ള കർമ്മ പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കും. സംരംഭകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ സംരംഭങ്ങളെ സബ്സിഡിയോടു കൂടിയുള്ള സാമ്പത്തിക സഹായങ്ങൾ നൽകി ഉയർത്തുന്നതിനും 'സംരംഭക വർഷം 2.0' ലക്ഷ്യമിടുന്നു.

സംരംഭങ്ങളുടെ സാങ്കേതിക- തൊഴിൽ വിപണനപരമായ ഉയർച്ചയാണ് സംരംഭങ്ങളുടെ വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ വ്യവസായ വാണിജ്യ നയം വിഭാവനം ചെയ്യുന്ന 22 മുൻഗണനാ മേഖലകളിൽ വ്യവസായ വളർച്ച കൈവരിക്കുന്നതിനുള്ള പദ്ധതികളും സംരംഭക വർഷം പദ്ധതി കാലയളവിൽ നടപ്പിലാക്കിയ പൊതു ബോധവത്ക്കരണ പരിപാടി, സംരംഭകത്വ ബോധവത്ക്കരണ പരിപാടി, നിക്ഷേപക സംഗമം, സംരംഭകത്വ വികസന പരിശീലനം, ടെക്നോളജി ക്ലിനിക്കുകൾ വായ്പ, ലൈസൻസ് -സബ്സിഡി മേളകൾ തുടങ്ങിയവയെല്ലാം രണ്ടാംഘട്ടത്തിലും തുടരും. പുതിയ സംരംഭകർക്ക് നിലവിലുള്ള വിപണന സാധ്യതകൾ പരിചയപ്പെടുത്തുന്നതിലും 'സംരംഭക വർഷം 2.0' ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംരംഭക വർഷം പദ്ധതിയിൽ സ്ഥാപിക്കപ്പെട്ട സംരംഭങ്ങളുടെ ഉൽപന്നങ്ങളെ പരിചയപ്പെടുന്നതിനു വേണ്ടി ജില്ലാതലത്തിൽ വിപുലമായ രീതിയിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിപണന മേളകൾ സംഘടിപ്പിക്കുകയെന്നുള്ളതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പ്രാദേശിക സംരംഭങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ ആഗോള വിപണന ശൃംഖലകളുമായി (ഏഹീയമഹ ങമൃസലശേിഴ ചലംേീൃസ) ബന്ധപ്പെടുന്നതിനുള്ള സംവിധാനം വികസിപ്പിക്കുകയെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ആഗോള മാറ്റങ്ങൾക്ക് അനുസരിച്ച് വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും സുസ്ഥിര വ്യവസായ സൗഹൃദ അന്തരീക്ഷം വളർത്തി കേരളത്തെ വ്യവസായ കുതിപ്പിലേക്ക് നയിക്കുന്നതിനും 'സംരംഭക വർഷം 2.0 യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ സാധ്യമാകും. 

ആശയമുണ്ടോ? ഒപ്പമുണ്ട് കെഎസ്‌ഐഡിസി.

ആവശ്യമായ പ്രവർത്തന മൂലധമില്ലാത്തതിനാൽ ഒരു ബിസിനസ് ആശയവും ഇനി കേരളത്തിൽ ഉപേക്ഷിക്കപ്പെടില്ല. കാരണം 

സംസ്ഥാനത്ത് സംരംഭകത്വം എളുപ്പമാക്കാനും സംരംഭകർക്ക് എളുപ്പത്തിൽ ഫണ്ടിങ് ലഭ്യമാക്കാനും നിരവധി ലോൺ പദ്ധതികളാണ് കെഎസ്ഐഡിസി നടപ്പാക്കിവരുന്നത്.  കെഎസ്‌ഐഡിസിയുടെ പ്രധാന വായ്പ പദ്ധതികളായ ടേം ലോൺ, എക്യുപ്‌മെന്റ് പർച്ചേഴ്‌സ് ലോൺ, കോർപ്പറേറ്റ് ലോൺ, വർക്കിങ് കാപ്പിറ്റൽ ടേം ലോൺ എന്നിവയിലൂടെയും സ്‌പെഷ്യൽ പദ്ധതികളായ മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായ  പദ്ധതി, ബിൽ ഡിസ്‌കൗണ്ടിങ് ലോൺ, കോൺട്രാക്ടർ ലോൺ, കാരവൻ ലോൺ, വനിതാ സംരംഭകർക്ക് വി മിഷൻ എന്നിവയിലൂടെയും കെഎസ്‌ഐഡിസി വായ്പകൾ നൽകി വരുന്നു.  സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് എന്നിവയിലൂടെയും വായ്പകൾ നൽകുന്നുണ്ട്. കെഎസ്‌ഐഡിസിയുടെ എല്ലാ ലോണുകളും ഏറ്റവും ആകർഷകമായ പലിശനിരക്കിലാണ് നൽകുന്നത്. മികച്ച ക്രെഡിറ്റ് റേറ്റിങുള്ള ഒരു സംരംഭകന് പലിശ  നിരക്കിൽ ഇളവുകൾ ലഭിക്കും. തിരിച്ചടവുകൾ കൃത്യമായി നടത്തിയാൽ പലിശയിൽ ഇളവുകൾ അനുവദിക്കുകയും ചെയ്യുന്നു. 

മുഖ്യമന്ത്രിയുടെ പ്രത്യേക ധനസഹായ പദ്ധതിയാണ് ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ കെഎസ്‌ഐഡിസി അനുവദിക്കുന്ന ലോൺ. 5.50 ശതമാനം മാത്രമാണ് പലിശനിരക്ക്. ഒരു കോടി രൂപ മുതൽ 60 കോടി വരെ അനുവദിക്കുന്ന ടേം ലോൺ,  ഉത്പാദന മേഖലയിൽ നിലവിലുള്ള വനിതാ സംരംഭങ്ങളുടെ  വിപുലീകരണത്തിനും നവീകരണത്തിനുമായുള്ള വി മിഷൻ പദ്ധതി, സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷം മുതൽ ഒരു കോടി വരെ അനുവദിക്കുന്ന സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് തുടങ്ങിയവയും കെഎസ്‌ഐഡിസിയുടെ പ്രധാന ആകർഷക വായ്പാ പദ്ധതികളാണ്.

സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ടിംഗ്

 യുവ സംരംഭകരുടെ ഏതൊരു മികച്ച ബിസിനസ് ആശയങ്ങളും സംരംഭങ്ങളാക്കാൻ കെഎസ്‌ഐഡിസി സീഡ് ഫണ്ട്, സ്‌കെയിൽ അപ്പ് പദ്ധതി എന്നിവ വഴി സ്റ്റാർട്ടപ്പുകൾക്ക്് സാമ്പത്തിക പിന്തുണ നൽകിവരുന്നുണ്ട്. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായതും വൻതോതിൽ വാണിജ്യവത്ക്കരിക്കാൻ സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവയുടെ പ്രാരംഭ ഘട്ടത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് പദ്ധതി. ഒരു പദ്ധതി ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പരമാവധി 25 ലക്ഷം രൂപ വരെ നൽകും. ഈ വായ്പ ഒരു വർഷത്തേക്കുള്ള സോഫ്റ്റ് ലോണായിട്ടാണ് അനുവദിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. സീഡ് സ്റ്റേജ് വിജയകരമായി പൂർത്തിയാക്കുകയും തങ്ങളുടെ നൂതന ഉൽപന്നം/ സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭത്തിന്റെ വളർച്ച ഘട്ടത്തിൽ അവയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന് ഒരു കോടി രൂപ വരെ 7.5 ശതമാനം പലിശ നിരക്കിൽ വായ്പയായി നൽകുന്ന പദ്ധതിയാണ് 'സ്‌കെയിൽ അപ്പ് '.കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്ന ലോൺ തിരികെ അടയ്ക്കാൻ മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് സമയം ലഭിക്കുമെന്നതാണ് പ്രത്യേകത. ആരോഗ്യമേഖല, കൃഷി, വെബ് ആൻഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഇ-കോമേഴ്സ്, എഞ്ചിനീയറിങ്, ആയുർവേദം, ധനകാര്യ സ്ഥാപനങ്ങൾ, സിനിമാ-പരസ്യമേഖല, വിദ്യാഭ്യാസം, എച്ച്ആർ, ബയോടെക്‌നോളജി, ഡിഫൻസ് ടെക്‌നോളജി തുടങ്ങിയവ ഉൾപ്പെടുന്ന നിരവധി  മേഖലകൾക്കാണ് ഈ പദ്ധതികളിലൂടെ സഹായം നൽകുന്നത്.  ഐടി ഇതര സ്റ്റാർട്ടപ്പുകൾ ഉൾപ്പടെയുള്ള സ്റ്റാർട്ടപ്പുകൾക്കാണ് ധനസഹായം നൽകി വരുന്നത്. 

കെ-സ്വിഫ്്റ്റ് വന്നു വ്യവസായകേരളത്തിന്റെ                 പ്രതിച്ഛായ മാറി

വ്യവസായിക അനുമതികൾക്ക് പല ഓഫീസുകൾ കയറിയിറങ്ങാതെ ഒറ്റ പോർട്ടലിൽ ലഭിക്കുന്നതിനാൽ കെഎസ്‌ഐഡിസിയുടെ ജനകീയ കെ- സ്വിഫ്റ്റ് ഓൺലൈൻ ഏകജാലക സംവിധാനത്തിന് സംരംഭകർക്കിടയിൽ വൻ സ്വീകാര്യതയാണുളളത്. 70,292 സംരംഭകരാണ് ഇതുവരെ കെ-സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 41759 എംഎസ്എംഇകൾക്ക് ക്ലിയറൻസ് ലഭിച്ചു. 5969 അപേക്ഷകളിൽ 3711 അപേക്ഷകൾക്ക് ഇതുവരെ അനുമതി നൽകി. 21 വകുപ്പുകളിൽ നിന്നുള്ള 85 ലേറെ അനുമതികൾ ഒരൊറ്റ വെബ് പോർട്ടൽ വഴി റെഡിയാക്കാം.കേരളത്തിൽ അസാധ്യമെന്ന് കരുതിയിരുന്നതാണ് കെഎസ്‌ഐഡിസി കെ-സ്വിഫ്റ്റിലൂടെ യാഥാർത്ഥ്യമായത്. ലൈസൻസുകൾക്കായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത് സ്വന്തം സംരംഭം എന്ന സ്വപ്നം ഉപേക്ഷിച്ചവരുടെ കഥകളെല്ലാം കെ-സ്വിഫ്റ്റ് വന്നതോടെ ഇപ്പോൾ പഴങ്കഥകളായി. കെ-സ്വിഫ്റ്റിന്റെ വരവോടെ ബിസിനസ് വിജയഗാഥകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ലൈസൻസിനായി ആവശ്യമായ വിവരങ്ങളും രേഖകളും അടക്കം ശരിയായ രീതിയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചാൽ സംസ്ഥാനത്തെ നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളിൽ കെ-സ്വിഫ്റ്റ് വഴി തീർപ്പുകൽപ്പിച്ചിരിക്കും. ഇനി ആ നിശ്ചിത സമയ പരിധിക്കുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ അനുമതികൾ ഓട്ടോമാറ്റിക്കായി ലഭിക്കുകയും സംരംഭകന് മറ്റ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യാം. അപേക്ഷകർ വച്ചു താമസിപ്പിക്കാനോ സംരംഭകനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഓഫീസുകൾ കയറ്റിയിറക്കാനോ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. കാരണം ഓരോ അപേക്ഷയുടെയും വിശദാംശങ്ങൾ വ്യവസായ വകുപ്പ് മേധാവികൾക്ക് അതത് സമയത്ത് അറിയാനാകും. ഏതെങ്കിലും ഘട്ടത്തിൽ അപേക്ഷ നീങ്ങാതെ കിടന്നാൽ കൃത്യമായി അറിയാൻ സാധിക്കുന്ന ഡാഷ് ബോർഡുണ്ട്. ടെക്‌നോളജിയെ പരമാവധി വിനിയോഗിച്ച് സാധാരണ സംരംഭകർക്ക് അങ്ങേയറ്റം സുഗമമായ സംവിധാനമാണ് കെ-സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 

കണക്കുകൂട്ടൽ കിറുകൃത്യം

സർക്കാർ വിഭാവനം ചെയ്ത പ്രവർത്തനങ്ങളുടെ ഫലമായി 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തില് 1,39,840 യൂണിറ്റുകളും 8421.64 കോടി രൂപയുടെ വ്യവസായ നിക്ഷേപവും 300,051 പുതിയ തൊഴിലുകളും സൃഷ്ടിച്ചക്കപ്പെട്ടു. 45106 വനിതാ സംരംഭങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഈ സാമ്പത്തിക വർഷം ഇതുവരെ (202324)  26,071 പുതിയ സംരംഭങ്ങളും 1805.66 കോടി രൂപയുടെ വ്യവസായ നിക്ഷേപവും ഉണ്ടായി. 55,539 തൊഴിലുകളുമാണ് സൃഷ്ടിച്ചത്.7969 വനിതാ സംരംഭങ്ങളും തുടക്കം കുറിച്ചിട്ടുണ്ട്.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം മുന്നോട്ട്

ദേശീയതലത്തിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിൽ നേരത്തെയുണ്ടായിരുന്ന ഇരുപത്തെട്ടിൽ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ കഴിഞ്ഞതു തന്നെ കേരളത്തിലെ വ്യവസായസൗഹൃദാന്തരീക്ഷം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുകയും നയപരമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയും ചെയ്തതോടെ ഈ രംഗത്ത് കേരളം വലിയൊരു നേട്ടം കൈവരിക്കുകയായിരുന്നു.

ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം എന്ന ആശയം ഇന്ത്യയിൽ ആദ്യമായി മുന്നോട്ടുവെക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമാണ്. ഇതിനൊപ്പം ഗ്രീൻ ഇൻവെസ്റ്റ്‌മെന്റിന് പറ്റിയ സ്ഥലമായും ആഗോളാടിസ്ഥാനത്തിൽ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമായും കേരളം മാറുന്നത് കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായകമാകുന്നു. ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടാനും വ്യവസായ വകുപ്പിന് സാധിച്ച വർഷമാണ് 2022-23. കൂടാതെ ഈ കാലയളവിൽ കേരളത്തിൽ നിരവധി പദ്ധതികൾക്ക് തുടക്കമിടാനും വലിയ നിക്ഷേപങ്ങളെ ആകർഷിക്കാനും സാധിച്ചിട്ടുണ്ട്. മീറ്റ് ദി ഇൻവെസ്റ്റർ പദ്ധതിയിലൂടെ 11,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. നവീനമായ മാതൃകകൾ നടപ്പിലാക്കി നിക്ഷേപക ലോകത്തിന്റെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചതും നിയമങ്ങളിലൂടെ നിക്ഷേപകർക്കനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതും കേരളത്തെക്കുറിച്ചുള്ള  മുൻധാരണകൾ മാറുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ വരുന്നതിനും സഹായകമായി. ഈ മുന്നേറ്റം സാധ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ സൃഷ്ടിച്ച നിയമങ്ങൾ സഹായകമായിട്ടുണ്ട്. 50 കോടി രൂപയിലധികം നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകാനുള്ള സുപ്രധാന ബിൽ പാസാക്കിയത് ഈ സർക്കാരാണ്.50കോടി രൂപയിൽ താഴെ നിക്ഷേപമുള്ള എംഎസ്എംഇകൾക്ക് ലൈസൻസില്ലാതെ മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കാൻ സാധിക്കും. സിംഗിൾ വിൻഡോ സംവിധാനത്തിൽ നിന്നുള്ള അക്‌നോളജ്‌മെന്റ് മാത്രം മതി. ഇതിന് പുറമെ ഈ വ്യവസായങ്ങൾക്ക് അതിവേഗ അനുമതി നൽകുന്നതിനായി കെ-സ്വിഫ്റ്റ് പോർട്ടലും പ്രവർത്തിക്കുന്നുണ്ട്.

വൻകിട കമ്പനികളുടെ/കോർപ്പറേഷനുകളുടെ വലിയ നിക്ഷേപങ്ങൾ നേടിയെടുക്കാൻ കേരളം സർവ്വദാ സജ്ജമാണ്.  കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകി പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കാര്യങ്ങളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സംരംഭകർക്ക് വേണ്ട വിവിധ തരം സാമ്പത്തിക സഹായ പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് തുടങ്ങുന്നതിനുവേണ്ട അംഗീകാരങ്ങളും അനുമതികളും പുതിയ അവസരങ്ങൾ പരമാവധി മുതലെടുക്കുന്നതിനായി ലൈഫ് സയൻസ് പാർക്ക്, മെഗാ ഫുഡ് പാർക്ക് തുടങ്ങിയ വിവിധ പാർക്കുകൾപ്പടെ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ലോകത്തിലെ മുൻനിര മോട്ടോർ വാഹന നിർമാതാക്കൾക്ക് സിമുലേഷൻ വാലിഡേഷൻ സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കമ്പനിയായ 'ഡീ സ്‌പെയ്‌സ് ' തിരുവനന്തപുരത്ത് ഗവേഷണ വികസന കേന്ദ്രം തുറക്കുന്നത് നിക്ഷേപ രംഗത്ത് വലിയൊരു നേട്ടമായാണ് കാണുന്നത്. മൂന്നുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുന്ന കമ്പനിയിൽ മുന്നുറോളം തൊഴിലവസരങ്ങൾ ലഭ്യമാകും.

പുതുനയം അടിമുടി മാറ്റം കൊണ്ടുവരും

 പുതിയ വ്യവസായിക നയം പ്രായോഗികമാകുന്നതോടെ കേരളത്തിന്റെ വ്യാവസായിക മേഖലയിൽ വൻ കുതിച്ചുചാട്ടം സാധ്യമാകും. അതോടൊപ്പം ഈ സാമ്പത്തിക വർഷത്തെ നിക്ഷേപവർഷമായി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു. ഇതിന് സഹായകമായ രീതിയിൽ നവീന ആശയങ്ങൾ വളർത്താനും സുസ്ഥിരമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതിയും വ്യവസായനയത്തിലുണ്ട്.

മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ ഡിവൈസ് പാർക്ക്, ഇലക്ട്രോണിക് ഡിസൈനിങിലും നിർമാണ മേഖലയിലും നേട്ടമുണ്ടാക്കുന്നതിനായി ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററും  സ്ഥാപിക്കും. ഇലക്ട്രോണിക് വാഹനരംഗത്ത് അഡ്വാൻസ്ഡ് ബാറ്ററി നിർമാണവും ഇവി പാർക്കും സ്ഥാപിക്കും. കൂടാതെ എയ്റോസ്പേസ് -ഡിഫൻസ് ടെക്നോളജി ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് കേരള സ്പേസ് പാർക്ക്, ത്രീഡി പ്രിന്റിങ് രംഗത്തെ വനസാധ്യതകൾ മുന്നിൽക്കണ്ട് ലോകോത്തര ബയോ പ്രിന്റിങ് ലാബ് എന്നിവയും ആരംഭിക്കും.ആധുനിക വ്യവസായങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം പരമ്പരാഗത വ്യവസായങ്ങളെ കൈപിടിച്ചുയർത്താനും പുതിയ വ്യവസായ നയം ലക്ഷ്യമിടുന്നു

ഭാവിപദ്ധതികൾ ലക്ഷ്യങ്ങൾ

സംസ്ഥാനത്തെ വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനും നിക്ഷേപങ്ങൾ സുഗഗമാക്കുന്നതിനുമായി സംസ്ഥാനസർക്കാരിന്റെ 2023-24 ബജറ്റിൽ 12250 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക, വ്യവസായ വികസന നടപടിക്രമങ്ങൾ ലഘൂകരിക്കുക, കേരളത്തെ വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ഐ.ഡി.സി പ്രവർത്തിക്കുന്നത്. ഉത്പാദനമേഖലയിലും മറ്റ് വളർന്നുവരുന്ന മേഖലകളിലുമുള്ള ദേശീയ/ അന്തർദേശീയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായുള്ള പ്രത്യേക പരിപാടികൾക്കാണ് ഈ സാമ്പത്തിക വർഷം കെഎസഐഡിസി ഊന്നൽ നൽകുന്നത്. ഇതിനായി ആറ് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിൽ 15 എന്നുള്ളതിൽ നിന്ന് ആദ്യ 10 റാങ്കിൽ കേരളത്തെ എത്തിക്കുകയാണ് കെഎസ്‌ഐഡിയുടെ ഇദംപ്രഥമമായ ലക്ഷ്യം.അതിനായി ബൃഹദ് പരിപാടികളാണ് ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നത്. കൂടാതെ കേരളത്തിന്റെ വ്യവസായ മേഖലയുടെ മുഖച്ഛായ മാറ്റുന്ന 2023ലെ വ്യവസായ നയത്തിന് അംഗീകാരം ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായും  മുന്നോട്ടുപോകുകയാണ്. 

സ്വകാര്യ വ്യവസായിക പാർക്കുകൾ, വ്യവസായങ്ങളുടെ പ്രോത്സാഹനം, ഉത്തരവാദിത്ത നിക്ഷേപം തുടങ്ങിയവ നടപ്പിലാക്കുന്നതിനായി സുസ്ഥിര വ്യവസായ പ്രോത്സാഹന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. 28 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ പുതിയസാധ്യതകൾ കണ്ടെത്തുന്നതിനായി തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന മൈക്രോബയോസെന്റർ ഓഫ് എക്സലൻസ് കേന്ദ്രത്തിനായി 10 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താമസംവിനാ ആരംഭിക്കും. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽസിലെ മികവിന്റെ കേന്ദ്രത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഉൾപ്പെടെയുളളവയും കാലവിളംബമില്ലാതെ ആരംഭിക്കും.

കെഎസ്ഐഡിസിയും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും സംയുക്തമായി  സ്ഥാപിക്കുന്ന മെഡിക്കൽ ഡിവൈസ് പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. പ്രോട്ടോടൈപ്പ് ഇൻകുബേഷൻ സെന്റർ, വിജ്ഞാന വിഭവ കേന്ദ്രം, ആനിമൽ ഹൗസ് തുടങ്ങിയ കെട്ടിടങ്ങളുടെ നിർമാണമാണ് നടക്കുക. കൂടാതെ കുറ്റ്യാടി നാളികേര വ്യവസായ പാർക്കിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലക്കാട് ഇൻവെസ്റ്റ്മെന്റ് സോണിലുള്ള ലൈറ്റ് എഞ്ചിനീയറിങ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ആദ്യഘട്ടം പൂർത്തിയായി.  അതിന്റെ കൂടെ 38 വ്യാവസായിക യൂണിറ്റുകൾക്ക് ബിൽറ്റ് ഐപി സ്പേസ്/ ഭൂമി അനുവദിക്കുകയും ചെയ്തു. അതിൽ അഞ്ചെണ്ണം പ്രവർത്തന ക്ഷമമമാണ് ബാക്കിയുള്ളവയും അധികം വൈകാതെ പ്രവർത്തനക്ഷമമാകും.  നിലവിലുള്ള ഇന്റേണൽ റോഡിന്റെ (1030 മീറ്റർ) അറ്റകുറ്റപ്പണികളും ഡ്രെയിനേജ് സംവിധാനവും നടക്കുകയാണ.്  കാസർകോഡ് വ്യവസായ ഇടം വ്യവസായിക ആവശ്യങ്ങൾക്കനുസൃതമായി ഭൂമി വിനിയോഗിക്കുന്നതിനുള്ള സാധ്യത പഠനം നടത്തുന്നതിന് സിഎംഡിയെ നിയമിച്ചിട്ടുണ്ട്. ഭൂമിയിൽ കോമ്പൗണ്ട് ഭിത്തി നിർമാണം നടത്തുന്നതും കെഎസ്ഐഡിസിയാണ.് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു സ്റ്റാൻഡേർഡ് ഡിസൈൻ കെട്ടിടത്തിന്റെ നിർമാണവും അടിസ്ഥാന സൗകര്യങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. ചേർത്തല വ്യവസായിക വളർച്ചാ കേന്ദ്രത്തിലെ 25 ഏക്കർ ഭൂമിയുടെ രണ്ടാം ഘട്ട വികസനം ബാങ്കുകൾക്കും ഷോപ്പുകൾക്കും മറ്റ് അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്കുമായി 35000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ എസ്ഡിഎഫ് കെട്ടിട നിർമാണം തുടങ്ങിയവയും ഉദ്ദേശിക്കുന്നു. നൂതനമായ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ സഹായിക്കാനുള്ള കോഴിക്കോട് കോ-വർക്കിങ് സ്പേസ്/ട്രേഡ് സെന്ററിന്റെ സിവിൽ ജോലികൾ ഉടൻ ആരംഭിക്കും. കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ 50000 തൊഴിൽ ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. 

പഠനത്തോടൊപ്പം ജോലിയും മാറ്റത്തിന് തയ്യാറായി ക്യാമ്പസുകൾ

വിദ്യാർഥി സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സർവകലാശാല ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതി വ്യവസായ- വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറായി വരുകയാണ്. വിദ്യാർഥികളിൽ പഠനവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ലക്ഷ്യം.പദ്ധതി പ്രകാരം, കോളജ് ക്യാമ്പസിനോട് ചേർന്ന് അഞ്ച് ഏക്കർ സ്ഥലം ഉണ്ടെങ്കിൽ ഇൻഡസ്ട്രിയൽ പാർക്ക് ആരംഭിക്കാനാകും. ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനസമയം കഴിഞ്ഞാൽ ഇവിടെ ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രൊഫഷനൽ കോളജുകൾ, പോളിടെക്നിക് കോളജുകൾ,ഐടിഐ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപന ട്രസ്റ്റുകൾ/ സംരംഭകർ തുടങ്ങിയവർക്കെല്ലാം പാർക്ക് ആരംഭിക്കാവുന്നതാണ്.

പദ്ധതി വഴി ചുരുങ്ങിയത് അഞ്ച് ഏക്കർ സ്ഥലമുള്ളവർക്ക് ഇൻഡസ്ട്രിയൽ പാർക്കിനായും രണ്ട് ഏക്കറെങ്കിലും സ്ഥലമുള്ളവർക്ക് സ്റ്റാന്റേർഡ് ഡിസൈൻ ഫാക്ടറി(എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിനും അപേക്ഷ നൽകാം. അടിസ്ഥാന സൗകര്യ വികസനത്തിന് ഏക്കർ ഒന്നിന് പരമാവധി 20 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി ഒന്നരക്കോടി രൂപ വരെ ധനസഹായം ലഭിക്കും.ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ വികസിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പാണ് എൻഒസി നൽകുന്നത്. അതിന്റെ നടപടികൾ തുടരുകയാണ്. നടപടികൾ പൂർത്തിയായാൽ സംസ്ഥാനത്തെ കലാലയങ്ങളിലും അതുവഴി വരുംതലമുറപൗരന്മാരുടെ മനോഭാവത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകും. കൂടാതെ സംസ്ഥാനത്ത് സ്വകാര്യ ഇൻഡസ്ട്രിയൽ പാർക്കുകൾ സൃഷ്ടിച്ചതുപൊലെ വ്യവസായിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് കഴിയും.

Post your comments