Global block

bissplus@gmail.com

Global Menu

The King of Kerala Tourism Industry

കനൽവഴികൾ താണ്ടി വിജയത്തിലേക്ക്...

ബിസിനസ് പാരമ്പര്യമുളള കുടുംബത്തിൽ നിന്ന് ഉദിച്ചുയർന്ന താരമല്ല രാജശേഖരൻ നായർ.  ജീവിക്കാനൊരു വഴി തേടി മുംബൈയിലെത്തുകയും അവിടെ കഠിനാധ്വാനത്തിലൂടെ സ്വന്തം ബിസിനസ്  കെട്ടിപ്പടുക്കുകയുമായിരുന്നു. അന്യനാട്ടിൽ വിജയക്കൊടി പാറിക്കുമ്പോഴും പിറന്ന മണ്ണിനെയും നാട്ടുകാരെയും സ്നേഹിച്ച വ്യക്തി.

സ്വന്തം പ്രയത്‌നം കൊണ്ട് ഒരു വൻ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുകയും വളർച്ചയുടെ പടവുകളിൽ സ്വന്തം നാടിനെയും നാട്ടാരെയും ഒപ്പം കൂട്ടുകയും ചെയ്ത വ്യക്തിയാണ് യുഡിഎസ് ഗ്രൂപ്പ് ചെയർമാൻ എസ്.രാജശേഖരൻ നായർ. എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ആരും ഒരു സാധ്യതയും കാണാത്തിടത്ത് വൻ ബിസിനസ് സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കുകയും ചെയ്ത ബിസിനസുകാരൻ. അതിലുപരി തന്റെ നാടിനും വേണം സ്വന്തമായൊരു രാജ്യാന്തരനിലവാരമുളള സ്‌കൂൾ എന്ന തീവ്രമായ ആഗ്രഹത്തോടെ തിരുവനന്തപുരം ജില്ലയിലെ ചെങ്കലിൽ സായ് കൃഷ്ണ പബ്ലിക് സ്‌കൂൾ നടത്തുന്നു. വില്ലേജ് ടൂറിസം എന്ന പുത്തൻ ആശയവുമായി കേരള ടൂറിസത്തിനും കേരള സമൂഹത്തിനും പുത്തൻ ഉണർവ്വേകുന്നു. എസ്.രാജശേഖരൻ നായർ ബിസിനസ് പ്ലസിന് നൽകിയ അഭിമുഖത്തിൽ നിന്ന്......

ലോകടൂറിസം രംഗത്ത് കേരളത്തിന്റെ സാധ്യത?
ലോകടൂറിസം മേഖലയെടുത്താൽ ഏറ്റവും കൂടുതൽ ഭംഗിയുളള പ്രദേശമാണ് നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തിന്റെ സാധ്യതകൾ നാം തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. കോവളത്ത് പാഴ് ഭൂമിയായി തളളിയിരുന്ന സ്ഥലം വാങ്ങിയാണ് ഞാൻ മികച്ച ഒരു ബീച്ച് ഹോട്ടൽ തുടങ്ങിയത്. അതുപോലെ എത്രയോ ഭംഗിയുളള സ്ഥലങ്ങളുണ്ട്. ആലപ്പുഴ കായൽ ടൂറിസത്തിന് വളരെയേറെ ഡിമാൻഡുണ്ട്.അതുപോലെ മൂന്നാർ വികസനത്തിന്റെ പരമാവധിയിലെത്തി നിൽക്കുന്നതിനാൽ വാഗമണ്ണിന്റെ സാധ്യതകൾ തിരിച്ചറിയണം.എന്റെ മകളുടെ ഒരു സിനിമയിൽ ഒരു രംഗത്തിന്റെ പകുതിഭാഗം സ്വിറ്റ്‌സർലണ്ടിലും ബാക്കിപകുതി വാഗമണ്ണിലുമാണ് ചിത്രീകരിച്ചത്. എത്ര മനോഹരമാണ് വാഗമൺ എന്ന് അപ്പോഴാണ് മനസ്സിലാവുക. 
കേരളത്തിലേക്ക് ബിസിനസ് പറിച്ചുനട്ടിട്ട് 26 വർഷമാകുന്നു. ആ തീരുമാനത്തിനു പിന്നിൽ?
ഏറ്റവും കൂടുതൽ രോഗികളുളളത് കേരളത്തിലാണ്. കാരണം മക്കളും ചെറുമക്കളുമൊക്കെ വിദേശത്തേക്ക് കൂടുമാറുമ്പോൾ ഇവിടെ തനിച്ചാകുന്ന രക്ഷിതാക്കൾ ക്രമേണ ഏകാന്തതയുടെ തടവുകാരാകുന്നു..രോഗികളാകുന്നു. അതുകൊണ്ടുതന്നെ വലിയ ബിസിനസ് ടീമുകൾ ഇപ്പോൾ കേരളത്തിൽ ആശുപത്രികൾ തുടങ്ങുന്നതിനാണ് വൻതോതിൽ നിക്ഷേപം നടത്തുന്നത്. അതു നമുക്ക് മാറ്റിയെടുക്കണം. കേരളത്തിലെ ഇതര സാധ്യതകൾ കണ്ടറിഞ്ഞ് നിക്ഷേപം നടത്തിയാൽ നമ്മുടെ കുട്ടികൾക്ക് ഇവിടെത്തന്നെ ജോലി ലഭിക്കും. അപ്പോൾ അവർ മികച്ച അവസരങ്ങൾ തേടി നാടുവിടില്ല. ആ ലക്ഷ്യത്തോടെയാണ് ഞാൻ ബോംബെയിൽ നിന്ന് ബിസിനസ് കേരളത്തിലേക്ക് പറിച്ചുനടതും രണ്ടരപതിറ്റാണ്ടായി ഇവിടെ ബിസിനസ് വ്യാപനം നടത്തുന്നതും. 
കോവിഡിന് ശേഷമുള്ള ബിസിനസ്                              കാലത്തെക്കുറിച്ച് ?
കോവിഡ് ടൂറിസം മേഖലയ്ക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. കവടിയാറിലെ ഹോട്ടൽ പ്രൊജക്ട് കൊവിഡ് പ്രതിസന്ധി വന്നില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം പണി പൂർത്തിയാകേണ്ടതായിരുന്നു. അടുത്തമാസം തന്നെ അതിന്റെ നിർമ്മാണപ്രവർത്തനം ആരംഭിക്കും.  ആലപ്പുഴയിൽ കുറച്ചുകൂടി സ്ഥലം ലഭ്യമായി. മികച്ച രീതിയിലുളള ഒരു ബാക്ക് വാട്ടർ റിസോർട്ട് അവിടെ സെറ്റ് ചെയ്യാനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അവിടെ ഒരു ഹെലിപാഡ് കൂടി സെറ്റ് ചെയ്യും. പിന്നീട് ഇടുക്കി വാഗമണ്ണിൽ ഒരു സ്‌പെഷ്യൽ ടൂറിസം പ്രൊജക്ട് കൊണ്ടുവരാനാണ് പദ്ധതി. വളരെ സമാധാനം തുളുമ്പുന്ന അന്തരീക്ഷത്തിൽ പരിസ്ഥിതിസൗഹൃദപരമായ ഒരു ഹിൽ റിസോർട്ട് പണിയാനാണ് പ്ലാൻ. അവിടത്തേക്ക് വേണ്ട പച്ചക്കറിയും മറ്റും അവിടെ തന്നെ കൃഷി ചെയ്യും. നാച്ചുറോപ്പതി, ആയുർവേദ, യോഗ എല്ലാം ബ്ലെൻഡ് ചെയ്ത് യുഡിഎസിന്റെ ഒരു സ്‌പെഷ്യൽ പ്രൊജക്ടായിരിക്കും വാഗമണ്ണിലേത്. അവിടെയും ഹെലിപാഡ് സെറ്റ് ചെയ്യും. എന്നിട്ട് ആലപ്പുഴയിൽ നിന്ന് വാഗമണ്ണിലേക്കും തിരിച്ചും ഹെല്‌കോപ്ടർ സർവ്വീസ് ലഭ്യമാക്കും. അതുപോലെ കോവളത്തെ ബീച്ച് - ആലപ്പുഴയിലെ ബാക്ക് വാട്ടർ- വാഗമണ്ണിലെ ഹിൽ സ്‌റ്റേഷൻ എന്നിവ കണക്ട് ചെയ്ത് ഒരു സർവ്വീസ് അടുത്തവർഷത്തോടെ സ്റ്റാർട്ട് ചെയ്യും. 
സായ്കൃഷ്ണ പബ്ലിക് സ്‌കൂളിനെ പറ്റി പറയാമോ?
എന്നെ സംബന്ധിച്ച് വളരെ അഭിമാനമുളള സ്ഥാപനമാണ് സായ്കൃഷ്ണ പബ്ലിക് സ്‌കൂൾ. നാട്ടുകാർ വിളിച്ച് എന്നെ ഏല്പിച്ച സ്ഥാപനമാണത്. സായ് ബാബ ഭക്തനായതുകൊണ്ടുകൂടിയാണ് അദ്ദേഹത്തിന്റെ പേരിലുളള സ്‌കൂൾ ഞാൻ ഏറ്റെടുത്തത്. ബോംബെയിൽ നിന്ന് രണ്ടുവർഷം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഞാൻ പഠിച്ച സർക്കാർ സ്‌കൂളിലെ ശൗചാലയത്തിന്റെ അവസ്ഥ കണ്ട് അത് പുതുക്കിപ്പണിയാമെന്ന് സ്‌കൂൾ അധികൃതരെ കണ്ട് പറഞ്ഞെങ്കിലും കളിയാക്കുന്ന രീതിയിലായിരുന്നു പ്രതികരണം. പിന്നീടാണ് അതിനെതിരെയുണ്ടായിരുന്ന സിബിഎസ്ഇ സ്‌കൂൾ ജപ്തിഭീഷണിയിലാകുകയും രക്ഷിതാക്കളുടെയും മറ്റും ആവശ്യത്തെതുടർന്ന് ഞാനത് ഏറ്റെടുക്കുകയും ചെയ്തത്. എട്ടുമാസത്തിനുളളിൽ മൂന്നുനിലകെട്ടിടം പണിഞ്ഞു. പിന്നീട് മൂന്നേക്കർ സ്ഥലംകൂടി വാങ്ങി സ്‌കൂൾ വികസിപ്പിച്ചു. മേധാ പട്കറിന്റെ സഹോദരൻ മഹേഷ് കനോൽക്കറാണ് ആർക്കിടെക്ട്. ഉയർന്ന ഭാഗം ഇടിച്ചുനിരത്തണമെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചപ്പോൾ അതുവേണ്ട ഭൂമി ഇപ്പോഴെങ്ങനെയാണോ അതുനിലനിർത്തിക്കൊണ്ട് ചെയ്താൽ മതി എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം ഡിസൈൻ ചെയ്തു. 9 നിലകളിലായാണ് സ്‌കൂൾ ഒരുക്കിയിരിക്കുന്നത്. അതിനുമുകളിൽ മെഡിറ്റേഷൻ സെന്ററുണ്ട്. വളരെ പോസിറ്റീവ് ഫീലിങ് തരുന്ന സ്‌കൂളാണത്. 
നളന്ദ മോഡലിൽ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ ലോകമറിയുന്ന വിദ്യാലയമാക്കി വളർത്തണമെന്നാണ് ആഗ്രഹം. ഹിന്ദി പഠിപ്പിക്കുന്നത് ഉത്തരേന്ത്യയിൽ നിന്നുളള അധ്യാപകരാണ്. അതുപോലെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് വിദേശികളായ അധ്യാപകരുണ്ട്. സ്‌പോർട്‌സ്, ആർട്‌സ്, അഗ്രികൾച്ചർ എന്നിവയിൽ ഓരോ കുട്ടിയും നിർബന്ധമായും പങ്കെടുക്കണം. പ്ലസ് ടു കഴിഞ്ഞ് അവിടെ നിന്നിറങ്ങുന്നത് മികച്ച വിദ്യാർത്ഥികളായിരിക്കണം എന്ന രീതിയിലാണ് പ്രവർത്തനം.  അതുപോലെ പതിയെ പതിയെ പ്രൊഫഷണൽ കോഴ്‌സുകളും ആരംഭിച്ച് ചെങ്കലിനെ ഒരു ലോകോത്തര യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനമാക്കി വളർത്തിയെടുക്കണം എന്നാണ് ആഗ്രഹം. ലാഭം മാത്രം നോക്കി നാം ഉപേക്ഷിച്ചുപോകുമ്പോഴാണ് മികച്ച സ്ഥാപനങ്ങൾ പോലും നാമാവശേഷമാകുന്നത്. അതുണ്ടാകാൻ പാടില്ല. 
അതുപോലെ വിദേശവിനോദസഞ്ചാരികളെ കൊണ്ട് ചെറിയ തുക നിക്ഷേപിപ്പിച്ച് അതിന്റെ പലിശ കൊണ്ട് പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നു. അത്തരത്തിൽ 30 കുട്ടികളെ നിലവിൽ നമ്മൾ പഠിപ്പിക്കുന്നുണ്ട്. വിദേശികളെ സംബന്ധിച്ച് അവർ തരുന്നത് നിസാരതുകയാണ്. അവർക്കത് സന്തോഷവുമാണ്. പക്ഷേ നമുക്ക് അതുകൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുന്നു. ഞാൻ എന്റെ നാടായ ചെങ്കലിൽ പ്ലസ് ടു പാസ്സാകാത്ത ഒരു കുട്ടിപോലും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.
കവടിയാറിലെ കൺവെൻഷൻ സെന്ററിനെ പറ്റി പറയാമോ?
കവടിയാർ കൺവെൻഷൻ സെന്റർ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. വർഷങ്ങളായി അടഞ്ഞുകിടന്ന ഒരു കെട്ടിടം വാങ്ങി അതിൽ വാസ്തുവും എല്ലാം നോക്കി മികച്ച രീതിയിൽ ഒരുക്കിയെടുത്തതാണ് കവടിയാറിലെ പാലസ് കൺവെൻഷൻ സെന്റർ. നിലവിൽ അനന്തപുരിയിലെ പ്രമുഖർ മക്കളുടെ വിവാഹത്തീയതി തീരുമാനിക്കുന്നത് കൺവെൻഷൻ സെന്റർ ലഭ്യമാകുന്ന തീയതി നോക്കിയാണ്. വളരെ പോസിറ്റീവ് വൈബാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്റെ മകളുടെ വിവാഹവും അവിടെവച്ചാണ് നടന്നത്.
ജനം ടിവിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടല്ലോ?
അതെ,തികച്ചും യാദൃച്ഛികമായി എന്നെ തേടിയെത്തിയ ഉത്തരവാദിത്തമാണ് ജനം ടിവിയുടെ മാനേജിംഗ ഡയറക്ടർ പദവി. ജനങ്ങൾക്ക് സത്യം അറിയാൻ അവകാശമുണ്ട്. അത്തരത്തിൽ സത്യം ജനങ്ങളിലേക്കെത്തിക്കാൻ ജനം ടിവി പ്രതിജ്ഞാബദ്ധമാണ്. ആ സ്ഥാപനത്തെ നല്ല നിലയിലെത്തിക്കുക എന്നതാണ് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർമ്മം. സനാതനധർമം എന്നാൽ എന്ത് എന്ന് ജനം അറിയണം. അത്തരത്തിൽ നമ്മുടെ പൈതൃകത്തോട് ഇഴചേർന്നുകിടക്കുന്ന സത്യങ്ങൾ അറിയിക്കുന്നതിന് ജനം ടിവിയെ പോലൊരു സംവിധാനം വളർന്നേ മതിയാകൂ. 
പുതിയ പദ്ധതികൾ?
വില്ലേജ് ടൂറിസം എന്ന കൺസെപ്റ്റാണ് ഞാനിപ്പോൾ വികസിപ്പിക്കുന്നത്. ഹോട്ടലിലെത്തുന്ന ടൂറിസ്റ്റുകളെ കൊണ്ട് ചെറുഗ്രാമങ്ങൾ  അഡോപ്റ്റ് ചെയ്യിക്കുന്നു. അവിടെ ഓർഗാനിക് ഫാമിങ്, മത്സ്യക്കൃഷി തുടങ്ങിയവ കൃഷി ഓഫീസർമാരുടെ മാർഗ്ഗനിർദ്ദേശത്തോടെ ചെയ്യുന്നു. അവിടെനിന്നുളള ഉത്പന്നങ്ങൾ യുഡിഎസ് പർച്ചേസ് ചെയ്യുന്നു. സഞ്ചാരികൾക്കുളള ടൂറിസം പാക്കേജിൽ ഈ ഗ്രാമങ്ങൾ സന്ദർശിക്കുന്നതും ഉൾപ്പെടുത്തുന്നു. അങ്ങനെ നമ്മുടെ ഗ്രാമങ്ങൾ വളരുന്നു...സ്വയംപര്യാപ്തമാകുന്നു.ഇത് ടൂറിസത്തിന്റെ വലിയ സാധ്യതയാണ്.
മകൾ കാർത്തികയുടെ വിവാഹവീഡിയോ വൈറലാണല്ലോ. ചിരഞ്ജീവി ഉൾപ്പെടെയുളള താരനിരയാൽ സമ്പന്നവുമായിരുന്നു. അതെപ്പറ്റി പറയാമോ?
സത്യം പറഞ്ഞാൽ ഈവന്റ് മാനേജ്‌മെന്റൊക്കെ ഇളയമകൾ തുളസിയുടെ നേതൃത്വത്തിലായിരുന്നു. മൂന്നുദിവസത്തെ കല്യാണം. സംഗീത്, ഹൽദി എന്നിങ്ങനെ. ചിരഞ്ജീവി അണ്ണൻ സുഖമില്ലാതിരുന്നിട്ടും ചാർട്ടേഡ് ഫ്‌ളൈറ്റിൽ എത്തിച്ചേർന്നത് വലിയൊരു സർപ്രൈസായിരുന്നു.

ഒരേ ഒരു രാജശേഖരൻ നായർ ....Unpredictable Success.....
A Keralite success story beyond barriers

 

ഉദയസമുദ്ര....യുഡിഎസ് എന്ന പേരിനൊപ്പം രാജശേഖരൻ നായർ എന്നുകൂടി ചേർത്താലാണ് മലയാളിക്ക് തൃപ്തിയാകുക. കാരണം ഹോസ്പിറ്റാലിറ്റി രംഗത്ത് കേരളത്തിന്റെ മുഖമാണ് യുഡിഎസ്. രാജശേഖരൻ നായരാകട്ടെ അതുൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനും.കേവലം അമരക്കാരനല്ല ഇന്ന് യുഡിഎസ് ഗ്രൂപ്പിന് കീഴിലുളള എല്ലാ ബിസിനസ് സംരംഭങ്ങളുടെയും ആശയാവിഷ്‌ക്കാരങ്ങൾക്ക് പിന്നിലെ ചാണക്യനും രാജശേഖരൻ നായർതന്നെ. കേരളത്തിൽ ഭാഗ്യം തേടി മുംബൈയിലെത്തി സ്വന്തം കഠിനാധ്വാനവും സമർപ്പണവും ബുദ്ധിയും ദീർഘദർശനവും കൈമുതലാക്കി വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത മലയാളി.വിട്ടുവീഴ്ചയില്ലാത്ത ബിസിനസുകാരൻ, കണിശക്കാരൻ, നിരന്തരം അവസരങ്ങളെ തേടുന്ന, ഓരോ ദിനവും സ്വയം പുതുക്കുന്ന, ബിസിനസിനെ കുറിച്ച് ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന, ഓരോ ദിനവും അത്തരം അറിവുകളാൽ സ്വയംപുതുക്കിക്കൊണ്ടിരിക്കുന്ന നന്മയുളള ഹൃദയത്തിനുടമയായ വ്യക്തി. കേരളത്തെ തളളിപ്പറഞ്ഞ് പലരും ആനുകൂല്യങ്ങളുടെ പിൻപറ്റി ബിസിനസുകൾ അന്യസംസ്ഥാനങ്ങളിലേക്ക് പറിച്ചുനടപ്പോൾ ബോംബെയിൽ, വ്യവസായങ്ങളുടെ ഹൃദയഭൂമികയിൽ നല്ല നിലയിൽ നടന്നുപോന്ന ബിസിനസിനെ ഇനി തന്റെ വളർച്ചയുടെ ഗുണഭോക്താക്കൾ തന്റെ നാടും നാട്ടുകാരുമാകട്ടെ എന്ന വിശാലചിന്തയോടെ കേരളത്തിലേക്ക് പറിച്ചുനട്ട മനുഷ്യൻ. മുംബൈക്കാരുടെ മണി.....മലയാളികളുടെ ...ഉറ്റവരുടെ പ്രിയപ്പെട്ട യുഡിഎസ് രാജേട്ടൻ...അഴലിന്റെ തിരമാലകളെ അതിജീവിച്ച് അനതിസാധാരണമായ മികവിന്റെ ഉദയസൂര്യനായി തിളങ്ങുന്ന ഉദയസമുദ്രഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.രാജശേഖരൻനായർ

1955 നവംബർ 12ന് നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന കുഗ്രാമത്തിൽ ഇടത്തരം കുടുംബത്തിൽ ശ്രീധരൻ നായരുടേയും രുക്മണിയമ്മയുടേയും എട്ടുമക്കളിൽ രണ്ടാമനായാണ് മണികണ്ഠൻ എന്ന രാജശേഖരൻ നായരുടെ ജനനം. 16-ാം വയസ്സിൽ ജോലി തേടി വീടുവിട്ട മണികണ്ഠൻ തൃശ്ശിനാപ്പള്ളിയിലാണ് എത്തിപ്പെട്ടത്. അവിടെ ഒരു പഴക്കടയിൽ സഹായിയായി ജോലി ചെയ്തു. ഒരു മാസത്തിനകം കച്ചവടതന്ത്രങ്ങൾ സ്വായത്തമാക്കി സ്വന്തമായി പഴക്കട തുടങ്ങി. പയ്യന്റെ കച്ചവടം മെച്ചപ്പെട്ടപ്പോൾ പഴയ മുതലാളിക്ക് സഹിച്ചില്ല. തമിഴ് വികാരം ഉണർത്തിവിട്ട് അയാൾ മണിയുടെ കടപൂട്ടിച്ചു. തുടർന്ന് നില്ക്കക്കളളിയില്ലാതെ ആ കൗമാരക്കാരൻ അന്ന് തൊഴിലന്വേഷകരായ യുവയുടെ സ്വപ്‌നഭൂമിയായ മുംബൈയിലേക്ക് വണ്ടി കയറി.ചെന്നിറങ്ങിയതാകട്ടെ താനയിൽ. ഭാഷയറിയില്ല, ബന്ധുക്കളോ പരിചയക്കാരോ ഇല്ല, ആരുടെയെങ്കിലും വിലാസമോ പേരോ കൈവശമില്ല. പരിഭ്രമത്തോടെ ആ കൗമാരക്കാരൻ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ചെറിയകടയിൽ ചായകുടിക്കാൻ കയറി. മലയാളിയല്ലെങ്കിലും കടയുടമയ്ക്ക് മലയാളം മനസ്സിലാകുമായിരുന്നു. പയ്യന്റെ അവസ്ഥ മനസ്സിലാക്കിയ അയാൾ കേരള സമാജം ഭാരവാഹികളുടെ വിലാസം കൊടുത്തു. പിന്നീട് രാജേഷ് റിഫ്രഷ്‌മെന്റ് എന്ന ഹോട്ടലിൽ ജോലികിട്ടി. ഭക്ഷണവും താമസവും മാത്രമേ മണികണ്ഠൻ പ്രതിഫലമായി പ്രതീക്ഷിച്ചിരുന്നുള്ളൂ. 
തലവര മാറുന്നു
ഹോട്ടൽ ഉടമ നാനാചന്ദ് അഗർവാളിന് തന്റെ പുതിയ ജോലിക്കാരനെ വല്ലാതെ ഇഷ്ടപ്പെട്ടു. ആരേയും ആകർഷിക്കുന്ന വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും എല്ലാറ്റിനുമുപരിയായി കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും എന്തു ചെയ്താലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രകൃതവും നാനാചന്ദിനു ബോധിച്ചു. ഫലമോ ജോലിക്കാരനായി തുടങ്ങിയ പിന്നീട് മണികണ്ഠൻ മാനേജരായി ഉയർത്തപ്പെട്ടു. പുതിയ മാനേജരുടെ കഴിവിൽ വിശ്വാസമർപ്പിച്ച നാനാചന്ദ് മറ്റൊരു ഹോട്ടൽകൂടി തുടങ്ങാൻ പദ്ധതിയിടുകയും അതിൽ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയും ചെയ്തു. നാനാചന്ദിന്റെ മകൻ ദിനേഷ് അഗർവാളാണ് പുതിയ ഹോട്ടൽ തുടങ്ങിയത്. രാപകലില്ലാതെ ജോലി ചെയ്ത് മണികണ്ഠൻ രണ്ടു ഹോട്ടലുകളേയും മികച്ച നിലയിലെത്തിച്ചു. മണികണ്ഠനെ പാർട്‌നറാക്കാൻ പക്ഷേ നാനാചന്ദിന്റെ മക്കൾ സമ്മതിച്ചില്ല.  രണ്ട് വർഷം പ്രതീക്ഷയോടെ കാത്തിരുന്ന മണികണ്ഠൻ എന്ന രാജശേഖരൻ നായർ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.  പുതിയ സ്ഥാപനം തുടങ്ങാൻ നാനാചന്ദ് സഹായിച്ചു. ''കെഫെ ഡാർപൻ' എന്ന ഹോട്ടൽ ലീസിനെടുത്തായിരുന്നു ഹോട്ടൽ ബിസിനസ് രംഗത്തേക്ക് രാജശേഖരൻ നായരുടെ അരങ്ങേറ്റം. അഞ്ചുവർഷത്തിനിടയിൽ ''അൽ ഫയർഡ്','കനോൻ' തുടങ്ങി റസ്റ്റോറൻറ് ശൃംഖലകളും ഏറ്റെടുത്തു. ഇതോടെ മുംബൈയിലെ ഹോട്ടൽ മേഖലയിൽ് സ്വന്തമായ ഒരു ഇടംനേടി. രാഷ്ടീയ നേതാക്കൾ, സിനിമാതാരങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനും രാജശേഖരൻ നായർ എന്ന മുംബൈക്കാരുടെ മണിക്ക് കഴിഞ്ഞു. 
ബിസിനസ് വ്യാപനം
1991 തെന്നിന്ത്യൻ സിനിമാ നായിക രാധയെ വിവാഹം കഴിച്ചു. തുടർന്ന് രാധയുമായി ചേർന്ന് നായർ എസ്റ്റേറ്റ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് രൂപം നൽകി. ബിസിനസ് വിവിധ മേഖലകളിലേക്ക് വളർന്നു. 1993ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണറാണെ ഭാര്യ നീലം റാണയുടെ പേരിൽ നടത്തിയിരുന്ന പ്രശസ്തമായ നീലം റസ്റ്റോറൻറ് ഏറ്റെടുത്തു. ഇലക്ട്രോഡ് കമ്പനികൾ ആരംഭിച്ചു. 1995ൽ തന്റെയും ഭാര്യയുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് ആർ ആർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിനു രൂപം നൽകി. 
രാജകീയമായ മടങ്ങിവരവ്
മുംബൈയിൽ ബിസിനസ് വളരുമ്പോഴും ജന്മനാടെന്ന വികാരം രാജശേഖരൻ നായരെ സ്വാധീനിച്ചിരുന്നു. തുടർന്ന് സ്വന്തംനാടിന് കൂടി ഗുണകരമായ രീതിയിൽ എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തോടെ 1997 ൽ ഹോട്ടൽ വ്യവസായത്തിന് തുടക്കം കുറിച്ചു. ബോംബെയിൽ തൊഴിൽ തേടിപ്പോയയാൾ ജന്മനാടിന് തൊഴിലേകാനും താങ്ങാകാനുമായി രാജകീയമായി മടങ്ങിയെത്തി. കേരളത്തിൽ ഒരു ഹോട്ടലിനുവേണ്ടി സ്ഥലം തിരയുന്നതിനിടയിലാണ് കോവളത്തിനടുത്തുള്ള വെള്ളാർ രാജശേഖരൻ നായരുടെ ശ്രദ്ധയിൽപ്പെത്. വെള്ളാറിലെ സ്ഥലം ക്വാറിയായിരുന്നു.  സമുദ്രത്തോടു ചേർന്ന് തിരസ്‌കരിക്കപെട്ട് കിടന്ന സ്ഥലം. ചുറ്റുപാടും ദരിദ്രരായ കുറേമനുഷ്യർ. ഇവർക്കു കൂടി ഉപകാരപ്രദമായ ഒരു സംരംഭം എന്ന ആഗ്രഹത്തോടെയാണ് അവിടെ  35 മുറികളുമായി ഉദയ സമുദ്ര ലിഷർ ബീച്ച് ഹോട്ടൽ ആൻഡ് സ്പാ' തുറന്നത്. ഭാര്യ രാധയുടെ യഥാർത്ഥ പേര് ഉദയചന്ദ്രിക നായർ എന്നാണ്. ആ പേരിൽനിന്നാണ് ഉദയ സമുദ്ര എന്ന പേരിലേക്ക് എത്തിയത്. ആദ്യ സംരംഭമെന്ന നിലയിൽ വലിയ ശ്രദ്ധയാണ് രാജശേഖരൻ നായർ ഉദയ സമുദ്രയ്ക്ക് നൽകിയത്. അടിസ്ഥാനസൗകര്യങ്ങൾ, ഫർണീഷിംഗ് തുടങ്ങി സേവനത്തിലായാലും ഇന്റീരിയറിലായാലും ചുറ്റുപാടുകളിലായാലും ലോകനിലവാരത്തിലെത്തിക്കാൻ ശ്രദ്ധിച്ചു.2014-ൽ യുഡിഎസിന് പഞ്ചനക്ഷത്ര പദവി ലഭിച്ചു. അപ്പോഴേക്കും 225 ആഢംബര മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോർട്ടായി യുഡിഎസ് മാറിക്കഴിഞ്ഞിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷനും ഉദയ സമുദ്രയ്ക്കുണ്ട്. 
അനുദിനം വളരുന്നു
കേരളത്തിൽ രണ്ടരപ്പതിറ്റാണ്ടിലേറെ പിന്നിടുമ്പോൾ രാജശേഖരൻ നായരുടെ ഉദയ ഗ്രൂപ്പ് വൻ വികസനത്തിലൂടെയാണ് കടന്നുപോകുന്നത്. 2009-ൽ ഫ്ളൈറ്റ് കേറ്ററിംഗ് മേഖലയിലേക്കു പ്രവേശിച്ചു ഇന്ന് പതിന്നാലു ഫ്ളൈറ്റുകളുടെ ഭക്ഷണത്തിന്റെ ചുമതല കമ്പനിക്കാണ്. ശംഖുമുഖത്ത് പതിനായിരം ചതുരശ്രയടിയിലാണ് ഫ്ളൈറ്റ് കിച്ചൺ സ്ഥാപിച്ചിട്ടുള്ളത്. 2011ൽ തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഉദയ സ്വീറ്റ് എന്ന പേരിൽ 45 പ്രീമിയം മുറികളുള്ള ഹോട്ടൽ തുറന്നു. ആലപ്പുഴ പുന്നമടയിലെ ബാക്ക് വാട്ടർ റിസോർട്ട്, വാഗമണ്ണിൽ 20 ഏക്കറിൽ യുഡിഎസ് വെൽനസ് റിസോർട്ട്, കവടിയാറിൽ  അത്യാധുനിക കൺവെൻഷൻ സെന്റർ എന്നിങ്ങനെ രാജശേഖരൻ നായരുടെ യുഡിഎസ് വളരുകയാണ്.  
മാനുഫാക്ച്വറിംഗ് മേഖലയിലേക്ക്
2001ൽ 'ആർജിഎസി ഇലക്ട്രോഡ് ലിമിറ്റഡ്' ഏറ്റെടുത്തുകൊണ്ടാണ് നിർമ്മാണരംഗത്തേക്ക് പ്രവേശിച്ചത്. 2003ൽ കെ വി ടി ഇലക്ട്രോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. ഗുണമേന്മയാകണം മുഖമുദ്രയെന്ന് വിശ്വസിക്കുന്ന രാജശേഖരൻ നായരുടെ കെവിടി ഇല്ക്ട്രോഡ്, വെൽഡിംഗ് ഇലക്ട്രോഡ്സ് മാനുഫാക്ചറിംഗിൽ രാജ്യത്തെ മുൻനിര കമ്പനികളിലൊന്നാണ്.
കുടുംബം
ഭാര്യ രാധ, മക്കൾ കാർത്തിക, തുളസി, വിഘ്നേഷ്, മരുമകൻ രോഹിത് മേനോൻ

Post your comments