Global block

bissplus@gmail.com

Global Menu

മാലിന്യസംസ്‌കരണത്തിന് പുതുവഴികൾ മാതൃകയായി ഹരിത മിത്രം ആപ്പ്

കെ.ടി ബാലഭാസ്‌കരൻ
എക്‌സിക്യൂട്ടീവ് ഡയറക്ടർ, ശുചിത്വ മിഷൻ

 

 

ആരോഗ്യമുള്ള ഒരു സമൂഹത്തിൽ ഏറ്റവും അടിസ്ഥാന ഘടകമാണ് മാലിന്യ രഹിത പരിസരം. മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി രൂപപ്പെടുന്നവയാണ് മാലിന്യങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. മാലിന്യങ്ങൾ എല്ലാം ഉപേക്ഷിക്കപ്പെടേണ്ടവയാണ് എന്ന കാഴ്ചപ്പാടിൽ നിന്ന് മാലിന്യത്തെയും സമ്പത്തായി കാണുന്ന കാഴ്ചപ്പാടിലേയ്ക്ക് ആധുനിക സമൂഹം വളർന്നിട്ടുണ്ട്.
ചാക്രിയ സമ്പദ് വ്യവസ്ഥ (Circular Economy) ശക്തിപ്പെടുത്തി മാത്രമേ ലോകത്തിന് മുന്നോട്ടുപോകാൻ കഴിയൂ എന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുകയാണ്. മാലിന്യങ്ങൾ എന്ന രീതിയിൽ രൂപപ്പെടുന്ന വസ്തുക്കളുടെ അളവ് പരമാവധി കുറയ്ക്കുക, രൂപപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി തരംതിരിച്ച് സുരക്ഷിതമായി സംസ്‌കരിക്കുക, പുനരുപയോഗ സാധ്യതയുള്ളതും പ്രകൃതി സൗഹൃദവുമായ വസ്തുക്കൾ ഉപയോഗിക്കുക എന്നിങ്ങനെ പലതരം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കിയാലേ മാലിന്യ രഹിത പരിസരം എന്ന ലക്ഷ്യത്തിലെത്തൂ. രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ്, തരം, അവ കൈകാര്യം ചെയ്യപ്പെടുന്ന രീതി എന്നിവ കൃത്യമായി അറിഞ്ഞാലേ ശാസ്ത്രീയ മാലിന്യ സംസ്‌കരണ ആസൂത്രണം സാധ്യമാവൂ.
നിലവിൽ അത്തരം ഒരു സംവിധാനത്തിന്റെ അഭാവം ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്ന് ഒരു മെബൈൽ ആപ്ലിക്കേഷൻ ഇതിനായി വികസിപ്പിക്കാൻ തീരുമാനിച്ചത്. സമയബന്ധിതമായി തന്നെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം അഥവാ ഹരിതമിത്രം ആപ്പ് യാഥാർത്ഥ്യമാക്കുകയും ചെയ്തു. മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക ഉപയോക്താക്കൾക്കുള്ള വെബ് പോർട്ടലുമാണ് ഹരിതമിത്രം ആപ്ലിക്കേഷന്റെ പ്രധാന ഘടകങ്ങൾ. ആപ്ലിക്കേഷൻ ഓഫ്‌ലൈനിലും ഓൺലൈനിലും പ്രവർത്തിക്കും. ഹരിതമിത്രം മൊബൈൽ ആപ്ലിക്കഷൻ വഴി തദ്ദേശ സ്ഥാപന തലത്തിൽ നടക്കുന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാവും. ഉപഭോക്താക്കളുടെ വിവരശേഖരണം, നിലവിൽ ലഭ്യമായ മാലിന്യ സംസ്‌കരണ നടപടികൾ, സർവീസ് നടത്തുമ്പോൾ വിശദാംശങ്ങൾ രേഖപ്പെടുത്തൽ എന്നിവ ഹരിതമിത്രത്തിൽ സാധ്യമാണ്.
കേരളത്തെ മാലിന്യരഹിത സംസ്ഥാനമെന്ന പദവിയിലേക്കുയർത്തുന്നതിനു തദ്ദേശ സ്വയംഭരണ തലത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ  പൂർണമായും  ഡിജിറ്റൽവത്കരണം നടത്തുക  എന്ന ധീരമായ ചുവടുവയ്പ്പാണ് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഹരിതകർമ്മസേന മുഖേന ജനങ്ങൾക്ക് നൽകി വരുന്ന വാതിൽപ്പടി ശേഖരണം ഉൾപ്പെടെയുള്ള സേവനങ്ങളുടെ കൃത്യമായ മോണിറ്ററിംഗ് വിവിധതലങ്ങളിൽ ഉറപ്പാക്കി നമ്മുടെ നാട്ടിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നതും ഈ ആപ്പിന്റെ ലക്ഷ്യമാണ്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, മാലിന്യത്തിന്റെ ഉല്പ്പാദനം, അവയുടെ ഗതാഗതം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന  വിശാലമായ കർമ്മമേഖലകളിൽ വ്യാപിച്ചു കിടക്കുന്ന  ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഈ ആപ്പ് സഹായിക്കും.
വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മസേനയുടെ പ്രവർത്തനം, മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകളും, മെറ്റീറിയൽ കളക്ഷൻ സെന്ററുകളും മുഖേനയുള്ള സംഭരണം, പാഴ് വസ്തുക്കളിൽ നിന്ന് പുതിയ ഉത്പ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സംരംഭങ്ങൾ, വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഉറവിട ജൈവമാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങൾ എല്ലാ തദ്ദേശ്വയംഭരണ സ്ഥാപനങ്ങളിലും നവകേരളം കർമ്മപദ്ധതിക്ക് കീഴിൽ തടസ്സങ്ങളില്ലാതെ സമന്വയിപ്പിച്ച് നടപ്പിലാക്കിവരുന്നുണ്ട്. വാർഡ്തലം മുതൽ സംസ്ഥാനതലം വരെ ഈ പ്രവർത്തനങ്ങളെല്ലാം ഹരിതമിത്രം ആപ്പ്  ഓൺലൈൻ പ്ലാറ്റ്‌ഫോമിന് കീഴിൽ ഏകോപിപ്പിക്കുന്നു.
ആപ്പിൽ നൽകിയിരിക്കുന്ന പ്രത്യേക മൊഡ്യൂൾ വഴി പൊതുജനങ്ങൾക്ക് വിവരങ്ങൾ മനസിലാക്കുക, പോരായ്മകൾ ചൂണ്ടിക്കാട്ടുക, പരാതികൾ രേഖപ്പെടുത്തുക തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും.  മാലിന്യ സംസ്‌കരണ പ്രക്രീയയിൽ പൊതുജന പ്രതികരണത്തിന് വേദി ഒരുക്കുന്നതിലൂടെ ഈ മേഖലയിലെ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും കൃത്യതയും ഉറപ്പാക്കുവാൻ കഴിയും എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഉപഭോക്താവും ഈ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഉപഭോക്തൃ മൊബൈൽ ആപ്പ് വഴി ഉപയോക്താവിന് പ്രത്യേക സേവനങ്ങൾക്കായി അഭ്യർത്ഥിക്കാം, പരാതികൾ ഉന്നയിക്കാം. എൻറോൾമെന്റ് ചെയ്യുമ്പോൾ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോലൊക്കേഷനും ഫോട്ടോയും രേഖപ്പെടുത്താനും ഹരിത മിത്രം സഹായിക്കും. ഹരിത കർമ്മസേന അംഗങ്ങൾ, സൂപ്പർവൈസർമാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ഈ ആപ്ലിക്കേഷനിലൂടെ വിവരങ്ങൾ ലഭിക്കും.തദ്ദേശ സ്ഥാപന തലം മുതൽ ജില്ലാ, സംസ്ഥാന തലം വരെയുള്ള ഉപയോക്താക്കൾക്ക് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഈ സംവിധാനം സഹായിക്കും, കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്.
പൊതുജനങ്ങളിൽ ശുചിത്വാവബോധം കൊണ്ട് വരുന്നതിൽ ഈ പൊതു  പങ്കാളിത്തം സഹായിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ഹരിതകർമ്മസേന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.  വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആർകോഡ് പതിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് പദ്ധതിയിലെ ആദ്യ നടപടി.  ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുന്ന 376 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.  ഇതിൽ പകുതിയോളം സ്ഥലങ്ങളിൽ ക്യൂആർകോഡ് കോഡ് സ്‌കാൻ ചെയ്ത് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തിയുള്ള പാഴ്‌വസ്തു ശേഖരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.  2024 മാർച്ച് മാസത്തോടെ കേരളം മുഴുവൻ പാഴ്‌വസ്തു ശേഖരണ സേവനം ഈ രീതിയിലേയ്ക്ക് മാറും.  ഓരോ വീടുകളിൽ നിന്നും ശേഖരിക്കുന്ന പാഴ്‌വസ്തുക്കളുടെ അളവ്, ഓരോ ഹരിതകർമ്മസേനാംഗങ്ങളും ദൈനംദിന സേവനം ലഭ്യമാക്കുന്ന വീടുകളുടേയും സ്ഥാപനങ്ങളുടേയും എണ്ണം, ശേഖരിച്ച ആകെ പാഴ്‌വസ്തുക്കളുടെ അളവ്, എം.സി.എഫിൽ തരംതിരിക്കുന്നവയുടെ അളവ്, ഓരോ എം.സി.എഫ്/ആർ.ആർ.എഫുകളിലും സംഭരിച്ച് സൂക്ഷിക്കുന്നവയുടേയും നീക്കം ചെയ്യുന്നവയുടേയും അളവ്, ലഭിക്കുന്ന യൂസർ ഫീ തുക, ശേഖരിച്ച പാഴ്വസ്തുക്കൾ ഇനം തിരിച്ച് വില്പനയിലൂടെ ലഭിക്കുന്ന തുക തുടങ്ങിയ വിശദാംശങ്ങൾ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ ലഭ്യമാകുകയും ആയതിന്റെ വിലയിരുത്തൽ സാധ്യമാകുകയും ചെയ്യുമെന്നതാണ് ആപ്പിന്റെ പ്രധാന ആകർഷണം.  ഓരോ തലത്തിലും ഉദ്യോഗസ്ഥർക്ക് പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും സാധിക്കും.  ശുചിത്വ മിഷനും ഹരിതകേരളം മിഷനും പദ്ധതിക്ക് മേൽനോട്ടം വഹിക്കും. ഹരിതമിത്രം ആപ്പ് വികസിപ്പിച്ച കെൽട്രോൺ ആണ്‌സാങ്കേതിക സഹായം നൽകുന്നത്.
ഹരിതമിത്രം ആപ്പ് വഴി വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ, വാതിൽപ്പടി വഴി ശേഖരിക്കുന്ന മാലിന്യത്തിന്റെയും മെറ്റീരിയൽ കളക്ഷൻ സെന്ററുകളിലെ പാഴ് വസ്തുക്കളുടേയും അളവും തരവും, ക്ലീൻ കേരള കമ്പനിയും മറ്റ് സ്വകാര്യ കമ്പനികളും സമാഹരിക്കുന്ന മാലിന്യത്തിന്റെ തോത് എന്നിവ തത്സമയം അറിയുന്നതിൻ ആപ്പ് വഴി സാധിക്കും. ആപ്പിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വെബ് പോർട്ടൽ, മാലിന്യ സംസ്‌കരണ സേവനങ്ങൾ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. തദ്ദേശ വാർഡുകളിൽ നിന്ന് തുടങ്ങി സംസ്ഥാന തലം വരെയുള്ള തത്സമയ വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് പ്രാദേശികമായ മലിനീകരണ പ്രശ്‌നങ്ങൾ ആപ്പ് വഴി അതത് തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കാം. ആപത്കരമായ രീതിയിലും അശ്രദ്ധയോടെയും മാലിന്യം വലിച്ചെറിയൽ, ഏറെ അപകടകരമായ മാലിന്യം കത്തിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളെ സംബന്ധിച്ചും പൊതുജനങ്ങൾക്ക് തങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ ഈ ആപ്പ് വഴി അറിയിക്കാം.
മൂന്ന് ഘട്ടങ്ങളായാണ് തദ്ദേശസ്വയംഭരണ തലത്തിൽ ആപ്പ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ  376 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കിവരികയാണ്. 4 കോര്പ്പറേഷനുകൾ, 59 മുനിസിപ്പാലിറ്റികൾ, 313 ഗ്രാമപഞ്ചായത്തുകളിലും, രണ്ടാമത്തെ ഘട്ടത്തിൽ 216 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എൻറോൾമെന്റ് പൂർത്തീകരിച്ചു. മൂന്നാമത്തെ ഘട്ടത്തിൽ 304 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കിവരികയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ തലത്തിലും പൊതുജന താത്പര്യത്തോടെ പദ്ധതി കാര്യക്ഷമമായി നടന്നുവരുന്നു.
സംസ്ഥാനത്ത് ജൈവ- അജൈവ മാലിന്യ സംസ്‌കരണത്തിൽ സാങ്കേതികവിദ്യ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാലിന്യ സംസ്‌കരണ സംവിധാനത്തിൽ അതിനൂതനമായ ഒരു കാൽവയ്പ്പാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഖരമാലിന്യ പരിപാലനം എന്ന എന്നത്തേയും കീറാമുട്ടിയായ ഒരു  പ്രശ്‌നത്തിൻ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഹാരത്തിൻ ആദ്യമായി തുടക്കമിട്ടത് കേരളമാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാം.

Post your comments