Global block

bissplus@gmail.com

Global Menu

"കേരള മോഡലിന് അടിത്തറ പാകിയത് അച്യുതമേനോൻ സർക്കാർ"- കെ.പ്രകാശ്ബാബു

ഭൂപരിഷ്‌ക്കരണ മേഖലയിൽ കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച സംസ്ഥാനങ്ങളിലൊന്നാണ്. അതിൽ, 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ, സഖാവ് ഇംഎംഎസിന്റെ നേതൃത്വത്തിലുളള സർക്കാരാണ് ഭൂപരിഷ്‌ക്കരണ നടപടികൾക്ക് തുടക്കംകുറിച്ചത്. അതിന് മുന്നോടിയായി 1957ലെ കാർഷികബന്ധ നിയമം പാസാക്കുന്നതിനുളള നിയമപരമായ നടപടികൾ തുടങ്ങിവച്ചു. നിയമം പാസാക്കിയെടുക്കുന്നതിന് കാലതാമസമുണ്ടാകും എന്നുളളതുകൊണ്ട് ആദ്യമേ സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് നിയമം കൊണ്ടുവന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ആദ്യ നിയമം എന്നു പറയുന്നത് എവിക്ഷൻ പ്രൊസീഡിംഗ്‌സ് സ്റ്റേ ചെയ്തുകൊണ്ടുളള ഈ നിയമമാണ്. അതിന്റെ തുടർച്ചയായി കാർഷിക ബന്ധ നിയമം കേരള സർക്കാർ പാസാക്കുന്നത്. കേരള നിയമസഭ ഈ നിയമം പാസാക്കിയെങ്കിലും തുടർന്ന് പ്രസിഡഡന്റിന്റെ അനുമതി ലഭിക്കുന്നതിന് താമസം വന്നു. അതു കിട്ടിയെങ്കിൽ തന്നെയും പിന്നീട് സുപ്രീം കോടതിയും ഹൈക്കോടതിയും ആ നിയമത്തിന്റെ പ്രധാനപ്പെട്ട പലഭാഗങ്ങളും റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായി. അതുകൊണ്ട് ആ നിയമം നടപ്പിലാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല 1959 ജൂലൈ 31ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. പിന്നീടുവന്ന പട്ടം താണുപിളളയുടെ നേതൃത്വത്തിലുളള സർക്കാരിന് കാർഷികബന്ധ നിയമം നടപ്പിലാക്കുന്നതിനുളള ഇച്ഛാശക്തിയില്ലായിരുന്നു. ആ സർക്കാർ ചില ഭേദഗതികൾ കൊണ്ടുവന്നെങ്കിലും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഇടപെടൽ നിമിത്തം റദ്ദ് ചെയ്യപ്പെട്ടു.
അങ്ങനെയാണ് 1963-ൽ ഭൂപരിഷ്‌ക്കരണ നിയമം (Kerala Land Reforms Bill) നിയമസഭയിൽ അവതരിപ്പിക്കുന്നത്. അത് നിയമസഭയിൽ പാസായി തുടർന്ന് ആ വർഷം തന്നെ ഡിസംബർ മാസത്തിൽ രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. അതുകൊണ്ടാണ് 1964-ലാണ് ഭൂപരിഷ്‌ക്കരണനിയമം പ്രാബല്യത്തിൽ വന്നതായി പറയുന്നത്. എന്നാൽ പ്രസ്തുത നിയമത്തിൽ 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഉദ്ദേശിച്ച കുടികിടപ്പുകാർക്ക് അനുകൂലമായ പല കാര്യങ്ങളും ഇല്ലാതെ പോയി. കൂടുതലും ഭൂഉടമകളെ സഹായിക്കുന്ന നിലപാടുകളായിരുന്നു ആ നിയമത്തിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആ നിയമം നടപ്പിലാക്കുന്നതിന് പ്രായോഗികമായി പലതടസ്സങ്ങളുമുണ്ടായിരുന്നു. എന്നുമാത്രമല്ല ആ നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിനുളള ഒരു രാഷ്ട്രീയ ഇച്ഛാശക്തി ആ സർക്കാരിനുണ്ടായതമില്ല.
പിന്നീട് 1967-ൽ കേരളത്തിൽ സപ്തകക്ഷി സർക്കാർ അധികാരത്തിൽ വന്നു. സഖാവ് ഇംഎംഎസിന്റെ നേതൃത്വത്തിലുളള രണ്ടാമത്തെ സർക്കാർ ഈ നിയമത്തിൽ നിരവധി ഭേദഗതികൾ കൊണ്ടുവരാൻ ആഗ്രഹിക്കുകയും അതിനുളള പരിശ്രമം നടത്തുകയും ചെയ്തു. ചില ഭേദഗതികൾ നിർദ്ദേശിച്ചുകൊണ്ട് 1969 ൽ 35-ാം നിയമം (ആക്ട് 35 ) എന്ന പേരിൽ ഭൂപരിഷ്‌ക്കരണ നിയമത്തിനൊരു ഭേദഗതി കൊണ്ടുവന്നു. അതുപക്ഷേ നടപ്പിലാക്കുന്നതിൽ കാലവിളംബമുണ്ടായി. ആ സന്ദർഭത്തിൽ 1969 ഒക്ടോബർ മാസം സപ്തകക്ഷി സർക്കാർ രാഷ്്രടീയ കാരണങ്ങളാൽ രാജിവയ്ക്കുകയും ചെയ്തു.
1969 നവംബർ 1ന് സിപിഐയുടെ രാജ്യസഭാംഗം കൂടിയായിരുന്ന സി.അച്യുതമേനോന്റെ നേതൃത്വത്തിലുളള സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. ഈ സർക്കാർ ആദ്യം എടുത്ത തീരുമാനം എന്നുപറയുന്നത് കേരള ഭൂപരിഷ്‌ക്കരണ നിയമം 69ലെ ഭേദഗതികൾക്കു കൂടി രാഷ്ട്രപതിയുടെ അനുമതി നേടിക്കൊണ്ട് നടപ്പിലാക്കുക എന്നതാണ്. 1969 ഡിസംബറിൽ പ്രസിഡന്റിന്റെ അനുമതി കിട്ടി. തുടർന്ന് ആ നിയമം എല്ലാവകുപ്പുകളും ഒരുമിച്ച് നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. അങ്ങനെ 01.01.1970 ന് ഭൂപരിഷ്‌ക്കരണനിയമം നടപ്പിലാക്കിയതും കേരളത്തിൽ ജന്മിത്തം എന്ന വാക്ക് പൂർണ്ണമായും നിയമപരമായി ഒഴിവാക്കി ആരാണോ ഭൂമി കൈവശം വച്ചിരിക്കുന്നത് അവർ അത് സ്വന്തമായി കൊടുക്കുക എന്നത് യാഥാർത്ഥ്യമായതും. ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകത മുൻ നിയമങ്ങളിലേതുപോലെ ഭൂമിക്ക് പരിധി നിശ്ചയിച്ചു. അതായത് ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന പരമാവധി ഏക്കർ ഭൂമി മൂന്നുതട്ടായി നിർണ്ണയിച്ചു. അതായത് ഒരു വ്യക്തി മാത്രമാണുളളതെങ്കിൽ 5 ഏക്കർ മുതൽ ഏഴര ഏക്കർ വരെ കൈവശം വയ്ക്കാം. എന്നാൽ അഞ്ചുപേർ വരെയുളള കുടുംബങ്ങൾക്ക് 15 ഏക്കർ ഭൂമി വരെ കൈവശം വയ്ക്കാം. അതിൽ കൂടുതൽ അംഗങ്ങളുളള കുടുംബമാണെങ്കിൽ അവർ അഞ്ചുപേർക്ക് 15 ഏക്കർ എന്നതിനു പുറമേ അധികമായി വരുന്ന ഓരോ അംഗത്തിനും ഒരേക്കർ വീതം പരമാവധി 20 ഏക്കർ വരെ കൈവശം വയ്ക്കാം. ഇത്തരത്തിൽ ഭൂമിക്ക് പരിധി നിശ്ചയിച്ചതിന്റെ ഫലമായി ധാരാളം ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാൻ സർക്കാരിന് കഴിഞ്ഞു. ആ മിച്ചഭൂമി ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെയാണ് കുടികിടപ്പുകാർക്കും കുടികിടപ്പുകാർക്കും കാണം കർഷകർക്കും കുഴിക്കാണം കർഷകർക്കും മറ്റ് പാട്ടക്കർഷകർക്കുമെല്ലാം അവരുടെ ഭൂമി കൈവശം വയ്ക്കാനുളള അധികാരം കിട്ടിയെന്ന് മാത്രമല്ല മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി ഭൂരഹിതരായ കർഷകർക്ക് കൊടുക്കാനും കേരളസർക്കാരിന് കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ തന്നെ 28 ലക്ഷം കുടികിടപ്പുകാർക്ക് അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. മാത്രമല്ല മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുമ്പോൾ ഓരോ ജില്ലയിലും ഇതിനായി തയ്യാറാക്കുന്ന പട്ടികയിൽ ഒന്നുപകുതി എസ് സി എസ് ടി വിഭാഗങ്ങൾക്കും ഇതര സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുമായി എന്നൊരു ഭേദഗതി കൂടി അച്യുതമേനോൻ സർക്കാർ കൊണ്ടുവന്നു.  ഭൂരഹിത കർഷകർക്കും പട്ടികജാതി-പട്ടികവർഗ്ഗ തൊഴിലാളികൾക്കും ഭൂമി ലഭിക്കുന്നതിന് ഇത് വളരെ സഹായകമായി. അങ്ങനെ കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാനും ഭൂരഹിതർക്ക് ഭൂമി കൊടുക്കാനും ഈ നിയമനിർമ്മാണത്തിലൂടെ സാധിച്ചു.
കേരളത്തിലെ ജനങ്ങളുടെ സാമൂഹികപദവി ഉയർത്തുന്നതിന് സഹായിച്ച സുപ്രധാന നടപടിക്രമമായിരുന്നു ഇത്. എന്നാൽ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പ്രധാന ലക്ഷ്യമായ ഉത്പാദന വർദ്ധനവ് യാഥാർത്ഥ്യമാക്കാനായില്ല എന്ന് വിമർശനം ഉയർന്നു. അതിൽ കുറച്ചു യാഥാർത്ഥ്യമുണ്ട്. എന്നാൽ മനുഷ്യന്റെ സാമൂഹികപദവി നിർണ്ണയിക്കുന്നതിൽ ഭൂമിയുടെ ഉടമസ്ഥത ഒരു ഘടകമായിരുന്നു.അതിന് ഒരു പരിഹാരം എന്ന നിലയിൽ സാമൂഹിക നീതി നടപ്പിലാക്കുന്നതിന് ഈ ഭൂപരിഷ്‌ക്കരണ നിയമത്തിലൂടെ സാധിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഭൂവുടമകളായപ്പോൾ അവർക്ക് സമൂഹത്തിൽ ഒരു മാന്യതയും അംഗീകാരവും കൈവന്നു. ആ ഭൂമി ഉപയോഗിച്ച് അവരുടെ മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുളള ആവശ്യങ്ങൾക്ക് പണം കണ്ടെത്താനായി. പെൺമക്കളുടെ വിവാഹം നടത്താനായി. ചികിത്സയ്ക്ക് പണം കണ്ടെത്താനായി.അത്തരത്തിൽ കേരളത്തിലെ ജനങ്ങളുടെ സാമൂഹികപദവിയും സാമ്പത്തിക പദവിയുംഉയർത്തിയ നടപടിയായിരുന്നു ഭൂപരിഷ്‌ക്കരണനിയമം എന്ന് നിസ്സംശയം പറയാം.
അച്യുതമേനോൻ സർക്കാർ 1971ൽ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് നടപ്പിലാക്കുകയും അതുപ്രകാരം കേരളത്തിലെ പ്രൈവറ്റ് ഫോറസ്റ്റ് ഏറ്റെടുത്തു. ഉടമസ്ഥർക്ക് ഒരു പൈസയും നഷ്ടപരിഹാരവും നൽകിയില്ല. ഇങ്ങനെ ഏറ്റെടുത്ത ഭൂമി മുഴുവൻ ഭൂരഹിത കർഷകർക്ക് പതിച്ചുനൽകി. മാട്ടുപ്പെട്ടിയിൽ ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് ഏറ്റെടുത്ത ഭൂമി ലൈവ് സ്റ്റോക്ക് ഡെവല്പ്‌മെന്റ് ബോർഡിന്റെ അധീനതയിലുളള ഡയറിഫാമിന് നൽകുകയും കുറച്ചുഭൂമി ഭൂരഹിത കർഷകർക്ക് പതിച്ചുനൽകുകയും മിച്ചം വന്ന 57000 ഏക്കർ ഭൂമി സർക്കാർ ഉടമസ്ഥതയിൽ ആക്കിക്കൊണ്ട് കണ്ണൻ ദേവൻ കമ്പനിക്കാർക്ക് പാട്ടത്തിന് നൽകി.
അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌ക്കരണനിയമത്തിനു പുറമെ കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി കാര്യങ്ങൾ ചെയ്തു. അച്യുതമേനോൻ സർക്കാരിൽ ഭവനനിർമ്മാണവകുപ്പ് മന്ത്രിയായിരുന്ന സഖാവ് എം.എൻ.ഗോവിന്ദൻ നായർ പാവപ്പെട്ട ജനങ്ങൾക്ക്, ഭൂരഹിതരായിട്ടുളള ആളുകൾക്ക് തലചായ്ക്കാനൊരിടം എന്ന ലക്ഷ്യത്തോടെ ലക്ഷംവീട്  പദ്ധതിക്ക് തുടക്കമിട്ടത്. അത് വൻ ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കിയത്. ഗുണഭോക്താവ് അദ്ദേഹത്തിന്റേതായ സേവനം ചെയ്യുന്നതോടൊപ്പം തന്നെ പഞ്ചായത്ത് സ്ഥലം കണ്ടെത്തുകയും സർക്കാർ അതിനാവശ്യമായ കാശ് നൽകുന്നു. സർക്കാർ, പഞ്ചായത്ത്, ഗുണഭോക്താവ് എന്നിങ്ങനെ എല്ലാവരും ചേർന്ന് ഒറ്റയടിക്ക് ഒരു ലക്ഷം ഭവനരഹിതർക്ക്  വീട് വച്ചുകൊടുക്കുന്ന പദ്ധതിയായിരുന്നു അത്. അത് കേരളത്തിലെ സാധാരണക്കാർക്ക് വലിയ സഹായകമായി. കാർഷികമേഖലയിലും സഖാവ് എംഎൻ വലിയ പദ്ധതികൾ നടപ്പിലാക്കി. കർഷകരെ കൃഷിയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി 'ഓണത്തിന് ഒരു മുറം നെല്ല്'  എന്ന പദ്ധതി നടപ്പിലാക്കി. അത് കേരളത്തിൽ നെല്ലുല്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചു. വ്യാവസായികരംഗത്തും അച്യുതമേനോൻ സർക്കാർ വലിയ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയ്ക്ക് മാതൃകയായി ഒരു ഇലക്ട്രോണിക് സ്ഥാപനം സർക്കാർ ഉടമസ്ഥതയിൽ തുടങ്ങിയത് കേരളത്തിലാണ്. അതാണ് കെൽട്രോൺ. കേരളത്തിലെ അറിയപ്പെടുന്ന ടെക്‌നോക്രാറ്റായ കെപിപി നമ്പ്യാരെ  ചുമതല ഏല്പിച്ചുകൊണ്ട് കേരള ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുകയും ഇലക്ട്രോണിക് രംഗത്ത് സംസ്ഥാനം വലിയൊരു കുതിച്ചുചാട്ടം തന്നെ നടത്തുകയും ചെയ്തു. നാം മനസ്സിലാക്കേണ്ട ഒരു കാര്യം 1972-73 കാലഘട്ടത്തിൽ ഇന്ത്യയിൽ മറ്റെവിടെയും ഇലക്ട്രോണിക്‌സ് രംഗത്ത് ഇത്തരത്തിൽ സർക്കാർ മുതൽമുടക്കിൽ പുതിയ സംരംഭങ്ങളൊന്നും തുടങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ആദ്യം കെൽട്രോണിന്റെ ടിവിയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പിന്നീടാണ് അവിടേക്ക് സ്വകാര്യ മേഖല കടന്നുവന്നത്.
നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും ആശുപത്രികളുമെല്ലാം അച്യുതമേനോൻ സർക്കാരിന്റെ കാലത്തുണ്ടായി. സംസ്ഥാന സർക്കാരിന്റെ കൂടി ഉടമസ്ഥതയിലുളള ശ്രീചിത്ര മെഡിക്കൽ സെന്റർ, ആർസിസി ഇവയെല്ലാമുണ്ടായത് ഈ സർക്കാരിന്റെ കാലത്താണ്. ഇന്ന് കേരളത്തിൽ തലയുയർത്തി നിൽക്കുന്ന സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (സി-ഡിറ്റ്) യും സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസും (സിഡിഎസ്) എല്ലാം ഈ സർക്കാരിന്റെ സംഭാവനയാണ്. അന്ന് പാവപ്പെട്ട കർഷകത്തൊഴിലാളികളെയും ബീഡിത്തൊഴിലാളികളെയും കശുവണ്ടിത്തൊഴിലാളികളെയും സഹായിക്കുന്നതിനായി നല്ല പരിശ്രമം നടത്തി. അതിന്റെ ഭാഗമായിട്ടാണ് കശുവണ്ടിഫാക്ടറികൾ അടച്ചിട്ട് തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നതിന് ഫാക്ടറി ഉടമകൾ തീരുമാനിച്ചപ്പോൾ വ്യവസായ മന്ത്രി ടി വി തോമസ് വളരെ ശക്തമായ നിലപാടെടുത്തുകൊണ്ട് കാഷ്യു ഡെവലപ്‌മെന്റ് കോർപറേഷൻ ആരംഭിച്ചത്. അതുപോലെ കണ്ണൂരിലെ ബീഡിത്തൊഴിലാളികൾക്കായി ദിനേശ് ബീഡി സഹകരണസംഘം സ്ഥാപിച്ചു. യഥാർത്ഥത്തിൽ ഇന്ന് ദേശീയമായും അന്തർദ്ദേശീയമായും പാടിപ്പുകഴ്ത്തുന്ന കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്   1969 നവംബർ 1 മുതൽ 1977 മാർച്ച് വരെ അധികാരത്തിലിരുന്നഅച്യുതമേനോൻ സർക്കാരാണ്. 43 പൊതുമേഖലാ സ്ഥാപനങ്ങൾ ആ സർക്കാരിന്റെ പട്ടികയിലുണ്ട്. ഓയിൽ പാം ഇന്ത്യ, സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ, കേരള ലാൻഡ് ഡെവലപ്‌മെന്റ് ബോർഡ്, കേരള ഹൗസിംഗ് ബോർഡ്, സിവിൽ സപ്ലൈസ് കോർപറേഷൻ ഇവയെല്ലാം ആ കാലഘട്ടത്തിലുണ്ടായവയാണ്. ധാരാളം വ്യവസായങ്ങൾ ആ കാലഘട്ടത്തിലുണ്ടായി. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മണ്ഡലത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു സർക്കാരായിരുന്നു അത്.   ആ സർക്കാരിന്റെ ചുവടുപിടിച്ച് പിന്നീടുവന്ന സർക്കാരുകൾ മുന്നോട്ടുപോയപ്പോഴാണ് കേരള മോഡൽ വികസനം വലിയ മാതൃകയായത്.
എല്ലാ പഞ്ചായത്തിലും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഹൈസ്‌കൂളും ഉണ്ടാവണമെന്നത് 1957ലെ സർക്കാരിന്റെ ആശയമായിരുന്നു. അത് നടപ്പിലാക്കിയത് 1969ലെ അച്യുതമേനോൻ സർക്കാരാണ്. അത്തരത്തിൽ കേരളത്തെ ഇന്ത്യയിലെ ശ്രദ്ധേയമായ സംസ്ഥാനമാക്കി മാറ്റാൻ ആ സർക്കാരിന് കഴിഞ്ഞു. 

Post your comments