Global block

bissplus@gmail.com

Global Menu

ഉന്നതവിദ്യാഭ്യാസം ഒരു പുതുകാഴ്ചപ്പാട് അനിവാര്യം

വി.ആർ.അജിത് കുമാർ

 

ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യരും ഇപ്പോൾ വിശ്വപൗരന്മാരാണ്.ജീവിക്കുന്നത് ആഗോളഗ്രാമത്തിലും.ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ചലനങ്ങൾ നമ്മളെയും ബാധിക്കുന്നു. അത് സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവും മാത്രമല്ല വിദ്യാഭ്യാസപരവുമാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും പോലെയല്ല കേരളം.ശരിക്കും ഗ്ലോബൽ വില്ലേജിന്റെ മികച്ച പതിപ്പാണ് കേരളമെന്നു പറയാം. ഇസ്രയേലിലും ഗാസ മുനമ്പിലും ഉക്രയിനിലും കാനഡയിലും തുടങ്ങി ലോകത്തിന്റെ ഏത് കോണിലും പ്രതിസന്ധികളുണ്ടാകുമ്പോൾ അവിടെയെല്ലാം മലയാളികളുമുണ്ടാകും. ഇവരിൽ പഠിക്കാൻ പോകുന്നവരും തൊഴിൽ  ചെയ്യുന്നവരുമുണ്ട്.ഇത്രയേറെ ആളുകൾ പഠനത്തിനും തൊഴിലിനുമായി നാടുവിടുന്നു എന്നത് നമ്മുടെ സാമ്പത്തിക-സാമൂഹിക ഘടനയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ മറുനാടുകളിലേക്കും തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള നമ്മുടെ കുടിയേറ്റം കേരളത്തെ സമ്പന്നമാക്കുകയായിരുന്നു. അവിടെനിന്നും വന്ന പണമാണ് കേരളത്തിലെ നിർമ്മാണ- സേവന- വ്യാപാരമേഖലകളെ സജീവമാക്കിയത്. ഇത്തരമൊരു കുടിയേറ്റത്തിന് മലയാളിയെ സഹായിച്ചത് നമ്മുടെ സാർവ്വത്രിക വിദ്യാഭ്യാസമായിരുന്നു.സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നെതന്നെ തിരുവിതാംകൂറും കൊച്ചിയും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ നിലവിൽ വന്ന സർക്കാരുകൾ,പ്രത്യേകിച്ചും 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാർ,വിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം എല്ലാവർക്കും അടിസ്ഥാനവിദ്യാഭ്യാസം ലഭ്യമാക്കാൻ വൻതോതിൽ ഉപകരിച്ചു. എഴുത്തും വായനയും അറിയാവുന്നവരുടെ എണ്ണം കൂടി. നാട്ടിൽ വ്യവസായങ്ങൾ തീരെ ഇല്ലാതിരുന്നതും പരമ്പരാഗത മേഖലകളിൽ കൂലി സംബ്ബന്ധിച്ച തർക്കങ്ങളും തൊഴിലാളി-മുതലാളി സംഘട്ടനങ്ങളും സമരവും വന്നതോടെ നിലവിലുള്ള പ്രസ്ഥാനങ്ങളും അടച്ചുപൂട്ടിയത് മറുനാട്ടിലേക്കുള്ള ഒഴുക്ക് വർദ്ധിപ്പിച്ചു. അങ്ങിനെ കേരളം പുറത്തുനിന്നുവരുന്ന വരുമാനത്തിൽ ജീവിതം നയിക്കുന്ന ഒരു സമൂഹമായി. ഇതിന് കേരളത്തെ സഹായിച്ചത് മെക്കാളെ വിദ്യാഭ്യാസം എന്നു പറഞ്ഞുവന്ന ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസരീതിയായിരുന്നു. ആഗോളവത്ക്കരണവും സ്വകാര്യവത്ക്കരണവും വരുംവരെ ആ വിദ്യാഭ്യാസരീതി കേരളത്തിന് ഗുണകരം തന്നെയായിരുന്നു.
എന്നാൽ ലോകം ഗ്ലോബൽ ഗ്രാമമായി മാറുകയും തുറന്ന കമ്പോളങ്ങളും സ്വകാര്യസംരംഭങ്ങളും പുതിയ സാങ്കേതികവിദ്യയും വരുകയും ചെയ്തപ്പോൾ കമ്പ്യൂട്ടറിനെതിരായ സമരം,പൊതുമേഖല സംരക്ഷണം എന്നൊക്കെയുള്ള നയസമീപനത്തോടെ ,കേരളം ആദ്യമൊന്ന് പിൻവലിഞ്ഞുനിന്നു. പിന്നീട് പരമാവധി മുന്നേറാനായി ശ്രമം. ആ ശ്രമമാണ് ഇപ്പോൾ തുടരുന്നതും. പക്ഷെ അതിനനുസരിച്ച് കാതലായ മാറ്റം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നില്ല എന്നതാണ് നാം ഇന്നനുഭവിക്കുന്ന ദുരന്തം.
റിവേഴ്‌സ് ഗിയർ
ഇപ്പോൾ ധനമേഖലയിൽ റിവേഴ്‌സ് ഗിയറിലുള്ള സഞ്ചാരമാണ് നടക്കുന്നത്.കേരളത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി വലിയതോതിലുള്ള കുടിയേറ്റമാണ് സംഭവിക്കുന്നത്. കാനഡ,ആസ്‌ട്രേലിയ,ഇംഗ്ലണ്ട്, അമേരിക്ക,ചൈന എന്നിവിടങ്ങളിലേക്ക് മാത്രമല്ല, അവികസിത രാജ്യങ്ങളിലേക്കുപോലും കുട്ടികൾ പഠിക്കാനായി പോവുകയാണ്. ഇങ്ങിനെ പോകുന്ന ഓരോരുത്തരും ലക്ഷക്കണക്കിന് രൂപയാണ് നാട്ടിൽ നിന്നും കൊണ്ടുപോകുന്നത്. പോകുന്നവരിൽ തൊണ്ണൂറ് ശതമാനവും കേരളത്തിലേക്ക് തിരികെ വരുന്നില്ല എന്നു മാത്രമല്ല,വാർഷിക ചിലവുകൾക്കായി പിന്നീടും പണം അയച്ചുകൊടുക്കുകയാണ് മാതാപിതാക്കൾ. അത്ര മികച്ചതൊന്നുമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പഠനത്തിന് പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. അവരുടെ ലക്ഷ്യം ആ രാജ്യത്തെ പൗരത്വമാണ്. പൗരത്വം നേടുക, അവിടെ താമസമാക്കുക എന്നത് യുവാക്കളുടെ സ്വപനമായി മാറിയിരിക്കുന്നു. ചുരുക്കത്തിൽ നാടിന്റെ ട്രഷറിയിൽ നിന്നും പുറത്തേക്കുള്ള പണപ്രവാഹം മലവെള്ളപ്പാച്ചിൽ പോലെ സംഭവിക്കുകയാണ്. എന്നുമാത്രമല്ല, രാഷ്ട്രീയനേതാക്കളും വ്യവസായികളുമുൾപ്പെടെയുള്ള സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെല്ലാം മക്കളുടെ കുടിയേറ്റം പൂർത്തീകരിക്കുന്നതോടെ അവർക്കൊപ്പം ചേരാനുള്ള സാധ്യതയും വർദ്ധിച്ചുവരുകയാണ്. ഇതിന് തടയിടേണ്ടത് അനിവാര്യമാണെങ്കിലും ഭരണാധികാരികളും വിദ്യാഭ്യാസവിചക്ഷണരും ഇത് സംബ്ബന്ധിച്ച ചർച്ചകൾക്കുപോലും തയ്യാറാകുന്നില്ല എന്നതാണ് അവസ്ഥ
കേരളം എത്തിനിൽക്കുന്ന ഇടം
ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയമായതാണ് കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ഡിപിഇപി ഉൾപ്പെടെ അനേകപരീക്ഷണങ്ങൾ. ഡിപിഇപി മികച്ച നിലയിലുള്ള ഒരു വിദ്യാഭ്യാസരീതി കൊണ്ടുവരുമായിരുന്നു. എന്നാൽ പരമ്പരാഗത വിദ്യാഭ്യാസത്തിൻറെയും യാഥാസ്ഥിതിക മനസിന്റെയും ഉടമകളായ വിദ്യാഭ്യാസവിചക്ഷണരും ഉദ്യോഗസ്ഥരും ചേർന്ന് അതിനെ തകർത്തുകളഞ്ഞു. എന്നാൽ പിന്നീട് കേരള ശാസ്ത്ര-സാഹിത്യപരിഷത്തുമായി ബന്ധപ്പെട്ട വിചക്ഷണന്മാരുടെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ രീതി നിലവിൽ വന്നത്. ഏതാണ്ട് എല്ലാവരും വിജയിക്കുന്ന തരത്തിലുള്ള പുതിയ വിദ്യാഭ്യാസം. ഇത് നഗരകേന്ദ്രീകൃതമായ ഇടങ്ങളിൽ വിജയകരമാണ് എങ്കിലും ഗ്രാമങ്ങളിൽ സമ്മിശ്രപ്രതികരണമാണുള്ളത്. കുട്ടികളുടെ അടിസ്ഥാനഅറിവും എഴുത്തറിവും പരിമിതപ്പെട്ടിരിക്കയാണ് എന്നാണ് ഹയർ സെക്കണ്ടറി അധ്യാപകർ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തോട് ചേർന്നുപോകുന്ന വിദ്യാഭ്യാസ രീതിയാവും സംസ്ഥാനത്തിന് അനുഗുണമാകുക. ചരിത്രം പഠിപ്പിക്കുന്നത് സംബ്ബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിച്ച് കേന്ദ്രനയത്തോട് ചേർന്നു പോകുന്നതാകും കുട്ടികളുടെ ഭാവിക്ക് നല്ലത്. ദേശീയതലത്തിലുള്ള മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾക്ക് നേട്ടം കൊയ്യാനും ഇത് ഉപകരിക്കും
ഉന്നത വിദ്യാഭ്യാസം പാരമ്പര്യ കുരുക്കിൽ
സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഭാഷയും അടിസ്ഥാന വിഷയങ്ങളും പഠിക്കുന്നതിൽ വലിയ തോതിൽ പരാജയം സംഭവിച്ചെങ്കിലും വിവരസാങ്കേതിക രംഗത്ത് വലിയ നേട്ടം കൈവരിക്കാൻ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ഐടി@സ്‌കൂളും അതിന്റെ തുടർച്ചയായ കൈറ്റും വലിയ സംഭാവനയാണ് നൽകുന്നത്. സോഫ്റ്റ് വെയറുകൾ വികസിപ്പിക്കാനും പഠനത്തിൽ ഐടി പരമാവധി ഉപയോഗിക്കാനും ഹാർഡ്വെയർ സംബ്ബന്ധിച്ച അറിവ് പകരാനുമൊക്കെ ഈ സംവിധാനം ഉപകാരപ്പെടുന്നു. സ്‌കിൽ ഡവലപ്പ്‌മെൻറ് കൂടി ആയതോടെ ആ മേഖലയിൽ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാൽ മത്സരപരീക്ഷകളിൽ ഇപ്പോഴും സിബിഎസ്ഇ-ഐസിഎസ് തുടങ്ങിയ സിലബസുകളിൽ പഠിക്കുന്ന കുട്ടികളാണ് മികവ് പ്രകടിപ്പിക്കുന്നത് എന്നത് ചിന്തനീയമാണ്. പഠനത്തിന് സാമ്പത്തികം മുടക്കാൻ കഴിയുന്ന തൊണ്ണൂറ് ശതമാനം രക്ഷകർത്താക്കളും കുട്ടികളെ അൺഎയ്ഡഡ് സ്‌കൂളുകളിലാണ് അയയ്ക്കുന്നത് എന്നത് ഒരു വലിയ സൂചകമാണ്. സർക്കാർ സ്‌കൂളുകൾ ആകർഷകമല്ലാത്തത് എന്തുകൊണ്ട് എന്നത് സത്യസന്ധമായി പരിശോധിക്കേണ്ടതുണ്ട്.
മികച്ച അടിത്തറയില്ലാതെ പണിത കെട്ടിടം പോലെ ആടിയുലയുകയാണ് ഉന്നതവിദ്യാഭ്യാസം. സർക്കാർ,എയ്ഡഡ്, സ്വാശ്രയ എന്നിങ്ങനെ മൂന്ന് മേഖലകളിലാണല്ലൊ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ കോളേജുകളിൽ പിഎസ് സി വഴി നിയമനം ലഭിക്കുന്നവരാണ് പഠിപ്പിക്കുന്നത്. എയ്ഡഡ് കോളേജുകളിൽ വലിയ തുക കൈക്കൂലി വാങ്ങിയാണ് നിയമനം. സ്വാശ്രയയിൽ ശമ്പളം കുറവായതിനാൽ സ്ഥിരമായി നിൽക്കുന്ന അധ്യാപകർ,പ്രൊഫഷണലിസമുള്ളവർ ഒക്കെ കുറവാകുന്നു. അതേസമയം സമരത്തിൻറെയും കെടുകാര്യസ്ഥതയുടേയും കേന്ദ്രങ്ങളായാണ് സർക്കാർ കോളേജുകൾ അറിയപ്പെടുന്നത്. എയ്ഡഡ് കോളേജുകളിലെ അധ്യാപകർ മാനേജ്‌മെന്റിന് നൽകിയ സംഭാവനയുടെ പലിശയാണ് തങ്ങൾക്ക് കിട്ടുന്നത് എന്ന മട്ടിലാണ് പ്രവർത്തിക്കുന്നത്.എങ്കിലും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇല്ലെന്നല്ല,കുറവാണ് എന്നു കാണാൻ കഴിയും. അത്തരം കാമ്പസുകളിൽ രാഷ്ട്രീയം കുറവാണ് എന്നതും ശ്രദ്ധേയം. സ്വാശ്രയ കോളേജുകളിൽ മികച്ച കുട്ടികളും മികച്ച അധ്യാപകരും എന്നത് പത്ത് ശതമാനത്തിൽ താഴെ സ്ഥാപനങ്ങളിലെ ഉണ്ടാവുകയുള്ളു എന്നത് ഒരു ദുരന്തമാണ്. എന്നാൽ പഠനാന്തരീക്ഷം ഭേദപ്പെട്ട നിലയിൽ സൃഷ്ടിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ചുരുക്കത്തിൽ,മികച്ച അക്കാദമിക് അന്തരീക്ഷം ഒരിടത്തുമില്ല എന്നതാണ് അവസ്ഥ.
രാഷ്ട്രീയ ഭ്രാന്തുള്ള അധ്യാപകരും കുട്ടികളും താരതമ്യേന കുറവാണെങ്കിലും അവർ വേട്ടക്കാരും മഹാഭൂരിപക്ഷം വരുന്ന അധ്യാപകരും വിദ്യാർത്ഥികളും ഇരകളും എന്ന നിലയിലാണ് ഇപ്പോൾ കാമ്പസുകൾ. കാലപ്പഴക്കം വന്ന സിലബസും കോഴ്‌സുകളും പഠനരീതിയും കാമ്പസുകളെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് കടത്തിവിടാതെ തടഞ്ഞുനിർത്തിയിരിക്കയാണ്. വലിയതോതിൽ കുട്ടികൾ നാടുവിടുന്നതിന് പ്രധാന കാരണം പഠനനിലവാരത്തിലെ ശോഷണവും കാമ്പസ് രാഷ്ട്രീയവുമാണ്  എന്ന് കാണാൻ കഴിയും.
കാമ്പസുകളും രാഷ്ട്രീയവും
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് വിദ്യാർത്ഥികൾ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും കുറേക്കാലം സമൂഹിക മാറ്റങ്ങൾക്കുള്ള ചാലകശക്തിയായി വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ക്രമേണ അവർ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളുടേയും ഇംഗിതങ്ങൾക്ക് വഴങ്ങുന്ന വെറും കരുക്കൾ മാത്രമായി മാറി. സ്വതന്ത്ര ചിന്താഗതി ഇല്ലാതായി എന്നുമാത്രമല്ല, ചർച്ചകളും സംഭാഷണങ്ങളുമാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്നത് മാറി അക്രമവും ഫാസിസവും എന്ന നിലയിലേക്ക് അധ:പതിച്ചു. അക്കാദമിക് താത്പ്പര്യമില്ലാത്ത കുറേ വിദ്യാർത്ഥികളുടെ കൈകളിലായി കാമ്പസുകൾ. അവർക്ക് രാഷ്ട്രീയപ്രവേശനത്തിനുള്ള കവാടം മാത്രമായി കാമ്പസുകൾ മാറി. അച്ചടക്കമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അടിത്തറ എന്ന് കോടതികൾ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളത്തിൽ അച്ചടക്കമില്ലായ്മയാണ് കാമ്പസുകളുടെ മുഖമുദ്ര. വിദ്യാഭ്യാസ സ്ഥാപനങ്ങൾ  തടസ്സമില്ലാതെ പഠനം നടക്കേണ്ട ഇടമാണ്. അവിടെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ആരോഗ്യകരമായ സംവാദങ്ങളുണ്ടാവണം. പ്രതികൂല പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ വിയോജിക്കാനുള്ള സ്വാതന്ത്ര്യവും വിദ്യാർത്ഥികൾക്കുണ്ടാവണം. എന്നാൽ വിയോജിക്കുന്നവനെ കൊലചെയ്യുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുക, സംവാദങ്ങൾക്കു പകരം ക്ലാസുകൾ ബഹിഷ്‌ക്കരിക്കുക ഇവയൊക്കെയാണ് നടക്കുന്നത്. ഇത് കൈവിട്ട അവസ്ഥയിലായപ്പോഴാണ് 2003 ൽ സ്വകാര്യകോളേജുകൾ കോടതിയെ സമീപിച്ചതും കാമ്പസ് രാഷ്ട്രീയം നിരോധിക്കാൻ മാനേജ്‌മെന്റുകൾ അനുമതി നേടിയതും.ചില കോളേജുകളിൽ ഇത് നടപ്പായെങ്കിലും സർക്കാർ ഇതിനുള്ള നിയമമൊന്നും ഉണ്ടാക്കിയില്ല. 2014 ൽ കേസ്സ് വീണ്ടും കോടതിയിൽ വന്നപ്പോൾ കാമ്പസ് രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ സത്യവാങ്മൂലം നൽകി. കാമ്പസുകൾ കുറച്ച് മെച്ചപ്പെട്ടെങ്കിലും 2019 ൽ നിയമസഭയിൽ ബില്ലവതരിപ്പിച്ച് കാമ്പസ് രാഷ്ട്രീയം സർക്കാർ പുന:സ്ഥാപിച്ചു. 2020 ൽ ഹൈക്കോടതി വീണ്ടും നിരോധനം കൊണ്ടുവന്നെങ്കിലും, അപൂർവ്വം കോളേജുകളിലെ ഇപ്പോൾ അക്രമരാഷ്ട്രീയമില്ലാത്ത സമാധാന അന്തരീക്ഷം നിലനിൽക്കുന്നുള്ളു. കർണ്ണാടക,ആന്ധ്ര,തെലങ്കാന,തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാമ്പസ് രാഷ്ട്രീയം നിരോധിച്ചിരിക്കയാണ്. രാഷ്ട്രീയം കാമ്പസിന് പുറത്തുമാത്രം. ഐഐടി,ഐഐഎം തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ രാഷ്ട്രീയത്തിന് ഇടമില്ല. അവിടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് കൾച്ചറൽ ക്ലബ്ബുകളിലാണ്. ആസ്‌ട്രേലിയ,യുകെ,യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ യൂണിയൻ മെമ്പർഷിപ്പ് വോളണ്ടറിയാണ്. സംഘടനകൾക്ക് വിദ്യാർത്ഥി ക്ഷേമം സംബ്ബന്ധിച്ച പ്രവർത്തനം മാത്രമെ അനുവദിച്ചിട്ടുള്ളു. അത് കൂട്ടായ്മയാണ്, നമ്മുടേത് ഭിന്നിപ്പിക്കലും.
തരംതാണ രാഷ്ട്രീയ അക്രമങ്ങൾക്ക് വിട പറഞ്ഞുകൊണ്ട് ,ക്രിയാത്മകമായ ഒരു രാഷ്ട്രീയ സാഹചര്യം വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. കാമ്പസുകളിൽ രാഷ്ട്രീയമാകാം, പക്ഷെ സമരവും അക്രമവും പാടില്ല എന്ന് നിശ്ചയിക്കാവുന്നതാണ്. അക്രമം ഉണ്ടായാൽ ആ വിദ്യാഭ്യാസ വർഷത്തേക്ക് പ്രസ്തുത കാമ്പസിൽ രാഷ്ട്രീയം നിരോധിക്കുന്നതരത്തിലുള്ള നിയമം ഉണ്ടാകണം. ദിവസവും ക്ലാസ് കഴിഞ്ഞാൽ ഒരു മണിക്കൂര് സമയം സംവേദനത്തിനുള്ള ഇടമാക്കി കാമ്പസിനെ മാറ്റാം. ഓരോ സംഘടനയ്ക്കും ഇതിനായി മാറ്റിവയ്ക്കുന്ന വേദി മുൻകൂട്ടി ബുക്ക് ചെയ്ത് ആശയവിനിമയമോ സാംസ്‌ക്കാരിക പരിപാടികളോ സംഘടിപ്പിക്കാവുന്ന രീതി കൊണ്ടുവരണം. ഇത്തരത്തിലുള്ള ഒരു ക്രിയാത്മക കാമ്പസ് രാഷ്ട്രീയം ചിന്തിക്കാവുന്നതാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ സ്വതന്ത്ര ചിന്താഗതിക്കാർക്കോ പ്രസ്ഥാനങ്ങളുണ്ടാക്കി മത്സരിക്കാൻ അവസരം നൽകാവുന്നതാണ്. എന്നാൽ സർവ്വകലാശാലാ തലത്തിലുള്ള ഓർഗനൈസ്ഡ് യൂണിയനോ തെരഞ്ഞെടുപ്പോ സ്റ്റുഡൻറ്‌സ് കൌൺസിലുകളോ ഇല്ലാതിരിക്കുകയാണ് നല്ലത്. ഓരോ ക്ലബ്ബും അല്ലെങ്കിൽ സംഘടനയും അതത് കാമ്പസിന് വേണ്ടി മാത്രമായിരിക്കണം. ഇത്തരത്തിൽ കൈയ്യൂക്കിന് പകരം വായനയും ചിന്തയുമുള്ള കൗമാരങ്ങൾ നേതൃത്വം കൊടുക്കുന്ന കാമ്പസുകൾ ഉണ്ടായിവന്നാൽ മാത്രമെ നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല രക്ഷപെടുകയുള്ളു.
മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ ചെയ്യേണ്ടത്
പുതിയലോകക്രമത്തിനൊപ്പം മുന്നേറാൻ നമ്മുടെ കുട്ടികളെ ആഗോള മൂല്യങ്ങൾ പഠിപ്പിക്കേണ്ടതും വിദ്യാഭ്യാസത്തിൽ ആഗോള വീക്ഷണം വരേണ്ടതും അനിവാര്യമാണ്. യുവ പഠിതാക്കളും വിദ്യാർത്ഥികളും ഇന്നത്തെ പരസ്പരാശ്രിത ലോകത്ത് പ്രവർത്തിക്കാനും സുസ്ഥിരവും സമാധാനപരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ലോകത്തിനായി പരിശ്രമിക്കുന്നതിനുള്ള മനോഭാവവും അറിവും കഴിവുകളും വികസിപ്പിക്കേണ്ടതും അനിവാര്യമാണ്. ആധികാരികമായ അക്കാദമിക് പ്രവർത്തനങ്ങളിലൂടെയും ഉള്ളടക്കത്തിലൂടെയും വിദ്യാർത്ഥികൾ പഠിക്കുമ്പോൾ, അവർ ഇൻ-ക്ലാസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഉയർന്ന ഹാജരിലേക്കും അക്കാദമിക് നേട്ടങ്ങളിലേക്കും നയിക്കുമെന്നുറപ്പ്. ലോക സമ്പദ്വ്യവസ്ഥ കൂടുതൽ ആഗോളവൽക്കരിക്കപ്പെടുകയാണ്.മിക്ക തൊഴിലുകളും അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ ലോകമെമ്പാടുമുള്ള ടീമുകളുമായും ഉപഭോക്താക്കളുമായും ചേർന്നു  പ്രവർത്തിക്കാൻ കഴിയുന്ന ക്രോസ്-കൾച്ചറൽ ബിരുദധാരികളെയാണ് കമ്പോളത്തിന് ആവശ്യം.
ആഗോള കാഴ്ചപ്പാടുകളെക്കുറിച്ച് പഠിക്കുന്നത് വിദ്യാർത്ഥികൾക്ക് ഒരു മികച്ച ജോലി കണ്ടെത്താൻ സഹായിക്കും എന്നുമാത്രമല്ല, അവരുടെ സ്വന്തം വ്യക്തിത്വം, സംസ്‌കാരം, വിശ്വാസങ്ങൾ, ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി അവർ എങ്ങിനെ ബന്ധപ്പെടുന്നു എന്നിവയെക്കുറിച്ച് സ്വയംബോധം വളർത്തിയെടുക്കാനും അവരെ സഹായിക്കും.ആശയവിനിമയത്തിനും യോജിച്ച പ്രവർത്തനത്തിനും ഉപകാരപ്പെടുന്ന ബിൽഡിംഗ് സ്‌കിൽസ് നേടാൻ ഈ അവബോധം അവരെ സഹായിക്കും. സ്വന്തം ജീവിതം മെച്ചപ്പെടുത്താനും മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല സംഭാവന നൽകാനും ആഗോള പഠനം അവരെ സഹായിക്കുന്നതിനാൽ വിദ്യാർത്ഥി ശാക്തീകരണം അനിവാര്യമാകുന്ന കാലഘട്ടമാണിത്. വിദ്യാർത്ഥികൾക്ക് പ്രധാനമെന്ന് തോന്നുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അന്വേഷിക്കാനും പരിഹാരം കണ്ടെത്താനും അവരെ പ്രാപ്തരാക്കുക എന്നതാകണം വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ മാറ്റങ്ങളുടെ ഉത്തേജകമാകാൻ അവരെ പ്രാപ്തരാക്കുക എന്നതാകണം വിദ്യാഭ്യാസം. അധ്യാപകൻ അതിനുള്ള പാത തെളിക്കുക മാത്രമെ ചെയ്യേണ്ടതുള്ളു. ലോകത്തെ അഭിമുഖീകരിക്കുന്ന യൌവ്വനങ്ങളെ സുതാര്യത, ബഹുമാനം, വൈവിധ്യങ്ങളോടും വ്യത്യസ്ത വീക്ഷണങ്ങളോടും ഉള്ള മതിപ്പ്, സഹാനുഭൂതി, സാമൂഹിക ഉത്തരവാദിത്തം എന്നിവ ബോധ്യപ്പെടുത്താൻ കഴിയുന്നതാകണം നമ്മുടെ വിദ്യാഭ്യാസം. ആഗോള പ്രശ്നങ്ങളും നിലവിലെ സാമ്പത്തിക, രാഷ്ട്രീയ സംഭവങ്ങളും  മനസ്സിലാക്കാനുള്ള കഴിവ്; ലോക സമ്പദ്വ്യവസ്ഥയിൽ ആഗോളവൽക്കരണത്തിൻറെ ഫലങ്ങൾ സംബ്ബന്ധിച്ച ധാരണകൾ, ലോക ചരിത്രം, സംസ്‌കാരം, ഭൂമിശാസ്ത്രം ഇവയിലൊക്കെ സാമാന്യജ്ഞാനം ആർജ്ജിക്കാൻ അവന് കഴിയണം. വിവിധ സാംസ്‌കാരികവും ഭാഷാപരവുമായ അതിരുകളിൽ ആശയവിനിമയം നടത്താനുള്ള കഴിവ്, ഒന്നിലധികം ഭാഷകൾ സംസാരിക്കാനുള്ള കഴിവ് എന്നിവ വളരെ പ്രധാനമാണ്. എല്ലാ വിഷയങ്ങളിലും ആഗോള പൗരത്വ വിദ്യാഭ്യാസം ഉൾപ്പെടുത്താനും ക്ലാസ് മുറിയിൽ ഈ കഴിവുകൾ പഠിപ്പിക്കാനും കഴിയേണ്ടതുണ്ട്.  അധ്യാപകർക്ക് തങ്ങളുടെ വിഷയങ്ങളിൽ ആഗോള ഉള്ളടക്കം ചേർക്കാൻ കഴിയണം. അതിലൂടെ കുട്ടികൾ സ്വയം വിശ്വപൗരരായി ഉയരും എന്ന് അധ്യാപകരും പാഠ്യപദ്ധതി തയ്യാറാക്കുന്നവരും മനസിലാക്കണം. ആഗോള വിഷയങ്ങളിൽ ആധികാരികമായി ഇടപഴകാൻ തങ്ങളുടെ വിദ്യാർത്ഥികളെ അനുവദിക്കാനും അധ്യാപകർ ശ്രമിക്കണം. സർവ്വകലാശാലകളും സ്ഥാപനങ്ങളും മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി പങ്കാളിത്തം വികസിപ്പിക്കുകയും ഓൺലൈനായുള്ള ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യണം.ഇത് ഗ്രൂപ്പ്, പ്രോജക്റ്റ് പ്രവർത്തനങ്ങളിലേക്ക് വികസിക്കുന്നതോടെ ആഗോളവിദ്യാഭ്യാസം അതിന്റെ എല്ലാനിലയിലും സമഗ്രമാകും. ക്ലാസ് മുറികൾ പഠിപ്പിക്കാനുള്ള ഇടം എന്നതിനപ്പുറം മികച്ച ചർച്ചകൾക്കുള്ള ഇടമായി മാറേണ്ടതുണ്ട്.
വിദ്യാർത്ഥി എങ്ങിനെയാകണം
 ഞാൻ ഈ ലോകത്തുവന്നത് നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാനല്ല, നിങ്ങൾ വന്നത് എന്റെ പ്രതീക്ഷയ്‌ക്കൊത്തു ജീവിക്കാനുമല്ല എന്ന് ബ്രൂസ് ലീ പറഞ്ഞിട്ടുണ്ട്. അത് വിദ്യാർത്ഥികളെ സംബ്ബന്ധിച്ചും അന്വർത്ഥമാണ്. ഒരു വിദ്യാർത്ഥി അവൻറെ അധ്യാപകരുടെയോ രക്ഷകർത്താക്കളുടെയോ പ്രതീക്ഷയ്ക്കനുസരിച്ചല്ല ജീവിക്കേണ്ടത്, അവൻന്റ ആഗ്രഹത്തിനനുസരിച്ചാണ്. അതിനുള്ള സഹായവും സാഹചര്യങ്ങളുമാണ് രക്ഷകർത്താക്കളും അധ്യാപകരും ഒരുക്കേണ്ടത്. ഓരോ വിദ്യാർത്ഥിക്കും അവൻറേതായ കഴിവും കഴിവുകേടുമുണ്ടാകും. കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാകണം വിദ്യാഭ്യാസം.പലപ്പോഴും കഴിവുകേടുകളെ ഉയർത്തിക്കാട്ടലാണ് നടക്കുന്നത്. ഇത് മാറണം. നിഷേധാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുന്ന ഒരു സമൂഹം കാമ്പസുകളിൽ എപ്പോഴുമുണ്ടാകും.അവരുടെ സമ്മർദ്ദം വിവിധ രൂപങ്ങളിൽ പ്രകടമാകും. സമരം,പ്രതിഷേധം,ക്ലാസ് ബഹിഷ്‌ക്കരണം,മദ്യം,മയക്കുമരുന്ന് എന്നിങ്ങനെ വിവിധ ഭാവങ്ങളിൽ. ഇവരെ തിരുത്താൻ കഴിയുന്നതാകണം കാമ്പസ്, പകരം ഇവർക്ക് വഴിപ്പെടുകയാണ് നമ്മുടെ കാമ്പസുകൾ ചെയ്തുവരുന്നത്.
അധ്യാപകൻ എങ്ങിനെയാകണം
വിജയകരമായ ശീലങ്ങളുള്ളവരാണ് എപ്പോഴും വിജയികൾ. വിജയത്തിന് കുറുക്കുവഴികളില്ല. നമ്മൾ ഒരു ജോലി ചെയ്യുമ്പോൾ, നമ്മുടെ ജോലി നന്നായി ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചിന്തിക്കുന്നത് നല്ലതാണ്. അദ്ധ്യാപക ജോലിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഒരു അധ്യാപകനെന്ന നിലയിൽ, നിങ്ങൾ ചിലപ്പോൾ സ്വയം ചോദിച്ചിട്ടുണ്ടാകും - ഞാൻ എല്ലാം ശരിയായി ചെയ്യുന്നുണ്ടോ? എന്റെ വിദ്യാർത്ഥികൾ എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കുന്നുണ്ടോ? എന്റെ അധ്യാപന ശൈലി എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യമാണോ? അവരെ പഠിപ്പിക്കാൻ എന്റെ അറിവ് പര്യാപ്തമാണോ?ഇത്തരം ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയുന്ന അധ്യാപകർക്കേ ആ ജോലിയോട് നീതി പുലർത്താൻ കഴിയൂ.
സമയത്തെ വരുതിയിൽ നിർത്തുന്നവരാണ് മിടുക്കരായ അധ്യാപകർ.പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മേശപ്പുറത്തോ മനസിലോ കുമിഞ്ഞുകൂടിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. നിങ്ങളുടെ മേശപ്പുറത്ത് അഞ്ച് മിനിറ്റിനുള്ളിൽ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതപ്പോൾ ചെയ്യുക.ടൈം മാനേജ്‌മെന്റിലെ ഏറ്റവും മിഴിവാർന്ന ഭാഗം ഇതാണ്. ഈ നിയമം പാലിക്കുന്നത് കൂടുതൽ ജോലി ചെയ്യാൻ ഒരാളെ സഹായിക്കും.തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കുക എന്നതും പ്രധാനമാണ്. നല്ല അധ്യാപകർ അവർ പ്രസംഗിക്കുന്ന കാര്യങ്ങൾ പരിശീലിപ്പിക്കുന്നു. അവരുടെ അറിവ് കാലഹരണപ്പെടാതിരിക്കാനായി അവർ ജീവിതകാലം മുഴുവൻ പഠിക്കാൻ ശ്രമിക്കുന്നു. ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവർ ഇഷ്ടപ്പെടുന്നു. മുൻവിധികളില്ലാതെ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ അവർ എപ്പോഴും ഉത്സുകരായിരിക്കും.  ആജീവനാന്ത പഠനത്തിന്റെ നേട്ടങ്ങൾ മനസ്സിലാക്കുകയും ഇത് കരിയർ പുരോഗതിക്ക് സഹായിക്കുമെന്ന് അറിയുകയും ചെയ്യുന്ന ഇക്കൂട്ടർ ആവശ്യമുള്ളപ്പോൾ കുട്ടികൾക്കായി എന്ത്  റിസ്‌കും ഏറ്റെടുക്കും. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വീണ്ടും വീണ്ടും ഒരേ പ്രശ്നത്തിൽ അകപ്പെടാതെ നോക്കുന്നതിലും ഇവർ മിടുക്കരാണ്. മൊത്തത്തിൽ, അവർ പൊതുവെ സ്വയം മെച്ചപ്പെടുത്താനും സ്വയം പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധരും അർപ്പണബോധമുള്ളവരുമാണ്.അവർ എല്ലായ്‌പ്പോഴും പ്രൊഫഷണൽ വികസനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. പ്രൊഫഷണൽ വികസനം ഇല്ലെങ്കിൽ അവരുടെ കരിയർ സ്തംഭനാവസ്ഥയിലാകുമെന്ന് അവർ മനസ്സിലാക്കുന്നു. കാര്യക്ഷമതയുള്ള അധ്യാപകർ എപ്പോഴും അവരുടെ മേഖലയിൽ മുകളിൽ നിൽക്കാൻ ആഗ്രഹിക്കും. വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെ അവർ ഉൾക്കൊള്ളും.തങ്ങളുടെ വിദ്യാർത്ഥികളുമായി ബന്ധം സ്ഥാപിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കാൻ അവർ എപ്പോഴും ശ്രമിക്കും. അധ്യാപനത്തെക്കുറിച്ചോ മറ്റ് അനുബന്ധ മേഖലകളെക്കുറിച്ചോ ഉള്ള ഏറ്റവും പുതിയ ലേഖനങ്ങൾ അവർ വായിക്കും. പ്രൊഫഷണൽ വികസനം അവരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുക മാത്രമല്ല അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവർ മനസ്സിലാക്കുന്നു, അത് വളരെ പ്രധാനമാണ്.മാനസികാരോഗ്യമാണ് മറ്റൊരു പ്രധാനകാര്യം. മാനസികാരോഗ്യം കാത്തുസൂക്ഷിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. നന്നായി ആശയവിനിമയം ചെയ്യാൻ കഴിയുക എന്നതും വളരെ പ്രധാനമാണ്. മികച്ച തയ്യാറെടുപ്പില്ലാതെ ക്ലാസ്സെടുക്കുന്ന അധ്യാപകൻ അറിവുള്ള കുട്ടികൾക്കുമുന്നിൽ അപഹാസ്യനാകും എന്നതും ഓർക്കുക. മാസ്റ്റേഴ്‌സ് ബിരുദത്തിന് പുറമെ പഠിപ്പിക്കുന്നതിനുള്ള ഒരു പരിശീലനം കൂടി കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ടതുണ്ട്. മാസ്റ്റർ ഓഫ് ആർട്ടസ് ഇൻ എഡ്യൂക്കേഷൻ,മാസ്റ്റർ ഓഫ് സയൻസ് ഇൻ എജ്യൂക്കേഷൻ എന്നൊക്കെയുള്ള പരീക്ഷ പാസ്സായി വരുന്നവരാകണം കോളേജ്അധ്യാപകർ.
പരിഷ്‌ക്കാരം എങ്ങിനെ
പരിഷ്‌കാരങ്ങൾ എവിടെയും പ്രതിരോധം നേരിടുന്നു. നിലവിലുള്ള രീതികളിൽ നിന്നുള്ള  ഏത് മാറ്റത്തെയും എതിർക്കുന്ന ഒന്നിലധികം ശക്തികൾ ഉള്ളതും ആശയപരമായ സംഘർഷങ്ങളുള്ളതുമായ ഒരു വ്യവസ്ഥിതിയിൽ ഇത് കഠിനമായിരിക്കും.ഇതാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സംഭവിച്ചിരിക്കുന്നത്.  പ്രഗത്ഭരായ യുവാക്കൾ ഉപരിപഠനത്തിനായി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്ക്
കേരളം നേരിടുന്നത്. രാഷ്ട്രീയമായി സംഘടിച്ചിട്ടുള്ള  അധ്യാപകരും വിദ്യാർത്ഥികളും കോളേജുകളിലെയും സർവ്വകലാശാലകളിലെയും മിനിസ്റ്റീരിയൽ സ്റ്റാഫും മാറ്റത്തെ വൻതോതിൽ എതിർക്കുന്നു. കേരളത്തിന് അതിൻറെ മുഴുവൻ സാധ്യതകളും പ്രയോഗിക്കാൻ കഴിയണമെങ്കിൽ ജനങ്ങളുടെ മാനസികാവസ്ഥയിലും കാഴ്ചപ്പാടിലും തൊഴിൽ സംസ്‌കാരത്തിലും ധാർമ്മികതയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ പരിശീലനം, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം, സ്വയംഭരണം, ഗവേഷണം, അന്തർദേശീയവൽക്കരണം എന്നിങ്ങനെ വലിയ മാറ്റത്തിലൂടെ മാത്രമെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാൻ കഴിയൂ. സമീപകാലത്ത് ആഗോളതലത്തിലുണ്ടായ മാറ്റങ്ങൾ മനസിലാക്കി മാറിയില്ലെങ്കിൽ കേരളം മെക്കാളെയുടെ കാലത്തുനിന്നും മുന്നോട്ടുപോകാത്ത അവസ്ഥയുണ്ടാകും. സ്‌കൂൾ തലത്തിൽ സാങ്കേതിമേഖലയിൽ നടക്കുന്ന മാറ്റങ്ങൾ പോലും തുടർന്നുപോകാൻ കഴിയാത്ത അവസ്ഥയാകും സംജാതമാകുക. ഉന്നത വിദ്യാഭ്യാസം  ആഗോളതലത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും പഠിപ്പിക്കലും പഠിക്കലും പരിഷ്‌കരിക്കുകയും ചെയ്തില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലേക്ക് കടക്കാൻ മടിച്ചുനിൽക്കുന്ന ഇടമായി കേരളം മാറും.
വിദ്യാഭ്യാസത്തിൽ മാറ്റം കൊണ്ടുവരാനുള്ള മാനസികാവസ്ഥയും നിക്ഷേപിക്കാനുള്ള പണവും കേരളത്തിനില്ല എന്നതാണ് സത്യം.ആരോഗ്യ-സാമൂഹിക മേഖലകളിൽ മാറ്റത്തിന് മുന്നിട്ടുനിൽക്കുന്ന കേരളം വിദ്യാഭ്യാസത്തിലെ മാറ്റത്തെ എതിർക്കുന്നത് വലിയ വൈരുദ്ധ്യമാണ്. 2016 ൽ നടന്ന ആഗോളവിദ്യാഭ്യാസ മീറ്റ് ഇടതുപക്ഷം വിദ്യാർത്ഥികളെ ഉപയോഗിച്ച് തകർത്തത് ഇത്തരമൊരു നിഷേധാത്മകതയായിരുന്നു.
കേരളത്തിന് മാതൃകയാക്കാവുന്ന മോഡലുകൾ ഒന്നും തന്നെയില്ല എന്നതിനാൽ നമ്മൾതന്നെ വളർത്തിയെടുക്കുന്ന പുരോഗമനാത്മകമായ മാതൃക ഉണ്ടാവുകയാണ് ചെയ്യേണ്ടത്. ചൈനയിൽ പ്രധാന നഗരങ്ങളിലെ കുട്ടികൾ സെൻറർ ഓഫ് എക്‌സലൻസ് ആയ സ്ഥാപനങ്ങളിൽ പഠിച്ച് മികവ് കാട്ടുമ്പോൾ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സ്ഥിതി ദയനീയമാണ്. മികച്ച സ്ഥാപനങ്ങളിൽ മെറിറ്റിൽ പ്രവേശനത്തിന് പുറമെ സമ്പന്നർ വലിയ തുക മുടക്കിയും പ്രവേശനം നേടുന്നു. കീ സ്‌കൂളുകളും ചോയ്‌സ് സ്‌കൂളുകളുമാണ് ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എക്‌സ്‌പോർട്ട് പ്രോസസിംഗ് സോണും സ്‌പെഷ്യൽ ഇക്കണോമിക് സോണും വ്യവസായത്തിൽ എന്നവിധമാണ് കീ സ്‌കൂളുകളും ചോയ്‌സ് സ്‌കൂളുകളും പ്രവർത്തിക്കുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള ഒരു ഇരട്ട സമീപനാണ് വികസിക്കുന്നത്. പണവും മികച്ച വിദ്യാഭ്യാസവും കൈമുതലായുള്ളവർ വിദേശസർവ്വകലാശാലകളിലേക്കോ അന്യസംസ്ഥാനങ്ങളിലെ മികച്ച സ്ഥാപനങ്ങളിലേക്കോ പഠനത്തിനായി പോകുന്നു. മറ്റുള്ളവർ പുതിയ നൂറ്റാണ്ടിന് പാകമല്ലാത്തവിധം രാഷ്ട്രീയ അടിമകളോ വിധ്വംസകരോ ആയി നാട്ടിൽ നിലനിൽക്കുന്നു. പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ളവർ മക്കളെ വിദേശത്തേക്ക് അയയ്ക്കുകയും അടിമകളെ അജണ്ടകൾ നടപ്പാക്കാനുള്ള ചാവേറുകളായി നിലനിർത്തുകയും ചെയ്യുന്ന അവസ്ഥ സാധാരണക്കാരായ ചെറുപ്പക്കാർ തിരിച്ചറിയേണ്ടതുണ്ട്.
സർവ്വകലാശാലകൾ ചെയ്യുന്നത്
കേരളത്തിലെ സർവ്വകലാശാലകൾ അക്കാദമികമല്ലാത്ത  വിഷയങ്ങളിലൂടെയാണ് ശ്രദ്ധപിടിച്ചു പറ്റാറുള്ളത്. ചാൻസലറായ ഗവർണ്ണറും സർക്കാരും തമ്മിലുള്ള സംഘർഷമാണ് സമീപകാലത്ത് വലിയ വിവാദമായിട്ടുള്ളത്. സർവ്വകലാശാലകളിൽ സർക്കാരിന് താത്പ്പര്യമുള്ളവരെ വൈസ്ചാൻസലറാക്കുക എന്നതാണ് പതിവ്. അതിൽ അക്കാദമിക-ഭരണപാടവത്തിന് യാതൊരു മൂല്യവും കൽപ്പിക്കാറില്ല എന്നത് എല്ലാവർക്കും അറിവുള്ളതുമാണ്. ജാതിയും മതവും പാർട്ടിതാത്പര്യവും മാത്രമാണ് ഇതിനുള്ള മെറിറ്റ്. അതിനുപുറമെ ഇഷ്ടക്കാരെ പലയിടങ്ങളിലും തിരുകിക്കയറ്റാനുള്ള വ്യഗ്രതകൂടിയാകുമ്പോൾ കോളേജുകളേക്കാൾ മലിനപ്പെട്ട ഇടമായി സർവ്വകലാശാലകൾ മാറുകയാണ്. അവിടെ മിനിസ്റ്റീരിയൽ ജീവനക്കാരെ ജോലിക്കെടുക്കുന്നതിൽ പോലും വലിയ അഴിമതി നടന്നിരുന്നു. ജീവനക്കാർ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് നിൽക്കുന്നവരും വിദ്യാർത്ഥികളേയും അവരുടെ രക്ഷകർത്താക്കളേയും ഇഷ്ടപ്പെടാത്തവരുമാണ്. ചുരുക്കത്തിൽ സർവ്വകലാശാല ആർക്കുവേണ്ടിയാണോ നിലനിൽക്കേണ്ടത്,അവർക്കൊപ്പം അവരുണ്ടാവില്ല എന്നതാണ് സ്ഥിതി. പരമ്പരാഗത രീതിയിലുള്ള പരീക്ഷയും മൂല്യനിർണ്ണയവും സർട്ടിഫിക്കറ്റ് വിതരണവുമൊക്കെയാണ് നടക്കുന്നതെങ്കിലും ഒന്നും കൃത്യമായി നടത്തുകയില്ല. ചോദ്യം ചെയ്യാൻ ആർക്കും കഴിയുകയുമില്ല.
സർവ്വകലാശാലയുടെ സെനറ്റും സിൻഡിക്കേറ്റുമൊന്നും അക്കാദമികമല്ല, എന്നുമാത്രമല്ല മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നിൽക്കുക എന്നതാണ് അവർ ചെയ്യാറുള്ളതും. സത്യത്തിൽ മികച്ച അക്കാദമിക് കൗൺസിൽ മാത്രമാണ് സർവ്വകലാശാലയ്ക്ക് ആവശ്യം. അതാണ് ഇല്ലാത്തതും. കേരളത്തിന് പുറത്തുള്ള മികച്ച സർവ്വകലാശാലകളില് നിന്നും വിദേശത്തുനിന്നും ഒക്കെയുള്ളവരെ ചേർത്ത് അക്കാദമിക് കൌൺസിലുകൾ ഉണ്ടാക്കുകയും വേണ്ടത്ര പ്രവർത്തന സ്വാതന്ത്ര്യം നൽകി സിലബസ്സും പുസ്തകങ്ങളും പരീക്ഷാരീതിയും രൂപപ്പെടുത്തുകയാണ് ആവശ്യം. ഇവിടെ പൊതുവിദ്യാഭ്യാസത്തിനായി തിരുവനന്തപുരം,കോട്ടയം, കോഴിക്കോട്,കണ്ണൂർ എന്നീ ഇടങ്ങൾ കേന്ദ്രമാക്കി നാല് സർവ്വകലാശാലകളും ഒരു സംസ്‌കൃത സർവ്വകലാശാലയും മലയാളം സർവ്വകലാശാലയും കൊച്ചിയിൽ ശാസ്ത്ര-സാങ്കേതിക സർവ്വകലാശാലയും തൃശൂരിൽ കാർഷിക സർവ്വകലാശാലയും വെറ്ററിനറി സർവ്വകലാശാലയും ഏറ്റവുമൊടുവിൽ സാങ്കേതിക സർവ്വകലാശാലയും ആരോഗ്യ സർവ്വകലാശാലയും ഉണ്ടായിട്ടുണ്ട്. കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത്രയേറെ സർവ്വകലാശാലകൾ ആവശ്യമുണ്ടോ എന്ന ചോദ്യം ന്യായമാണ്. മാറിവരുന്ന ലോകത്തിനനുസരിച്ച് സർവ്വകലാശാലകളും റീമോഡൽ ചെയ്യേണ്ടതുണ്ട്. സത്യത്തിൽ പൊതുവിഷയങ്ങളിലുള്ള സർവ്വകലാശാല എന്ന സങ്കൽപ്പം കേരളത്തിൽ കാലഹരണപ്പെട്ടു കഴിഞ്ഞു. കേരള സർവ്വകലാശാലയെ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യുമാനിറ്റീസ് ആൻറ് കൊമേഴ്‌സ് എന്നും കോഴിക്കോട് സർവ്വകലാശാലയെ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് എന്നും കോട്ടയത്തെ എംജി സർവ്വകലാശാലയെ യൂണിവേഴ്‌സിറ്റി ഓഫ് ലാ എന്നും കാലടി സംസ്‌കൃത സർവ്വകലാശാലയെ യൂണിവേഴ്‌സിറ്റി ഓഫ് ലാംഗ്വേജസ് എന്നും പുനർനാമകരണം ചെയ്യുകയും എല്ലാ സർവ്വകലാശാലകളെയും സ്‌പെഷ്യലൈസ്ഡ് സർവ്വകലാശാലകളായി നിലനിർത്തുകയുമാണ് ചെയ്യേണ്ടത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയെ പ്രത്യേകമായി നിലനിർത്തുകയും കണ്ണൂർ സർവ്വകലാശാലയെ യൂണിവേഴ്‌സിറ്റി ഓഫ് എമർജിംഗ് ടെക്‌നോളജിയായും  മലയാളം സർവ്വകലാശാലയെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്ട് ആൻറ് കൾച്ചറായും കലാമണ്ഡലത്തെ യൂണിവേഴ്‌സിറ്റി ഓഫ് ഡാൻസ് ആൻറ് മ്യൂസിക് ആയും പ്രഖ്യാപിക്കാം.അപ്പോൾ ഓരോ വിഷയത്തിലും കോളേജുകൾ പ്രത്യേകം പ്രത്യേകമായ അഫിലിയേഷനിൽ പ്രവർത്തിക്കേണ്ടതായി വരും. അത് ബുദ്ധിമുട്ടാകില്ല,എന്നുമാത്രമല്ല ഗുണകരമായ  ഫലമാകും നൽകുക.
കാമ്പസിൽ നിന്നും അക്രമരാഷ്ട്രീയം അകന്നുനിൽക്കുകയും അക്കാദമികമായ അന്തരീക്ഷം പുലരുകയും മികച്ച അധ്യാപകരും വിദഗ്ധരും കാമ്പസിന്റെ ഭാഗമാകുകയും ചെയ്യേണ്ടതുണ്ട്. ആട്ടോണമസ് കാമ്പസുകൾ വളരുകയും ഡീംഡ് യൂണിവേഴ്‌സിറ്റികളുണ്ടാവുകയും ചെയ്യണം. ഇത്തരത്തിൽ നിലവിലുള്ള കുരുടിപ്പോയ ഉന്നതവിദ്യാഭ്യാസത്തെ ,ജനിതകമാറ്റം വരുത്തി തിരിച്ചുപിടിച്ചാൽ യുവാക്കളുടെ വൻതോതിലുള്ള കുടിയേറ്റം ഒഴിവാക്കാനും കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും കഴിയും. അതിന് പറ്റിയ ഒരു വിഷനറി കേരളത്തിൽ അധികാരത്തിലെത്തുക അത്ര എളുപ്പമല്ല എന്നതിനാൽ പ്രതീക്ഷയും സങ്കൽപ്പവും എന്നതിനപ്പുറം വലിയ മാറ്റങ്ങൾ സ്വപ്നം കാണാൻ പോലും നമുക്ക് കഴിയില്ല. ഇപ്പോൾ ഒരു സ്റ്റെപ്പെങ്കിലും മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞാൽ അതുതന്നെ കെട്ടിക്കിടക്കുന്ന ജലത്തിലുണ്ടാകുന്ന ചലനമായെങ്കിലും നമുക്കതിനെ കണക്കാക്കാൻ കഴിയും.

Post your comments