Global block

bissplus@gmail.com

Global Menu

കേരളീയം കേരളത്തിന്റെ ഉയർച്ചയ്ക്ക്

ശ്രീ. കെ. രാധാകൃഷ്ണൻ
ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ പാർലമെന്ററി കാര്യം മന്ത്രി

 

ലോകമറിയുന്ന സംവാദകർ, പ്രൗഢഗംഭീരമായ സദസ്സ്, ഗവേഷണ വിദ്യാർത്ഥികൾ മുതൽ വ്യവസായ സംരംഭകർ‌വരെ .  കേരളീയത്തിന്റെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറിന്റെ രത്നച്ചുരുക്കമാണിത്.

ഇ-ഗ്രാന്റ്സ്, പരമ്പരാഗത വിജ്ഞാന സമ്പത്ത്, പ്രകൃതിയുമായി യോജിച്ചുള്ള ജീവിതം, എയ്ഡഡ് മേഖലയിലെ സംവരണം, ജാതി സെൻസസ്, വരുമാന അടിസ്ഥാനത്തില്‍ പദ്ധതി ആനുകൂല്യം നൽകുക, കോളനിവത്ക്കരണം ഇനിയും തുടരണമോ,  സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി മന്ത്രി കെ. രാധാകൃഷ്ണനും ചർച്ചയെ നയിച്ചു.

ജെ.എൻ.യു. മുന്‍ പ്രൊഫസറും ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി മുൻ എഡിറ്ററുമായ ഡോ. ഗോപാല്‍ഗുരു, ജാർഖണ്ഡ് വനിതാ കമ്മീഷൻ അംഗം ഡോ. ബസവി കിറോ, എന്നിവർ നേരിട്ടും സഫാരി കർമ്മചാരി ആന്ദോളൻ ദേശീയ കൺവീനർ ബെസ്വാദ വിൽസൺ, ഡോ. മീര വേലായുധൻ എന്നിവർ ഓൺലൈനിലും‌ ചർച്ചയിൽ സംബന്ധിച്ചു.
ഇവർക്കു പുറമേ മുൻ എംപിമാരായ എ. വിജയരാഘവന്‍, അഡ്വ. കെ. സോമപ്രസാദ്, ഒ.ആര്‍. കേളു എം.എല്‍.എ., ഡോ. പി.കെ. ശിവാനന്ദന്‍, ആസൂത്രണ സമിതിയംഗം ഡോ. പി.കെ. ജമീല, പട്ടികവിഭാഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരും പങ്കെടുത്തു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ രാജ്യത്തിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് ഡോ.ഗോപാല്‍ ഗുരു വ്യക്തമാക്കി. പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പിന്‍ വലിയുമ്പോള്‍ കേരളമത് നന്നായി നടത്തുന്നു.
ഓരോ വിദ്യാര്‍ത്ഥിയുടെയും, രക്ഷകര്‍ത്താവിന്റെയും ചുമതലയാണ് കേരള സര്‍ക്കാര്‍ നിറവേറ്റുന്നത്. പഠനമുറികള്‍, MRS, സ്കോളര്‍ഷിപ്പുകള്‍..‌ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ എടുത്തുകാട്ടി ഡോ.ഗോപാല്‍ ഗുരു  കൂട്ടിച്ചേര്‍ത്തു.

വികസനം നടപ്പാക്കുന്നതിന് രാഷ്ട്രീയ അധികാരം ഉറപ്പിക്കണമെന്നും സമഗ്രവും മൂല്യാധിഷ്ഠിതവുമായ വികസന പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ബെസ്വാദ വില്‍സണ്‍ പറഞ്ഞു. മിശ്രവിവാഹം  പ്രോത്സാഹിപ്പിക്കണം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ലക്ഷ്യങ്ങള്‍ നിലനിര്‍ത്താന്‍ ഇന്ത്യാക്കാര്‍ വളരെ യത്നിക്കണമെന്നും ബെസ്വാദ വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ അധികാരത്തെ സാധാരണക്കാരുടേയും ദളിത്-ആദിവാസികളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് സിപിഐ(എം) പി.ബി. അംഗവും മുന്‍ എംപിയുമായ എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ കാര്‍ഷിക തൊഴില്‍ രംഗത്തുണ്ടായ നിയമ പരിഷ്കരണങ്ങള്‍ ഇതിനുദാഹരണമാണ്. പുതിയ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിലൂടെ പട്ടിക വിഭാഗ സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലും സ്വയം പ്രതിരോധിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കരുത്തേകി കൈപിടിച്ചുയര്‍ത്തുകയാണ് കേരളത്തിലെ ഇടത് സര്‍ക്കാരാന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി പൊതുസമൂഹത്തിനൊപ്പം പാര്‍ശവത്കരിക്കപ്പെട്ട ജനതയേയും ഉന്നതിയിലേയ്ക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ നടത്തി വരുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍  പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഇടപെടലുകള്‍ പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട സമൂഹമായി കേരളത്തെ ഉയര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിച്ച പ്രവര്‍ത്തിക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

Post your comments