Global block

bissplus@gmail.com

Global Menu

KSFEയും കേരളവും

കേരളീയം എന്നാൽ കേരളം, ഇന്നലെ, ഇന്ന്, നാളെ എന്നതാണല്ലോ. അത്തരത്തിൽ കേരളത്തിന്റെ ഭൂത,വർത്തമാന,ഭാവി കാലങ്ങളിൽ നിർണ്ണായക സ്ഥാനമുളള സർക്കാർ സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് അഥവാ കെ.എസ്.എഫ്.ഇ.    1969 നവംബർ 6 ന് തൃശ്ശൂർ ആസ്ഥാനമായി 2 ലക്ഷം രൂപ മൂലധനത്തിലാണ് കെഎസ്എഫ്ഇ ആരംഭിച്ചത്. അതായത് ഈ നവംബറിൽ കേരളത്തിന് 67 വയസ്സാകുമ്പോൾ കെഎസ്എഫ് ഇക്ക് 54 വയസ്സാകും.  നിലവിൽ കേരളത്തിലുടനീളം 630 ശാഖകളും 75000 കോടി രൂപ അറ്റാദായവും  26 ലക്ഷത്തിലേറെ ഇടപാടുകാരുമുള്ള കെ.എസ്.എഫ്.ഇ കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ്. യാതൊരു വ്യവസ്ഥകൾക്കും വിധേയമല്ലാതിരുന്ന ചിട്ടി എന്ന വായ്പാ-നിക്ഷേപ സംവിധാനത്തെ വ്യവസ്ഥാപിതമായ ഒരു ആധുനിക സാമ്പത്തിക ഉത്പന്നമാക്കി മാറ്റിയത് കെ.എസ്്എഫ്ഇയാണ്. വട്ടിപ്പലിശക്കാരും ബ്ലേഡ് മാഫിയയും അരങ്ങുവാണ കേരളത്തിലാണ് സാധാരണക്കാരന് കൈത്താങ്ങായി കെഎസ്എഫ്ഇ എത്തിയത്. ഒരിക്കലെങ്കിലും കെഎസ്എഫ്ഇയിൽ ഇടപാടുനടത്തിയവർ മറ്റൊരു ധനകാര്യസ്ഥാപനത്തെ സഹായത്തിനായി സമീപിക്കുന്നില്ല. അതാണ് കെഎസ്എഫ്ഇയുടെ വിജയരഹസ്യം. കേരളീയത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്എഫ്ഇയുടെ നേട്ടങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും
 ചെയർമാൻ കെ.വരദരാജൻ ബിസിനസ് പ്ലസിനോട്...

 

 

ആദ്യം കേരളീയത്തെ കുറിച്ചുതന്നെയാകാം. താങ്കളുടെ കാഴ്ചപ്പാട് പങ്കുവയ്ക്കാമോ?
സംസ്ഥാന ഗവണ്മെന്റ്  നവംബർ 1 മുതൽ ഏഴ് ദിവസം നീണ്ടുനില്ക്കുന്ന കേരളീയം എന്ന പരിപാടി നടത്തുകയാണ്. എന്തിനാ ഇങ്ങനെയൊരു പരിപാടി നടത്തുന്നത് എന്നതിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിലുണ്ടാക്കാനുളള ശ്രമങ്ങൾ സജീവമാണ്. കേരളം എന്താണ്, കേരളത്തിന്റെ സാധ്യതകളെന്താണ്, കേരളത്തിന്റെ പൈതൃകമെന്താണ്, ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചെല്ലാമുളള ഒരു അന്താരാഷ്ട്ര പരിശോധനയാണ് യഥാർത്ഥത്തിൽ കേരളീയത്തിലൂടെ സംസ്ഥാന സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്.
സാർവ്വദേശീയമായിത്തന്നെ കേരളത്തെ സംബന്ധിച്ചുളള പഠനവും അത് സംബന്ധമായ ഡോക്യുമെന്റേഷനും ഒക്കെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളം വലിയ നേട്ടങ്ങൾ കൊയ്ത ഒരു സംസ്ഥാനം തന്നെയാണ്. പുരോഗതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് കേരളം. താരതമ്യേന ചെറിയ സംസ്ഥാനവുമാണ്. 1956-ൽ ഭാഷാ സംസ്ഥാനങ്ങൾ രൂപീകരിക്കുമ്പോൾ 13 സംസ്ഥാനങ്ങളാണുണ്ടായിരുന്നത്. അതിൽ 13-ാമത്തെ സംസ്ഥാനമാണ് കേരളം. ഭൂപ്രകൃതിയനുസരിച്ച് ഏറ്റവും ചെറിയ സംസ്ഥാനമായിട്ടാണ് അന്ന് കേരളം രൂപീകരിക്കപ്പെട്ടത്. നിലവിൽ അതിലും ചെറിയ സംസ്ഥാനങ്ങളുണ്ട്.
കേരളത്തിന്റെ ഏറ്റവും വലിയ നേട്ടം ലോകത്തിന്റെ എല്ലാഭാഗത്തും മലയാളികൾക്ക് എത്തിപ്പെടാനായി എന്നതാണ്. അതിന് കേരളത്തിൽ 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന കാർഷിക, വിദ്യാഭ്യാസ,ഭൂ പരിഷ്‌ക്കരണങ്ങൾ  തന്നെയാണ് ചാലകശക്തിയായത്. മാത്രമല്ല,തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ വളരെ മുമ്പേ തിരിച്ചറിഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ആദ്യകാലത്തുതന്നെ അഗ്രികൾച്ചർ, ഐടിഎ മുതലായവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കേരളത്തിലാരംഭിച്ചതും ആ കോഴ്‌സുകൾ പാസായവർ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി നേടിയതും. അത് കേരളത്തിന്റെ വികസനത്തിന് ചിറകുനൽകി.
ഗൾഫ് കുടിയേറ്റമാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് കാരണമായ മറ്റൊരുപ്രധാന ഘടകം. പ്രത്യേകിച്ച് തൊഴിൽവൈദഗ്ദ്ധ്യമൊന്നും നേടാത്ത തൊഴിലാളികളുടെ (അൺസ്‌കിൽഡ് ലേബേഴ്‌സ്) കുടിയേറ്റമാണ് ആദ്യകാലത്ത് ഉണ്ടായത്.കൂലിപ്പണി,മേസ്തിരിപ്പണി എന്നിങ്ങനെയുളള ജോലികൾക്കായി. ഗൾഫ് രാജ്യങ്ങളിൽ വികസനം നടക്കുന്ന വേളയിൽ അവിടത്തെ നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണ് ലക്ഷക്കണക്കിന് മലയാളികൾ അവിടേക്ക് പോയത്. ഇന്ന് ആ സ്ഥിതി മാറി എല്ലാ വിദേശരാജ്യങ്ങളിലേക്കും സാങ്കേതികപരിജ്ഞാനം നേടിയ അല്ലെങ്കിൽ മികച്ച വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും നേടിയ മലയാളികൾ എത്തുന്നു. നാസ പോലെയുളള സ്ഥാപനങ്ങളെ എടുത്തുനോക്കിയാൽ  അവിടെ വൈസ്‌ചെയർമാൻ തസ്്തികയിൽ പോലും മലയാളിയെ കാണാം. ആ നിലയിൽ വലിയ വളർച്ച ഉണ്ടായി.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ എങ്ങനെയാണ് കേരളം ഇത്തരത്തിൽ പുരോഗതി കൈവരിച്ചത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം എന്തായിരുന്നു.എന്നുളളതൊക്കെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുക എന്നുളളതാണ് കേരളീയത്തിലൂടെ ഉദ്ദേശിക്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക                                      പുരോഗതിയെപ്പറ്റി പറയാമോ?
കേരളത്തിന്റെ സാമ്പത്തികപുരോഗതിയിൽ പ്രവാസിപ്പണത്തിന് വലിയ പങ്കുണ്ട്. രാജ്യത്തെ ആകെ റവന്യൂവരുമാനത്തിന്റെ ഏതാണ്ട് 40 ശതമാനത്തോളം പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണമാണ്. കേന്ദ്രസർക്കാരിന്റെ കയ്യിലേക്കാണ് പ്രവാസിപ്പണം കൂടുതലായി എത്തുന്നത്. നമ്മുടെ പ്രാഥമിക സഹകരണ സംഘങ്ങളിലും സൊസൈറ്റികളിലും പ്രവാസികൾ നിക്ഷേപിക്കുന്ന പണമാണ് സംസ്ഥാനത്തിന ഉപയോഗിക്കാൻ കഴിയുക. ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്ന പണം കേരളത്തിന് പുറത്തുളള വ്യാപാരികൾക്കും മറ്റുമാണ് അവർ നൽകുക. കേരളീയരായിട്ടുളള ആളുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ സംസ്ഥാനത്തിന് ഉപയോഗിക്കാനാവുന്നുളളു. എങ്കിലും പ്രവാസിപ്പണം കേരള സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ നിർണ്ണായകഘടകമാണ്.
കെഎസ്എഫ്്ഇയുടെ പ്രവാസിച്ചിട്ടി?
് കെഎസ്എഫ്ഇക്ക് പ്രവാസിനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട്  വലിയ പങ്കുവഹിക്കാനാകും എന്ന ബോധ്യത്തിന്റെ തുടർച്ചയായാണ് പ്രവാസിച്ചിട്ടി ആരംഭിച്ചത്. പ്രവാസിച്ചിട്ടിയിൽ ചേരുന്നവർക്കായി നിരവധി ആനുകൂല്യങ്ങൾ കൊണ്ടുവന്നു. അതിനോടൊപ്പം പ്രവാസികൾക്ക് ഞങ്ങൾ നൽകിയ ഉറപ്പ് പ്രവാസിച്ചിട്ടിയിലെ പണം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കും എന്നതായിരുന്നു. അതനുസരിച്ച് പ്രവാസിച്ചിട്ടിയിൽ നിക്ഷേപിക്കപ്പെടുന്ന പണം കെഎസ്എഫ്ഇ കിഫ്ബിയിൽ നിക്ഷേപിക്കുന്നു. അതിന് കിഫ്ബി കൃത്യമായി പലിശ തരുന്നു.ചിട്ടിയിൽ ചേർന്നിട്ടുളളവർക്കൊന്നും തന്നെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ചിട്ടിപ്പണം സമയത്ത് കൊടുക്കാൻ കഴിയുന്നു. 3000 കോടിയോളം രൂപ പ്രവാസിച്ചിട്ടിയിനത്തിൽ നിക്ഷേപം ഉണ്ട്. അതുകൂടാതെ കെഎസ്എഫ്ഇയുടെ പണം ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. അതും കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നു.
അതുപോലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കായി നോർക്കയുടെ സഹായത്തോടെ ഒരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. അതായത് 5 ലക്ഷം രൂപ സംരംഭവായ്പയായി നൽകും. 4 ലക്ഷം രൂപ തിരിച്ചടച്ചാൽ മതി. 3% പലിശ ഇളവുമുണ്ട്. 1000 പേർക്കെങ്കിലും നല്കാൻ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നതെങ്കിലും നിലവിൽ 12000 പേരാണ് ഈ സ്‌കീമിന്റെ ഗുണഭോക്താക്കൾ. 370 കോടി രൂപ വായ്പയായി നൽകി. നിലവിൽ ആ പദ്ധതി തത്കാലം നിർത്തിവച്ചിരിക്കുകയാണ്. നവംബർ 1 മുതൽ പുനരാരംഭിക്കും. ഈ വായ്പയ്ക്ക് വലിയ ഡിമാൻഡാണ്. അത് കേരളത്തിനും വലിയ നേട്ടമാണ് കാരണം പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയ ഒരു വ്യക്തി വെറുതെ നിൽക്കാതെ ഒരു സംരംഭം തുടങ്ങുമ്പോൾ അയാൾക്കും ഒപ്പം കുറഞ്ഞത് രണ്ടുപേർക്കെങ്കിലും തൊഴിൽ ലഭിക്കുന്നു.
പുതിയ സ്‌കീമുകൾ? ലക്ഷ്യം?
കേരളീയം പദ്ധതിയുടെ ഭാഗമായി പുതിയ സ്‌കീമുകളിലേക്ക് കെഎസ്എഫ്ഇയെ കൊണ്ടുപോകണം എന്നാണ് പദ്ധതിയിടുന്നത്. ഒരു കമ്പനി രജിസ്റ്റർ ചെയ്തുകൊണ്ട് ഇതരമേഖലകളിലേക്ക് കടക്കാനുളള സാധ്യതകളും പരിശോധിച്ചുവരുന്നു. കെഎസ്എഫ്ഇ രൂപീകരിക്കുമ്പോൾ തന്നെ അതിന്റെ നിയമാവലിയിൽ പറഞ്ഞിരുന്ന ഒരു കാര്യം ഇൻഷൂറൻസ് കമ്പനി ആരംഭിക്കണം എന്നതാണ്. അത്തരം കാര്യങ്ങൾ സജീവമായി പരിഗണിക്കുന്നു.
പരിഗണനയിലുളള ഇൻഷൂറൻസ്                         സ്‌കീമിനെപ്പറ്റി പറയാമോ?
കെഎസ്എഫ്ഇയിൽ നിലവിൽ ചിട്ടിയിലുളള ആളുകൾ മരണപ്പെട്ടാൽ കാശ് കൊടുക്കുന്ന ഇൻഷൂറൻസ സ്‌കീം ഉണ്ട്. അത് തനത് ഫണ്ടിൽ നിന്നാണ്. അപ്പോൾ കമ്പനി രൂപീകരിച്ചുകൊണ്ട് ചിട്ടികൾക്കും ഭവനനിർമ്മാണവായ്പകൾക്കും മറ്റും ഇൻഷൂറൻസ് കൊണ്ടുവരാനാണ് പദ്ധതി. നിലവിൽ ജീവനക്കാർക്ക് മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റാണ് നൽകിവരുന്നത്. ജനറൽ ഇൻഷൂറൻസിനൊപ്പം മെഡിക്കൽ ഇൻഷൂറൻസ് കൂടി കൊണ്ടുവരാനായാൽ ജീവനക്കാർക്കും കെഎസ്എഫ്ഇക്കും ഗുണകരമാകും.
കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ കെഎസ്എഫ്ഇയുടെ പങ്ക് വളരെ പ്രധാനമാണല്ലോ
തീർച്ചയായും.കഴിഞ്ഞ വർഷം 827 കോടി രൂപയുടെ ചിട്ടിനിക്ഷേപമുണ്ടായി.  ഈ പണം മുഴുവൻ കേരളത്തിന്റെ വിപണിയിലാണുളളത്. പ്രവാസിച്ചിട്ടി അതിൽപ്പെടുന്നില്ല. നിലവിൽ അറ്റാദായം 75000 കോടി രൂപയാണ്. കഴിഞ്ഞ വർഷം മാത്രം അറ്റാദായത്തിൽ 10050 കോടി രൂപയുടെ വർദ്ധനവാണുണ്ടായത്. ഈ വർഷം അത് 85000 കോടി രൂപയായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ വർഷം കൊണ്ട് അത് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു.അതുപോലെ,കേരളസർക്കാരിന്റെ 100 ലക്ഷം കോടി രൂപ ഓഹരിയാണ് കെഎസ്എഫ്ഇക്കുളളത്. അതുകൊണ്ടുതന്നെ ഓരോ വർഷവും 105 മുതൽ 110 കോടി രൂപ വരെ സർക്കാരിന് ലാഭവിഹിതത്തിൽ നിന്ന് നൽകുന്നു. ഈ വർഷം 370 കോടി രൂപ ലാഭം കിട്ടി. 52 വർഷത്തിനിടയിൽ കൈവരിച്ച ഏറ്റവും വലിയ ലാഭമാണിത്. ആദ്യഘട്ടലാഭത്തിൽ നിന്ന് 150 കോടി രൂപ നൽകി. രണ്ടാംഘട്ടത്തിന്റെ പങ്ക് നൽകേണ്ടതുണ്ട്. അതുമാത്രമല്ല ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിക്കുന്നു. സിഎസ്ആർ ഫണ്ട്, ഇതര ആനൂകൂല്യങ്ങൾ എന്നിങ്ങനെ.
 കെഎസ്എഫ്ഇചിട്ടികൾക്ക് വലിയ ഡിമാൻഡാണല്ലോ?
കെഎസ്എഫ്ഇ ചിട്ടി എന്നുപറയുന്നത് വളരെ നേട്ടമുളള ഒന്നാണ്. ഒരേ സമയം വായ്പയുമെടുക്കാം നിക്ഷേപവും നടത്താം. അതായത് ഒരാൾ ഒരു കോടി രൂപയുടെ ചിട്ടിക്ക് ചേർന്നാൽ 10 ഗഡുക്കൾ അടച്ചുകഴിയുമ്പോൾ 50 ലക്ഷം രൂപ വരെ വായ്പയെടുക്കാം. തുടർന്നങ്ങോട്ട് ഗഡുവിനൊപ്പം പലിശ  കൂടി അടച്ചാൽ മതിയാകും. ഈ സംവിധാനം മറ്റെവിടെയുംകിട്ടുന്നതല്ല.   അതായത് ഒരു വ്യവസായം തുടങ്ങണമെങ്കിലും വീട് വയ്ക്കണമെങ്കിലും ഒരു ചിട്ടിയിൽ ചേർന്നാൽ മതി. അത്തരത്തിൽ കെഎസ്എഫ്ഇ ചിട്ടികൾ കേരളത്തിന്റെ സാമ്പത്തികരംഗത്ത് വലിയ പങ്കുവഹിക്കുന്നു. മാത്രമല്ല കമ്പോളത്തെ സജീവമാക്കുകയും ചെയ്യുന്നു. നാണ്യപ്പെരുപ്പത്തിന്റെ കാലത്ത് സ്ഥിരനിക്ഷേപങ്ങൾ ലാഭകരമായ സമ്പാദ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് കെഎസ്എഫ്ഇ ചിട്ടി ലാഭകരമായ സമ്പാദ്യപദ്ധതിയാകുന്നത്. കൃത്യമായി ഗഡുക്കളടച്ച് വീതപ്പലിശയൊക്കെ ലഭിക്കുന്ന ആളിന് 25% സാമ്പത്തികനേട്ടം ചിട്ടിയിലൂടെ ഉണ്ടാകും. ഇപ്പോൾ മൾട്ടിലെവൽ ചിട്ടി തുടങ്ങിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ചിട്ടി, 10,000 രൂപ വച്ച് മാസം അടയ്ക്കുക. ആദ്യഗഡുവായി 10,000 രൂപ അടച്ചാൽ പിന്നെ 40 മാസക്കാലം അയാൾ 7350 രൂപ അടച്ചാൽ മതി. എല്ലാ മാസവും ഒരു ചിട്ടിക്ക് കുറിയിടും. സാധാരണ ഒരു മാസം ചിട്ടിക്ക് കുറിയിട്ടുകഴിഞ്ഞാൽ പിന്നെ ലേലത്തിലേക്കാണ് പോകുന്നത്. കെഎസ്എഫ്ഇയിൽ ഒരു ചിട്ടി എല്ലാ മാസവും കുറിയിടും കുറിവീഴുന്ന ആളിന് 5% കമ്മീഷൻ ഒഴിച്ചുളള തുക നൽകും. മൂന്ന് ചിട്ടി ലേലത്തിന് വയ്ക്കും. ചിട്ടിപിടിച്ചവർക്കും പിടിക്കാത്തവർക്കും വീതപ്പലിശ കൃത്യമായി നൽകും. ചിട്ടിപിടിച്ച തുക ഇവിടെ നിക്ഷേപിച്ചാലാകട്ടെ 7% പലിശ നൽകും. അതായത് പ്രതിമാസം പത്തു ലക്ഷത്തിന് 7600 രൂപ പലിശ ലഭിക്കും. അയാളുടെ മാസഗഡു 7350 രൂപയാണ്. അപ്പോൾ അയാളുടെ ചിട്ടി പലിശ കൊണ്ടുതന്നെ അടഞ്ഞുപോകും. കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻതുകയും ബാക്കിപലിശയും ലഭിക്കും. കച്ചവടക്കാർക്കും മറ്റും കെഎസ്എഫ്ഇ ചിട്ടികളുടെ നേട്ടങ്ങളെക്കുറിച്ച് നന്നായി അറിയാം. അതുകൊണ്ടുതന്നെ 30-40 ചിട്ടികൾക്കു വരെ വിവിധ ശാഖകളിലായി ചേരുന്നവരുണ്ട്. അതിൽ 99% പേരും കൃത്യമായ ഇടപാടുകൾ നടത്തുന്നവരാണ്. കെഎസ്എഫ്ഇയിൽ ഒരാൾക്ക് എത്ര ചിട്ടിക്ക് വേണമെങ്കിലും ചേരാം.
സ്വർണ്ണവായ്പയെ പറ്റി പറയാമോ?
മൂന്നുമിനിട്ടിൽ കെഎസ്എഫ്ഇയിൽ സ്വർണ്ണവായ്പ ലഭിക്കും.കമ്പോളത്തിലെ സ്വർണ്ണവിലയുടെ 80% ആണ് സ്വർണ്ണവായ്പയായി നൽകുക.  4.75 ശതമാനം മുതൽ പലിശയുളള വായ്പകളാണുളളത്. 25 ലക്ഷം രൂപ വരെ ഒരു ദിവസം സ്വർണ്ണവായ്പയായി ലഭിക്കും.  ഒരു വർഷം വരെ കുടിശ്ശിക വന്നാലും പലിശാനിരക്കിൽ മാറ്റംവരുത്തുന്നില്ല.
വിദ്യാഭ്യാസവായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ നിലവിൽ പിൻവലിഞ്ഞുനിൽക്കുകയാണ്.അത്തരത്തിൽ പുതിയ പദ്ധതികളെന്തെങ്കിലും?
വിദ്യാഭ്യാസവായ്പകളിൽ കുടിശ്ശിക വന്നാൽ എഴുതിത്തളളാനുളള പ്രൊവിഷൻ ദേശസാത്കൃതബാങ്കുകൾക്കുണ്ട്. കാരണം അതിന്റെ 70% കേന്ദ്രസർക്കാർ അവർക്ക് നൽകും. Dതുപോലെ മിക്ക ബാങ്കുകൾക്കും നബാർഡ് 4% പലിശയ്ക്ക് പണം നൽകും. കെഎസ്എഫ്ഇ ഒരു ബാങ്കിതരസംവിധാനമായതിനാൽ നബാർഡിന്റെ സഹായം ലഭ്യമല്ല. കേന്ദ്രസർക്കാർ സഹായവും ലഭ്യമാകില്ല. ഇതൊക്കെ വിദ്യാഭ്യാസവായ്പ സംബന്ധിച്ച് കെഎസ്എഫ്ഇയുടെ മുന്നിലുളള കടമ്പകളാണ്.
കെഎസ്എഫ്ഇയുടെ മറ്റ് വായ്പകൾ?
25 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ, ഒരു കോടി രൂപയുടെ ഭവനനിർമ്മാണവായ്പ, വാഹനവായ്പ തുടങ്ങി നിരവധി സ്‌കീമുകൾ ഉണ്ട്.
ധനകാര്യസ്ഥാപനങ്ങൾ പൊതുവെ                            നേരിടുന്ന വെല്ലുവിളി?
മിക്കവാറും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ  സ്ഥാപനങ്ങളിലെല്ലാം നിക്ഷേപമുണ്ട്. പക്ഷേ, ആ പണം വായ്പയിനത്തിൽ വിനിയോഗിക്കപ്പെടുന്നില്ല. കാരണം, ആളുകൾ പണ്ടത്തെപ്പോലെ വായ്പ എടുക്കുന്നില്ല. ചെറിയ ചെറിയ കാര്യങ്ങൾക്കൊന്നും ആരും ബാങ്കുകളെ വായ്പകൾക്കായി സമീപിക്കാറില്ല. അതുകൊണ്ടാണ് ഒരു കമ്പനി രൂപീകരിച്ച് നിക്ഷേപം നടത്താനാവുമോ എന്ന കാര്യം കെഎസ്എഫ്ഇ പരിശോധിക്കുന്നത്.

 

 

 

കേരളസർക്കാരിന്റെ 100 ലക്ഷം കോടി രൂപ ഓഹരിയാണ് കെഎസ്എഫ്ഇക്കുളളത്. അതുകൊണ്ടുതന്നെ ഓരോ വർഷവും 105 മുതൽ 110 കോടി രൂപ വരെ സർക്കാരിന് ലാഭവിഹിതത്തിൽ നിന്ന് നൽകുന്നു. ഈ വർഷം 370 കോടി രൂപ ലാഭം കിട്ടി. 52 വർഷത്തിനിടയിൽ കൈവരിച്ച ഏറ്റവും വലിയ ലാഭമാണിത്. ആദ്യഘട്ടലാഭത്തിൽ നിന്ന് 150 കോടി രൂപ നൽകി. രണ്ടാംഘട്ടത്തിന്റെ പങ്ക് നൽകേണ്ടതുണ്ട്. അതുമാത്രമല്ല ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിക്കുന്നു. 

 

 

കേരളീയം കേരളത്തിന്റെ ഭാവിയെ ഏറ്റവും വലിയ രീതിയിൽ സ്വാധീനിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുമുളള പ്രഗത്ഭരായ മലയാളികൾ മാത്രമല്ല കേരളത്തെക്കുറിച്ചു പഠിച്ച അമർത്യാസെന്നിനെ പോലെയുളള വ്യക്തികളും കേരളീയത്തിന്റെ ഭാഗമായുളള സെമിനാറുകളിൽ പങ്കെടുക്കാനായി വരുന്നുണ്ട്. അമർത്യാസെൻ  വർഷങ്ങൾക്കുമുമ്പ് എഴുതിയ ഒരു പുസ്തകത്തിന്റെ പേരു തന്നെ 'കേരളം ഇന്ത്യ ചൈന' എന്നാണ്. ഇത്തരത്തിൽ പ്രഗത്ഭരായവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വലിയൊരു മാറ്റം സംസ്ഥാനത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിൽ ധനകാര്യം പ്രധാനപ്പെട്ട വിഷയമാണ്. അക്കാര്യത്തിൽ കെഎസ്എഫ്ഇ മികച്ച പങ്ക് വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

 

 

കെഎസ്എഫ്ഇയുടെ ദൗത്യം
പൊതുജനങ്ങൾക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനകരവുമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് വിശ്വസനീയവും ലാഭകരവുമായ ഒരു പൊതുമേഖല  സ്ഥാപനമായി  പ്രവർത്തിക്കുക .
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ  ഗണ്യമായ സംഭാവന നൽകുക.
സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ സാമൂഹിക സുരക്ഷാ പദ്ധതികൾ അവതരിപ്പിക്കുക.
ഇതുവരെ പ്രതിനിധീകരിക്കാത്ത പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ ആരംഭിക്കുക.

ബിസിനസ്സിന്റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ സ്വീകരിച്ച്്  മികച്ച സേവനങ്ങൾ നൽകുക.

 

 

Post your comments