Global block

bissplus@gmail.com

Global Menu

അഭിമാനപുരസ്സരം കേരളം

കേരളത്തെ, അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2023 നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പരിപാടിയാണ് കേരളീയം. ഏഴ് പതിറ്റാണ്ടുകൊണ്ട് കേരളം പിന്നിട്ട വികസന നാൾവഴികളും നേട്ടങ്ങളും എടുത്തുകാട്ടി ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്കു കൊണ്ടു വരുന്ന വിശാലമായ വേദിയാണ് കേരളീയം.

മുഖ്യമന്ത്രി പിണറായി വിജയൻ.

 

 

വികസന നേട്ടങ്ങളിൽ രാജ്യത്തിനു തന്നെ മാതൃകയായി കേരളം വളരുകയാണ്. പൊതുഭരണം, വികസനം, ആരോഗ്യസംരക്ഷണം, കാർഷിക സമൃദ്ധി, സ്ത്രീസംരക്ഷണം, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും അഭിമാനകരമായ രീതിയിൽ മുന്നേറുന്ന കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ബൃഹദ് പരിപാടിയാണ് കേരളീയം. ഏഴ് പതിറ്റാണ്ടുകൊണ്ട് കേരളം പിന്നിട്ട വികസനോന്മുഖ പ്രതിഭാസങ്ങളും, നേട്ടങ്ങളും അവതരിപ്പിച്ച് നവകേരളത്തിന്റെ പുത്തൻ സാധ്യതകളെ തിരിച്ചറിയുന്നതിനുള്ള സമഗ്രദൗത്യത്തിന് തുടക്കം കുറിക്കുകയാണ് 2023 നവംബർ 1 മുതൽ 7 വരെ. സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധി, എല്ലാ മേഖലയിലുമുള്ള സുസ്ഥിര വികസനം , വികസനനയരൂപീകരണം എന്നിവയെ പരിപോഷിപ്പിച്ച് മികവിന്റെ നവകേരളം കെട്ടിപ്പടുക്കുകയാണ് കേരളീയത്തിന്റെ ആത്യന്തിക ലക്ഷ്യം.

സാക്ഷരത, പൊതു ആരോഗ്യം, ആയുർദൈർഘ്യം, മാതൃ-ശിശു മരണനിരക്കിലെ കുറവ്, ക്ഷേമ പെൻഷനുകൾ, സാർവത്രിക വിദ്യാഭ്യാസം, വിദ്യാഭ്യാസ  ആരോഗ്യ രംഗങ്ങളിലെ ആധുനിക സംവിധാനങ്ങൾ, സ്ത്രീ- പുരുഷ സമഭാവന, ട്രാൻസ്‌ജെൻഡറുകളെ അടക്കം ഉൾച്ചേർക്കുന്ന പുരോഗതി, അധികാര വികേന്ദ്രീകരണം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിർവഹണവും, പൊതു ജീവിതനിലവാരം, ശാസ്ത്രബോധം, എന്നിങ്ങനെ നിരവധി മേഖലകളിൽ വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കാവുന്ന നേട്ടങ്ങളാണ് ഇക്കാലയളവിനിടയിൽ കേരളം സ്വായത്തമാക്കിയത്. വികസന നേട്ടങ്ങൾ എല്ലാ വിഭാഗങ്ങളിലും എത്തിക്കുന്നതിനായി മാലിന്യ സംസ്‌ക്കരണം, ജലസമൃദ്ധി, കാർഷികവികസനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹരിതകേരളം മിഷൻ , ആരോഗ്യരംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ടുള്ള ആർദ്രം മിഷൻ, സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി പ്രവർത്തിക്കുന്ന നാല് മിഷനുകൾ പുരോഗതിയുടെ വേഗം കൂട്ടുന്നു. ഇതിനു പുറമേ ഭേദചിന്തകൾക്കതീതമായ സാമൂഹികാവബോധം, സമഭാവന, മതനിരപേക്ഷത എന്നിവയിലൂടെ ഭൗതികവും മാനസികവുമായ പുരോഗതിയും ആർജിച്ച സമൂഹമാണ് നമ്മുടേത്. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള വേദിയാണ് കേരളീയം.

ലോകോത്തര കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന 'കേരളീയം' പരിപാടി എല്ലാ വർഷവും നടത്തും. ആദ്യമായി ഈ വർഷം കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ 7 വരെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കേരളീയം 2023 നടക്കും. എല്ലാ വർഷവും അതാത് വർഷത്തെ അടയാളപ്പെടുത്തുന്ന വിധം കേരളീയം നടത്തും. കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും, തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷിക-വ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദർശനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നതിനൊപ്പം ലോക വൈജ്ഞാനിക രംഗത്തു നിന്ന് പുതിയ ആശയങ്ങൾ സ്വാംശീകരിക്കാനും പരിപാടി സഹായിക്കും.

Post your comments