Global block

bissplus@gmail.com

Global Menu

വിഴിഞ്ഞം തുറമുഖം എട്ട് സാമ്പത്തിക ഇടനാഴികൾ വരും അനന്തപുരി അടിമുടി മാറും

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് ഗംഭീര സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒക്ടോബർ 15ന് ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്‌ളാഗ്‌സ് ഇൻ ചെയ്ത് സ്വീകരിച്ചത്. വിഴിഞ്ഞം വാർഫിലേക്കു കപ്പൽ അടുപ്പിച്ചു. വാട്ടർ സല്യൂട്ടിന്റെ അകമ്പടിയോടെയാണു കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്ര തുറമുഖ വകുപ്പു മന്ത്രി സർബാനന്ദ സോനോവാളായിരുന്നു മുഖ്യാതിഥി.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി, എം.വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു.ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചു. അടുത്ത വർഷം മേയിലാണു തുറമുഖം കമ്മിഷൻ ചെയ്യുന്നത്. അദാനി പോർട്ടുമായി 40 വർഷത്തെ കരാറിലാണു സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ആകെ 7700 കോടി രൂപയാണു നിർമാണച്ചെലവ്. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകളാണു തുറമുഖത്ത് എത്തുക. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ മാത്രം അകലെയാണു വിഴിഞ്ഞം തുറമുഖം. കൂറ്റൻ മദർ ഷിപ്പുകൾക്ക് ഇവിടെ നങ്കൂരമിടാനാകും. ഇതോടെ രാജ്യത്തെ ഏറ്റവും മികച്ച ചരക്കുനീക്ക സംവിധാനമാവും വിഴിഞ്ഞത്ത് തയാറാവുക.        
മദർഷിപ്പുകളിൽനിന്നു രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്കു കണ്ടെയ്‌നറുകൾ എത്തിക്കാനുള്ള സംവിധാനവും വിഴിഞ്ഞത്തുണ്ട്. 22 യാർഡ് ക്രെയിനുകളും 7 ഷിഫ്റ്റ് ഷോക്ക് ക്രെയിനുകളും വിഴിഞ്ഞത്ത് സ്ഥാപിക്കും. ഇതിൽ ആദ്യ ഘട്ടമായി ഷെൻഹുവ 15ൽ ഒരു ഷിഫ്റ്റ് ഷോക്ക് ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് എത്തിച്ചിട്ടുള്ളത്. ചൈനയിൽനിന്നുള്ള അടുത്ത കപ്പലുകളിൽ കൂടുതൽ ക്രെയിനുകളെത്തിക്കും. പിന്നീട് 6 മാസം ട്രയൽ പീരിയഡ് ആയിരിക്കും.  
മേയിൽ കമ്മിഷനിങ് കഴിയുന്നതോടെ ചരക്കു കപ്പലുകൾ എത്തിത്തുടങ്ങും. മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണു തുറമുഖം നിർമിച്ചിരിക്കുന്നത്. അക്രോപോഡുകൾ ഉപയോഗിച്ചു നിർമിച്ച പുലിമുട്ടിന് എത്ര ശക്തമായ കടലാക്രമണത്തേയും ചെറുക്കാനുള്ള ശേഷിയുണ്ട്. ടൂറിസം രംഗത്തും വൻതോതിലുള്ള വികസനം കൊണ്ടുവരാൻ വിഴിഞ്ഞത്തിനാവും.  
എട്ട് സാമ്പത്തിക ഇടനാഴികൾ വരും അനന്തപുരി അടിമുടി മാറും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ചുള്ള നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന എട്ട് സാമ്പത്തിക ഇടനാഴികളുടെ നടപടികൾ അടുത്തവർഷം തുടങ്ങിയേക്കും. ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ എന്ന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ സംസ്ഥാന ആസൂത്രണ ബോർഡിന്റെ പരിഗണനയിലാണ്. തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള സാമ്പത്തിക വളർച്ചയാണ് പദ്ധതിയുടെ ലക്ഷ്യം. 34,000 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശങ്ങളിൽ വ്യാവസായിക വികസനം നടപ്പാകും. 78 കിലോമീറ്റർ ദൈർഘ്യമുള്ള റിംഗ് റോഡിലെ വിഴിഞ്ഞം (ലോജിസ്റ്റിക്‌സ് ആൻഡ് ഇൻഡസ്ട്രിയൽ ഹബ്ബ്),കോവളം (ഹെൽത്ത് ടൂറിസം ഹബ്ബ്),കാട്ടാക്കട (ഗ്രീൻ ആൻഡ് സ്മാർട്ട് ഇൻഡസ്ട്രി ക്ലസ്റ്റർ),നെടുമങ്ങാട് (റീജിയണൽ ബിസിനസ് ആൻഡ് ഇൻഡസ്ട്രിയൽ ഹബ്ബ്),വെമ്പായം (ഫാർമ ആൻഡ് ഫുഡ് പ്രോസസിംഗ് ക്ലസ്റ്റർ),മംഗലപുരം (ലൈഫ് സയൻസ് ആൻഡ് ഐ.ടി ക്ലസ്റ്റർ),കിളിമാനൂർ,കല്ലമ്പലം (അഗ്രോ ഫുഡ് പ്രോസസിംഗ് എക്യുപ്‌മെന്റ് ക്ലസ്റ്റർ) എന്നിവിടങ്ങളിലായി 414 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് സാമ്പത്തിക ഇടനാഴികൾ വരിക. ഇതിൽ ആദ്യ സാമ്പത്തിക ഇടനാഴി വിഴിഞ്ഞത്തും രണ്ടാമത്തേത് മംഗലപുരത്തുമാണ് സ്ഥാപിക്കുക.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാൽ സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകില്ല. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന 49 ഗ്രാമങ്ങളിലായി 7.6 ലക്ഷം ജനങ്ങളാണുള്ളത്. അതിനാൽ വൻതോതിൽ ഭൂമിയേറ്റെടുക്കാൻ ശ്രമിച്ചാൽ അത് ജനങ്ങളുടെ എതിർപ്പിനിടയാക്കും. ഇതൊഴിവാക്കാൻ ലാൻഡ് പൂളിംഗ് നടത്തി പദ്ധതി നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനുള്ള നടപടികൾ വ്യവസായവകുപ്പിന്റെ പരിഗണനയിലുണ്ട്.

 

 

 

 വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്നത് വലിയ വികസന സാധ്യകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടമെന്നും പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുടെ നാൾവഴികളും വിശദീകരിച്ചു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പദ്ധതി താമസിപ്പിച്ചെങ്കിലും പിന്നീട് വേഗതയാർജിക്കാൻ കഴിഞ്ഞു. തുറമുഖം നൽകുന്ന വികസന സാധ്യകളേക്കുറിച്ച് പൂർണമായ ധാരണ നമുക്കില്ലെന്നും മുഖ്യമന്ത്രി വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ

 

 

നിരവധി കപ്പൽ കമ്പനികളാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നർമാണ പുരോഗതി സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നത്. ഷിപ്പിങ് കമ്പനികൾ വിഴിഞ്ഞത്തിനായി കാത്തിരിക്കുകയാണ്. അദാനി ഇതുവരെ നടപ്പാക്കിയതില് ഏറ്റവും കടുപ്പമേറിയ പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി.
Rajesh Jha - MD&CEO - Adani Vizhinjam Port Pvt Ltd

 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാനുള്ള അവസരം തന്നത്. അതിന് അദ്ദേഹത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. കേരളത്തിലെ ജനം നൽകിയ പിന്തുണ വളരെ വലുതാണ്. പ്രളയം, കൊവിഡ് എന്നിവ വലിയ വെല്ലുവിളികളായിരുന്നു. എന്നാൽ സർക്കാരുകളുടെയും പൊതുജനങ്ങളുടെയും പിന്തുണയാൽ വെല്ലുവിളികൾ അതിജീവിക്കാൻ സാധിച്ചു.ഇതുവരെ ചെയ്തതിൽ വച്ച് വേറിട്ട പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖം. സാധാരണഗതിയിൽ സർക്കാരുകൾ മാറുന്നത് വികസന പദ്ധതികൾക്ക് വെല്ലുവിളിയാണ്. എന്നാൽ വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് അതുണ്ടായില്ല. എൽ.ഡി.എഫ്., യു.ഡി.എഫ്, ബി.ജെ.പി. എന്നിവരും കേന്ദ്ര സർക്കാരും പിന്തുണ നൽകി.
Karan Adani
CEO of Adani Ports & Special Economic Zone Ltd

Post your comments