Global block

bissplus@gmail.com

Global Menu

വിവാദങ്ങളുടെ വിഴിഞ്ഞം വിലയേറിയ 113 ദിനരാത്രങ്ങൾ

തുടക്കം മുതൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില ലോബികൾ രംഗത്തുണ്ട്. സർ സിപിയാണ് വിഴിഞ്ഞത്തിന്റെ സാധ്യത ആദ്യം മുന്നിൽ കണ്ടത്. പിന്നീട്  ആദ്യകെ. കരുണാകരന് സർക്കാരിൽ തുറമുഖ മന്ത്രിയായിരുന്ന എം. വി രാഘവൻ 1991ൽ സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായി വിഴിഞ്ഞം തുറമുഖ പദ്ധതി വിഭാവനം ചെയ്ത് അവതരിപ്പിച്ചെങ്കിലും പ്ച്ചതൊട്ടില്ല. 2015ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണ് കരാർ ഒപ്പിട്ടത്. ആദ്യകാലം മുതൽക്കു തന്നെ പദ്ധതിക്കെതിരെ അതിശക്തമായ എതിർപ്പാണ് പരിസ്ഥിതി വിദഗ്ദ്ധരും തീരദേശവാസികളും ഉയർത്തിയത്. എന്നാൽ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ നാടിനുണ്ടാകുന്ന വികസനവും പുരോഗതിയും പരിഗണിച്ച് തടസങ്ങളെ വഴിമാറ്റുകയായിരുന്നു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 2015ൽ ഒപ്പുവച്ച 7525 കോടിയുടെ കരാർ പ്രകാരം പദ്ധതി ആയിരം ദിവസത്തിനുള്ളിൽ അതായത് 2018 നവംബറിൽ പൂർത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം എസ്. അദാനി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പാറക്കല്ലിന്റെ ക്ഷാമം, പ്രകൃതി ദുരന്തങ്ങൾ, കൊവിഡ് എന്നിവ മൂലം പദ്ധതി നിർമ്മാണം നീണ്ടു. 2019 ഡിസംബർ, 2020 ഒക്ടോബർ തുടങ്ങി വീണ്ടും വീണ്ടും കാലാവധി നീട്ടിയെങ്കിലും വിവാദങ്ങളും കൊവിഡുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചു. പദ്ധതി നിർമ്മാണം നീളുന്നതും വിവാദമായി. ഒടുവിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരണത്തിലേക്ക് നീങ്ങുമ്പോഴാണ്  പദ്ധതിപ്രദേശത്ത് സമരവുമായി ലത്തീന് അതിരൂപതയെത്തുന്നത്. 113 ദിവസമാണ് സമരം കാരണം പദ്ധതി നിർമ്മാണം തടസ്സപ്പെട്ടത്. വൻ ആശങ്ക സൃഷ്ടിച്ച വിഴിഞ്ഞം സമരത്തിന്റെ നാൾവഴികളിലൂടെ....

 

 

വർഷം 2022
ജൂലായ് 19: തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മത്സ്യത്തൊഴിലാളികളുടെ സമരം
ആഗസ്റ്റ് 16: തുറമുഖ നിർമ്മാണം തടസപ്പെടുത്തി പദ്ധതി പ്രദേശത്തിന് മുന്നിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരപ്പന്തൽ ഉയർന്നു.
ആഗസ്റ്റ് 18: സമരസമിതിയുമായി ആദ്യത്തെ മന്ത്രിസഭാ ഉപസമിതി യോഗം. ഏഴ് ആവശ്യങ്ങളുമായി സമരസമിതി
ആഗസ്റ്റ് 21: രണ്ടാമത്തെ മന്ത്രിസഭാ ഉപസമിതിയും തീരുമാനമാകാതെ പിരിഞ്ഞു
ആഗസ്റ്റ് 25: മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊയു തമ്മിൽ ക്ലിഫ് ഹൗസിൽ ചർച്ച
സെപ്തംബർ 11: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയെ കണ്ട് സമരനേതാക്കൾ
സെപ്തംബർ 13: വീണ്ടും മന്ത്രിസഭാ ഉപസമിതി യോഗം
സെപ്തംബർ 16: നഗരം വളഞ്ഞ് സമരസമിതിയുടെ വമ്പൻ സമരം,തുറമുഖ പ്രദേശത്ത് വളളങ്ങൾ കത്തിച്ചു.
സെപ്തംബർ 18: സെക്രട്ടേറിയറ്റിന് മുന്നിൽ തുറമുഖത്തിനെതിരെ സാംസ്‌കാരിക കൂട്ടായ്മ
സെപ്തംബർ 19: തുറമുഖത്തിനുള്ളിലേയ്ക്ക് തള്ളിക്കയറി സമരസമിതി.ബാരിക്കേഡുകൾ മറിച്ചിട്ടു. കവാടത്തിനുള്ളിലും സമരപ്പന്തൽ
സെപ്തംബർ 21: ഗവർണറെ കണ്ട് സമരസമിതി. ഇടപെടുമെന്ന് ഉറപ്പ്
സെപ്തംബർ 22: തീരുമാനമാകാതെ മന്ത്രിസഭാ ഉപസമിതി യോഗം
സെപ്തംബർ 24: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി സമവായ ചർച്ചകൾ. അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം
സെപ്തംബർ 27: അദാനി ഗ്രൂപ്പ് കോടതിയിലേയ്ക്ക്
ഒക്ടോബർ 2: തുറമുഖ നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്മയുടെ സമരം ആരംഭിക്കുന്നു
ഒക്ടോബർ 7: മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്താതെ തീരശോഷണം പഠിക്കാൻ സർക്കാരിന്റെ വിദഗ്ദ്ധ സമിതി
ഒക്ടോബർ 29: സമരത്തിന് പിന്തുണ നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശഫണ്ടെന്ന ആരോപണത്തിന്മേൽ ഇന്റലിജൻസ് അന്വേഷണം
നവംബർ 2: സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് നോട്ടീസ്
നവംബർ 16: സമരസമിതിയുമായി ചീഫ് സെക്രട്ടറിയുടെ ചർച്ച
നവംബർ 24: നിർമ്മാണം പുനരാരംഭിക്കുന്നത് തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ
നവംബർ 26: കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർമ്മാണത്തിനുളള കല്ലുകളുമായെത്തിയ ലോറികൾ സമരസമിതി തടഞ്ഞതിൽ സംഘർഷം. ആർച്ച് ബിഷപ്പ് അടക്കം പ്രതികളാകുന്നു
നവംബർ 27: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെ ആക്രമണം
നവംബർ 29: സമരസമിതിയിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ അടക്കമുള്ള സംഘടനകളുടെ സാന്നിദ്ധ്യമെന്ന്  വാർത്ത. ബാഹ്യ ഇടപെടലുണ്ടെന്ന മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ പ്രതികരണം രാഷ്ട്രീയ വിവാദമാകുന്നു.
ഡിസംബർ 1: കേന്ദ്രസേനയെ രംഗത്തിറക്കണമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ. പിന്തുണച്ച് സംസ്ഥാനം
ഡിസംബർ 3: സമവായ നീക്കത്തിന് ചുക്കാൻ പിടിച്ച് കർദിനാർ ക്ലീമിസ് കാതോലിക്കാ ബാവ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ചർച്ച
ഡിസംബർ 4: സമരത്തിൽ മയപ്പെട്ട് സഭയുടെ സർക്കുലർ
ഡിസംബർ 5: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച. ലത്തീൻ സഭയുടെ സമവായ ഫോർമുല സർക്കാർ തള്ളി. നിലപാട് ലത്തീൻസഭയെ അറിയിച്ചു. തീരുമാനമറിയിക്കാൻ സമയം വേണമെന്ന് സഭ.
ഡിസംബർ 6: വിഴിഞ്ഞത്ത് 10 ഉറപ്പുകളുമായി സർക്കാർ. സമരം അവസാനിപ്പിച്ച് സമരസമതിയുടെ പ്രഖ്യാപനം

 

 

കേരളത്തിന്റെ ചരിത്രത്തിൽ തുറമുഖങ്ങൾക്കുളള പങ്ക് വലുതാണ്. ലോകം ഈ ചെറിയ ദേശത്തേക്ക് കടന്നുവന്നത് തുറമുഖങ്ങളിലൂടെയാണ്. കച്ചവടത്തിന്റെ യാനപാത്രങ്ങൾ കൊച്ചിയുടെയും കോഴിക്കോടിന്റെയും കടൽവഴികളിലൂടെ ഇവിടെയെത്തി. ഇവിടെയെന്നല്ല ലോകമെങ്ങും ദേശത്തിന്റെ വികാസചരിത്രത്തിന് കാരണമായത് വലിയ തുറമുഖങ്ങളാണ്. വിവാദങ്ങളിൽ തട്ടി കേരളത്തിന്റെ സ്വപ്‌നപദ്ധതി മുടങ്ങരുത്. തിരുത്തലുകൾക്ക് കാരണമാകുന്ന സംവാദങ്ങൾ നല്ലതുതന്നെ; പക്ഷേ എല്ലാം സ്തംഭിപ്പിക്കുന്ന വിവാദങ്ങൾ കൊണ്ടെന്ത് കാര്യം? കേരളത്തിന്റെ വികാസചരിത്രത്തിൽ വിഴിഞ്ഞം ഒരു നാഴികക്കല്ലാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല രീതിയിൽ ഇത് യാഥാർത്ഥ്യമാവട്ടെ. ചരിത്രത്തിന്റെ ഭാഗമാകുന്നതിനൊപ്പം നമുക്ക് ചരിത്രം സൃഷ്ടിക്കുകയും ചെയ്യാം
- മോഹൻലാൽ
20.05.2015 ജപ്പാനിൽ  നിന്നെഴുതിയ കത്ത്.

 

 

ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത്, പ്രധാന അന്താരാഷ്ട്ര കടൽ പാതയിൽ നിന്നും കിഴക്ക്-പടിഞ്ഞാറ് ഷിപ്പിംഗ് ആ്ക്സിസിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെയായാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം.  അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകൾക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായിരിക്കും ഇത്.  വിഴിഞ്ഞം തുറമുഖത്തിന്റെ പ്രകൃതിദത്തമായ ആഴം 20-24 മീറ്റർ ആണ്. കൊളംബോ തുറമുഖത്തിന്റെ ആഴം 15 മീറ്ററാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞത്തിന്  ട്രാൻസ്ഷിപ്പ്‌മെന്റ് ട്രാഫിക്കിന്റെ ഗണ്യമായ ഒരു ഭാഗം ആകർഷിക്കാൻ കഴിയും.  കൂടാതെ കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെയും മറ്റ് പ്രാദേശിക തുറമുഖങ്ങളുടെയും വളർച്ചയെ ഇത് ത്വരിതപ്പെടുത്തുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.മാത്രമല്ല ഈ തുറമുഖം വികസിച്ചുകഴിഞ്ഞാൽ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് ചരക്ക് ട്രാൻസ്ഷിപ്പ്മെന്റ് ഫീസിനത്തിൽ സഹസ്രകോടികൾ ലാഭിക്കാനാകും.കാരണം ഏകദേശം 61% ഇന്ത്യൻ കയറ്റുമതി/ഇറക്കുമതി കണ്ടെയ്‌നറുകൾ കൈമാറുന്നത് കൊളംബോ, സിംഗപ്പൂർ, ദുബായ്, സലാല (ഒമാൻ) തുടങ്ങിയ  വിദേശ തുറമുഖങ്ങളിലൂടെയാണ്.  പ്രതിവർഷം 4.10 ദശലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം തുറമുഖം, നിലവിൽ പ്രതിവർഷം 4.61 ദശലക്ഷം ടിഇയു ശേഷിയുള്ള ഇന്ത്യയുടെ തുറമുഖ ശേഷിയുടെ ഇരട്ടിയിലധികം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതുപോലെ  വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന് അടുത്തായതിനാൽ ടൂറിസം മേഖലയും ഭാവിയിൽ വികസിക്കും.  തലസ്ഥാനനഗരിയോട് അടുത്തായതിനാൽ നഗരവികസനവും അതിവേഗമാർജ്ജിക്കും
എസ്. എൻ. രഘുചന്ദ്രൻ നായർ
പ്രസിഡന്റ്‌ - ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്ര

Post your comments