Global block

bissplus@gmail.com

Global Menu

വികസനത്തിന്റെ നോട്ടിക്കൽ മൈലുകൾ താണ്ടാൻ സുസജ്ജം വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം

ഏതൊരു രാജ്യത്തിന്റെയും  വികസനത്തിലെ ഏറ്റവും നിർണായക കണ്ണികളിലൊന്നാണ് തുറമുഖങ്ങൾ. കാരണം പോയകാലങ്ങളിലാകട്ടെ ഇപ്പോഴാകട്ടെ ചരക്കുനീക്കം വൻതോതിൽ നടക്കുന്നത് കടൽമാർഗ്ഗമാണ്. ഇന്ത്യ ഉൾപ്പെടെയുളള ദേശങ്ങളുടെ  ചരിത്രഗതി തന്നെ മാറ്റിവിട്ടത് കടൽസഞ്ചാരങ്ങളാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ആദ്യകാലത്ത് വ്യാപാരത്തിനായി വിദൂരദേശങ്ങളിൽ നിന്ന് കപ്പലുകളിൽ എത്തിയവരാണ് പിൽക്കാലത്ത് അധിനിവേശ ശക്തികൾക്ക് വഴികാട്ടിയായത്.കാരണം രാജഭരണകാലമായാലും ജനായത്തഭരണമായാലും എക്കാലവും വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നു. കാരണം വ്യാപാരം വ്യാപിക്കുമ്പോഴേ സമ്പദ്ഘടന വികസിക്കുന്നുളളു.തത്ഫലമായാണ് നാടിന്റെ പുരോഗതി സാധ്യമാകുക. ഇത്തരത്തിൽ സാമ്പത്തിക വികസനത്തിന്റെ താക്കോൽ എന്ന നിലയിൽ തുറമുഖ വികസനം തന്ത്രപരമായ പ്രാധാന്യം നേടുന്നു. ഇന്ത്യയ്ക്ക് ഏകദേശം 5,423 കിലോമീറ്റർ നീളമുള്ള തീരപ്രദേശമുണ്ട്, അതിനാൽ മറ്റ് രാജ്യങ്ങളുമായുള്ള സമുദ്രവ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് കഴിയും. രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര വ്യാപാരത്തിനായി തുറമുഖങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വർദ്ധിക്കുന്നു. നിലവിൽ ഇന്ത്യയിൽ 13 പ്രധാന തുറമുഖങ്ങളും 187 നോൺ-മേജർ തുറമുഖങ്ങളുമുണ്ട്. അതുപോലെ കൊച്ചു കേരളത്തിനും ഏകദേശം 585 കിലോമീറ്റർ തീരപ്രദേശമുണ്ട്.  കൊച്ചിയിൽ ഒരു പ്രധാന തുറമുഖവും 17 പ്രധാന ഇതര തുറമുഖങ്ങളുമുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ഏറെക്കാലമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് നിർദ്ദിഷ്ട ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ  നിർമ്മാണവുമായി ബന്ധപ്പെട്ടാണ്.
ഇന്ത്യൻ തുറമുഖങ്ങളിലേക്കുളളതും അവിടെ നിന്നുളളതുമായ കണ്ടെയ്നറുകളിൽ ഭൂരിഭാഗവും ഇതര രാജ്യങ്ങളിലെ വമ്പൻ ഇന്റർമീഡിയറ്റ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടുകളിലൂടെയാണ് ട്രാൻസ്ഷിപ്പ് ചെയ്യപ്പെടുന്നത്.  ഇന്ത്യൻ തുറമുഖങ്ങളിൽ വലിയ മദർഷിപ്പുകൾക്ക് അടുക്കാൻ സൗകര്യമില്ല എന്നതുതന്നെയാണ് കാരണം. ഈ സാഹചര്യത്തിലാണ് സ്വാഭാവിക തുറമുഖമായ വിഴിഞ്ഞത്തേക്ക് ശ്രദ്ധപതിച്ചത്. ആയ്, ചേര,ചോള, പാണ്ഡ്യ രാജാക്കന്മാരുടെ കാലംമുതൽക്കേ വ്യാപാരകേന്ദ്രമെന്ന നിലയിൽ കേൾവികേട്ട വിഴിഞ്ഞത്തിന്റെ വിശാലമായ സാധ്യത ആദ്യം കണ്ടെത്തിയതും ഇവിടെ ഒരു തുറമുഖത്തിനായുളള സർവ്വേ ഉൾപ്പെടെ നടത്തിയതും തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരാണ്. ആധുനിക കാലത്ത് 1991ൽ കെ.കരുണാകരൻ സർക്കാരിൽ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി.രാഘവനാണ് വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്തത്. 1995, 2004,2005, 2007,2010,2011,2012,2013,2014 തുടങ്ങിയ വർഷങ്ങൾ നീണ്ട വിവിധ സർക്കാരുകളുടെ പരിശ്രമങ്ങൾക്കൊടുവിൽ 2015 ഓഗസ്റ്റ് 17-ന് അദാനി വിഴിഞ്ഞം പോർട്‌സ്  പ്രൈവറ്റ് ലിമിറ്റഡുമായി കൺസ്ട്രക്ഷൻ കരാറിൽ ഒപ്പുവച്ചു. അതേ വർഷം നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പാറക്കല്ല് ക്ഷാമം, ഓഖി, പ്രളയം, കൊവിഡ്, സമരം തുടങ്ങി നിരവധി പ്രതിസന്ധികളും അവസാനമില്ലാത്ത വിവാദങ്ങളും താണ്ടി ഒടുവിൽ വിഴിഞ്ഞത്ത് കപ്പലടുക്കുകയാണ്.
2023 ഒക്ടോബർ 15ന് വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങളുമായി ആദ്യ കപ്പലടുക്കുമ്പോൾ കരയ്ക്കടുക്കുന്നത് നിരവധി പേരുടെ സ്വപ്‌നങ്ങളാണ്. നിർമ്മാണം പൂർണ്ണമാകുമ്പോൾ ആറായിരത്തോളം (5500) പേർക്ക് പ്രത്യക്ഷമായും അതിലേറെ പേർക്ക് പരോക്ഷമായും ഒരു ലക്ഷത്തോളം പേർക്ക് ത്രിതീയമായും തൊഴിലുകൾ ലഭിക്കും. 8505 കോടി രൂപയാണ് ആകെ പ്രൊജക്ട് കോസ്റ്റ്. സംസ്ഥാനസർക്കാരിന് 57 %, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് 32%, കേന്ദ്രസർക്കാരിന്  11% എന്നിങ്ങനെയാണ് ഓഹരി. ആദ്യഘട്ടം 2024 ൽ പൂർണ്ണമായും പ്രവർത്തനസജ്ജമാകും.
തിരുവനന്തപുരത്തെയും കേരള സംസ്ഥാനത്തിനാകെയും രാജ്യത്തിനും വികസനത്തിന്റെ വിശാലമായ സമുദ്രമാണ് വിഴിഞ്ഞം പദ്ധതി. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണിത്.മദർ ഷിപ്പുകൾ അടുക്കുന്നതിന് അനുയോജ്യമായ സ്വാഭാവിക ആഴമുളള കടലാണ് വിഴിഞ്ഞത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. തന്ത്രപ്രധാനമായ സ്ഥാനമാണ് മറ്റൊന്ന്. അതായത് പ്രധാന രാജ്യാന്തര കപ്പൽ പാതയ്ക്ക് കേവലം 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞം തുറമുഖം.മദർഷിപ്പുകളും പിന്നീട് വമ്പൻ ക്രൂയിസുകളും അടുക്കുന്നതോടെ വിഴിഞ്ഞം വ്യാപാര, ടൂറിസം രംഗത്ത് വലിയ വിപ്ലവത്തിന് വഴിയൊരുക്കും. സമയനഷ്ടവും ചെലവും കുറയുന്നതിലൂടെ ഇന്ത്യയിലാകെ ബിസിനസുകൾ അഭിവൃദ്ധി നേടും. തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ മുഖം തന്നെ മാറും. കൂടുതൽ റോഡുകളും ഗതാഗതസൗകര്യവും ഉണ്ടാകും. ഹോസ്പിറ്റാലിറ്റി, സീ ഫുഡ് എക്‌സ്‌പോർട്ട്, സിആൻഡ് എഫ് തുടങ്ങി അനുബന്ധവ്യവസായങ്ങൾ വളരും. അതെ, വികസനത്തിന്റെ സൈറൺ മുഴക്കിയാണ് വിഴിഞ്ഞത്തേക്ക് ആദ്യ കപ്പലടുക്കുന്നത്.
ഒപ്പമുണ്ട് തിരുവനന്തപുരം

വിഴിഞ്ഞം തുറമുഖം ഇനി അറിയപ്പെടുന്നത് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്ന നാമത്തിലായിരിക്കും. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോയും പേരും 2023 സെപ്തംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കപ്പൽ പോലെ തോന്നിക്കുന്നതും വിഴിഞ്ഞത്തെ സൂചിപ്പിക്കുന്നതുമായ 'വി' എന്ന ഇംഗ്ലീഷ് അക്ഷരമാണ് ലോഗോ.ആദ്യഘട്ടം പൂർത്തിയാകുന്നതോടെ ഒരേസമയം രണ്ട് മദർഷിപ്പുകൾ അടുപ്പിക്കാം. മറ്റു ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ഇത് അഞ്ചാകും.
വിഴിഞ്ഞം തുറമുഖം നാൾവഴികൾ
-എട്ടാം നൂറ്റാണ്ടിലേ കേരള ചരിത്രത്തോട് ചേർന്നുനിൽക്കുന്ന തീരദേശമെന്ന ചരിത്രകാരന്മാർ.ആയ്, പാണ്ഡ്യ, ചേര, ചോറ രാജാക്കന്മാരുടെ കാലത്തെ മുഖ്യ വ്യാപാരകേന്ദ്രമെന്നും ചരിത്രം.
-വിഴിഞ്ഞത്തിന്റെ സാധ്യത മുൻകൂട്ടിക്കണ്ട് സർ സി.പി.രാമസ്വാമി അയ്യർ
- ആധുനികകാലത്തെ ശ്രമങ്ങൾ ആരംഭിക്കുന്നത് 1991 ലെ കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത്. വിഴിഞ്ഞം തുറമുഖ പദ്ധതി വിഭാവനം ചെയ്ത് അന്നത്തെ തുറമുഖ മന്ത്രി എം.വി. രാഘവൻ.
- 1995 ൽ എ.കെ. ആന്റണി സർക്കാർ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ തുടർന്ന് വന്ന 1996 ലെ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്ത് പദ്ധതി മുന്നോട്ടുപോയില്ല.
- 2004 ൽ ഉമ്മൻചാണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി തയ്യാറാക്കാൻ രൂപരേഖ തയാറാക്കി. പദ്ധതിയുടെ ഇംപ്ലിമെന്റേഷൻ ഏജൻസിയായി സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിഐഎസ്എൽ) എന്ന സ്‌പെഷ്യൽ പർപസ് വെഹിക്കിൾ രൂപീകരിച്ചു.
- 2005 ൽ പൊതു-സ്വകാര്യ പങ്കാളിത്തം മാതൃകയിൽ ടെണ്ടർ വിളിച്ചു. ടെണ്ടറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിനു സുരക്ഷാ കാരണത്താൽ കേന്ദ്രം അനുമതി നിഷേധിച്ചു.
-2008 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ലാൻകോ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലെറ്റർ ഓഫ് ഇൻറ്റന്റ് നൽകി. പക്ഷേ നിയമക്കരുക്ക് കാരണം അന്തിമ കരാറിലേക്ക് എത്തിയില്ല.
-2010ൽ എൽ ഡി എഫ് സർക്കാർ ഇൻർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ സഹായത്തോടെ പദ്ധതിയെ ലാൻഡ് ലോർഡ് മോഡലിലേക്ക് മാറ്റി.
-2011 ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറിന്റെ കാലത്താണ് അദാനി ഇതിലേക്ക് വരുന്നത്. എന്നാൽ അത് അദാനി യോഗ്യത നേടിയില്ല.വെൽസ്പൺ-ലെയ്ടൺ കൺസോർഷ്യം മാത്രമാണ് യോഗ്യത നേടിയത്. എന്നാൽ ഗ്രാന്റുമായി ബന്ധപ്പെട്ട തർക്കം മൂലം സെലക്ഷൻ പ്രക്രിയ റദ്ദാക്കി.
-2012-ൽ പരിസ്ഥിതി ക്ലിയറൻസ് ലഭിച്ച ശേഷം പുതിയ ടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനിച്ചു. സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി.സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.
- 2013 ൽ സർക്കാർ പദ്ധതിയെ പി പി പി മോഡലിലേക്ക് മാറ്റി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടരും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ ചർച്ച വിവാദമായി. ചർച്ചയുടെ മിനിട്‌സ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആവശ്യപെട്ടുവെങ്കിലും അത് ലഭിച്ചില്ല.  കേന്ദ്ര ആസൂത്രണ കമ്മീഷൻ തുറമുഖങ്ങളിലെ പൊതു-സ്വകാര്യപങ്കാളിത്തവുമായി ബന്ധപ്പെട്ട് മോഡൽ കൺസെഷൻ എഗ്രിമെന്റ് (എംസിഎ) പുറത്തിറക്കുകയും കേരളം അത് സ്വീകരിക്കുകയും ചെയ്തു. ലേലനടപടികൾ നടത്തുതിനും ലേലങ്ങൾ വിലയിരുത്തുതിനുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു എംപവേർഡ് കമ്മിറ്റി രൂപീകരിച്ചു.
2014 ജനുവരി 3-വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചു.തുടർന്ന് കേരള സർക്കാർ തുടങ്ങിവച്ച ടെണ്ടർ (ബിഡ്) നടപടികളിൽ അഞ്ച് കമ്പനികൾ യോഗ്യത നേടി.എന്നാൽ ഇവരിൽ ബിഡ് രേഖകൾ വാങ്ങിയത്  അദാനി പോർട്സ്, എസ്സാർ പോർട്സ്, സ്രേയി-ഓ.എച്ച്.എൽ മൂന്ന് കമ്പനികൾ മാത്രം.
പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ലഭിക്കുന്നതിനുള്ള ശ്രമങ്ങളും കേരളം ഊർജ്ജിതമായി നടത്തി.
2015 ഏപ്രിൽ 24- അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ബിഡ് സമർപ്പിച്ചു.അത് എൻപവേർഡ് കമ്മിറ്റിക്ക് മുമ്പാകെ വച്ചു. ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല എന്ന സത്യം കമ്മിറ്റി ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലാക്കുന്നത് കൂടുതൽ സമയം വൈകിയാൽ നിർമ്മാണചെലവ് വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി.എം/എസ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് സമർപ്പിച്ച ബിഡ് അംഗീകരിക്കാൻ സമിതി കേരള സർക്കാരിനോട് ശുപാർശ ചെയ്തു.
-2015 മെയ് 20ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം ശുപാർശ ചർച്ച ചെയ്‌തെങ്കിലും തീരുമാനമായില്ല
-2015 ജൂൺ 03 ന് സർവകക്ഷിയോഗം ചേർന്നു.മുഴുവൻ ലേല നടപടികളും ഏറ്റവും സുതാര്യവും നീതിയുക്തവുമായ രീതിയിലാണ് നടന്നതെന്ന് പ്രതിപക്ഷത്തിനും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിശദീകരിച്ചു.  
-2015 ജൂൺ 10-ന് ചേർന്ന മന്ത്രിസഭായോഗം എംപവേർഡ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കുകയും സമർപ്പിച്ച ബിഡ് അംഗീകരിക്കുകയും അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തു.
-2015 ജൂലൈ 13-ന് ഇതു സംബന്ധിച്ച കത്ത്  അദാനി പോർട്ട്‌സിന് നൽകി.
- 2015 ഓഗസ്റ്റ് 17-ന് അദാനി വിഴിഞ്ഞം പോർട്‌സ്  പ്രൈവറ്റ് ലിമിറ്റഡുമായി കൺസ്ട്രക്ഷൻ കരാറിൽ ഒപ്പുവച്ചു.നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം 40 വർഷക്കാലം ഈ വൻകിട തുറമുഖത്തിന്റെ നടത്തിപ്പിന്റെ ചുമതലയും ഈ കമ്പനിക്കാണ്.  അതിനുശേഷം ശേഷം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം അന്തർദ്ദേശീയ സീ പോർട്ട് എന്ന കമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കരാർ വ്യവസ്ഥകൾ.
- 2015 ഡിസംബർ 05-ന് പദ്ധതി സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-2016-ൽ പുലിമുട്ടുകൾ സ്ഥാപിച്ചു
-2017ൽ ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് പകുതിയോളം പുലിമുട്ടുകൾ ഒലിച്ചുപോയി
-2018-പ്രളയം കാരണമുളള നിർമ്മാണ പ്രതിസന്ധി
-2019,20- പാറക്കല്ല് ക്ഷാമം,പ്രളയം, കൊവിഡ് പ്രതിസന്ധികൾ
-2022- ജൂലൈ വിഴിഞ്ഞം സമരം
-2022 ഡിസംബർ 6- സമരം ഒത്തുതീർന്നു
-2023 സെപ്തംബർ 20 ഒദ്യോഗിക നാമം വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം. ലോഗോ പ്രകാശനം
-2023 ഒക്ടോബർ 15 ആദ്യ കപ്പൽ വിഴിഞ്ഞത്തേക്ക്

Post your comments