Global block

bissplus@gmail.com

Global Menu

തിരുവനന്തപുരം Port City

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലിന് നങ്കൂരമിടാൻ പറ്റുന്ന
ഇന്ത്യയിലെ ഏക തുറമുഖം

 

* അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന്  11 നോട്ടിക്കൽ മൈൽ മാത്രം അകലം
* 20 മീറ്റർ സ്വാഭാവിക ആഴം
* 400 മീറ്റർ വീതം നീളമുള്ള 5 ബർത്തുകൾ
* 3 കിലോമീറ്റർ നീളമുള്ള പുലിമുട്ട്

* 274 മീറ്റർ കണ്ടെയ്നർ ബർത്ത് സജ്ജം
* 37080 കണ്ടെയ്നറുകൾ സൂക്ഷിക്കാൻ കഴിയുന്ന കണ്ടെയ്നർ യാർഡും സജ്ജം

 

* അരനൂറ്റാണ്ടിലേറെയായി ആധുനിക കേരളം കണ്ട സ്വപ്നം

* ആദ്യകപ്പൽ അടുക്കുന്നത് കരാർ ഒപ്പിട്ട് എട്ട് വർഷത്തിന് ശേഷം

* 56 ഹെക്ടർ കടൽ നികത്തികടൽ നികത്തി

 

പുലിമുട്ട് നിർമ്മാണം:
  * ആദ്യഘട്ടത്തിൽ ആകെ പൂർത്തീകരിക്കേണ്ടത് -2960 മീറ്റർ
   * പൂർത്തിയായത് -2250 മീറ്റർ
   * ഉപയോഗിച്ചത് അക്രോപോഡുകൾ
   * ഒരെണ്ണത്തിന്റെ ഭാരം 10 മുതൽ 12 ടൺ വരെ
   * എത്ര ശക്തമായ കടലാക്രമണവും ചെറുക്കുക ലക്ഷ്യ

   * 2027ൽ മൂന്നാം പൂർത്തിയാകും 
   * മൂന്നാം ഘട്ടത്തിൽ വേണ്ട 3960 മീറ്റർ പുലിമുട്ടും 800 മീറ്റർ ബർത്തും 
   * ഒരേ സമയം അഞ്ച് കൂറ്റൻ കപ്പലുകൾക്ക് നങ്കുരമിടാവുന്ന കണ്ടൈയ്നർ ട്രാൻസ്ഷിപ്മെൻറ്         തുറമുഖമാകും വിഴിഞ്ഞം  

വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം തിരുവനന്തപുരം യാഥാർത്യമായി 

രാജ്യത്തിൻറെ ഭാഗ്യരേഖയായി കേരളതീരത്തെ ആഴക്കടൽ തുറമുഖം 

രാജേഷ് ഝാ
സിഇഒ, അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്

 

 

കേരളം മാത്രമല്ല ഇന്ത്യയൊന്നാകെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ഒക്ടോബർ 15ന് വിഴിഞ്ഞത്ത് ആദ്യ കപ്പലടുക്കുമ്പോൾ യാഥാർത്ഥ്യമാകുന്നത് നൂറ്റാണ്ടുകളുടെ ചരിത്രമുളള ഒരു പദ്ധതിയാണ്. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ തിരുവിതാംകൂറിന്റെ കാലത്ത് മുതൽ വിഴിഞ്ഞം എന്ന സ്വപ്‌നപദ്ധതിയെക്കുറിച്ചുളള ചർച്ചകൾ നടന്നു. ഒടുവിൽ 2015-ൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ തീരുമാനമായി. പ്രാദേശികപ്രശ്‌നങ്ങളും, കരിങ്കൽ ക്ഷാമവും, നിക്ഷിപ്ത താല്പര്യങ്ങളാൽ സംജാതമായപ്രതിസന്ധികളും തുടങ്ങി ഓഖി, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും അപ്രതീക്ഷിതമായെത്തിയ കൊവിഡും തുടങ്ങി നിരവധി പ്രതിസന്ധികൾ നേരിട്ട് കരാറുകാരായ അദാനി പോർട്ട്‌സ് വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കുകയാണ്. അതിന്റെ മുന്നോടിയായാണ് വിഴിഞ്ഞത് ഈ മാസം ആദ്യ കപ്പലെത്തുന്നത്.
1926ന് ശേഷം ഒരു പ്രധാന തുറമുഖപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമായിട്ടില്ല. 1926ൽ കൊച്ചി തുറമുഖമാണ് കേരളത്തിൽ യാഥാർത്ഥ്യമായ അവസാന തുറമുഖം.97 വർഷങ്ങൾക്കുശേഷമാണ് മറ്റൊരു മേജർ തുറമുഖം യാഥാർത്ഥ്യമാകുന്നത്. അത് തിരുവനന്തപുരത്തിനും സംസ്ഥാനത്തിനാകെയും എന്തിന് രാജ്യത്തിനുതന്നെയും ഉണ്ടാക്കുന്ന സാമ്പത്തികനേട്ടം വളരെ വലുതാണ്. ഇന്ത്യൻ തീരത്തിനാകെ ഉപകാരപ്രദമായ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറാൻ തുറമുഖത്തിന് കഴിവുണ്ട്, തുറമുഖത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം കേരളത്തിലെ വ്യവസായങ്ങളുടെയും അതുവഴി സമ്പദ്വ്യവസ്ഥയുടെയും വലിയ തോതിലുള്ള വളർച്ചയ്ക്ക് ചാലകശക്തിയാകും. അതിനൊപ്പം പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.വിഴിഞ്ഞം തുറമുഖം എല്ലാതലത്തിലും ഒരു അഭിമാനപദ്ധതിയാണ്. ഒക്ടോബർ 15 അഭിമാന മുഹൂർത്തവും. വിഴിഞ്ഞം പദ്ധതിയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അദാനി വിഴിഞ്ഞം പോർട്ട് സിഇഒയും എംഡിയുമായ രാജേഷ് ഝായുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.....

 

 

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ തിരുവനന്തപുരത്തും കേരളത്തിലാകെയും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഉണ്ടാകാവുന്ന മാറ്റങ്ങൾ?
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെയും ശക്തിപ്പെടുത്തും. കാരണം നിലവിൽ നമ്മുടെ ട്രാൻസ്ഷിപ്പ്‌മെന്റ്‌സ് പലതും മറ്റ് രാജ്യങ്ങളിലെ പോർട്ടുകളിലാണ് നടക്കുന്നത്. വിഴിഞ്ഞം വരുന്നതോടെ നമ്മുടെ കണ്ടെയ്‌നറുകളും കാർഗോയും ഇവിടേക്ക് എത്തും. ബിസിനസിൽ പണത്തിനും സമയത്തിനും വലിയ മൂല്യമാണുളളത് എന്നറിയാമല്ലോ. ഇത് രണ്ടും വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലാഭിക്കപ്പെടുന്നു. അതു തന്നെ വലിയ നേട്ടമാണ്.
സ്ട്രാറ്റജിക്കലി വിഴിഞ്ഞം എത്രമാത്രം പ്രധാന്യമർഹിക്കുന്നു?
പശ്ചിമേഷ്യയിൽ നിന്നും ഫാർ ഈസ്റ്റിൽ നിന്നും ദക്ഷിണ പൂർവ്വേഷ്യയിലേക്കുളള പ്രധാന ഷിപ്പിങ് റൂട്ട് വളരെ തിരക്കേറിയതാണ്. വിഴിഞ്ഞത്തു നിന്നും വെറും 10 നോട്ടിക്കൽ മൈൽ ദൂരത്തുകൂടിയാണ് ഈ പ്രധാന കപ്പൽപാത കടന്നുപോകുന്നത്. ഇത് വിഴിഞ്ഞത്തിന്, കേരളത്തിന് ദൈവം കനിഞ്ഞുനൽകിയ അനുഗ്രഹമാണ്.അതായത് ദൈവത്തിന്റെ സ്വന്തം നാടിന് ദൈവത്തിന്റെ  സമ്മാനമാണെന്ന് പറയാം. കാരണം പ്രധാന കപ്പൽപാത ഇത്രമേൽ അടുത്താകയാൽ കപ്പലുകളെ പ്രത്യേകിച്ചും മദർ ഷിപ്പുകളെ വിഴിഞ്ഞത്തേക്ക് അടുപ്പിക്കുന്നതിനുളള ചെലവ്  വളരെ കുറയും. മറ്റേതൊരു തുറമുഖമായാലും ഈ കപ്പൽപാതയിൽ നിന്നുളള ദൂരം വളരെ കൂടുതലാണ്.   ഉദാഹരണമായി തൂത്തുക്കുടി തുറമുഖവും ഈ മുഖ്യകപ്പൽപാതയും തമ്മിൽ 100 നോട്ടിക്കൽ മൈൽ ദൂരമുണ്ട്. അതുപോലെ ഇന്ത്യൻ കോസ്റ്റൽലൈനിലെ മറ്റേതൊരു തുറമുഖമെടുത്താലും പ്രധാന കപ്പൽപാതയിൽ നിന്നും വലിയ ദൂരമുണ്ട്. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ തെക്കേ അറ്റത്താണ് വരുന്നത്. അതുകൊണ്ടാണ് പ്രധാന കപ്പൽപാതയോട് വളരെ അടുത്താണ്. മറ്റൊരു കാര്യമുളളത് ഏകദേശം തെക്കേ അറ്റത്തായി വരുന്നതുകൊണ്ട് വിഴിഞ്ഞത്ത് കടലിന്റെ ആഴം കൂടുതലാണ്. അതുകൊണ്ടുതന്നെ ഡ്രഡ്ജിംഗ് വലിയതോതിൽ ആവശ്യമില്ല. കപ്പലുകൾ പ്രകൃത്യാ തന്നെ കൂടുതൽ അടുപ്പിക്കാനാകും
മദർപോർട്ടും മറ്റ് തുറമുഖങ്ങളും തമ്മിലുളള വ്യത്യാസം?
മുഖ്യമായതും വലുതുമായ തുറമുഖങ്ങളിലേക്ക് അടുക്കുന്ന കപ്പലുകളാണ് മദർഷിപ്പുകൾ. ആയിരക്കണക്കിന് കണ്ടെയ്‌നറുകൾ വഹിക്കാൻ ഇവയ്്ക്കു കഴിയും. അതായത് 15000 മുതൽ 25000 ടിഇയു ( ട്വന്റി ഫൂട്ട് എക്വിപ്‌മെന്റ് യൂണിറ്റ്‌സ്) ആണ് ഇവയുടെ കപ്പാസിറ്റി. ഫീഡർ വെസ്സലുകളെ അപേക്ഷിച്ച് കൂടുതൽ ദൂരം സഞ്ചരിക്കുന്നു.  കാർഗോ ഉടമസ്ഥ രാജ്യങ്ങളിലേക്ക് ട്രാൻഷിപ്പ്‌മെന്റ് കാർഗോ കൊണ്ടുവരുന്ന കപ്പലുകളാണ് ഫീഡർ വെസ്സലുകൾ.1000 മുതൽ 5000 ടിഇയു വരെയാണ് ഇവയുടെ കപ്പാസിറ്റി.
വിഴിഞ്ഞത്ത് മദർഷിപ്പുകൾ അടുക്കുമ്പോൾ എത്ര രാജ്യങ്ങളിലേക്കുളള ട്രാൻസ്ഷിപ്പ്‌മെന്റാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
അത് വിപണിയെ ആശ്രയിച്ചിരിക്കും. പക്ഷേ ഇന്ത്യൻ കാർഗോയ്ക്ക് ഇത് വലിയ നേട്ടമാകും. ഇന്ത്യൻ ബിസിനസുകൾക്ക് മൊത്തത്തിൽ നേട്ടമുണ്ടാകും. നിങ്ങൾക്ക് ഒരു കണ്ടെയ്‌നർ സാധനങ്ങൾ വരാനുണ്ടെങ്കിൽ അത് വിഴിഞ്ഞത്തേക്ക് നേരിട്ടെത്തുകയാണ്. നിലവിൽ അത് ശ്രീലങ്കയിലെയോ സിംഗപ്പൂരിലെയോ തുറമുഖങ്ങളിലെത്തുകയും അവിടെ നിന്ന് ഫീഡർ വെസ്സലുകളിൽ ഇന്ത്യൻ തുറമുഖങ്ങളിലെത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരു ഫീഡർ വെസ്സൽ നിറഞ്ഞ ശേഷമേ അത് മദർ പോർട്ടിൽ നിന്ന്  യാത്ര തിരിക്കൂ. അപ്പോൾ അത്രയും സമയനഷ്ടമുണ്ടാകും. അതുപോലെ ചെലവുമേറും.
നിലവിൽ വിഴിഞ്ഞം തുറമുഖം എത്രത്തോളം പൂർത്തിയായി?
2400 മീറ്റർ ബ്രേക്ക് വാട്ടർ പൂർത്തിയായി. ആകെ ബ്രേക്ക് വാട്ടർ എന്നുപറയുന്നത് 2960 മീറ്ററാണ്. ഇനി 560 മീറ്ററാണ് പൂർത്തിയാകാനുളളത്. അത് ഉടനെ പൂർത്തിയാക്കും. 800 മീറ്റർ ജെട്ടി പൈലിംഗ് ചെയ്തു. അതിൽ 400 മീറ്റർ ജെട്ടി പ്രവർത്തനസജ്ജമാണ്. അതും ഈ സെഷനിൽ പൂർത്തിയാക്കും. 2024 മെയ്മാസത്തോടെ എല്ലാ വർക്കുകളും പൂർത്തിയാകും. ഡിസംബറോടെ തുറമുഖത്തിന്റെ ആദ്യഘട്ടം പൂർണ്ണമായും പ്രവർത്തനസജ്ജമാകും.
ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യുന്നത്?
അന്ന് വിഴിഞ്ഞം തുറമുഖം ആദ്യത്തെ കപ്പലിനെ സ്വീകരിക്കുകയാണ്. വിഴിഞ്ഞം പോർട്ടിലേക്കാവശ്യമായ ഉപകരണങ്ങളുമായാണ് ഈ കപ്പലടുക്കുന്നത്. ഒരു മാസത്തിനു ശേഷം മറ്റൊരു കപ്പൽ രണ്ടുമാസത്തിനു ശേഷം അടുത്ത കപ്പൽ അങ്ങനെ നാലു കപ്പലുകൾ വിഴിഞ്ഞത്തിന് ആവശ്യമായ സാമഗ്രികളുമായാണ് വരുന്നത്. 2024 മെയ്മാസത്തിലോ ജൂണിലോ ആദ്യ കാർഗോ ഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാണ് വിഴിഞ്ഞത്ത് ആദ്യ ടൂറിസ്റ്റ് ഷിപ്പ് അടുക്കുക?
ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് ഷിപ്പുകൾ അടുപ്പിക്കാൻ പദ്ധതിയില്ല.  രണ്ടാംഘട്ടനിർമ്മാണം പൂർത്തിയാകുമ്പോഴാണ് ക്രൂയിസുകൾ എത്തുക. കാരണം കസ്റ്റംസ് തുടങ്ങി നിരവധി അനുബന്ധ കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട് സജ്ജമാക്കേണ്ടതുണ്ട്.
പദ്ധതി ഇത്രത്തോളം യാഥാർത്ഥ്യമാക്കുന്നതിൽ നേരിട്ട വെല്ലുവിളികൾ?
ആവശ്യമായ കല്ലുകൾ ലഭ്യമാക്കുന്നതിൽ തുടങ്ങി നിരവധി വെല്ലുവിളികൾ നേരിട്ടു. കേരളത്തിലെ ക്വാറിയിംഗ് സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം ആവശ്യമായ കല്ലുകൾ കിട്ടാതെ വന്നു. ആദ്യം 24 ലക്ഷം ടൺ കല്ല് ആവശ്യമായിരുന്നു. അതിൽ 16 ലക്ഷം ടൺ ലഭിച്ചു. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായാണ് എത്തിച്ചത്. നിലവിൽ 27 ലക്ഷം ടൺ കൂടി ആവശ്യമാണ്. അതുപോലെ ഓഖി, മഹാപ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും കൊവിഡ് മഹാമാരിയും വലിയ വെല്ലുവിളി സൃഷ്ടിച്ചു. അതുകൊണ്ടൊക്കെ സമയബന്ധിതമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ തടസ്സമുണ്ടായി.
സർക്കാർ തലത്തിൽ നിന്നുളള പിന്തുണ?
ഇതൊരു സർക്കാർ പദ്ധതിയാണ്. ഞങ്ങൾ ദീർഘകാല പാട്ടക്കാർ മാത്രമാണ്. സർക്കാരാണ് യഥാർത്ഥ ഉടമ. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതി സർക്കാർ പിന്തുണയില്ലാതെ യാഥാർത്ഥ്യമാവില്ല.
പ്രാദേശികമായി പല പ്രശ്‌നങ്ങളും സംജാതമായല്ലോ?
തദ്ദേശീയരിൽ ഭൂരിപക്ഷവും മികച്ച പിന്തുണയാണ് നൽകുന്നത്. വിഴിഞ്ഞത്തിന്റെയും കേരളത്തിന്റെയും സ്വപ്‌നപദ്ധതിയാണിത്. ഇതൊരു ജനകീയ പദ്ധതിയാണ്. ഇടയ്ക്ക് ഒരു വിഭാഗം  പ്രതിസന്ധി സൃഷ്ടിച്ചു. സർക്കാർ ഇടപെട്ടു പരിഹരിച്ചു. കമ്പനി 55 കോടിയോളം രൂപ സിഎസ്ആർ ആക്ടിവിറ്റികൾക്കായും കപ്പാസിറ്റി ബിൽഡിംഗിനുമായി ചെലവാക്കി. സാധാരണ പദ്ധതിയുടെ ലാഭത്തിന്റെ 2% ആണ് സിഎസ്ആർ പ്രവർത്തനങ്ങൾക്കായി നീക്കിവയ്‌ക്കേണ്ടത്. പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ തന്നെ സിഎസ്ആർ പ്രവർത്തനങ്ങൾ ചെയ്തത് വിഴിഞ്ഞത്ത് മാത്രമാണ്.
കൊച്ചി, തൂത്തുക്കുടി, വിഴിഞ്ഞം കണക്കുകൾ പ്രകാരം വിഴിഞ്ഞത്തിന്റെ നേട്ടം?
എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ പ്രതിവർഷം മൂന്ന് മുതൽ നാല് ദശലക്ഷം ടിഇയു കൈകാര്യം ചെയ്യാനുളള കപ്പാസിറ്റി വിഴിഞ്ഞത്തിനുണ്ടാകും. നിലവിൽ കൊച്ചിക്ക് 1 ദശലക്ഷം ടിഇയു കപ്പാസിറ്റിയാണുളളത്. വിഴിഞ്ഞത്ത് മദർഷിപ്പുകൾ അടുക്കുമ്പോൾ അതിന്റെ നേട്ടം കൊച്ചിക്കും തൂത്തുക്കുടിക്കും ഉണ്ടാകും. കാരണം അവിടങ്ങളിൽ മദർഷിപ്പുകൾ അടുക്കുന്നില്ല. എന്നാൽ വിഴിഞ്ഞത്ത് അടുക്കുന്ന മദർ വെസ്സലുകളിൽ നിന്ന് കാർഗോ നിറച്ച ഫീഡർ വെസ്സലുകൾ ധാരാളമായി ഈ തുറമുഖങ്ങളിലേക്കെത്തും. അത് അവർക്കും നേട്ടമാകും.
പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ സാധ്യത?
ആദ്യഘട്ടത്തിൽ 600 പ്രത്യക്ഷ തൊഴിലുകളും 3000 പരോക്ഷ തൊഴിലുകളും സൃഷ്ടിക്കപ്പെട്ടു. മാത്രമല്ല, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട്  ടെറിഷ്യറി എംപ്ലോയ്‌മെന്റും സൃഷ്ടിക്കപ്പെടുന്നു. അന്തിമ ഘട്ടത്തിൽ 1000 പേർക്ക് നേരിട്ടും 5000 പേർക്കും പരോക്ഷമായും തൊഴിൽ ലഭിക്കും. ടെറിഷ്യറി എംപ്ലോയ്‌മെന്റ് ഒരു ലക്ഷത്തോളമാണ് പ്രതീക്ഷിക്കുന്നത്.
ബിസിനസ് ആംഗിളിൽ അതായത് കേരളത്തിൽ ബിസിനസ് ചെയ്യുന്നൊരാൾക്ക് ഈ തുറമുഖം എത്രത്തോളം പ്രയോജനപ്രദമാണ്?
തീർച്ചയായും ബിസിനസുകാർക്ക് വിഴിഞ്ഞം വലിയൊരു നേട്ടമാണ്. കാരണം അവർക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കളും മറ്റും ഇവിടേക്ക് നേരിട്ട് എത്തുകയാണ്. അതുപോലെ കണ്ടെയ്‌നർ ലോജിസ്റ്റിക്‌സ്, ട്രാൻസ്‌പോർട്ടിംഗ്  തുടങ്ങി നിരവധി ബിസിനസ് സാധ്യതകളുമുണ്ട്. ഷിപ്പിംഗ് കമ്പനികൾ, സിആൻഡ് എഫ് ഏജന്റ്‌സ് , സീഫുഡ് കമ്പനികൾ തുടങ്ങിവയ്ക്ക് വളരെയേറെ ഗുണം ചെയ്യും.
വിഴിഞ്ഞത്തുനിന്നുളള ചരക്കുനീക്കം?
ആദ്യഘട്ടത്തിൽ റോഡ് മാർഗ്ഗമാകും ചരക്കുനീക്കം. പോസ്റ്റലായും പോകും. താമസിയാതെ 1000 ടിഇയു കപ്പാസിറ്റിയുളള ഫീഡർ വെസ്സലുകൾ വഴി മറ്റ് തുറമുഖങ്ങളിലേക്ക് ചരക്കുനീക്കത്തിനുളള പ്രൊപ്പോസൽ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. റെയിൽ കണക്ടിവിറ്റി യാഥാർത്ഥ്യമായാൽ അതുവഴിയും ചരക്കുനീക്കമുണ്ടാകും.
ഇവിടെ നിന്ന് നേരിട്ടുളള കയറ്റുമതിയുണ്ടാകുമോ?
തീർച്ചയായും.
സിംഗപ്പൂർ പോലുളള നഗരങ്ങളിൽ തുറമുഖത്തിന്റെ സാന്നിധ്യമുണ്ടാക്കിയ വികസനം വലുതാണ്. ഇത്തരത്തിൽ വിഴിഞ്ഞം തുറമുഖം വിഴിഞ്ഞത്തിന് മാത്രമാണോ അതോ മൊത്തത്തിൽ വികസനം സാധ്യമാക്കുമോ?
കൊച്ചി മുതൽ തൂത്തുക്കുടി വരെ വ്യാപിച്ചുകിടക്കുന്ന ഉപദ്വീപിലാകെ വിഴിഞ്ഞം തുറമുഖം സമഗ്രവികസനത്തിന് നിദാനമാകും. തിരുവനന്തപുരത്തിന് മികച്ച സാധ്യതകളാണ് വിഴിഞ്ഞം പദ്ധതി തുറന്നിടുന്നത്.
അദാനി വിഴിഞ്ഞം പോർട്ടിന് കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ചുളള പ്രത്യേകത?
 ഇന്ത്യയുടെ കാർഗോ ആവശ്യങ്ങൾ പരിഗണിച്ച് വിഭാവനം ചെയ്ത പദ്ധതിയാണ് വിഴിഞ്ഞം. രാജ്യാന്തര കാർഗോ ആവശ്യങ്ങൾക്കല്ല ഇവിടെ മുൻഗണന.
തദ്ദേശീയ കാർഗോ എന്നതിലേക്കുളള ചുരുങ്ങൽ വിഴിഞ്ഞത്തിന്റെ സാധ്യതകൾ കുറയ്ക്കുമോ?
ഒരിക്കലുമില്ല. കാരണം നിലവിൽ ഇന്ത്യയുടെ കാർഗോ ആവശ്യങ്ങൾക്കായി ഇതര രാജ്യങ്ങളിലെ മദർപോർട്ടുകളെയാണ് ആശ്രയിക്കുന്നത്. അത് വിഴിഞ്ഞത്തിലേക്ക് മാറുന്നതോടെ രാജ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാണുണ്ടാകുന്നത്. ചെലവും സമയനഷ്ടവും കുറയുന്നതിലൂടെ ബിസിനസുകൾക്ക് വലിയ നേട്ടമുണ്ടാക്കാനാകും.

Post your comments