Global block

bissplus@gmail.com

Global Menu

രാജകിയം ഡോ.ജി.രാജ്മോഹന് അന്തപുരിയുടെ സ്നേഹാദരം

ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ വിജയശില്പിയും  സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യവുമായ ഡോ.ജി.രാജ്‌മോഹന്റെ എൺപതാം പിറന്നാൾ ദിനം രാജകീയമായി കൊണ്ടാടി അനന്തപുരി.  2023 ആഗസ്റ്റ് 11  വെള്ളിയാഴ്ചയായിരുന്നു മാനേജ്‌മെന്റ് വിദഗ്ധനും തലസ്ഥാനത്തെ നിരവധി സാംസ്‌കാരിക സംഘടനകളുടെ അമരക്കാരനുമായ ഡോ. ജി.രാജ്‌മോഹന്റെ എൺപതാം പിറന്നാൾ. ജി.രാജ്‌മോഹൻ സ്‌നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ  വൈകുന്നേരം 6.30-ന് ട്രിവാൻഡ്രം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ പിറന്നാൾ വിപുലമായി ആഘോഷിച്ചു. സമ്മേളനത്തിൽ ഫൊക്കാന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. ജി.രാജ്‌മോഹനു സമ്മാനിച്ചു. ആഘോഷസമ്മേളനത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അധ്യക്ഷനായി.  പ്രശസ്ത സാഹിത്യകാരൻ ടി.പത്മനാഭൻ എൺപതാം പിറന്നാളിന്റെ ആശംസാപത്രം സമ്മാനിച്ചു. മുൻ മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, രാജ്യസഭാഗം ശ്രീ പി.വി.അബ്ദുൾ വഹാബ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഗുരുരത്‌നം ജ്ഞാനതപസ്വി,  ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ,പാളയം ഇമാം വി.പി.സുഹൈബ് മൗലവി,കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു എന്നിവരുടെയും വിവിധ മേഖലകളിലെ പ്രമുഖരുടെയും സാന്നിധ്യത്താൽ സമ്പന്നമായ ചടങ്ങിന് ഗായത്രി അശോകന്റെ ഗസൽ ഉൾപ്പെടെയുളള സംഗീതവിരുന്ന് രാജകീയ പ്രൗഢി ചാർത്തി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉൾപ്പെടുന്ന കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ മുക്കാൽ നൂറ്റാണ്ടിലെ മാറ്റങ്ങൾക്കും ചലനങ്ങൾക്കും നേർസാക്ഷിയും പങ്കാളിയുമായ മഹത് വ്യക്തിയാണ് ഡോ.ജി.രാജ്‌മോഹൻ. ഡോ.രാജ്‌മോഹന്റെ പിതാവ് വി.ഗംഗാധരൻ തിരു-കൊച്ചി നിയമസഭാ സ്പീക്കറായിരുന്നു. ഇവരുടെ കുടുംബത്തിന്റേതായിരുന്നു ഇന്നത്തെ മലയാള മനോരമയ്ക്ക് തുല്യമായ അന്നത്തെ മലയാളരാജ്യം പത്രം. ആ പത്രം വിമോചന സമരത്തെ തുറന്ന് അനുകൂലിച്ചപ്പോൾ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനംവി.ഗംഗാധരൻ  രാജിവച്ചു. സാമൂഹികപരിഷ്‌ക്കർത്താവായിരുന്ന വി.ഗംഗാധരൻ മന്നത്ത് പത്മനാഭന് ശേഷം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയുമായി. അദ്ദേഹത്തിന്റെ ഏക മകനായ ജി.രാജ്‌മോഹൻ അച്ഛൻ പുലർത്തിയ മൂല്യാധിഷ്ഠിതമായ ആദർശജീവിതം സ്വന്തം ജീവിതത്തിലും മുറുകെപ്പിടിക്കുന്നു.
ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ വിജയശില്പി
പൊതുമേഖലാ സ്ഥാപനസംരക്ഷണത്തിലെ എക്കാലത്തെയും മാതൃകാപ്രവർത്തനത്തിന് ഉടമയാണ് ജി.രാജ്‌മോഹൻ. കൊല്ലം ടി.കെ.എം. കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ് വിജയിച്ച് 1967-ൽ കൃഷിവകുപ്പിൽ എൻജിനിയറായാണ് തിരുവനന്തപുരത്തെത്തുന്നത്. 1968-ൽ എൻജിനിയറിങ് സൂപ്പർവൈസറായി ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ ജോലിയിൽ പ്രവേശിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്‌സിനെ(എച്ച്.എൽ.എൽ.) ആരോഗ്യമേഖലയിലെ എല്ലാത്തരം സേവനങ്ങളും ഉറപ്പാക്കുന്ന മികച്ച വാണിജ്യസ്ഥാപനമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. 1990-ൽ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി. 1990-ൽ ഒരു വർഷം 144 മില്യൺ ഗർഭനിരോധന ഉറകൾ മാത്രമാണ് എച്ച്.എൽ.എൽ. നിർമിച്ചിരുന്നത്. പേരൂർക്കടയിലെ ഫാക്ടറിയും ആയിരത്തിൽത്താഴെ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.2003 വരെ സി.എം.ഡി.യും 2005 വരെ ചെയർമാനായും രാജ്‌മോഹൻ സ്ഥാപനത്തെ നയിച്ചു. 37 വർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുമ്പോൾ എച്ച്.എൽ.എൽ. 3500 പേർക്ക് ജോലിനൽകുന്ന സ്ഥാപനമായി വളർന്നിരുന്നു.രാജ്‌മോഹന്റെ പ്രേരണയിലാണ് ആർട്ടിസ്റ്റ് നമ്പൂതിരി പൂജപ്പുര എച്ച്.എൽ.എൽ. ആസ്ഥാനത്ത് 'അമ്മയും കുഞ്ഞും' എന്ന ബൃഹദ് ശില്പം നിർമിച്ചത്.
മികച്ച സാംസ്‌കാരികസംഘാടകൻ
മികച്ച സാംസ്‌കാരികസംഘാടകൻ കൂടിയാണ് രാജ്‌മോഹൻ.  സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കാൻ അനുപമമായ പ്രവർത്തനങ്ങളാണ് അദ്ദേഹം  നടത്തിവരുന്നത്. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും എം.കെ.കെ നായർക്കുശേഷം ഇത്രയേറെ ഇടപെട്ട മറ്റൊരു പൊതുമേഖലാസ്ഥാപന മേധാവിയില്ല. സ്വരലയ, ചലച്ചിത്ര, ഒഎൻവി ഫൗണ്ടേഷൻ, മാർഗ്ഗി, കേരളീയം, ചിത്തിര തിരുനാൾ നാട്യകലാകേന്ദ്രം തുടങ്ങിയ സാംസ്‌കാരിക-സാമൂഹിക-സംഘടനകളുടെ സാരഥി എന്ന നിലയിൽ വലിയ സംഭാവനയാണ് രാജ്‌മോഹൻ നൽകിവരുന്നത്. ഗാനഗന്ധർവ്വൻ ഡോ.കെ.ജെ.യേശുദാസിന്റെ 60-ാം പിറന്നാൾ മുതൽ തുടർച്ചയായി 18 വർഷം തലസ്ഥാനനഗരിയിൽ ഗന്ധർവ്വസന്ധ്യ സംഘടിപ്പിച്ചത് കൈരളി ടിവിക്കൊപ്പം സ്വരലയയാണ്. അതിന് സ്വരലയയെ നയിച്ച മുൻമന്ത്രി എം.എ.ബേബിക്ക് കരുത്തായത് സ്വരലയ ചെയർമാനായ രാജ്‌മോഹന്റെ പ്രവർത്തനങ്ങളാണ്. തലസ്ഥാനത്തെ സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമായ രാജ്‌മോഹൻ വട്ടിയൂർക്കാവിലെ സരസ്വതി വിദ്യാലയ, വിളപ്പിൽശാല സരസ്വതി ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ അനന്തപുരി എജ്യൂക്കേഷൻ സൊസൈറ്റിയുടെ ചെയർമാനുമാണ്.
ഫൊക്കാനയുടെ ആദരം
അമേരിക്കൻ ഐക്യനാടുകളിലെയും കാനഡയിലെയും പ്രവാസി മലയാളികളുടെ പൊതുസംഘടനയായ ഫൊക്കാന (FOKANA - Federation of Kerala Associations in North America), കേരളീയനായ മികച്ച സാംസ്‌കാരിക സംഘാടകനുളള പുരസ്‌കാരത്തിന് ഡോ.ജി.രാജ്‌മോഹനെ തിരഞ്ഞെടുത്തു. എൺപതാം പിറന്നാളാഘോഷ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ സിഎംഡി ആയിരുന്ന കാലം മുതൽ സാംസ്‌കാരികരംഗത്തെ പരിപോഷിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്.
കുടുംബം
കുമാരപുരം പൂന്തി റോഡ് ദ്വാരകാമയീ വീട്ടിലാണ് താമസം. ഭാര്യ: ലൈലാകുമാരി. മകൾ ദേവീമോഹൻ അനന്തപുരി എജ്യൂക്കേഷൻ സൊസൈറ്റിയുടെ വൈസ് ചെയർമാനാണ്. മരുമകൻ ഡോ. ചന്ദ്രമോഹൻ ആർ.സി.സി.യിൽ ഡോക്ടറാണ്.

Post your comments