Global block

bissplus@gmail.com

Global Menu

spencer പൂട്ടി; കേരളത്തിൽ ഇനി ഔട്ട്ലെട്ടില്ല

ചിലത് അങ്ങനെയാണ്. വന്ന്, കണ്ട് , കീഴടക്കി, ഒരു നാടിന്റെ വിലാസവും ജീവിതത്തിന്റെ ഭാഗവുമായി മാറി പെട്ടെന്നൊരു ദിനം അപ്രത്യക്ഷമാകും. അതുപോലെയാണ് തിരുവനന്തപുരം എംജി റോഡിലെ സ്‌പെൻസേഴ്‌സ് ഹൈപ്പർ മാർക്കറ്റ്. തലസ്ഥാനത്തെ സെക്രട്ടറിയേറ്റിനു തൊട്ടു മുന്നിലുള്ള ഈ സ്ഥലം അറിയപ്പെടുന്നത് തന്നെ സ്്പെൻസേർസ് ജംഗ്ഷൻ എന്നാണ്. നാല് തലമുറകളിലായി ഉപഭോക്താക്കളുടെ പ്രിയ ഷോപ്പിംഗ് ഇടമായിരുന്നു ഇവിടം.സ്പെൻസേർസ് അടച്ചു പൂട്ടിയതോടെ ഇനി വിലാസം മാത്രം ബാക്കിയായി. വലിയ മാളുകൾ വന്നതോടെ സ്‌പെൻസേഴ്‌സ് മാർക്കറ്റുകൾ നഷ്ടത്തിലായതാണു ആഗോളതദ്ദേശീയ ബ്രാൻഡുകൾ നഗരത്തിൽ ആദ്യമായി ലഭ്യമാക്കിയ സ്‌പെൻസേഴ്‌സ് ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടാൻ കാരണം. ശാസ്തമംഗലം, ശ്രീകാര്യം, പട്ടം, സ്‌പെൻസേഴ്‌സ് സൂപ്പർമാർക്കറ്റുകളും വൈകാതെ പൂട്ടും. സ്‌പെൻസേഴ്‌സ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമസ്ഥരായ ആർ.പി.ഗോയങ്ക ഗ്രൂപ്പാണ് അടച്ചുപൂട്ടൽ തീരുമാനം എടുത്തത്.
ബ്രിട്ടീഷുകാരനായ ജോൺ വില്യം സ്‌പെൻസറാണ് സൂപ്പർമാർക്കറ്റ് ശൃംഖല ആരംഭിച്ചത്. 1960 മുതൽ സ്‌പെൻസേഴ്‌സിന്റെ ഇന്ത്യൻ നെറ്റ് വർക്കിന്റെ ഉടമസ്ഥത രാജ്യത്തെ വൻകിട കമ്പനികൾ ഏറ്റെടുത്തു. ഫുഡ് വേൾഡിന്റെ ഉടമസ്ഥതയിലായിരുന്ന സ്‌പെൻസേഴ്‌സ് 1996ലാണു ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കിയത്.തുടക്കകാലം മുതൽ സ്‌പെൻസറിലെ സ്ഥിരം ഉപഭോക്താക്കളായി ഒട്ടേറെ ആളുകളുണ്ട്.  കേരളത്തിലാകെ 80 സ്ഥിരം ജീവനക്കാരും 30 താൽക്കാലിക ജീവനക്കാരുമായിരുന്നു ഗ്രൂപ്പിന് ഉണ്ടായിരുന്നത്.
ആഗസ്റ്റ് 31 വ്യാഴാഴ്ച ഉച്ചയ്ക്ക് ഇമെയിലിലൂടെയാണ് പിറ്റേന്ന് അടച്ചുപൂട്ടുമെന്ന് ആർപിജി ഗ്രൂപ്പ് അറിയിച്ചത്. ഈ വിവരം അറിഞ്ഞ് ഒരു വനിത ജീവനക്കാരി ബോധരഹിതയായി. ഒരു ഗോഡൗണും ഒരു പാക്കിങ് യൂണിറ്റും ഉണ്ടായിരുന്നതും അടച്ചുപൂട്ടി. ജീവനക്കാർക്ക് വേണമെങ്കിൽ ഹൈദരാബാദിലെ ഔട്ട്ലെറ്റുകളിൽ തുടർന്നു ജോലി ചെയ്യാമെന്നാണ് ആർപിജി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ഷോപ്പുകളിലെ സ്റ്റോക്ക് മുഴുവൻ ഹൈദരാബാദിലേക്കു  മാറ്റും. എല്ലാ ജീവനക്കാർക്കും സെപ്റ്റംബറിലെ മുഴുവൻ ശമ്പളവും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും എന്ന ഉറപ്പും ഉടമകൾ നല്്കിയിട്ടുണ്ട്.  രാജ്യത്താകെ 180 സ്‌പെൻസർ സൂപ്പർ മാർക്കറ്റുകൾ ഉണ്ട്. ലാഭനഷ്ടങ്ങൾ നോക്കി ഇവയുടെ ഭാവി നിർണയിക്കും.
പ്രിയപ്പെട്ട ഇടം
നഗരഹൃദയത്തിലെ ഉദ്യോഗസ്ഥരുടെയും പോഷ് ഫാമിലികളുടെയും പ്രിയപ്പെട്ട ഷോപ്പിംഗ് ഇടമായിരുന്നു സ്‌പെൻസേഴ്‌സ്. നാല് തലമുറകളായി ഇവിടെ നിന്ന് മാത്രം ഷോപ്പ് ചെയ്യുന്നവരും ഏറെ.സ്‌പെൻസേഴ്സ് 'ഫുഡ് ഫസ്റ്റ്' ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ള  പുതിയതും പാക്കേജുചെയ്തതുമായ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു സ്പെൻസേഴ്‌സിനെ ഉപഭോക്താക്കളുടെ ഇഷ്ട ഇടമാക്കിയത്.  പല ഔട്ട്ലെറ്റുകളും ഭക്ഷണം, വസ്ത്രങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ, സംഗീതം, പുസ്തകങ്ങൾ എന്നിവ ചില്ലറ വിൽപ്പനയ്ക്കായി ഒന്നിലധികം ഫോർമാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു.  
ഹൈപ്പർമാർക്കറ്റിന് താഴ് വീഴുന്നു എന്നറിഞ്ഞതോടെ സെപ്തംബർ 1 വെളളിയാഴ്ച തിരുവനന്തപുരം എം ജി റോഡിലെ സ്പെൻസേർസ് ഹൈപ്പർമാർക്കറ്റിൽ സ്ഥിരം കസ്റ്റമർമാരുടെ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു. പതിവുപോലെ സാധനങ്ങൾ വാങ്ങാൻ എത്തിയവർ പിറ്റേന്നു മുതൽ സ്‌പെൻസേഴ്‌സ് ഇല്ലെന്നറിഞ്ഞ് ആശങ്കപ്പെട്ടു. തങ്ങളുടെ ഇഷ്ടവ്യാപാര കേന്ദ്രം തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു ചില ഉപഭോക്താക്കൾ ഗോയങ്ക ഗ്രൂപ്പിന് ഇമെയിലും അയച്ചിട്ടുണ്ട്.
പുതിയവ വരുമ്പോൾ പഴയ പ്രതാപം           വഴിമാറുന്നു
കാലം അങ്ങനെയാണ്. പഴയ പ്രൗഢി പുതിയ ട്രെൻഡുകൾക്ക് മുന്നിൽ കാലിടറി വീഴുന്നു. എന്നാൽ കാലോചിതപരിഷ്‌ക്കാരങ്ങളിലൂടെ കാലത്തിനും മുമ്പേ നടക്കുന്നവരും ഏറെയാണ്. എന്നാൽ സ്‌പെൻസർ മാർക്കറ്റുകളുടെ കാര്യത്തിൽ ആർപിജി ഗ്രൂപ്പിന് കാലോചിതമായ പരിഷ്‌ക്കാരത്തിന് സാധിച്ചില്ല അഥവാ താല്പര്യമില്ലായിരുന്നുവെന്ന് വേണം മനസ്സിലാക്കേണ്ടത്. നഗരഹൃദയത്തിലാണെങ്കിലും പാർക്കിംഗ് സ്‌പെൻസറിനെ സംബന്ധിച്ച് വലിയ പ്രശ്‌നം തന്നെയായിരുന്നു. നഗരം വളർന്നപ്പോൾ അതിനുളള സ്ഥലം കണ്ടെത്താൻ ഉടമകൾ ശ്രദ്ധിച്ചില്ല.  ലുലു ഉൾപ്പെടെയുളള രാജ്യാന്തര പ്ലേയേഴ്‌സ് തട്ടകത്തിലെത്തിയിട്ടും കാര്യമായ നവീകരണമൊന്നും നടത്തിയുമില്ല.

Post your comments