Global block

bissplus@gmail.com

Global Menu

സംരംഭകവർഷം 2022-2023 നവോന്മേഷത്തോടെ കേരളം

കേരളം മാറുകയാണ്;മലയാളി യുവതയും. പഠനത്തിനൊപ്പം സംരംഭം, അഭ്യസ്തവിദ്യ നവനവസംരംഭങ്ങളിലൂടെ നാടിന്റെ കുതിപ്പിന് എന്നതാണ് ഇപ്പോൾ മലയാളിയുടെ ചിന്ത. അത്തരത്തിലുളള മനോഭാവത്തിലേക്ക് മലയാളിയെ കൈപിടിച്ചുനടത്തുന്ന വിധത്തിലുളള പ്രവർത്തനങ്ങൾ കേരള സർക്കാർ എന്നേ ആരംഭിച്ചുകഴിഞ്ഞു. വ്യവസായവകുപ്പാണ് സംരംഭകത്വവുമായി ബന്ധപ്പെട്ട സർക്കാർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉൾപ്പെടെയുളള പദ്ധതികളും പ്രവർത്തനങ്ങളും പുതിയ തലത്തിലേക്ക് വളർന്നുകഴിഞ്ഞു.  സർക്കാർ ജോലി എന്ന സങ്കുചിതചിന്ത വിദ്യാസമ്പന്നരായ മലയാളികളുടെ മനസ്സിൽ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു. പകരം പഠിച്ച വിദ്യകൊണ്ട് തനിക്കൊപ്പം പത്തുപേർക്കെങ്കിലും തൊഴിൽ എന്ന വിശാലചിന്തയിലേക്ക് ഓരോ മലയാളിയെയും വളർത്താനുളള സർക്കാർ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.നിക്ഷേപകസൗഹൃദകേരളത്തിൽ നിന്നും  തദ്ദേശീയരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സംരംഭകസൗഹൃദകേരളം എന്ന കുറച്ചുകൂടി വിശാലമായ ലക്ഷ്യത്തോടെയാണ് സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പ്രവർത്തനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച് പ്രവർത്തനങ്ങൾ കാലോചിതമായ പരിഷ്‌ക്കാരങ്ങളോടെ കൂട്ടിച്ചേർക്കലുകളോടെ തുടരാൻ തുടർഭരണം സഹായകമായി എന്നു തന്നെ പറയാം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് 2022-23 സംരംഭകവർഷമായി (Year of Entrepreneurship) സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്. അത് ലക്ഷ്യം കാണുകയും ചെയ്തു.
സംരംഭകസൗഹൃദ കേരളം
സാമൂഹിക ശാക്തീകരണത്തിൽ ഇന്ത്യയിൽ തന്നെ കേരളം മുൻപന്തിയിലാണ്. ഏറ്റവും ഉയർന്ന മാനവ വികസന സൂചിക, സാക്ഷരതാ നിരക്ക്, പ്രശസ്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാന്നിധ്യം എന്നിവ കേരളത്തിൽ പ്രതിഭാസമ്പന്നരായ  തൊഴിൽ ശക്തിയെ സൃഷ്ടിക്കുകയും അതുവഴി വിദേശ ഫണ്ടുകളുടെ വരവിനു കാരണമാകുകയും  ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ വളരെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ തക്ക സാധ്യതകളുളള, കഴിവുളള സംസ്ഥാനമാണ് കേരളം.  കേരളത്തിലെ ഏറ്റവും പുതിയ വ്യാവസായിക ലൈസൻസിംഗ് പരിഷ്‌കാരങ്ങൾ സംസ്ഥാനത്ത്  അനുയോജ്യവും കാലോചിതവുമായ നിക്ഷേപ കാലാവസ്ഥയും ലൈസൻസിംഗ് പ്രക്രിയയും സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുന്നു.
നിലവിലുള്ള നിയമങ്ങൾ  ലഘൂകരിച്ചും യുക്തിസഹമാക്കിയും മാറുന്ന കാലത്തിനനുസരിച്ച് വിവരസാങ്കേതികവിദ്യ പ്രയോഗിച്ചും ഭരണം (ബന്ധപ്പെട്ട സംവിധാനങ്ങളെ) കൂടുതൽ കാര്യക്ഷമവും ഫലപ്രദവും സുതാര്യവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിനാണ് ഇത്തരം നീക്കങ്ങളിലൂടെ അഥവാ പരിഷ്‌കാരങ്ങളിലൂടെ സർക്കാർ ഊന്നൽ നൽകുന്നത്.  സുസ്ഥിര വികസന സമ്പ്രദായങ്ങൾക്കൊപ്പം ചേർന്നുനിന്നുകൊണ്ടുളള വ്യാവസായിക വികസനമെന്ന വ്യവസായ-വാണിജ്യ വകുപ്പിന്റെ സമഗ്രമായ സമീപനം കേരളത്തെ ഒരു സംരംഭകസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് വലിയതോതിൽ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
എന്തുകൊണ്ട് സംരംഭക വർഷം
കേരളത്തിന്റെ സംയോജിത വ്യാവസായിക വികസനം ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ്  2022-23 വർഷത്തെ സംരംഭകവർഷമായി പ്രഖ്യാപിച്ചത്.   'അനായാസ ജീവനം' (ഈസ് ഓഫ് ലിവിങ്) എന്ന ലക്ഷ്യത്തിൽ ഊന്നി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സർക്കാർ നിരന്തരം പരിശ്രമിക്കുന്നത്. കൂടാതെ, മറ്റ് ആകർഷകമായ ക്രമീകരണങ്ങളും ശക്തമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഉപയോഗിച്ച്, 'വർക്ക് ഫ്രം കേരള'ക്ക് അനുയോജ്യമായ സ്ഥലമായി സംസ്ഥാനത്തെ മാറ്റുന്നതിനുളള കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്.
താൽപ്പര്യമുള്ളവരിലേക്ക് നേരിട്ട് എത്തിച്ചേർന്ന് അവരുടെ സംരംഭകത്വ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായഹസ്തം നീട്ടുക എന്നതാണ് സംരംഭകത്വ വർഷത്തിലെ സർക്കാരിന്റെ സമീപനം. നവസംരംഭകരെ സഹായിക്കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും എംബിഎ, ബിടെക് ബിരുദധാരികളെ ഇന്റേണുകളായി നിയമിച്ചിട്ടുണ്ട്. ഓരോ താലൂക്കിലും സംരംഭകർക്ക് മാർഗനിർദേശം നൽകാൻ റിസോഴ്‌സ് പേഴ്‌സൺമാരെയും നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല, പുതിയ സംരംഭകരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംസ്ഥാന-ജില്ലാതല കമ്മിറ്റികളും ഇതിനകം രൂപീകരിച്ചിട്ടുണ്ട്
കുടുംബശ്രീ (സ്ത്രീകളുടെ അയൽക്കൂട്ടങ്ങൾ), ആസൂത്രണം, സഹകരണം, തൊഴിൽ, ധനകാര്യം, കൃഷി, മത്സ്യബന്ധനം, ടൂറിസം, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പിന്തുണയോടെയാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ 'സംരംഭകവർഷ പദ്ധതി' സ്ഥാപിച്ചത്. സംരംഭകത്വ വർഷത്തിന്റെ ഭാഗമായി, ജനങ്ങളിലേക്കിറങ്ങി മികവുറ്റ സംരംഭകരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ച് ഒരു ബിസിനസ്സ് തുടങ്ങാൻ വഴികാട്ടുക എന്നതാണ് സർക്കാരിന്റെ തന്ത്രം.
ഈ നൂതന പരിപാടിയുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുജന ബോധവൽക്കരണ ശിൽപശാലകൾ നടന്നുവരുന്നു. വായ്പകൾ, ലൈസൻസുകൾ, സഹായം, സബ്സിഡി അലോക്കേഷൻ എന്നിവയെല്ലാം ബന്ധപ്പെട്ട ഓഫീസർമാരിൽ നിന്ന് ലഭിക്കും. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സജീവമായ സഹകരണത്തോടെയുള്ള ഈ പദ്ധതി സംസ്ഥാനത്തെ സംരംഭകർക്കിടയിൽ നവ ഊർജവും ഉന്മേഷവും സൃഷ്ടിക്കുകയാണ്.
വളരട്ടെ വ്യവസായങ്ങൾ
ഉദിക്കട്ടെ പുതുകേരളം
'സംരംഭക വർഷം' ആചരിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ വിജയം കണ്ടു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ പൂർത്തിയായപ്പോൾ തികയുമ്പോൾ 1,40,106 പുതിയ സംരംഭങ്ങൾ യാഥാർത്ഥ്യമായി. ഇത് ചരിത്രനേട്ടമാണ്. ഈ സംരംഭങ്ങളിലൂടെ മൊത്തം 8438.95 കോടി രൂപയുടെ നിക്ഷപം  വന്നു.
 ടെക്‌നോളജി ക്ലിനിക്ക്

 സംസ്ഥാനത്തെ സംരംഭകർക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) തടസ്സരഹിതമായ പ്രവർത്തനത്തിനായി വ്യവസായ വകുപ്പ് അവതരിപ്പിക്കുന്ന പുതിയ സൗകര്യമാണ് ടെക്‌നോളജി ക്ലിനിക്ക്്.  വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലൈസൻസ് നേടുന്നതിലും ഫണ്ട് കണ്ടെത്തുന്നതിലും ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിലും സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഡിപ്പാർട്ട്മെന്റ് ഹാൻഡ് ഹോൾഡിംഗ് സംവിധാനം ആരംഭിച്ചത്. സാമ്പത്തികം, കയറ്റുമതി, നികുതി, വിപണനം, നിയമം, ഡിപിആർ തയ്യാറാക്കൽ, ജിഎസ്ടി, സാങ്കേതികവിദ്യ, അനുമതി, ലൈസൻസ്, ബാങ്കിംഗ് എന്നിവയുൾപ്പെടെ പത്ത് വിശാലമായ മേഖലകളിൽ നിലവിലുള്ള സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങാൻ  താൽപ്പര്യമുള്ളവർക്കും ടെക്‌നോളജി ക്ലിനിക്കുകൾ ഉപദേശം നൽകും. ജില്ലാ വ്യവസായ കേന്ദ്രം (ഡിഐസി) തയ്യാറാക്കിയ ഷെഡ്യൂൾ അനുസരിച്ചായിരിക്കും ക്ലിനിക്കുകൾ പ്രവർത്തിക്കുക. വ്യവസായ വകുപ്പ് നൽകുന്ന ഫണ്ടിൽ നിന്ന് കൺസൾട്ടേഷൻ ചാർജുകൾ ഡിഐസികൾ വഹിക്കുമെന്നതിനാൽ സംരംഭകൻ സേവനത്തിന് ഫീസൊന്നും നൽകേണ്ടതില്ല.

Post your comments