Global block

bissplus@gmail.com

Global Menu

നിക്ഷേപസൗഹൃദകേരളത്തിനായി വ്യവസായ നയം -2023

മാനവ വികാസ സൂചകങ്ങളിൽ വികസിതരാഷ്ട്രങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം.എന്നാൽ, ഉൽപ്പാദന മേഖലകളിൽ വളർച്ച കൈവരിക്കാൻ കഴിയാത്തത് കേരളത്തിന്റെ പരിമിതിയായിരുന്നു. ഇതു കൂടി തിരിച്ചറിഞ്ഞ് വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾസൃഷ്ടിക്കുന്നതിനുമാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ശ്രമിച്ചത്. 2021 - ലെ ഭരണതുടർച്ച ഈ നയങ്ങൾ ഇടവേളയില്ലാതെ മുന്നോട്ടു കൊണ്ടു പോകുന്നതിന് സഹായകമായി. കഴിഞ്ഞ സർക്കാർ അംഗീകരിച്ച വ്യവസായ നയത്തിന്റെ വികസിതമായ തുടർച്ചയാണ് പുതിയ വ്യവസായ നയത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സർക്കാരിന്റെ നയം എന്താണ് എന്ന് വ്യക്തമാക്കുകയാണ് വ്യവസായ നയത്തിലൂടെ ചെയ്യുന്നത്. കേരള സർക്കാരിന്റെ 2023-ലെ വ്യവസായ നയത്തിന് സവിശേഷതകളേറെയാണ്. മുൻഗണനാ മേഖലകളിൽ ഊന്നിയ വ്യവസായ വികസനമാണ് 2023 ലെ വ്യവസായ നയത്തിന്റെ കാതൽ. ഉത്തരവാദിത്വ നിക്ഷേപം, പരിസ്ഥിതി സൗഹൃദ നിക്ഷേപ സംസ്ഥാനമായി കേരളത്തെ മാറ്റൽ, യുവാക്കളുടെ സംരംഭകത്വ മികവിനെ പ്രോത്സാഹിപ്പിക്കൽ, പൊതുമേഖലയുടെ ശാക്തീകരണം, വളർച്ചസാധ്യത മേഖലകളെ കൂടുതൽ പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് നയ ലക്ഷ്യങ്ങൾ. 'വ്യവസായ വിപ്ലവം 4.0'-ന് അനുസൃതമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയും വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുകയും ചെയ്യാനും നയം ലക്ഷ്യമിടുന്നു. ഏഴ് നയ മേഖലകളെ അടിസ്ഥാനപ്പെടുത്തി സംരംഭ വികസനം സാധ്യമാക്കുന്നതിനും ഈ നയരേഖ വിഭാവനം ചെയ്യുന്നു.

വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളും പദ്ധതികളുമായി സംസ്ഥാന വ്യവസായ നയം-2023 നിലവിൽ വന്നു. കാലത്തിനനുസൃതമായ ആധുനിക വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായ നയം, കേരളത്തെ രാജ്യത്തെ എറ്റവും വികസിതമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലാണ് നടപ്പാക്കുക. നിക്ഷേപങ്ങൾ വൻതോതിൽ ആകർഷിച്ച്, നവീന ആശയങ്ങൾ വളർത്തി, സുസ്ഥിര വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമഗ്ര നയമാണ് കേരള വ്യവസായ നയം 2023.

നിർമിത ബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണപ്രവർത്തനങ്ങൾ, ഡാറ്റ മൈനിങ് & അനാലിസിസ്, തുടങ്ങിയവ സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20% (പരമാവധി 25 ലക്ഷം വരെ) തിരികെ നൽകുന്നതിനുള്ള പദ്ധതി, എം.എസ്.എം.ഇ. വ്യവസായങ്ങൾക്ക് 5 വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നൽകുന്ന പദ്ധതി, സ്ത്രീകൾ/പട്ടികജാതി/പട്ടികവർഗ സംരംഭകർക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജിലും ഇളവ്, എം.എസ്.എം.ഇ. ഇതര സംരംഭങ്ങൾക്ക് സ്ഥിരമൂലധനത്തിന്റെ 100% സംസ്ഥാന ജി.എസ്.ടി. വിഹിതം 5 വർഷത്തേക്ക് തിരികെ നൽകുന്നതിനുള്ള പദ്ധതി,50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിരജോലിക്കെടുക്കുന്ന വൻകിട, മെഗാ സംരംഭങ്ങളിൽ മാസവേതനത്തിന്റെ 25% (പരമാവധി  5000 വരെ) തൊഴിലുടമയ്ക്ക് ഒരുവർഷത്തേക്ക് തിരികെ നൽകുന്ന പദ്ധതി,ട്രാൻസ്ജെൻഡർ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വെച്ച് തൊഴിലുടമയ്ക്ക് മാസവേതനത്തിന്റെ നിശ്ചിത തുക തിരികെ നൽകുന്ന പദ്ധതി ,ഇത്തരത്തിൽ നിരവധി പദ്ധതികൾ വ്യവസായനയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഏഴ് സുപ്രധാന നയസ്തംഭങ്ങൾ
1. സംരംഭകത്വ പ്രോത്സാഹനം.
2. അടിസ്ഥാന സൗകര്യമൊരുക്കൽ.
3. ഹൈടെക് സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം.
4. നൈപുണ്യ വികസനം.
5, വ്യവസായ സഹ്യൃദ അന്തരീക്ഷം.
6. കേരളം എന്ന ബ്രാൻഡിനെ വളർത്തുക.
7. മുൻഗണനാ മേഖലകളിലൂന്നിയ വ്യവസായവിത്ക്കരണം

22 മുൻഗണനാമേഖലകൾ
മുൻഗണനാ മേഖലകളിലൂന്നിയ വ്യവസായവൽക്കരണമാണ് നയം ലക്ഷ്യമിടുന്നത്. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് നിർമിത ബുദ്ധി, റോബോട്ടിക്സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതിക വിദ്യകൾ, ആയുർവേദം, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, രൂപകൽപ്പന (ഡിസൈൻ), ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകൽപ്പനയും ഉത്പാദനവും, എഞ്ചിനീയറിങ്ങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകൾ, ഗ്രഫിൻ, ഉയർന്ന മൂല്യവർധിത റബർ ഉത്പ്പന്നങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും, ലോജിസ്റ്റിക്സ് ആൻഡ് പാക്കേജിങ്ങ്, മാരിടൈം മേഖല, മെഡിക്കൽ ഉപകരണങ്ങൾ, നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിങ്ങും മാലിന്യ സംസ്‌കരണവും, പുനരുപയോഗ ഊർജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരവും ആതിഥേയത്വവും, 3-ഡി പ്രിന്റിങ്ങ് എന്നിങ്ങനെ 22 മുൻഗണന മേഖലകളിലെ വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കൽ, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങൾ എന്നീ ഉപനയങ്ങളിലൂടെ സമഗ്രപിന്തുണ നൽകും. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് മുൻഗണന നൽകുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഇതിനൊപ്പം ഗ്രാഫീൻ പോലെ വ്യവസായ, സമ്പദ് രംഗങ്ങളിൽ ഉയർന്നുവരുന്ന നവീനമേഖലകളിൽ ഗവേഷണത്തിന് സഹായം ലഭ്യമാക്കും.
സംസ്ഥാനത്ത് ദൃഢമായ ഒരു സംരംഭക ആവാസവ്യവസ്ഥ സംജാതമാക്കുക, ഉത്തരവാദിത്ത നിക്ഷേപങ്ങളേയും സുസ്ഥിര വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുക, പുതുതലമുറ സംരംഭങ്ങൾക്ക് ആവശ്യമായ നൂതന അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുക, സംരംഭങ്ങളെ പാരിസ്ഥിതിക സാമൂഹിക, ഭരണ ഘടകങ്ങളിൽ ലോകോത്തര നിലവാരത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ സ്വീകരിക്കുന്നതിന് പ്രാപ്തരാക്കുക, ഉത്പന്നങ്ങൾക്ക് 'കേരള ബ്രാൻഡ്' ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യമൊരുക്കുക, ഉത്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുക എന്നിവയാണ് പുതിയ വ്യവസായ നയത്തിൽ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രധാന നയലക്ഷ്യങ്ങൾ
നിക്ഷേപവും നവീന ആശയങ്ങളും വളർത്തുന്നതിനും അനുകൂലമായ സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വ്യവസായ നയം
2023 ലക്ഷ്യമിടുന്നു. നയലക്ഷ്യങ്ങൾ ചുവടെ:
1. സംരംഭക സഹായകമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക.
2. രാജ്യത്തെ വികസിതമായ സ്റ്റാർട്ടപ്പ് കേന്ദ്രമാക്കി കേരളത്തെ മാറ്റുക.
3. അഭ്യസ്തവിദ്യരായ തൊഴിൽരഹിത യുവാക്കളുടെയും സ്ത്രീകളുടെയും സംരംഭകമികവിനെ പരിപോഷിപ്പിക്കുക.
4. ഭാവി വ്യവസായങ്ങൾക്ക് സജ്ജമായരീതിയിൽ അടിസ്ഥാന സൌകര്യങ്ങൾ നവീകരിക്കുക.
5. വ്യവസായ രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വകാര്യമേഖലയുടെനിക്ഷേപം പരമാവധി ആകർഷിക്കുക.
6. സേവന മേഖലയിലൊഴികെയുള്ള പൊതുമേഖലാ വൃവസായങ്ങളെ ശക്തിപ്പെടുത്തി മത്സരക്ഷമമാക്കും. ഉൽപ്പാദന മേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുക.
7. ചരക്ക് കയറ്റുമതി മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തി കയറ്റുമതിയിൽ മികച്ച വർദ്ധനവ് കൈവരിക്കുക.
8. വ്യവസായ വിപ്ലവം 4.0ന് അനുസൃതമായവ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക.
9. ഉൽപ്പാദനത്തിൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരമ്പരാഗത വ്യവസായങ്ങളെ കാലാനുസൃതമായി ആധുനികവത്ക്കരിക്കുക.
10. ഇ-കൊമ്മേഴ്‌സ് വിപണിയിലേക്ക് അനായാസപ്രവേശനം സാധ്യമാക്കുക.
11. വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യ വികസന പരിശീലനത്തിലൂടെ മികച്ച തൊഴിലവസരം സൃഷ്ടിക്കുക.
12. ഉയർന്നുവരുന്ന മേഖലകളിൽ നിന്നുള്ള സംരംഭകരെ ആകർഷിക്കുക.
13. തൊഴിൽചെയ്തു ജീവിക്കുന്നതിനും വിനോദത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക.
14. സംസ്ഥാനത്ത് വ്യവസായം നടത്തിക്കൊണ്ടുപോകുന്നതിന് തടസങ്ങളില്ലാത്ത വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക.
15. വ്യവസായ നിക്ഷേപത്തിന്റെ ഓരോ ഘട്ടത്തിലും നിക്ഷേപകർക്ക് ധനസഹായസാധ്യതകൾക്കുള്ള അവസരങ്ങൾ മെച്ചപ്പെടുത്തുക.
16. സംരംഭക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വിപുലമായ സംവേദന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
17. നവീനവും വളർച്ചാ സാധ്യതയുള്ളതുമായ മേഖലകളിലേക്ക് ബൃഹത്തായ മൂലധനനിക്ഷേപം ആകർഷിക്കുക.
18. ആഗോളതലത്തിൽ കേരളം എന്ന വാണിജ്യനാമം സൃഷ്ടിച്ച് സുപ്രധാന മേഖലകളിൽനായകപദവി ഈട്ടിയുറപ്പിക്കുക.
19. കേരളത്തിന്റെ ഉത്പാദന മികവിനെയുംലോകോത്തര നിലവാരത്തിലുള്ള അതിന്റെ ഉത്പന്നങ്ങൾ, സേവനങ്ങൾ, മാനവശേഷിഎന്നിവയെയും പ്രോത്സാഹിപ്പിക്കുക.
20. വിദേശനിക്ഷേപവും കയറ്റുമതിയുംവർദ്ധിപ്പിക്കുന്നതിന് ആഗോള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക.
21. വ്യാപാരം മെച്ചപ്പെടുത്തുന്നതിന് ലോകവിപണിയിലേക്കുള്ള പ്രവേശനം സുഗമമാക്കുക.
22. മേഖലാടിസ്ഥാനത്തിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനായി ഓരോ മേഖലയിലും സർക്കാരും നിക്ഷേപകരും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുക.
23. മേഖലാകേന്ദ്രീക്രയൃതമായി അടിസ്ഥാനസൌകര്യങ്ങളും വ്യവസായക്ലസ്റ്ററുകളും സൃഷ്ടിക്കുക.
24. ഉത്തരവാദിത്ത നിക്ഷേപവും സുസ്ഥിരവ്യവസായവും പ്രോത്സാഹിപ്പിക്കുക.
25. വ്യവസായ സമ്പദ് രംഗങ്ങളിൽ ഉയർന്നു വരുന്നതും പുതിയതുമായ മേഖലകളിൽ ഗവേഷണവുംവികസനവും ഊർജ്ജസ്വലമാക്കുക.
26. നിലവിലുള്ള സംരംഭക പ്രോത്സാഹനത്തിന് കേന്ദ്രസംസ്ഥാന പദ്ധതികളുടെ സംയോജന സാധ്യതകൾപരിശോധിക്കും.
27. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തസ്വയംഭരണം നൽകുന്നതിന്റെ ഭാഗമായി വിദ്ഗ്ദ്ധ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വയംപര്യാപ്തവും സ്വയംഭരണാവകാശവും ഉറപ്പു വരുത്തുന്നതിനുള്ളനടപടികൾ സ്വീകരിക്കും.
28. വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകർക്ക് ആവശ്യമായ വിവിധ സാങ്കേതിക സൗകര്യങ്ങൾ പ്രധാനം ചെയുന്ന ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ പൊതുമേഖലാസ്ഥാപനങ്ങളിൽ കണ്ടെത്തുന്ന അധിക ഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
29. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് മുൻഗണന   നൽകുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

30. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിനും ഉന്നമനത്തിനുമായി സാധ്യമായ മേഖലകളിൽ സാങ്കേതിക വൈദഗ്ദ്ധ്യമുള്ള    നിക്ഷേപകരുമായി സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

31.99 വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പുനരുപയോഗ ഊർജ്ജം പ്രധാനം ചെയുന്ന സ്വയം ആവിഷ്‌കൃത പദ്ധതികൾആരംഭിക്കുന്നതിനുളള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുളള നടപടി സ്വീകരിക്കും

നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവരുന്ന വ്യവസായ നയത്തിലൂടെ കേരളത്തിൽ പൂർണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും. അഭ്യസ്തവിദ്യരായ യുവാക്കളെ സംരംഭകലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പദ്ധതികൾ വ്യവസായ നയം മുന്നോട്ടുവെക്കുന്നു. വ്യവസായ വിപ്ലവം 4.0 ഇന്ത്യയിൽ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളമാണ് എന്ന യാഥാർഥ്യത്തിലൂന്നി ഈ മേഖലയിലെ സൺറൈസ് വ്യവസായങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും വ്യവസായ നയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

Post your comments