Global block

bissplus@gmail.com

Global Menu

വെള്ളാനകളുടെ നാടല്ല; സംരംഭകരുടെ സ്വന്തം നാട് തടസ്സമില്ലാത്ത സേവനവുമായി കെ-സ്വിഫ്റ്റ്

വ്യവസായമോ കച്ചവടസ്ഥാപനമോ തുടങ്ങാൻ താല്പര്യമുണ്ടെങ്കിലും  പല ഓഫീസുകൾ കയറിയിറങ്ങി ജീവിതം പാഴാക്കാനില്ല എന്ന എന്ന തോന്നലിൽ അന്യദേശത്ത് കൂലിപ്പണി തേടി പോകുന്നവരുടെ നാട് എന്നായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ പ്രതിച്ഛായ. അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒറ്റമുറി വീട്ടിൽപോലും കുടിൽവ്യവസായം പച്ചപിടിക്കുമ്പോൾ നൂലാമാലകൾ കേരളത്തിലെ സംരംഭകർക്ക് മുന്നിൽ ബാലികേറാമലയായി. എന്നാൽ ഇന്നതെല്ലാം പഴങ്കഥയാണ്.  സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സജ്ജമാക്കിയിരിക്കുന്ന ഏകജാലക ക്ലിയറൻസ് വെബ് പോർട്ടലായ കെ-സ്വിഫ്റ്റ് (Kerala Single Window Interface for Fast and Transparent Clearance) ആണ് വിപ്ലവകരമായ മാറ്റം സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. 2019ലാണ് ഈ വെബ്‌പോർട്ടൽ ആരംഭിച്ചത്. ആദ്യകാലത്ത് കേരള സർക്കാരിന് കീഴിലെ 14 വകുപ്പുകളിൽ നിന്നുള്ള 30ലേറെ അനുമതികൾ ഒരൊറ്റ വെബ് പോർട്ടലിൽ നിന്ന് സംരംഭകർക്ക് ഇന്ന് നേടിയെടുക്കാനാകുമായിരുന്നെങ്കിൽ 2020ൽ അവതരിപ്പിച്ച കെ-സ്വിഫ്്റ്റ് 2.0 പതിപ്പിലൂടെ 21 വകുപ്പുകളിലെ 90 ലേറെ അനുമതികൾ ലഭ്യമാക്കുന്നു.
പുതിയ സംരംഭങ്ങൾക്ക് അനുമതി നല്കുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികൾ പുതുക്കി നല്കാനും കെ-സ്വിഫ്റ്റ് സജ്ജമാണ്. മതിയായ വിവരങ്ങളോടെ അപാകതകളില്ലാതെ സമർപ്പിച്ച അപേക്ഷകളിന്മേൽ, സംസ്ഥാനത്തെ നിയമങ്ങളുടെ കീഴിലുള്ള അനുമതികൾ 30 ദിവസത്തിനുള്ളിൽ തീർപ്പ് കല്പിക്കുന്നതിനുള്ള സംവിധാനമാണ് കെ-സ്വിഫ്റ്റിലുള്ളത്. ആ നിശ്ചിത സമയ പരിധിക്കുള്ളിൽ ഉദ്യോഗസ്ഥർ അനുമതി നല്കിയില്ലെങ്കിൽ കല്പിത അനുമതി ഓട്ടോമാറ്റിക്കായി സംരംഭകന് ലഭിക്കും. അതായത് അപേക്ഷകൾ വെച്ചുതാമസിപ്പിക്കാനോ സംരംഭകനെ ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഓഫീസുകൾ പലവുരു കയറ്റിയിറക്കാനോ ഉദ്യോഗസ്ഥർക്ക് ഇനി സാധിക്കില്ല. കെ.എസ്.ഐ.ഡി.സി, കിൻഫ്ര തുടങ്ങിയ ഏജൻസികളുടെ വ്യാവസായിക ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ നല്കൽ, തൊഴിൽ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം കെ-സ്വിഫ്റ്റിലുണ്ട്.
നമ്മുടെ കേരളത്തിൽ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കാണ് കൂടുതൽ സാധ്യത. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർകേരള സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ നിയമം 2019 കൊണ്ടുവന്നത്. 50 കോടി രൂപയിൽ താഴെ മുതൽമുടക്കുള്ളതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡ പ്രകാരം ചുവപ്പു വിഭാഗത്തിൽപ്പെടാത്തതുമായ ഏതൊരു വ്യവസായ സംരംഭം തുടങ്ങുന്നതിനും, സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്ന് വർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ളതാണ് ഈ നിയമം.സ്വയം സാക്ഷ്യപത്രം സമർപ്പിച്ച് അനുമതി പത്രം ഉടൻ ലഭ്യമാക്കുന്നതിന് ഇതുവഴി സംരംഭകന് സാധിക്കും. മൂന്ന് വര്ഷം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ മേൽപറഞ്ഞ അനുമതികൾ നേടിയാൽ മതി. ഇക്കാലയളവിൽ വ്യവസായ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധനകൾ നടത്തുന്നതും ഒഴിവാക്കിയിട്ടുണ്ട്. 2020 ജനുവരിയില് നടപ്പാക്കിയ ഈ നിയമപ്രകാരമുള്ള അനുമതി പത്രം ലഭ്യമാക്കുന്നതിനുള്ള സംവിധാനം കെ-സ്വിഫ്റ്റ് ഓൺലൈൻ ഏകജാലക സംവിധാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പുരസ്‌കാര തിളക്കത്തിൽ കെ-സ്വിഫ്റ്റ്
കെ-സ്വിഫ്റ്റിനെ നിരവധി അംഗീകാരങ്ങളും ഇതിനകം തേടിയെത്തി. കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ബെസ്റ്റ് ഇ-ഗവേണൻസ് സൊലൂഷൻ വിഭാഗത്തിൽ പുരസ്‌കാരം, പൊതുജനസേവന വിഭാഗത്തിൽ ഏറെ ആദരിക്കപ്പെടുന്ന 'ചീഫ് മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ അഡ്മിനിസ്‌ട്രേറ്റീവ് ഇന്നൊവേഷൻസ്' (2020) പുരസ്‌കാരം എന്നിവ കെ-സ്വിഫ്റ്റിന് ലഭിച്ചു.
ലളിതം സുതാര്യം
 സുഗമമായ പ്ലാറ്റ്‌ഫോമിലാണ് കെ-സ്വിഫ്റ്റ് സജ്ജമാക്കിയിരിക്കുന്നത്. http://www.kswift.kerala.gov.in എന്ന വെബ് പോർട്ടലിൽ ഏതൊരാൾക്കും നേരിട്ട് കയറി സേവനങ്ങൾ നേടാം.
സവിശേഷതകൾ
ഇ-മെയിൽ ഐ.ഡിയും മൊബൈൽ നമ്പറും നല്കി വൺ ടൈം രജിസ്‌ട്രേഷന് നടത്താം.
സംസ്ഥാന സര്ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ നിന്ന് അനുമതികൾ, ലഭിച്ചിട്ടുള്ള അനുമതികൾ പുതുക്കൽ് എന്നീ സേവനങ്ങൾ തേടുന്നവർ 'File Common application Form (CAF) for approvals' ൽ ക്ലിക്ക് ചെയ്യണം.
അതല്ല മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽ പെടാത്ത ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണെങ്കിൽ 'MSME Acknowledgement Certificate' എന്നതില് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സംരംഭത്തിന്റെ പേര് നല്കുക.
നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ പരമാവധി വിവരങ്ങൾ വെബ് പോർട്ടലിലെ ചോദ്യങ്ങൾക്കുള്ള മറുപടിയായി നല്കുക.
മതിയായ രേഖകളുടെ അടിസ്ഥാനത്തില് ഇഅഎ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക.
വിവിധ വകുപ്പുകളിൽ നിന്നുവേണ്ട അനുമതികളുടെ കാര്യങ്ങൾ പൂരിപ്പിക്കുക.
അപേക്ഷിച്ച അനുമതികൾക്കു വേണ്ട ഫീസ് സിസ്റ്റം തന്നെ കണക്കുകൂട്ടി പറയും.
മതിയായ തുക അടച്ച് അപേക്ഷ സമർപ്പിക്കണം.
സംരംഭകന് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വകുപ്പുകൾ അതിന്റെ പ്രോസസിംഗ് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾ വേണമെങ്കിലോ ഫീസ് കൂടുതൽ അടയ്‌ക്കേണ്ടതുണ്ടെങ്കിലോ അക്കാര്യം കെ-സ്വിഫ്റ്റിലൂടെ തന്നെ അപേക്ഷകനെ അറിയിക്കും.
30 ദിവസത്തിനുള്ളിൽ അപേക്ഷ നിരസിച്ച കാര്യമോ അനുമതി സംബന്ധിച്ച അറിയിപ്പോ ലഭിച്ചില്ലെങ്കിൽ അപേക്ഷയിന്മേൽ കല്പിത അനുമതിയായി കണക്കാക്കാം.
ഇ-മെയിൽ വഴിയും എസ്.എം.എസ് വഴിയും അലർട്ടുകളും അക്‌നോളജ്‌മെന്റും ലഭിക്കും.
അപേക്ഷയുടെ പ്രോസസിംഗ് സംബന്ധിച്ച കാര്യങ്ങൾ യൂണീക് നമ്പർ ഉപയോഗിച്ച് അറിയാൻ സാധിക്കും.
സംശയങ്ങൾ ചോദിക്കാനും പ്രശ്‌നപരിഹാരത്തിനും സംവിധാനമുണ്ട്.
കെ-സ്വിഫ്റ്റിന് മുമ്പ്
ഒരു സംരംഭം തുടങ്ങാൻ വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമായി വരും. ഇതിനായി വേറെ അപേക്ഷകൾ വിവിധ ഓഫീസുകളിൽ നൽകണം. അനുമതികൾ എന്തൊക്കെയെന്ന് അറിയാൻ ഉദ്യോഗസ്ഥരോടോ കൺസൾട്ടന്റുമാരോടോ ചോദിച്ചറിയണം. വകുപ്പുകൾക്ക് ഓൺലൈൻ സംവിധാനങ്ങൾ ഉണ്ടെങ്കിൽ പോലും എല്ലാ വകുപ്പുകളിലെയും അപേക്ഷകളുടെ വിവരങ്ങൾ അറിയാൻ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ നോക്കണം. ഫീസ് അടയ്ക്കാൻ ബാങ്കിലോ ട്രഷറിയിലോ പോകണം രസീതോ ചലാനോ സ്കാൻ ചെയ്തിടണം. അനുമതികൾ പുതുക്കാൻ വീണ്ടും അപേക്ഷിക്കണം. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അത് വിവിധ വകുപ്പുകളിൽ പോയി എഴുതി സമർപ്പിക്കണം.
കെ-സ്വിഫ്റ്റിന് ശേഷം

എല്ലാ അനുമതികൾക്കും ഒരൊറ്റ ഓൺലൈൻ സംവിധാനം. ഓരോ സംരംഭത്തിനും വേണ്ട അനുമതികൾ കെ - സ്വിഫ്റ്റ് തന്നെ സംരംഭകനോട് പറയും. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ എസ്എംഎസ് ആയോ ഇ-മെയിൽ ആയോ അതത് സമയത്ത് ലഭിക്കും. 30 ദിവസത്തിനുള്ളിൽ അറിയിപ്പ് ഒന്നുമില്ലെങ്കിൽ കല്പിത അനുമതി. വീട്ടിലിരുന്നു തന്നെ ഫീസ് അടയ്ക്കാനുള്ള സംവിധാനങ്ങൾ. മതിയായ ഫീസ് നൽകിയാൽ അനുമതികൾ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. ഡിജിറ്റലി സൈൻ ചെയ്ത സർട്ടിഫിക്കറ്റുകൾ സംരംഭകർക്ക് ഡൗൺലോഡ് ചെയ്യാം. പരാതികൾ ഓൺലൈനായി നൽകാം. ഇനി ഒരു ഉദ്യോഗസ്ഥനും അനാവശ്യമായി അപേക്ഷകൾ വെച്ച് താമസിപ്പിക്കുവാൻ സാധിക്കില്ല.

 

Post your comments