Global block

bissplus@gmail.com

Global Menu

ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യക്കും ലോകത്തിനും നേട്ടങ്ങളുടെ അമൃതകാലം

കഴിഞ്ഞ ഒരു വർഷക്കാലമായി ലോകം ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനത്തെക്കുറിച്ചും ഇന്ത്യ മുന്നോട്ടുവച്ച 'വസുധൈവ കുടുംബകം' അതായത് ലോകം ഒരു കുടുംബമാണ് എന്ന ആശയത്തെക്കുറിച്ചുമാണ്. സെപ്റ്റംബർ എട്ടു  മുതൽ 11 വരെ ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയോടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചകൾക്കും അനാവശ്യവിവാദങ്ങൾക്കും പരിസമാപ്തിയാകും. എന്നാൽ ഇന്ത്യ മുന്നോട്ടുവച്ച ആശയം എന്നും ലോകത്തിന് മുന്നിൽ തിളങ്ങി നിൽക്കും.  ഉച്ചകോടിയിൽ ഉരുത്തിരിയുന്ന തീരുമാനമെന്തായാലും ഇന്ത്യയുടെ G20 പ്രസിഡൻസി ലോകത്തെ ഏറ്റവും ബൃഹത്തായ ജനാധിപത്യരാഷ്ട്രത്തിന്റെ ആഗോള നേതൃത്വപരമായ റോളിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയിരിക്കുന്നു.  സങ്കീർണ്ണമായ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളുമായി ചർച്ചകൾ നടത്തുകയാണ് നമ്മുടെ രാഷ്ട്രം. വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥ, സാങ്കേതിക വൈദഗ്ദ്ധ്യം, സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത എന്നിവയാൽ, സവിശേഷമായ കാഴ്ചപ്പാടുകൾ ഇത്തരം ഉഭയരാഷ്ട്രചർച്ചകളുടെ പട്ടികയിലേക്ക് കൊണ്ടുവരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.  സമഗ്രവളർച്ച, ഡിജിറ്റൽ നവീകരണം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിച്ച ഇന്ത്യ പൊതുവിലും കഴിഞ്ഞ ഒരു വർഷക്കാലം പ്രത്യേകിച്ചും രാജ്യത്തിനും പൗരന്മാർക്കും  മാത്രമല്ല കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടിൽ ആഗോള ക്ഷേമത്തിനും സംഭാവന നൽകുന്ന ആശയങ്ങളാണ് മുന്നോട്ടുവച്ചത്.

 18-ാമത് ജി20 ഉച്ചകോടിക്കാണ് രാജ്യതലസ്ഥാനം വേദിയാകുന്നത്. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റികൾ എന്നിവർക്കിടയിൽ കഴിഞ്ഞ ഒരു വർഷക്കാലം നടന്ന എല്ലാ ജി20 പ്രക്രിയകളുടെയും യോഗങ്ങളുടെയും സമാപനവേദിയാണിത്. അതായത് ഇവയിൽ നിന്നെല്ലാം ഉരുത്തിരിഞ്ഞ ആശയങ്ങളും അഭിപ്രായങ്ങളും സംവാദങ്ങളിലൂടെയും അന്തിമചർച്ചകളിലൂടെയും ആറ്റിക്കുറുക്കിയെടുക്കപ്പെടുന്നത് ഈ വേദിയിലാണ്. മന്ത്രിതല, വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത മുൻഗണനകളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന  ജി20 നേതാക്കളുടെ പ്രഖ്യാപനം ജി20 ഉച്ചകോടിയുടെ സമാപനത്തിൽ അംഗീകരിക്കപ്പെടും.

ലോകം ഒരു കുടുംബം
 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന് അർത്ഥമാക്കുന്ന 'വസുധൈവ കുടുംബകം'എന്ന ഇന്ത്യയുടെ പ്രമേയം ലോകശ്രദ്ധയാകർഷിച്ചു എന്നതിൽ സംശയമില്ല. ജനാധിപത്യത്തോടും ബഹുരാഷ്ട്രവാദത്തോടും പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രമെന്ന നിലയിലുളള ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഈ പ്രമേയം തിളക്കംകൂട്ടി.  മഹാ ഉപനിഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പ്രമേയം മനുഷ്യൻ, മൃഗം, സസ്യങ്ങൾ, സൂക്ഷ്മാണുക്കൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങളുടെയും പ്രാധാന്യവും ഭൂമിയിലും പ്രപഞ്ചത്തിലുടനീളമുള്ള അവയുടെ പരസ്പരാശ്രിതത്വവും അടിസ്ഥാനപരമായി എടുത്തുകാണിക്കുന്നു. വൃത്തിയുള്ളതും ഹരിതാഭവും നീലനിറമുള്ളതുമായ ഭാവി സൃഷ്ടിക്കുന്നതിൽ വ്യക്തിയിലും ദേശീയ തലത്തിലും പാരിസ്ഥിതികമായി സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന ലൈഫ് (പരിസ്ഥിതിക്കുള്ള ജീവിതശൈലി) എന്നതിനെയും തീം ഉദാഹരിക്കുന്നു.

2022 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം മുതൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് നയിക്കുന്ന 25 വർഷത്തെ കാലഘട്ടമായ 'അമൃത്കാലത്തിന്റെ' തുടക്കവും ജി 20 അധ്യക്ഷതയോട് ചേർത്തുവായിക്കുമ്പോൾ ഇന്ത്യയെ സംബന്ധിച്ച് ആഗോളതലത്തിൽ നിർണ്ണായകഘട്ടമാണിത്.കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യ ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു, 2023 നവംബർ 30 വരെ അത് തുടരും.

 

ജി20 ഉച്ചകോടിക്ക് മുന്നോടിയായി വിവിധ വർക്ക് സ്ട്രീമുകളിലായി ഇന്ത്യയുടെ വിവിധ നഗരങ്ങൾ ഇരുനൂറിലേറെ യോഗങ്ങൾക്ക് ആതിഥേയത്വം വഹിച്ചു.

 

വികസിതവും വളർന്നുവരുന്നതുമായ സമ്പദ്വ്യവസ്ഥകൾക്കിടയിൽ 'കൂട്ടായ പ്രവർത്തനവും സമഗ്രപങ്കാളിത്തവും' ജി20 എല്ലായ്‌പ്പോഴും അംഗീകരിച്ചിട്ടുണ്ട്. 'കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ' തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യ ജി20യുടെ മേൽലക്ഷ്യത്തിനൊപ്പമുണ്ടെന്ന് അടിവരയിട്ടു. മേൽവെല്ലുവിളികളെയെല്ലാം നേരിടേണ്ടത് , ശാശ്വതമായി പരിഹാരം കാണേണ്ടത് പരസ്പരം പോരടിച്ചുകൊണ്ടല്ല മറിച്ച് ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ടാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്ന ജി20 രാഷ്ട്രങ്ങൾ ഭാവിയിൽ ആഗോള സാമ്പത്തിക വളർച്ചയും സമൃദ്ധിയും സുരക്ഷിതമാക്കുന്നതിൽ തന്ത്രപരമായ പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തിന് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളേറെയാണ്.

ആഗോള തലത്തിൽ ഒരു നേതൃനിരയിലേക്ക് അഥവാ നിർണ്ണായക ശക്തിയായി ഉയർന്നുവരാൻ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക്  അന്താരാഷ്ട്ര പ്രശ്‌നങ്ങൾ ഉന്നയിക്കുവാനും അവയ്ക്കുളള പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും അതുവഴി മികവ് തെളിയിക്കാനുമുളള അവസരമാണ് അധ്യക്ഷസ്ഥാനം പ്രദാനം ചെയ്യുന്നത്. ഇന്ത്യയുടെ വളർച്ച ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനും സാധ്യമായ പരിഹാരങ്ങൾ എന്ന നിലയിൽ അതിന്റെ ചില മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായും ജി20 ആതിഥേയത്വം വർത്തിക്കുന്നു.

ദേശീയമായി ഇന്ത്യയ്ക്കുളള നേട്ടങ്ങളിൽ പ്രധാനം ലോകത്തെ മികച്ച ടൂറിസ്റ്റ്, ബിസിനസ് ഡെസ്റ്റിനേഷനായി സ്വയം അവതരിപ്പിക്കാനുളള മികച്ച അവസരമാണിത് എന്നതാണ്. ജി20 അധ്യക്ഷസ്ഥാനത്തിന്റെ ഫലമായി കശ്മീർ മുതൽ കന്യാകുമാരി വരെ ഇരുനൂറിലേറെ യോഗങ്ങൾക്കാണ് ഇന്ത്യൻ നഗരങ്ങൾ വേദിയായത്. ആയിരക്കണക്കിന് രാജ്യാന്തര ഡെലിഗേറ്റുകളാണ് ക്ഷണിതാക്കളായി എത്തിയത്. അതായത് ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും സമ്പന്നമായ ചരിത്രവും പുരോഗതിയും ഉൾപ്പെടെ മികച്ചതെല്ലാം ഏറ്റവും മികച്ച രീതിയിൽ ലോകത്തിന്റെ ഓരോ കോണിലും എത്തിക്കാനുളള അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് എന്നർത്ഥം. ആ അവസരം മുതലെടുത്ത കേന്ദ്രസർക്കാർ ജി20 അജണ്ടയോടൊപ്പം തന്നെ ഇന്ത്യയുടെ കരുത്തും സാധ്യതകളും പ്രദർശിപ്പിക്കാനുളള നടപടികൾ കൈക്കൊണ്ടു.

 

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയെ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്. അവരുടെ പ്രതീക്ഷകൾക്ക് അനുയോജ്യമായ വിധത്തിലാണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം അലങ്കരിക്കുന്നതും. മികച്ച രീതിയിൽ ജി20യിൽ സ്വയം അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്കുണ്ടാകുന്ന ഗുണഫലങ്ങൾ സ്വാഭാവികമായും പൗരന്മാരിലേക്കെത്തും. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ശക്തി പ്രകടിപ്പിക്കാനുള്ള ഒരു സുവർണ്ണാവസരത്തെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്ന ബിസിനസ്സ് ബന്ധങ്ങളും നിക്ഷേപ അവസരങ്ങളും സൃഷ്ടിക്കപ്പെടും. മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും അടുത്തുകാണാൻ വിവിധ ലോകരാജ്യങ്ങളിൽ നിന്നുളള ഡെലിഗേറ്റുകൾക്ക് അവസരം ലഭിക്കുന്നതിലൂടെ ഇന്ത്യ മോഡലിന് പരക്കെ സ്വീകാര്യത ലഭിക്കും.

 

ഇന്ത്യയുടെ ജി20 മുൻഗണനകൾ
*ഗ്രീൻ ഡെവലപ്മെന്റ്, ക്ലൈമറ്റ് ഫിനാൻസ് & ലൈഫ്
*ആക്‌സിലറേറ്റഡ് ഇൻക്ലൂസീവ് റീസൈലന്റ് ഗ്രോത്ത് (അതിവേഗമുളള സമഗ്രപുരോഗതി)
*സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുക
*സാങ്കേതിക പരിവർത്തനവും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറും
*21-ാം നൂറ്റാണ്ടിനാവശ്യമായ ബഹുമുഖ സ്ഥാപനങ്ങൾ
*സ്ത്രീകൾ നയിക്കുന്ന വികസനം

 

നേട്ടങ്ങൾ
*ഇന്ത്യയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുളള അവസരം
*വൻ മാധ്യമ ശ്രദ്ധ,കവറേജ്
*ഇന്ത്യയെ കേൾക്കാൻ ആഗോള സമൂഹം
*ഇന്ത്യ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ലോകത്തെ ശാസ്ത്രജ്ഞർ, നയതന്ത്രവിഗ്ധർ, സ്വകാര്യ മേഖല മുതൽ രാഷ്ട്രീയ നേതൃത്വം വരെ ചർച്ച ചെയ്യും
*മറ്റു രാജ്യങ്ങൾ നാലോ അഞ്ചോ നഗരങ്ങളിൽ മാത്രമാണ് ജി 20 യോഗങ്ങൾ നടത്താറുള്ളത്. ഇന്ത്യ അമ്പത് നഗരങ്ങളിലായി നടത്തുന്നു.

 

ലോകം ഉറ്റുനോക്കുന്നത്
*വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട  ഇന്ത്യയുടെ സമീപനം
*ജി-20യിൽ പാശ്ചാത്യരാജ്യങ്ങളും, വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറക്കുന്നതിനായി ഇന്ത്യ എന്തു ചെയ്യും
*യുഎൻ രക്ഷാസമിതിയിലെ വീറ്റോ പവറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടും നയവും
അതിർത്തി തർക്കങ്ങളിൽ ഇന്ത്യയുടെ നിലപാട്
*LIFE (Developing Environment friendly lifestyle)  എന്ന ഇന്ത്യയുടെ പുതിയ മിഷന് ആഗോളതലത്തിൽ തന്നെ സ്വീകാര്യത കിട്ടിക്കഴിഞ്ഞു.തുടർന്നുളള പ്രായോഗികനിലപാടുകളും സമീപനവും

 

പ്രമുഖരുടെ വിലയിരുത്തൽ
ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം അവസാദപാദത്തിലേക്ക് കടക്കുകയാണ്. ജി20 അധ്യക്ഷസ്ഥാനം രാജ്യത്തിന് ഏതൊക്കെ രീതിയിൽ നിർണ്ണായകമാണെന്ന് പ്രമുഖർ നടത്തിയ വിലയിരുത്തലുകൾ ചുവടെ:

 

സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, ഡിജിറ്റൽ മേഖലകളിലുടനീളമുള്ള ആഗോള നയങ്ങളിൽ അജണ്ടയിലും ആഖ്യാനത്തിലും കൂടുതൽ സ്വാധീനം ചെലുത്തുന്നതിന് അനുയോജ്യമായ സമയത്താണ് ഇന്ത്യ് ജി20 അധ്യക്ഷപദമേറിയത്. കടവും, വളർച്ചാമുരടിപ്പും, വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവുമുള്ള ധ്രുവീകൃത ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി് ഇന്ത്യ മുന്നേറുന്ന കാലഘട്ടത്തിലാണീ നേട്ടം.ജി20 ഉച്ചകോടിക്ക് മുന്നോടിയായി 18ലധികം മന്ത്രിതല യോഗങ്ങൾ, 80 വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, 33 എൻഗേജ്മെന്റ് ഗ്രൂപ്പ് മീറ്റിംഗുകൾ കൂടാതെ നിരവധി സൈഡ് ഇവന്റുകൾ എന്നിവക്ക് ഇന്ത്യ വേദിയായി.  ഇവ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും ബിസിനസുകാർക്കും ഗ്ലോബൽ ഫിനാൻസിന്റെയും വികസനത്തിന്റെയും വിവിധ വശങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച മാത്രമല്ല, ആഗോള തീരുമാനങ്ങൾ എടുക്കുന്നവരിലേക്കുള്ള പ്രവേശനവും സാധ്യമാക്കുന്നു
- അജിത് പൈ,                                                                    

ഇവൈ ഇന്ത്യ പാർട്‌നർ

 

ഇതൊരു നാഴികക്കല്ലാണ്. വലിയ നേട്ടങ്ങൾ ഇതിനെ പിന്തുടർന്നെത്തുമെന്നതിൽ സംശയമില്ല. ചൈന+1 സ്ട്രാറ്റജി അതിന്റെ ഒരു വശം മാത്രമാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ വികസനാധിഷ്ഠിതമായ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ നിരവധി കാര്യങ്ങൾ ചെയ്തു. ഇനി നാം അടിസ്ഥാനഘടകത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ സ്റ്റാക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു വഴിത്തിരിവാണ്. ചൈന ഉൾപ്പെടെയുളള രാജ്യങ്ങളേക്കാൾ വേഗത്തിൽ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്ന സമയത്താണ് ജി20 അധ്യക്ഷപദം ലഭിച്ചതെന്നതും നിർണ്ണായകമാണ്. നേരത്തേ നമ്മുടെ വേദി പരിമിതമായിരുന്നു.
-നാദിർ.ബി.ഗോദ്‌റെജ്,
സിഎംഡി ഗോദ്‌റെജ് ഇൻഡസ്ട്രീസ്.

റിലയൻസിനെ സംബന്ധിച്ച് ശുദ്ധമായ ഊർജ സ്രോതസ്സുകളിലേക്കുള്ള ഒരു മാറ്റം  ഡീകാർബണൈസേഷൻ തന്ത്രത്തിന്റെ താക്കോലാണ്. കൂടാതെ ലോകോത്തര സൗരോർജ്ജ മൂല്യ ശൃംഖല സ്ഥാപിക്കുന്നതിൽ ഞങ്ങൾ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്. പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി താങ്ങാനാവുന്ന ഗ്രീൻ ഹൈഡ്രജൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിലും റിലയൻസ് ഇൻഡസ്ട്രീസ് പുരോഗമിക്കുകയാണ്.ഊർജ്ജമേഖലയിലെ ഈ മാറ്റം  ജി20 ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാവും. ഇന്ത്യയെപ്പോലെ വളർന്നുവരുന്ന വിപണികളുമായി ചേർന്ന് പ്രവർത്തിക്കാൻ വൻ രാഷ്ട്രങ്ങൾക്ക് അവസരമേകും
-മുകേഷ് അംബാനി,                                                            

സിഎംഡി റിലയൻസ് ഇൻഡസ്ട്രീസ്.

 

ജി20 ഊർജ്ജ യോഗങ്ങൾ ആഗോള ഊർജ്ജ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നു. അന്തർദേശീയ ഹരിത ഗ്രിഡുകൾക്ക് ഊന്നൽ നൽകിക്കൊണ്ട്, ഊർജ്ജ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ, കാലാവസ്ഥാ ലക്ഷ്യങ്ങളുടെ വിജയകരമായ നേട്ടം, ദശലക്ഷക്കണക്കിന് ഹരിത തൊഴിലവസരങ്ങൾ എന്നിവ വിഭാവനം ചെയ്യുന്നു-

പ്രവീർ സിംഹ,

സിഇഒ ആൻഡ് എംഡി, ഇന്റഗ്രേറ്റഡ് പവർ കമ്പനി, ടാറ്റ പവർ

 

എന്താണ് ജി20?
അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക,തുർക്കി, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ തുടങ്ങി 19 രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര സർക്കാരുകളുടെ ഫോറമാണ് (ഇന്റർഗവർമെന്റൽ)ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20).  ആഗോള ജിഡിപിയുടെ 85%, ആഗോള വ്യാപാരത്തിന്റെ 75%, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജി20 രാഷ്ട്രങ്ങൾ ഉൾക്കൊളളുന്നു.

 

ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം 1999-ൽ ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ആഗോള സാമ്പത്തിക, സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി എന്ന നിലയിലാണ് ജി20 സ്ഥാപിതമായത്. 2007-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത് രാഷ്ട്രത്തലവന്മാരുടെ/സർക്കാർ തലത്തിലേക്ക് ഉയർത്തപ്പെട്ടു, 2009-ൽ 'അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനായുള്ള പ്രീമിയർ ഫോറം' ആയി മാറുകയും ചെയ്തു. ഓരോ വർഷവും ജി20 അധ്യക്ഷസ്ഥാനം ഓരോ രാഷ്ട്രത്തിന് ലഭിക്കുന്നു. 2022 -ലാണ് ഇന്ത്യയ്ക്ക് അധ്യക്ഷസ്ഥാനം ലഭിച്ചത്. 2023 സെപ്തംബറിലെ ഉച്ചകോടിയോടു കൂടി ഇത് മറ്റൊരു രാജ്യത്തിന് കൈമാറപ്പെടും.
ജി20 ഉച്ചകോടിക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനമായ ഡൽഹി. വിദേശനേതാക്കളെയും തലവന്മാരെയും സ്വീകരിക്കാൻ ഒരുങ്ങി ഡൽഹി.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള നേതാക്കൾ ഡൽഹിയിൽ രണ്ട് ദിവസത്തോളം താമസിക്കുന്നത്‌കൊണ്ട് തന്നെ ലോകത്തിന്റെ പ്രധാന ശ്രദ്ധകേന്ദ്രമായിരിക്കും രാജ്യം. ദിവസങ്ങൾക്ക് മുമ്പുതന്നെ ഡൽഹി നഗരവും പരിസരപ്രദേശങ്ങളും സുരക്ഷാവലയത്തിലാണ്. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധിസംഘങ്ങളമാണ് രാജ്യത്ത് എത്താൻ പോവുന്നത്. 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജി20 യുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ 80,000 പേർ ഡൽഹി പോലീസിൽനിന്നാണ്. മുഖ്യവേദിയായ പ്രഗതി മൈതാനിലാണ് സുരക്ഷാ കൺട്രോൾ റൂമുകൾ. യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന മൗര്യ ഹോട്ടലിലും പരിസരത്തും കൂടുതൽ സുരക്ഷ ഉണ്ടാവും. അതിഥികളുടെ സുരക്ഷയ്ക്ക് 45,000 സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഹോട്ടലുകൾക്ക് മുകളിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകാശസുരക്ഷ ഉറപ്പിക്കാൻ വ്യോമസേന മുൻനിര ഫൈറ്റർ ജെറ്റുകൾ, റഡാറുകൾ, ആന്റി ഡ്രോൺ സംവിധാനം, ഭൂതല- ആകാശ മിസൈലുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. നേതാക്കളെ സുരക്ഷിതമായി പ്രധാനവേദികളിൽ എത്തിക്കാൻ 20 ബുള്ളറ്റ് പ്രൂഫ് കാറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിൽ 50 വിമാനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

ഡിജിറ്റൽ ഇന്ത്യ
എക്സ്പീരിയൻസ് സോൺ
ന്യൂ ഡൽഹിയിൽ നടക്കുന്ന 18-ാമത് G20 ഉച്ചകോടിയിലെ ഒരു പ്രധാന ആകർഷണമായി ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ മാറും. രാജ്യത്ത് പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനുഭവവും മികച്ച സമ്പ്രദായങ്ങളും പങ്കിടുക, ആഗോളതലത്തിൽ തല്പരകക്ഷികൾക്ക് അനുകരിക്കാവുന്ന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കുക, സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് അനുഭവിക്കാൻ സന്ദർശകർക്ക് സവിശേഷമായ അവസരം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി മന്ത്രാലയം, പ്രഗതി മൈതാനത്ത് ഹാൾ 4, ഹാൾ 14 എന്നിവിടങ്ങളിൽ രണ്ട് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോണുകൾ സജ്ജമാക്കുന്നത്.
പൗരന്മാരുടെ ജീവിതം അനായാസം ആക്കുന്നതിനും, ബിസിനസ് നടപടികൾ ലളിതമാക്കുന്നതിനും, ഭരണ സംവിധാനം സുഗമമാക്കുന്നതിനും ഇന്ത്യ നടപ്പാക്കിയ ലോകോത്തര സംരംഭങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ് എക്സ്പോയുടെ പിന്നിലെ ലക്ഷ്യം.
ഡിജിറ്റൽ ഇന്ത്യയുടെ നിർണായക സംരംഭങ്ങളെക്കുറിച്ചുള്ള അറിവും ഉൾക്കാഴ്ചയും നിറഞ്ഞ, അത്യാധുനിക സാങ്കേതികവിദ്യയുടെ ഒരു ഖനിയാണ് ഡിജിറ്റൽ ഇന്ത്യ എക്‌സ്പീരിയൻസ് സോൺ. പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ അഥവാ ഡിപിഐകൾ നടപ്പിലാക്കുന്നതിലെ മികച്ച സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിന് ആധാർ, ഡിജിലോക്കർ, യുപിഐ, ഇ-സഞ്ജീവനി, ദീക്ഷ, ഭാഷിണി, ഒഎൻഡിസി എന്നിങ്ങനെ ഏഴ് പ്രധാന സംരംഭങ്ങൾ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ഡിപിഐ സംവിധാനം മനസ്സിലാക്കുന്നതിനും ആഗോള സമൂഹത്തിന്റെ പുരോഗതിക്കായി ഉൾക്കാഴ്ചകൾ നേടുന്നതിനും സന്ദർശകരെ പ്രാപ്തരാക്കുന്ന ഈ പ്രദർശനം, ആഴത്തിലുള്ള അനുഭവം പ്രധാനം ചെയ്യും.
ആധാർ ഫേസ് ഓതന്റഫിക്കേഷൻ സോഫ്റ്റ്വെയറിന്റെ തത്സമയ പ്രദർശനങ്ങളിലൂടെ പങ്കെടുക്കുന്നവർക്ക് അത് അനുഭവിക്കാനും അത്യാധുനിക സാങ്കേതികവിദ്യയുമായി സംവദിക്കാനും അവസരം ലഭിക്കും.

Post your comments