Global block

bissplus@gmail.com

Global Menu

"സിസ്റ്റമാറ്റിക് സിംഗപ്പൂർ "- ലിസി സമ്പത്

യൂണിവേഴ്‌സൽ സ്റ്റുഡിയോ കണ്ടതിനുശേഷം  സന്ധ്യയായപ്പോൾ സിംഗപ്പൂർ ഫ്‌ലായെർ കാണാനിറങ്ങി. വളരെ പതുക്കെ കറങ്ങുന്ന   ഒരു ജയൻറ്  വീൽ.  നീല വെളിച്ചത്തിൽ ഒരു പ്രതേക ഭംഗിയുണ്ടതിന്. ഓരോ ക്യാബിനിലും ഇരുപത് പേർക്കിരിക്കാം. അതിൽ കയറി മുകളിലെത്തി സിംഗപ്പൂർ സിറ്റിയിലെ രാത്രി ലൈറ്റിങ് കണ്ടാസ്വദിക്കാം. മനുഷ്യനിർമ്മിതമായ എല്ലാ വിനോദോപാധികളും രാത്രികാഴ്ചക്കും മനോഹരമാക്കിയിട്ടുണ്ട്. മറൈൻ ഡ്രൈവും ഫോർട്ട് കൊച്ചിയും പോലുള്ള കരകളെ ബന്ധിപ്പിക്കുന്ന കേബിൾ കാർ  സർവീസും  കൂറ്റൻ ഫൗണ്ടനുകളും ബോട്ട് ആകൃതിയുള്ളറെസ്റ്ററെന്റും കടലിലെ ലൈറ്റിംഗുകളുമൊക്കെ കണ്ടാസ്വദിക്കാം. സിംഗപ്പൂരിൽ പ്രകൃതിദത്തമായുള്ളതു തുറമുഖം മാത്രം. ബാക്കി ഇന്ന് കാണുന്ന എല്ലാം തുറമുഖത്തിന്റെ വരുമാനത്തിൽ നിന്നുണ്ടായതാണ്. വളരെ ചെറിയ ഒരു സമ്പന്ന രാജ്യത്തിന് മൈക്രോലെവെൽ പ്ലാനിങ്ങിലൂടെ കാര്യങ്ങൾ നടപ്പാക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ വഴിയില്ല. ബ്രിട്ടീഷ് അധിനിവേശത്തോടെ തന്നെ ഈ പോർട്ട് സിറ്റി പല വലിയ മൾട്ടി  നാഷണൽ കമ്പനികളുടെയും ആസ്ഥാനമായി മാറിയിരുന്നു. കാലാവസ്ഥയും താമസ-യാത്രാസൗകര്യങ്ങളും സുതാര്യ  നിയമങ്ങളും ഇപ്പോഴും  ആഗോള ബിസിനസ്സ് സമൂഹത്തെ അവിടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നു അഥവാ അവരെയൊക്കെ ആകർഷിക്കാനുള്ള   രാഷ്ട്രീയ നയങ്ങൾ   സിംഗപ്പൂർ ഇപ്പോഴും തുടരുന്നു  എന്ന് ചുരുക്കം.
സിംഗപ്പൂരിൽ പിന്നെ കണ്ട ആകർഷണം സെന്റുസ്സ  ഐലൻഡ് ആണ്.  ഈ  ഐലണ്ടിന്റെ ഒരുഭാഗത്തു തന്നെയാണ് യൂണിവേഴ്‌സൽ  സ്റ്റുഡിയോയും. ഇന്നലെ സ്റ്റുഡിയോയിൽ പോയത് റോഡുമാർഗമാണെങ്കിൽ ഇന്ന് കേബിൾ കാർ  സെർവീസിലാണ് അവിടെപ്പോയത്.  മെട്രോ ട്രെയിൻ കണക്ടിവിറ്റിയും ഉണ്ട്.  കേബിൾ കാറുകൾ രണ്ടു ലൈനിലായി ഇടതടവില്ലാതെ സമുദ്രത്തിനു മുകളിലൂടെയും, വാട്ടർ തീം പാർക്കിനു മുകളിലൂടെയും, റിസോർട്ടുകൾക്കു മുകളിലൂടെയുമൊക്കെയാണ് പോകുന്നത്. ദൂരെനിന്നു നോക്കുമ്പോൾ പറക്കുന്ന ഓട്ടോറിക്ഷകൾ എന്ന പ്രതീതി ഉളവാക്കും. കേബിൾ സെർവിസിന് രണ്ടുമൂന്നു സ്റ്റോപ്പുകൾ ഇടയ്ക്കുണ്ട്. ഒന്നിലിറങ്ങിയാൽ ഒരു ബുദ്ധവിഹാരം കാണാം. ശിവഗിരിയിലെ സമാധിസ്ഥാനം പോലുള്ള നിർമ്മിതി.  വൃത്താകൃതിയിൽ പത്തുനിലകളോളമുള്ള  ശ്രീബുദ്ധൻറെ വിഹാരം. ശ്രീബുദ്ധൻറെ  വഴിയിൽ ശ്രീനാരായണ ഗുരുവും ആകൃഷ്ടനായിരുന്നുവെന്നു കുമാരനാശാൻറെ കരുണ തന്നെ വലിയ ഉദാഹരണം.  ആയതിനാൽ രണ്ടു നിർമ്മിതികൾക്കുമുള്ള സാദൃശ്യത്തിൽ  അതിശയിക്കാനില്ല.  നമ്മുടെ പല കുടുംബങ്ങൾക്കും പണ്ടേ സിംഗപ്പുർ കണക്ഷൻ ഉണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്നേ പല വീടുകളിലെയും കാരണവന്മാർ സിംഗപൂരിലാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇതും തെക്കേഇന്ത്യയെ സിംഗപ്പൂരുമായി നൂറ്റാണ്ടുകളായി ബന്ധിപ്പിച്ചിരുന്നു എന്നതിന് തെളിവാണ്.  ഈ  മലഞ്ചരുവിൽ വേറെ നിർമ്മിതികളൊന്നുമില്ലാത്തിടത്തായതിനാൽ ശബ്ദവും ആൾക്കൂട്ടവുമൊന്നുമില്ല. തീർത്തും സമാധാനാന്തരീക്ഷം. കേബിൾ കാർ സ്റ്റോപ്പിൽ നിന്നും കുറെ താഴെയാണിവിടം. സ്റ്റെപ്പുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കാം.  നടത്തം  നമ്മെയെല്ലാപേരേയും തളർത്തുന്നുണ്ട്. ട്രിപ്പിന് പോകുന്നതിനു മുന്നൊരുക്കമായി കുറെ ദിവസങ്ങൾ സ്ഥിരമായി നടക്കാൻ പോയിരുന്നു. എന്നിട്ടും സിംഗപൂരത്തെ ദിവസം മുഴുവനുമുള്ള അലച്ചിൽ കാലുവേദന ഉണ്ടാക്കുന്നുണ്ട്.  അതിനുള്ള അത്യാവശ്യ മരുന്നുകളൊക്കെ ഇന്ത്യയിൽ നിന്ന് കരുതിയാൽ ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടായില്ല.
കടൽ  'പൂരം' എന്ന വാക്കായിരിക്കും സീ അക്വാറിയതിനു കൂടുതൽ യോജിക്കുക. വെള്ളത്തിനടിയിലെ ടണലിൽ  ഒരുക്കിയിരിക്കുന്ന ഒരു ലക്ഷത്തിലധികം കടൽ ജീവികളുടെ നേർക്കാഴ്ച. വർണ്ണിക്കുന്നതിനു എനിക്കറിയുന്ന മലയാളത്തിൽ  വാക്കുകൾക്ക് ക്ഷാമം തോന്നുന്നു.  'ഫാസിസിനേറ്റിങ്, ആൻഡ് അമേസിങ് എക്‌സ്പീരിയൻസ് ' എന്ന് എഴുതാനാണ് ഇഷ്ടം. ജലജീവികളെ കൂട്ടിലിട്ടിരിക്കുയാണെന്നു തോന്നുകയേ ഇല്ലേ. അവയുടെ സ്വതസിദ്ധമായാ ആവാസ വ്യവസ്ഥയിൽ കൂട്ടത്തോടെ വിരാജിക്കുന്നു. ബംഗാൾ ഉൾ കടൽ, ആന്തമാൻ , ഈസ്റ്റ് ആഫ്രിക്കൻ കടൽ,, മലാക്കൻ സ്‌ട്രെയ്‌റ്‌സ് ഒക്കെ അവിടെ പുനര്‌നിര്മ്മിച്ചിരിക്കുന്നു. സമുദ്രത്തിനുള്ളിലെ അതീവ വൃത്തിയുള്ള  4D  ഗ്ലാസ് തുരങ്കത്തിൽ എത്രസമയം വേണമെങ്കിലും നടന്നു ജലജീവികളെ കാണാം.  ഷാർക്‌സ്, പവിഷപ്പുറ്റുകൾ, നക്ഷത്രമൽസ്യങ്ങൾ, ഞണ്ടുകൾ, അലങ്കാര മൽസ്യങ്ങൾ,  കടൽ ചേന, കുതിര, വെള്ളരി, ഈൽ, ചൂര, സാൽമൺ, നെയ്മീൻ, തിരണ്ടി, വരാൽ, ഏട്ട, കണവ, നീരാളി , കക്ക, ചെമ്പല്ലി, വാള എന്നിവയെയാണിപ്പോൾ  ഓർമ്മ വരുന്നത്. അക്വാറിയത്തിൽ നിന്നും തിരിച്ചു വരുന്ന വഴിക്കാണ് സ്‌കൈ ലൈൻ ല്യൂജിലും സ്‌കൈ റൈഡിലും കയറിയത്. ഒരു സിവിൽ എഞ്ചിനീർക്കു ഒരുപാടു സംതോഷിക്കനുള്ള വക തന്നു.. വൈവിധ്യമാർന്ന യാത്ര സൗകര്യങ്ങളെ എങ്ങനെ സാഹസികതയ്ക്കും   വിനോദത്തിനുമായി  ഒരുമിപ്പിച്ചിരിക്കുന്നു എന്ന അറിവ്  വളരെ സന്തോഷിപ്പിച്ചു.  ലൂഗ്  എന്ന മോട്ടോറില്ലാത്ത ഒരാൾക്ക് ഓടിക്കാവുന്ന  മലഞ്ചരുവിലെ ത്രീ വീൽ  കാർ  റൈഡ് ഒറ്റയ്കാസ്വദിച്ചതും ഓപ്പൺ എയർ കേബിൾ കാറിൽ കുടുംബത്തോടൊപ്പം കാറ്റേറ്റ് യാത്ര നടത്തിയതും ട്രാൻസ്‌പോർട്ടേഷൻ എഞ്ചിനീറിങ്ങിന്റെ മനോഹര മുഖം തന്നെ.  അടുത്തതും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെ ' മറീന ബേ ആൻഡ് ഫ്‌ലവർ ഡോം '. ഒന്നര ഏക്കറിൽ ഡോമിനകത്തെ പൂന്തോട്ട കാഴ്ചകൾ വർണ്ണാനതീതം. ലോകത്തിലെ തൂണില്ലാതെ ഏറ്റവും വലിയ ഗ്ലാസ് സൗധം . അതിൽ മെഡിറ്ററേനിയൻ  കാലാവസ്ഥയിലും സമശീതോഷ്ണ മേഖലയിലുമുള്ള എല്ലാ പൂക്കളുമുണ്ട്. എത്രകണ്ടാലും മതിവരാത്ത ഒന്നിനൊന്നു വ്യത്യസ്തമായ ഒരിക്കലും പടത്തിൽ പോലും കാണാത്ത  തരങ്ങൾ, നിറങ്ങൾ, ഒറ്റക്കും കുലകുലയായും ഇപ്പോൾ വിരിഞ്ഞതുപോലെ പരിപാലിച്ചിരിക്കുന്നു.  ഇതാണ് സിംഗപ്പൂർ മോഡൽ!  ഇവിടെയുള്ള ക്ളൗഡ് ഫോറെസ്‌റ് ലോകത്തെ ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടമാകുന്നു. ഇതി ന്റെ യും ഗൂഢോദ്ദേശം താപനില കുറയ്ക്കുകയാണ്. വെള്ളച്ചാട്ടത്തിനു ചുറ്റും മരങ്ങളും ചെടികളും വള്ളികളും പായലുമൊക്കെ പിടിപ്പിച്ചു ഒരു വനാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഈ 'പകൽപ്പൂര' കാഴ്ചകളെല്ലാം സിംഗപ്പൂരി ന്റെ   താപനില കുറയ്ക്കുക എന്ന അടിസ്ഥാന ആശയത്തിന്  വേണ്ടിയുള്ള 'അപ്പ്രോപ്രിയേറ്റ് ടെക്‌നോളജി ' തന്നെ എന്ന് നിസ്സംശയം പറയാം.
 അടുത്ത ദിവസം മൃഗശാല കാണാനിറങ്ങി.  തുറന്ന വലിയ വനത്തിൽ എല്ലാത്തരം മൃഗങ്ങളും ചെറുതും വലുതുമായ മത്സ്യങ്ങളും ഉണ്ട്. വന്യജീകളുടെ സങ്കേതമല്ല സമൂഹത്തെയാണ് കാണാൻ കിട്ടുന്നത്.  ഇവിടുത്തെ  പ്രധാന ആകർഷണം 'അനിമൽ ഷോസ്'  ആണ്.  പ്രധാനായി കണ്ടത് 'സീ ലയൺ' ഷോയാണ്. വലിയ പവലിയനിൽ ടിക്കറ്റെടുത്ത് കാണികൾക്കു ഇരുന്നു കാണാം.ടിയാഗോ എന്ന സുന്ദരനായ സീ ലയൺ കാണിക്കുന്ന അഭ്യാസങ്ങളും ചോദ്യങ്ങൾക്കു നൽകുന്ന ചേഷ്ടകളും അതിശയമുണ്ടാക്കും കാണികളിൽ.  ഇംഗ്ലീഷാണ് ലൈവ് ഷോയിലെ ഭാഷയെന്നതിനാൽ ഒട്ടും തനിമ ചോരാതെ ആസ്വദിക്കാൻ കഴിഞ്ഞു. ടിയാഗോയുടെ  ഓരോ പ്രകടനത്തിനും സമ്മാനം കഴിക്കാനായി ഒരു  മൽസ്യം!.  മൃഗങ്ങളെ ഇങ്ങനെയൊക്കെ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് തല്ക്കാലം എന്റെ പക്കൽ ഉത്തരമില്ല. വിസ്തൃതമായ  മൃഗശാലക്കുള്ളിൽ  ബസ് ഉണ്ട്. അതിൽ കയറി ഓരോ ഷോകൾ നടക്കുന്നിടത്തു സമയം നോക്കി പോകണം.  ബസ്സിൽ കയറിയപ്പോൾഎഴുപത്തിയഞ്ച്  ശതമാനം സീറ്റുകൾ മാത്രമേ ഞങ്ങൾ നിന്നിരുന്ന സ്റ്റോപ്പിൽ നിന്നും കയറുവാൻ അനുവദിച്ചുള്ളൂ. അടുത്ത സ്റ്റോപ്പുവരെ അതെന്താകും എന്ന് ആലോചിക്കുകയായിരുന്നു. അടുത്ത സ്റ്റോപ്പിൽ കാത്തു നിൽക്കുന്നവർക്കായി നീക്കി വയ്ക്കുകയാണാ  സീറ്റുകൾ.  നിയമപരിപാലനം അത്ര കർശനം. നമ്മുടെ നാട്ടിൽ ഒരു സ്റ്റോപ്പിൽ ബസ് കാത്തു  നിൽക്കുന്നവരെ കയറ്റാതെ അടുത്ത സ്റ്റോപ്പിലെ ഏതോ യാത്രക്കാർക്കുവേണ്ടി സീറ്റൊഴിപ്പിച്ചിട്ടു വണ്ടി പോയാലുള്ള അവസ്ഥ എന്താകുമെന്ന് എനിക്ക് ഊഹിക്കുവാനേ കഴിയുന്നില്ല. ബസിനു പോകാൻ കഴിഞ്ഞാലല്ലേ അങ്ങനെയുള്ള ഒരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ കഴിയൂ. ഇവിടെ നമ്മുടെ വികസ്വര രാജ്യവും സിംഗപ്പൂരെന്ന വികസിത രാജ്യവും താരതമ്യം ചെയ്യാനാകാത്ത അന്തരം ഉള്ളതിനാൽ അതിനു മുതിരുന്നത് വൃഥാ  സമയം കളയലാകും.
അന്ന് തന്നെ വൈകുന്നേരം കടൽക്കരയിൽ ഒരുക്കിയിരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ- വിങ്സ് ഓഫ് ഫയർ കാണാൻ പോയി. ടെക്‌നോളജിയുടെയും പെർഫെക്ഷന്റെയും  സമന്വയം.  കടലിനഭിമുഖമായി പവലിയൻ. സ്റ്റേജ് വെള്ളത്തിലും. വർഷം മുഴുവൻ വലിയ കടൽഷോഭം ഇല്ലെങ്കിൽ ഷോ നടക്കും. സ്റ്റേജിനും മുകളിൽ വെള്ളം പമ്പുചെയ്തു മനുഷ്യരൂപവും പറക്കും കുതിരയുമൊക്കെ സൃഷ്ഠിക്കുന്നിവിടെ. ഒരു സിവിൽ/  മെക്കാനിക്കൽ /ഇലക്ട്രിക്കൽ  എഞ്ചിനീയറിംഗ് വിസ്മയം. വിങ്സ് ഓഫ് ഫയർ എന്ന  കഥയാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ കാണിക്കുന്നത്. വെള്ളവും ലൈറ്റും ഉപയോഗിച്ച് ലൈവായി  സിനിമ  കാണിക്കുന്നു എന്നും പറയാം. ഗംഭീരപരിപാടി. സ്റ്റേജിനു വശങ്ങളിലായി ദീപാവലിക്ക് ഉപയോഗിക്കുന്ന പടക്കങ്ങളും മത്താപ്പും;  ഒരു ചെറിയ കമ്പം കാണുന്ന പ്രതീതി ഉളവാക്കി. നമ്മുടെ കായലോരങ്ങൾ ഇതുപോലുള്ള വേദികളാക്കാവുന്നതാണ്.
 എല്ലായിടങ്ങളും  നല്ല നിലവാരമുള്ളതായിട്ടാണ് അനുഭവപ്പെട്ടത്. ദാരിദ്ര്യം അധികം കാണാനില്ല. ഒരു രാജ്യത്തിൻറെ അവസ്ഥ മനസ്സിലാക്കാൻ ഒരുപാടൊന്നും ശ്രദ്ധിക്കേണ്ട. അവിടത്തെ പബ്ലിക് ടോയ്ലെറ്റിൽ കയറിയാൽ മതി. നമ്മുടെ നാട്ടിലെ അവസ്ഥ ഇവിടെ വിവരിച്ചു അധഃപതിക്കുവാൻ ഉദ്ദേശമില്ല. വിദേശത്തുനിന്നു വരുന്ന സഞ്ചാരികൾ നമ്മുടെ നാട്ടിനെ നെഗറ്റീവായി ചിത്രീകരിക്കാതിരിക്കാൻ ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയാകും.ലുലുവിലും വീഗാലാൻഡിലും ശാന്തിഗിരിയിലും  നല്ല വേൾഡ് ക്ലാസ് ടോയ്ലറ്റ് സൗകര്യങ്ങൾ നിലനിർത്തുന്നുണ്ട്. അപ്പോൾ പറ്റാത്തതിനാലല്ല വേറെന്തെക്കയോ കാരണങ്ങളാണ് നമ്മുടെ ഇപ്പോഴുള്ള ടോയ്ലറ്റ്  സംസ്‌കാരത്തിനുത്തരവാദി. സിംഗപൂരിനെ   വ്യത്യസ്തമാക്കുന്നത് ടെക്‌നോളജിയിലെ അപ്‌ഡേഷനും കർശനനിയമപരിപാലനവും സുതാര്യതയുമാണ്. എയർപോർട്ടിൽ രണ്ടു ടെർമിനലുകൾ ബന്ധിപ്പിച്ചുള്ള ഓട്ടോമാറ്റിക് ട്രെയിൻ സർവീസ് കൗതുകകരമായിരുന്നു. നമ്മുടെ നാട്ടിലും മെട്രോ ട്രെയിനും, ഡ്രൈവറില്ലാ ട്രെയിനുമൊക്കെ വരേണ്ട കാലം കഴിഞ്ഞു. ഇവയൊക്കെ തന്നെയാണ് സമയം ലഭിക്കാനുള്ള മാർഗ്ഗങ്ങൾ. സമയമാണ് ധനം എന്നാണല്ലോ. മ്യാൻമറിൽ   ഇപ്പോഴും ജനങ്ങൾ രാവിലെ റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുത്തു  ട്രെയിനിൽ കയറി ഇരിക്കും. ആ  ട്രെയിൻ  പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാതെ പോകില്ല എന്ന് മാത്രമല്ല  പിന്നീടുള്ള രണ്ടും മൂന്നും ട്രെയിനുകൾ റദ്ദാക്കുകയും  ചെയ്യും. തന്മൂലം മണിക്കൂറുകൾ യാത്രക്കാർക്ക് നഷ്ടപ്പെടും.  നാടുകാണാനെത്തിയ ഒരു ടൂറിസ്റ്റിനെ ഇത് വല്ലാതെ അലോസരപ്പെടുത്തും. അതെ യാത്രഅനുഭവം തന്നെയാണ് മെട്രോട്രെയിൻ  സർവീസുള്ള സിറ്റിയിൽ നിന്നെത്തുന്ന  സഞ്ചാരിക്ക് നമ്മുടെ നാട്ടിൽ കിട്ടുക. ഇവരെന്താ ഇതൊന്നും ഇവിടെ നടപ്പാക്കാത്തതെന്ന് പരിതപിച്ചിട്ടാകും  ഓരോ വിദേശ സഞ്ചാരിയും ഇവിടം വിടുക. അതെ അവരുടെ നാട്ടിലും ഭരണപക്ഷവും പ്രതിപക്ഷവുമുണ്ട്. എന്നാൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.  സിംഗപ്പുർ കണ്ട എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്.  എന്തെങ്കിലും നടപ്പാക്കാനൊരുങ്ങുമ്പോൾ  ഏതു  വിധേനയും മുടക്കുന്ന പിന്തിരിപ്പൻ മാനസികാവസ്ഥ മാറാതെ നമുക്ക് മുന്നോട്ടു പോകാൻ കഴിയില്ല തന്നെ. നമ്മുടെ  നാട്ടിലും ജനങ്ങൾക്ക് ഇതൊക്കെ വേണമെന്ന് തോന്നാനുള്ള സൽബുദ്ധി കൊടുക്കണേയെന്നു മനസ്സിൽ വിചാരിക്കാം  .  ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കി  മാനവവിഭവശേഷി മെച്ചപ്പെടുത്തിയും വ്യവസായവൽക്കരണം നടത്തിയുമാണ് സ്വാതന്ത്ര്യ ലബ്ദിക്കുശേഷം സിംഗപ്പൂരിന് ഈവിധം  വളരാനായത്. നമ്മുടെ നാടും വളരുന്ന ജനസാമാനത്തി ന്റെ    ആവശ്യങ്ങൾ കണ്ടു പതുക്കെ വളരുകയാണല്ലോ. അടുത്ത കാൽ നൂറ്റാണ്ടിൽ ഇന്ത്യക്കും വികസിതരാജ്യമാകാൻ സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ടു സിംഗപ്പൂർ യാത്രാനുഭവങ്ങൾ നിര്ത്തുന്നു. ഇനിയൊരു യാത്രയിൽ ക്രൂയിസ് ഷിപ്പിംഗ് ഉൾപ്പെടുത്താം എന്ന വാഗ്ദാനത്തോടെ.

Post your comments